അപ്പൊ. പ്രവൃത്തികൾ 14
14
1ഇക്കോന്യയിൽ അവർ ഒരുമിച്ചു യെഹൂദന്മാരുടെ പള്ളിയിൽ ചെന്നു യെഹൂദന്മാരിലും യവനന്മാരിലും വലിയോരു പുരുഷാരം വിശ്വസിപ്പാൻ തക്കവണ്ണം സംസാരിച്ചു. 2വിശ്വസിക്കാത്ത യെഹൂദന്മാരോ ജാതികളുടെ മനസ്സു സഹോദരന്മാരുടെ നേരെ ഇളക്കി വഷളാക്കി. 3എന്നാൽ അവർ വളരെക്കാലം അവിടെ പാർത്തു, കർത്താവിൽ ആശ്രയിച്ചു പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുകൊണ്ടിരുന്നു; അവൻ തന്റെ കൃപയുടെ വചനത്തിന്നു സാക്ഷിനിന്നു, അവരുടെ കയ്യാൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുവാൻ വരം നല്കി. 4എന്നാൽ പട്ടണത്തിലെ ജനസമൂഹം ഭിന്നിച്ചു ചിലർ യെഹൂദന്മാരുടെ പക്ഷത്തിലും ചിലർ അപ്പൊസ്തലന്മാരുടെ പക്ഷത്തിലും ആയി. 5അവരെ അവമാനിപ്പാനും കല്ലെറിവാനും ജാതികളും യെഹൂദന്മാരും അവിടത്തെ പ്രമാണികളോടുകൂടി ഒരു ആക്രമം ഭാവിച്ചപ്പോൾ അവർ അതു ഗ്രഹിച്ചു ലുസ്ത്ര, 6ദെർബ്ബ എന്ന ലുക്കവോന്യപട്ടണങ്ങളിലേക്കും ചുറ്റുമുള്ള ദേശത്തിലേക്കും 7ഓടിപ്പോയി അവിടെ സുവിശേഷം അറിയിച്ചുപോന്നു.
8ലുസ്ത്രയിൽ അമ്മയുടെ ഗർഭംമുതൽ മുടന്തനായി ഒരിക്കലും നടന്നിട്ടില്ലാതെയും കാലിന്നു ശക്തിയില്ലാതെയും ഉള്ളോരു പുരുഷൻ ഇരുന്നിരുന്നു. 9അവൻ പൗലൊസ് സംസാരിക്കുന്നതു കേട്ടു; അവൻ അവനെ ഉറ്റു നോക്കി, സൗഖ്യം പ്രാപിപ്പാൻ അവന്നു വിശ്വാസമുണ്ടു എന്നു കണ്ടിട്ടു: 10നീ എഴുന്നേറ്റു കാലൂന്നി നിവിർന്നുനിൽക്ക എന്നു ഉറക്കെ പറഞ്ഞു; അവൻ കുതിച്ചെഴുന്നേറ്റു നടന്നു 11പൗലൊസ് ചെയ്തതു പുരുഷാരം കണ്ടിട്ടു: ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു എന്നു ലുക്കവോന്യഭാഷയിൽ നിലവിളിച്ചു പറഞ്ഞു. 12ബർന്നബാസിന്നു ഇന്ദ്രൻ എന്നും പൗലൊസ് മുഖ്യപ്രസംഗിയാകയാൽ അവന്നു ബുധൻ എന്നു പേർവിളിച്ചു. 13പട്ടണത്തിന്റെ മുമ്പിലുള്ള ഇന്ദ്രക്ഷേത്രത്തിലെ പുരോഹിതൻ കാളകളെയും പൂമാലകളെയും ഗോപുരത്തിങ്കൽ കൊണ്ടുവന്നു പുരുഷാരത്തോടുകൂടെ യാഗം കഴിപ്പാൻ ഭാവിച്ചു. 14ഇതു അപ്പൊസ്തലന്മാരായ ബർന്നബാസും പൗലൊസും കേട്ടിട്ടു വസ്ത്രം കീറിക്കൊണ്ടു പുരുഷാരത്തിന്റെ ഇടയിലേക്കു ഓടിച്ചെന്നു നിലവിളിച്ചു പറഞ്ഞതു: 15#പുറപ്പാടു 20:11; സങ്കീർത്തനങ്ങൾ 146:6പുരുഷന്മാരേ, നിങ്ങൾ ഈ ചെയ്യുന്നതു എന്തു? ഞങ്ങൾ നിങ്ങളോടു സമസ്വഭാവമുള്ള മനുഷ്യർ അത്രെ; നിങ്ങൾ ഈ വ്യർത്ഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങൾ നിങ്ങളോടു അറിയിക്കുന്നു. 16കഴിഞ്ഞ കാലങ്ങളിൽ അവൻ സകലജാതികളെയും സ്വന്ത വഴികളിൽ നടപ്പാൻ സമ്മതിച്ചു. 17എങ്കിലും അവൻ നന്മചെയ്കയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങൾക്കു തരികയും ആഹാരവും സന്തോഷവും നല്കി നിങ്ങളെ തൃപ്തരാക്കുകയും ചെയ്തുപോന്നതിനാൽ തന്നെക്കുറിച്ചു സാക്ഷ്യം തരാതിരുന്നിട്ടില്ല. 18അവർ ഇങ്ങനെ പറഞ്ഞു തങ്ങൾക്കു യാഗം കഴിക്കാതവണ്ണം പുരുഷാരത്തെ പ്രയാസത്തോടെ തടുത്തു.
19എന്നാൽ അന്ത്യൊക്ക്യയിൽ നിന്നും ഇക്കോന്യയിൽ നിന്നും യെഹൂദന്മാർ വന്നു കൂടി പുരുഷാരത്തെ വശത്താക്കി പൗലൊസിനെ കല്ലെറിഞ്ഞു; അവൻ മരിച്ചു എന്നു വിചാരിച്ചിട്ടു അവനെ പട്ടണത്തിന്നു പുറത്തേക്കു ഇഴെച്ചു കളഞ്ഞു. 20എന്നാൽ ശിഷ്യന്മാർ അവനെ ചുറ്റിനിൽക്കയിൽ അവൻ എഴുന്നേറ്റു പട്ടണത്തിൽ ചെന്നു; പിറ്റെന്നാൾ ബർന്നബാസിനോടുകൂടെ ദെർബ്ബെക്കു പോയി. 21ആ പട്ടണത്തിലും സുവിശേഷം അറിയിച്ചു പലരെയും ശിഷ്യരാക്കിയശേഷം അവർ ലുസ്ത്ര, ഇക്കോന്യ, അന്ത്യോക്യ എന്ന പട്ടണങ്ങളിലേക്കു മടങ്ങിച്ചെന്നു, 22വിശ്വാസത്തിൽ നില നിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചു പോന്നു. 23അവർ സഭതോറും അവർക്കു മൂപ്പന്മാരെ നിയമിക്കയും ഉപവസിച്ചും പ്രാർത്ഥിച്ചുംകൊണ്ടു തങ്ങൾ വിശ്വസിച്ച കർത്താവിങ്കൽ അവരെ ഭാരമേല്പിക്കയും ചെയ്തു. 24അവർ പിസിദ്യയിൽകൂടി കടന്നു പംഫുല്യയിൽഎത്തി, 25പെർഗ്ഗയിൽവചനം പ്രസംഗിച്ചശേഷം അത്തല്യെക്കു പോയി 26അവിടെ നിന്നു കപ്പൽ കയറി അന്ത്യൊക്ക്യയിലേക്കു പോയി; തങ്ങൾ നിവർത്തിച്ച വേലക്കായി ദൈവകൃപയിൽ അവരെ ഭരമേല്പിച്ചയച്ചതു അവിടെനിന്നു ആയിരുന്നുവല്ലോ. 27അവിടെ എത്തിയശേഷം സഭയെ ഒരുമിച്ചു കൂട്ടി, ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കെയും ജാതികൾക്കു വിശ്വാസത്തിന്റെ വാതിൽ തുറന്നുകൊടുത്തതും അറിയിച്ചു. 28പിന്നെ അവൻ ശിഷ്യന്മാരോടുകൂടെ കുറെക്കാലം അവിടെ പാർത്തു.
Currently Selected:
അപ്പൊ. പ്രവൃത്തികൾ 14: വേദപുസ്തകം
ማድመቅ
ያጋሩ
ኮፒ

ያደመቋቸው ምንባቦች በሁሉም መሣሪያዎችዎ ላይ እንዲቀመጡ ይፈልጋሉ? ይመዝገቡ ወይም ይግቡ
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.