മത്തായി 27
27
1പുലർച്ചെക്കു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും എല്ലാം യേശുവിനെ കൊല്ലുവാൻ കൂടിവിചാരിച്ചു, 2അവനെ ബന്ധിച്ചു കൊണ്ടുപോയി നാടുവാഴിയായ പീലാത്തൊസിനെ ഏല്പിച്ചു.
3 #
അപ്പൊ. പ്രവൃത്തികൾ 1:18,19 അവനെ ശിക്ഷെക്കു വിധിച്ചു എന്നു അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ടു അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ മടക്കി കൊണ്ടുവന്നു: 4ഞാൻ കുറ്റമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാൽ പാപം ചെയ്തു എന്നു പറഞ്ഞു. അതു ഞങ്ങൾക്കു എന്തു? നീ തന്നേ നോക്കിക്കൊൾക എന്നു അവർ പറഞ്ഞു. 5അവൻ ആ വെള്ളിക്കാശ് മന്ദിരത്തിൽ എറിഞ്ഞു, ചെന്നു കെട്ടിഞാന്നു ചത്തുകളഞ്ഞു. 6മഹാപുരോഹിതന്മാർ ആ വെള്ളിക്കാശ് എടുത്തു: ഇതു രക്തവിലയാകയാൽ ശ്രീഭണ്ഡാരത്തിൽ ഇടുന്നതു വിഹിതമല്ല എന്നു പറഞ്ഞു കൂടി ആലോചിച്ചു, 7പരദേശികളെ കുഴിച്ചിടുവാൻ അതുകൊണ്ടു കുശവന്റെ നിലം വാങ്ങി. 8ആകയാൽ ആ നിലത്തിന്നു ഇന്നുവരെ രക്തനിലം എന്നു പേർ പറയുന്നു.
9 #
സെഖര്യാവു 11:12,13 “യിസ്രായേൽമക്കൾ വിലമതിച്ചവന്റെ വിലയായ മുപ്പതു വെള്ളിക്കാശു അവർ എടുത്തു, 10കർത്താവു എന്നോടു അരുളിച്ചെയ്തതുപോലെ കുശവന്റെ നിലത്തിന്നു വേണ്ടി കൊടുത്തു”
എന്നു യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതിന്നു അന്നു നിവൃത്തിവന്നു.
11എന്നാൽ യേശു നാടുവാഴിയുടെ മുമ്പാകെ നിന്നു; നീ യെഹൂദന്മാരുടെ രാജാവോ എന്നു നാടുവാഴി ചോദിച്ചു; ഞാൻ ആകുന്നു എന്നു യേശു അവനോടു പറഞ്ഞു 12മഹാപുരോഹിതന്മാരും മൂപ്പന്മാരും കുറ്റം ചുമത്തുകയിൽ അവൻ ഒന്നും ഉത്തരം പറഞ്ഞില്ല. 13പീലാത്തൊസ് അവനോടു: ഇവർ നിന്റെ നേരെ എന്തെല്ലാം സാക്ഷ്യം പറയുന്നു എന്നു കേൾക്കുന്നില്ലയോ എന്നു ചോദിച്ചു. 14അവൻ ഒരു വാക്കിന്നും ഉത്തരം പറയായ്കയാൽ നാടുവാഴി അത്യന്തം ആശ്ചര്യപ്പെട്ടു. 15എന്നാൽ ഉത്സവസമയത്തു പുരുഷാരം ഇച്ഛിക്കുന്ന ഒരു തടവുകാരനെ നാടുവാഴി വിട്ടയക്കപതിവായിരുന്നു. 16അന്നു ബറബ്ബാസ് എന്ന ശ്രുതിപ്പെട്ടോരു തടവുകാരൻ ഉണ്ടായിരുന്നു. 17അവർ കൂടിവന്നപ്പോൾ പീലാത്തൊസ് അവരോടു: ബറബ്ബാസിനെയോ, ക്രിസ്തു എന്നു പറയുന്ന യേശുവിനെയോ, ആരെ നിങ്ങൾക്കു വിട്ടുതരേണം എന്നു ചോദിച്ചു. 18അവർ അസൂയകൊണ്ടാകുന്നു അവനെ ഏല്പിച്ചതു എന്നു അവൻ ഗ്രഹിച്ചിരുന്നു. 19അവൻ ന്യായാസനത്തിൽ ഇരിക്കുമ്പോൾ അവന്റെ ഭാര്യ ആളയച്ചു: ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുതു; അവൻ നിമിത്തം ഞാൻ ഇന്നു സ്വപ്നത്തിൽ വളരെ കഷ്ടം സഹിച്ചു എന്നു പറയിച്ചു. 20എന്നാൽ ബറബ്ബാസിനെ ചോദിപ്പാനും യേശുവിനെ നശിപ്പിപ്പാനും മഹാപുരോഹിതന്മാരും മൂപ്പന്മാരും പുരുഷാരത്തെ സമ്മതിപ്പിച്ചു. 21നാടുവാഴി അവരോടു: ഈ ഇരുവരിൽ ഏവനെ വിട്ടുതരേണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിന്നു ബറബ്ബാസിനെ എന്നു അവർ പറഞ്ഞു. 22പീലാത്തൊസ് അവരോടു: എന്നാൽ ക്രിസ്തു എന്ന യേശുവിനെ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചതിന്നു: അവനെ ക്രൂശിക്കേണം എന്നു എല്ലാവരും പറഞ്ഞു. 23അവൻ ചെയ്ത ദോഷം എന്തു എന്നു അവൻ ചോദിച്ചു. അവനെ ക്രൂശിക്കേണം എന്നു അവർ ഏറ്റവും നിലവിളിച്ചു പറഞ്ഞു.
24 #
ആവർത്തനപുസ്തകം 21:6-9
ആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പീലാത്തൊസ് കണ്ടിട്ടു വെള്ളം എടുത്തു പുരുഷാരം കാൺകെ കൈ കഴുകി: ഈ നീതിമാന്റെ രക്തത്തിൽ എനിക്കു കുറ്റം ഇല്ല; നിങ്ങൾ തന്നേ നോക്കിക്കൊൾവിൻ എന്നു പറഞ്ഞു. 25അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ എന്നു ജനം ഒക്കെയും ഉത്തരം പറഞ്ഞു. 26അങ്ങനെ അവൻ ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടി കൊണ്ടടിപ്പിച്ചു ക്രൂശിക്കേണ്ടതിന്നു ഏല്പിച്ചു.
27അനന്തരം നാടുവാഴിയുടെ പടയാളികൾ യേശുവിനെ ആസ്ഥാനത്തിലേക്കു കൊണ്ടുപോയി പട്ടാളത്തെ എല്ലാം അവന്റെ നേരെ വരുത്തി, 28അവന്റെ വസ്ത്രം അഴിച്ചു ഒരു ചുവന്ന മേലങ്കി ധരിപ്പിച്ചു, 29മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ തലയിൽ വെച്ചു, വലങ്കയ്യിൽ ഒരു കോലും കൊടുത്തു അവന്റെ മുമ്പിൽ മുട്ടുകുത്തി: യെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പരിഹസിച്ചു പറഞ്ഞു. 30പിന്നെ അവന്റെമേൽ തുപ്പി, കോൽ എടുത്തു അവന്റെ തലയിൽ അടിച്ചു. 31അവനെ പരിഹസിച്ചുതീർന്നപ്പോൾ മേലങ്കി നീക്കി അവന്റെ സ്വന്തവസ്ത്രം ധരിപ്പിച്ചു, ക്രൂശിപ്പാൻ കൊണ്ടുപോയി.
32അവർ പോകുമ്പോൾ ശീമോൻ എന്നു പേരുള്ള കുറേനക്കാരനെ കണ്ടു, അവന്റെ ക്രൂശ് ചുമപ്പാൻ നിർബന്ധിച്ചു. 33തലയോടിടം എന്നർത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തു എത്തിയപ്പോൾ അവന്നു കൈപ്പു കലക്കിയ വീഞ്ഞു കുടിപ്പാൻ കൊടുത്തു; 34#സങ്കീർത്തനങ്ങൾ 69:21അതു രുചിനോക്കിയാറെ അവന്നു കുടിപ്പാൻ മനസ്സായില്ല. 35#സങ്കീർത്തനങ്ങൾ 22:18അവനെ ക്രൂശിൽ തറെച്ചശേഷം അവർ ചീട്ടിട്ടു അവന്റെ വസ്ത്രം പകുത്തെടുത്തു, 36അവിടെ ഇരുന്നുകൊണ്ടു അവനെ കാത്തു. 37യെഹൂദന്മാരുടെ രാജാവായ യേശു എന്നു അവന്റെ കുറ്റസംഗതി എഴുതി അവന്റെ തലെക്കുമീതെ വെച്ചു. 38വലത്തും ഇടത്തുമായി രണ്ടു കള്ളന്മാരെയും അവനോടു കൂടെ ക്രൂശിച്ചു.
39 #
സങ്കീർത്തനങ്ങൾ 22:7; 109:25 കടന്നുപോകുന്നുവർ തല കലുക്കി അവനെ ദുഷിച്ചു: 40#മത്തായി 26:61; യോഹന്നാൻ 2:19മന്ദിരം പൊളിച്ചു മൂന്നുനാൾകൊണ്ടു പണിയുന്നവനേ, നിന്നെത്തന്നേ രക്ഷിക്ക; ദൈവപുത്രൻ എങ്കിൽ ക്രൂശിൽ നിന്നു ഇറങ്ങിവാ എന്നു പറഞ്ഞു. 41അങ്ങനെ തന്നേ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും പരിഹസിച്ചു: 42ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്താൻ രക്ഷിപ്പാൻ കഴികയില്ല; അവൻ യിസ്രായേലിന്റെ രാജാവു ആകുന്നു എങ്കിൽ ഇപ്പോൾ ക്രൂശിൽനിന്നു ഇറങ്ങിവരട്ടെ; എന്നാൽ ഞങ്ങൾ അവനിൽ വിശ്വസിക്കും. 43#സങ്കീർത്തനങ്ങൾ 22:8അവൻ ദൈവത്തിൽ ആശ്രയിക്കുന്നു; അവന്നു ഇവനിൽ പ്രസാദമുണ്ടെങ്കിൽ ഇപ്പോൾ വിടുവിക്കട്ടെ; ഞാൻ ദൈവപുത്രൻ എന്നു അവൻ പറഞ്ഞുവല്ലോ എന്നു പറഞ്ഞു. 44അങ്ങനെ തന്നേ അവനോടുകൂടെ ക്രൂശിച്ചിരുന്ന കള്ളന്മാരും അവനെ നിന്ദിച്ചു.
45ആറാംമണി നേരംമുതൽ ഒമ്പതാംമണി നേരംവരെ ദേശത്തു എല്ലാം ഇരുട്ടുണ്ടായി. 46#സങ്കീർത്തനങ്ങൾ 22:1ഏകദേശം ഒമ്പതാംമണി നേരത്തു യേശു: ഏലീ, ഏലീ, ലമ്മാ ശബക്താനി എന്നു ഉറക്കെ നിലവിളിച്ചു; എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നർത്ഥം. 47അവിടെ നിന്നിരുന്നവരിൽ ചിലർ അതു കേട്ടിട്ടു; അവൻ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു. 48#സങ്കീർത്തനങ്ങൾ 69:21ഉടനെ അവരിൽ ഒരുത്തൻ ഓടി ഒരു സ്പോങ്ങ് എടുത്തു പുളിച്ച വീഞ്ഞു നിറെച്ചു ഓടത്തണ്ടിന്മേൽ ആക്കി അവന്നു കുടിപ്പാൻ കൊടുത്തു. 49ശേഷമുള്ളവർ: നില്ക്ക; ഏലീയാവു അവനെ രക്ഷിപ്പാൻ വരുമോ എന്നു നോക്കാം എന്നു പറഞ്ഞു. 50യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു. 51#പുറപ്പാടു 26:31-33അപ്പോൾ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളവും രണ്ടായി ചീന്തിപ്പോയി; 52ഭൂമി കുലുങ്ങി, പാറകൾ പിളർന്നു, കല്ലറകൾ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റു 53അവന്റെ പുനരുത്ഥാനത്തിന്റെശേഷം കല്ലറകളെ വിട്ടു, വിശുദ്ധനഗരത്തിൽ ചെന്നു പലർക്കും പ്രത്യക്ഷമായി. 54ശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായി സംഭവിച്ചതു കണ്ടിട്ടു: അവൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു ഏറ്റവും ഭയപ്പെട്ടു. 55#ലൂക്കൊസ് 8:2,3ഗലീലയിൽ നിന്നു യേശുവിനെ ശുശ്രൂഷിച്ചുകൊണ്ടു അനുഗമിച്ചുവന്ന പല സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു. 56അവരിൽ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു.
57സന്ധ്യയായപ്പോൾ അരിമഥ്യക്കാരനായ യോസേഫ് എന്ന ധനവാൻ താനും യേശുവിന്റെ ശിഷ്യനായിരിക്കയാൽ വന്നു, 58പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു; പീലത്തൊസ് അതു ഏല്പിച്ചുകൊടുപ്പാൻ കല്പിച്ചു. 59യോസേഫ് ശരീരം എടുത്തു നിർമ്മലശീലയിൽ പൊതിഞ്ഞു, 60താൻ പാറയിൽ വെട്ടിച്ചിരുന്ന തന്റെ പുതിയ കല്ലറയിൽ വെച്ചു കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ലു ഉരുട്ടിവെച്ചിട്ടു പോയി. 61കല്ലറെക്കു എതിരെ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും ഇരുന്നിരുന്നു.
62ഒരുക്കനാളിന്റെ പിറ്റെ ദിവസം മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിന്റെ അടുക്കൽ ചെന്നുകൂടി: 63#മത്തായി 16:21; 17:23; 20:19; മർക്കൊസ് 8:31; 9:31; 10:33,34; ലൂക്കൊസ് 9:22; 18:31-33യജമാനനേ, ആ ചതിയൻ ജീവനോടിരിക്കുമ്പോൾ: മൂന്നുനാൾ കഴിഞ്ഞിട്ടു ഞാൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞപ്രകാരം ഞങ്ങൾക്കു ഓർമ്മ വന്നു. 64അതുകൊണ്ടു അവന്റെ ശിഷ്യന്മാർ ചെന്നു അവനെ മോഷ്ടിച്ചിട്ടു, അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ജനത്തോടു പറകയും ഒടുവിലത്തെ ചതിവു മുമ്പിലത്തേതിലും വിഷമമായിത്തീരുകയും ചെയ്യാതിരിക്കേണ്ടതിന്നു മൂന്നാം നാൾവരെ കല്ലറ ഉറപ്പാക്കുവാൻ കല്പിക്ക എന്നു പറഞ്ഞു. 65പീലാത്തൊസ് അവരോടു: കാവൽക്കൂട്ടത്തെ തരാം; പോയി നിങ്ങളാൽ ആകുന്നെടത്തോളം ഉറപ്പുവരുത്തുവിൻ എന്നു പറഞ്ഞു. 66അവർ ചെന്നു കല്ലിന്നു മുദ്രവെച്ചു കാവൽക്കൂട്ടത്തെ നിറുത്തി കല്ലറ ഉറപ്പാക്കി.
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.