മത്തായി 28
28
1ശബ്ബത്ത് കഴിഞ്ഞു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാൻ ചെന്നു. 2പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി; കർത്താവിന്റെ ദൂതൻ സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നു, കല്ലു ഉരുട്ടിനീക്കി അതിന്മേൽ ഇരുന്നിരുന്നു. 3അവന്റെ രൂപം മിന്നലിന്നു ഒത്തതും അവന്റെ ഉടുപ്പു ഹിമംപോലെ വെളുത്തതും ആയിരുന്നു. 4കാവൽക്കാർ അവനെ കണ്ടു പേടിച്ചു വിറെച്ചു മരിച്ചവരെപ്പോലെ ആയി. 5ദൂതൻ സ്ത്രീകളോടു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നു ഞാൻ അറിയുന്നു; 6അവൻ ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നുകാണ്മിൻ 7അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേറ്റു എന്നു വേഗം ചെന്നു അവന്റെ ശിഷ്യന്മാരോടു പറവിൻ; അവൻ നിങ്ങൾക്കു മുമ്പെ ഗലീലെക്കു പോകുന്നു; അവിടെ നിങ്ങൾ അവനെ കാണും; ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. 8അങ്ങനെ അവർ വേഗത്തിൽ ഭയത്തോടും മഹാസന്തോഷത്തോടും കൂടി കല്ലറ വിട്ടു അവന്റെ ശിഷ്യന്മാരോടു അറിയിപ്പാൻ ഓടിപ്പോയി. എന്നാൽ യേശു അവരെ എതിരേറ്റു: 9നിങ്ങൾക്കു വന്ദനം എന്നു പറഞ്ഞു; അവർ അടുത്തുചെന്നു അവന്റെ കാൽ പിടിച്ചു അവനെ നമസ്കരിച്ചു. 10യേശു അവരോടു: ഭയപ്പെടേണ്ട; നിങ്ങൾ പോയി എന്റെ സഹോദരന്മാരോടു ഗലീലെക്കു പോകുവാൻ പറവിൻ; അവിടെ അവർ എന്നെ കാണും എന്നു പറഞ്ഞു.
11അവർ പോകുമ്പോൾ കാവല്ക്കൂട്ടത്തിൽ ചിലർ നഗരത്തിൽ ചെന്നു സംഭവിച്ചതു എല്ലാം മഹാപുരോഹിതന്മാരോടു അറിയിച്ചു. 12അവർ ഒന്നിച്ചുകൂടി മൂപ്പന്മാരുമായി ആലോചനകഴിച്ചിട്ടു പടയാളികൾക്കു വേണ്ടുവോളം പണം കൊടുത്തു; 13അവന്റെ ശിഷ്യന്മാർ രാത്രിയിൽ വന്നു ഞങ്ങൾ ഉറങ്ങുമ്പോൾ അവനെ കട്ടുകൊണ്ടുപോയി എന്നു പറവിൻ. 14വസ്തുത നാടുവാഴിയുടെ സന്നിധാനത്തിൽ എത്തി എങ്കിലോ ഞങ്ങൾ അവനെ സമ്മതിപ്പിച്ചു നിങ്ങളെ നിർഭയരാക്കിക്കൊള്ളാം എന്നു പറഞ്ഞു. 15അവർ പണം വാങ്ങി ഉപദേശപ്രകാരം ചെയ്തു; ഈ കഥ ഇന്നുവരെ യെഹൂദന്മാരുടെ ഇടയിൽ പരക്കെ നടപ്പായിരിക്കുന്നു.
16 #
മത്തായി 26:32; മർക്കൊസ് 14:28 എന്നാൽ പതിനൊന്നു ശിഷ്യന്മാർ ഗലീലയിൽ യേശു അവരോടു കല്പിച്ചിരുന്ന മലെക്കു പോയി. 17അവനെ കണ്ടപ്പോൾ അവർ നമസ്കരിച്ചു; ചിലരോ സംശയിച്ചു. 18യേശു അടുത്തുചെന്നു: സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. 19#അപ്പൊ. പ്രവൃത്തികൾ 1:8ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും 20ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു എന്നു അരുളിച്ചെയ്തു.
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.