അപ്പൊ. പ്രവൃത്തികൾ 15
15
1 #
ലേവ്യപുസ്തകം 12:3
യെഹൂദ്യയിൽനിന്നു ചിലർ വന്നു: നിങ്ങൾ മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏൽക്കാഞ്ഞാൽ രക്ഷ പ്രാപിപ്പാൻ കഴികയില്ല എന്നു സഹോദരന്മാരെ ഉപദേശിച്ചു. 2പൗലൊസിന്നും ബർന്നബാസിന്നും അവരോടു അല്പമല്ലാത്ത വാദവും തർക്കവും ഉണ്ടായിട്ടു പൗലൊസും ബർന്നബാസും അവരിൽ മറ്റു ചിലരും ഈ തർക്കസംഗതിയെപ്പറ്റി യെരൂശലേമിൽ അപ്പൊസ്തലന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ പോകേണം എന്നു നിശ്ചയിച്ചു. 3സഭ അവരെ യാത്ര അയച്ചിട്ടു അവർ ഫൊയ്നീക്ക്യയിലും ശമര്യയിലും കൂടി കടന്നു ജാതികളുടെ മാനസാന്തരവിവരം അറിയിച്ചു സഹോദരന്മാർക്കു മഹാസന്തോഷം വരുത്തി. 4അവർ യെരൂശലേമിൽ എത്തിയാറെ സഭയും അപ്പൊസ്തലന്മാരും മൂപ്പന്മാരും അവരെ കൈക്കൊണ്ടു; ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കയും അവർ അറിയിച്ചു. 5എന്നാൽ പരീശപക്ഷത്തിൽനിന്നു വിശ്വസിച്ചവർ ചിലർ എഴുന്നേറ്റു അവരെ പരിച്ഛേദന കഴിപ്പിക്കയും മോശെയുടെ ന്യായപ്രമാണം ആചരിപ്പാൻ കല്പിക്കയും വേണം എന്നു പറഞ്ഞു.
6ഈ സംഗതിയെക്കുറിച്ചു വിചാരിപ്പാൻ അപ്പൊസ്തലന്മാരും മൂപ്പന്മാരും വന്നു കൂടി. 7#അപ്പൊ. പ്രവൃത്തികൾ 10:1-43വളരെ തർക്കം ഉണ്ടായശേഷം പത്രൊസ് എഴുന്നേറ്റു അവരോടു പറഞ്ഞതു:
സഹോദരന്മാരേ, കുറെ നാൾ മുമ്പെ ദൈവം നിങ്ങളിൽ വെച്ചു ഞാൻ മുഖാന്തരം ജാതികൾ സുവിശേഷവചനം കേട്ടു വിശ്വസിക്കേണം എന്നു നിശ്ചയിച്ചതു നിങ്ങൾ അറിയുന്നുവല്ലോ. 8#അപ്പൊ. പ്രവൃത്തികൾ 10:44; 2:4ഹൃദയങ്ങളെ അറിയുന്ന ദൈവം നമുക്കു തന്നതുപോലെ അവർക്കും പരിശുദ്ധാത്മാവിനെ കൊടുത്തുകൊണ്ടു സാക്ഷിനിന്നു വിശ്വാസത്താൽ 9അവരുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചതിനാൽ നമുക്കും അവർക്കും തമ്മിൽ ഒരു വ്യത്യാസവും വെച്ചിട്ടില്ല. 10ആകയാൽ നമ്മുടെ പിതാക്കന്മാർക്കും നമുക്കും ചുമപ്പാൻ കിഴിഞ്ഞിട്ടില്ലത്ത നുകം ശിഷ്യന്മാരുടെ കഴുത്തിൽ വെപ്പാൻ നിങ്ങൾ ഇപ്പോൾ ദൈവത്തെ പരീക്ഷിക്കുന്നതു എന്തു? 11കർത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.
12ജനസമൂഹം എല്ലാം മിണ്ടാതെ ബർന്നബാസും പൗലൊസും ദൈവം തങ്ങളെക്കൊണ്ടു ജാതികളുടെ ഇടയിൽ ചെയ്യിച്ച അടയാളങ്ങളും അത്ഭുതങ്ങളും എല്ലാം വിവരിക്കുന്നതു കേട്ടുകൊണ്ടിരുന്നു. 13അവർ പറഞ്ഞു നിറുത്തിയശേഷം യാക്കോബ് ഉത്തരം പറഞ്ഞതു:
14സഹോദരന്മാരേ, എന്റെ വാക്കു കേട്ടു കൊൾവിൻ; ദൈവം തന്റെ നാമത്തിന്നായി ജാതികളിൽനിന്നു ഒരു ജനത്തെ എടുത്തുകൊൾവാൻ ആദ്യമായിട്ടു കടാക്ഷിച്ചതു ശിമോൻ വിവരിച്ചുവല്ലോ. 15ഇതിനോടു പ്രവാചകന്മാരുടെ വാക്യങ്ങളും ഒക്കുന്നു:
16 #
ആമോസ് 9:11,12 “അനന്തരം ഞാൻ ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്റെ ശൂന്യശിഷ്ടങ്ങളെ വീണ്ടും പണിതു അതിനെ നിവിർത്തും; 17മനുഷ്യരിൽ ശേഷിച്ചവരും എന്റെ നാമം വിളിച്ചിരിക്കുന്ന സകലജാതികളും കർത്താവിനെ അന്വേഷിക്കും എന്നു 18ഇതു പൂർവ്വകാലം മുതൽ അറിയിക്കുന്ന കർത്താവു അരുളിച്ചെയ്യുന്നു”
എന്നു എഴുതിയിരിക്കുന്നുവല്ലോ. 19ആകയാൽ ജാതികളിൽനിന്നു ദൈവത്തിങ്കലേക്കു തിരിയുന്നവരെ നാം അസഹ്യപ്പെടുത്താതെ 20#പുറപ്പാടു 34:15-17; ലേവ്യപുസ്തകം 18:6-23; ലേവ്യപുസ്തകം 17:10-16അവർ വിഗ്രഹമാലിന്യങ്ങൾ, പരസംഗം, ശ്വാസംമുട്ടിച്ചത്തതു, രക്തം എന്നിവ വർജ്ജിച്ചിരിപ്പാൻ നാം അവർക്കു എഴുതേണം എന്നു ഞാൻ അഭിപ്രായപ്പെടുന്നു. 21മോശെയുടെ ന്യായപ്രമാണം ശബ്ബത്തുതോറും പള്ളികളിൽ വായിച്ചുവരുന്നതിനാൽ പൂർവ്വകാലംമുതൽ പട്ടണം തോറും അതു പ്രസംഗിക്കുന്നവർ ഉണ്ടല്ലോ.
22അപ്പോൾ തങ്ങളിൽ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു പൗലൊസിനോടും ബർന്നബാസിനോടും കൂടെ അന്ത്യൊക്ക്യയിലേക്കു അയക്കേണം എന്നു അപ്പൊസ്തലന്മാരും മൂപ്പന്മാരും സർവ്വസഭയും നിർണ്ണയിച്ചു, സഹോദരന്മാരിൽ പ്രമാണപ്പെട്ട പുരുഷന്മാരായ ബർശബാസ് എന്ന യൂദയെയും ശീലാസിനെയും നിയോഗിച്ചു. 23അവരുടെ കൈവശം എഴുതി അയച്ചതെന്തെന്നാൽ: അപ്പൊസ്തലന്മാരും മൂപ്പന്മാരായ സഹോദരന്മാരും അന്ത്യൊക്ക്യയിലും സൂറിയയിലും കിലിക്ക്യയിലും ജാതികളിൽ നിന്നു ചേർന്ന സഹോദരന്മാർക്കു വന്ദനം. 24ഞങ്ങൾ കല്പന കൊടുക്കാതെ ചിലർ ഞങ്ങളുടെ ഇടയിൽനിന്നു പുറപ്പെട്ടു നിങ്ങളെ വാക്കുകളാൽ ഭ്രമിപ്പിച്ചു നിങ്ങളുടെ ഹൃദയങ്ങളെ കലക്കിക്കളഞ്ഞു എന്നു കേൾക്കകൊണ്ടു 25ഞങ്ങൾ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിന്നു വേണ്ടി പ്രാണത്യാഗം ചെയ്തവരായ നമ്മുടെ 26പ്രിയ ബർന്നബാസോടും പൗലൊസോടും കൂടെ നിങ്ങളുടെ അടുക്കൽ അയക്കേണം എന്നു ഞങ്ങൾ ഒരുമനപ്പെട്ടു നിശ്ചയിച്ചു. 27ആകയാൽ ഞങ്ങൾ യൂദയെയും ശീലാസിനെയും അയച്ചിരിക്കുന്നു; അവർ വാമൊഴിയായും ഇതുതന്നേ അറിയിക്കും. 28വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വർജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെ മേൽ ചുമത്തരുതു എന്നു പരിശുദ്ധാത്മാവിന്നും ഞങ്ങൾക്കും തോന്നിയിരിക്കുന്നു. 29ഇവ വർജ്ജിച്ചു സൂക്ഷിച്ചുകൊണ്ടാൽ നന്നു; ശുഭമായിരിപ്പിൻ.
30അങ്ങനെ അവർ വിടവാങ്ങി അന്ത്യൊക്ക്യയിൽ ചെന്നു ജനസമൂഹത്തെ കൂട്ടിവരുത്തി ലേഖനം കൊടുത്തു. 31അവർ ഈ ആശ്വാസവചനം വായിച്ചു സന്തോഷിച്ചു. 32യൂദയും ശീലാസും പ്രവാചകന്മാർ ആകകൊണ്ടു പല വചനങ്ങളാലും സഹോദരന്മാരെ പ്രബോധിപ്പിച്ചു ഉറപ്പിച്ചു. 33കുറെനാൾ താമസിച്ചശേഷം സഹോദരന്മാർ അവരെ അയച്ചവരുടെ അടുക്കലേക്കു സമാധാനത്തോടെ പറഞ്ഞയച്ചു. 34എന്നാൽ പൗലൊസും ബർന്നബാസും അന്ത്യൊക്ക്യയിൽ പാർത്തു മറ്റു പലരോടും കൂടി കർത്താവിന്റെ വചനം ഉപദേശിച്ചും സുവിശേഷിച്ചും കൊണ്ടിരുന്നു.
35കുറെനാൾ കഴിഞ്ഞിട്ടു പൗലൊസ് ബർന്നബാസിനോടു: നാം കർത്താവിന്റെ വചനം അറിയിച്ച പട്ടണംതോറും പിന്നെയും ചെന്നു സഹോദരന്മാർ എങ്ങനെയിരിക്കുന്നു എന്നു നോക്കുക എന്നു പറഞ്ഞു. 36മർക്കൊസ് എന്ന യോഹന്നാനെയും കൂട്ടിക്കൊണ്ടു പോകുവാൻ ബർന്നബാസ് ഇച്ഛിച്ചു. 37പൗലൊസോ പംഫുല്യയിൽനിന്നു തങ്ങളെ വിട്ടു പ്രവൃത്തിക്കു വരാതെ പോയവനെ കൂട്ടിക്കൊണ്ടു പോകുന്നതു യോഗ്യമല്ല എന്നു നിരൂപിച്ചു. 38#അപ്പൊ. പ്രവൃത്തികൾ 13:13അങ്ങനെ അവർ തമ്മിൽ ഉഗ്രവാദമുണ്ടായിട്ടു വേർ പിരിഞ്ഞു, ബർന്നബാസ് മർക്കൊസിനെ കൂട്ടി കപ്പൽകയറി കുപ്രൊസ് ദ്വീപിലേക്കു പോയി. 39പൗലൊസോ ശീലാസിനെ തിരഞ്ഞെടുത്തു സഹോദരന്മാരാൽ കർത്താവിന്റെ കൃപയിൽ ഭരമേല്പിക്കപ്പെട്ടിട്ടു 40യാത്ര പുറപ്പെട്ടു സുറിയാ കിലിക്യാ ദേശങ്ങളിൽ കൂടി സഞ്ചരിച്ചു സഭകളെ ഉറപ്പിച്ചു പോന്നു.
Currently Selected:
അപ്പൊ. പ്രവൃത്തികൾ 15: വേദപുസ്തകം
ማድመቅ
ያጋሩ
ኮፒ

ያደመቋቸው ምንባቦች በሁሉም መሣሪያዎችዎ ላይ እንዲቀመጡ ይፈልጋሉ? ይመዝገቡ ወይም ይግቡ
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.