ആമോസ് 4
4
1എളിയവരെ പീഡിപ്പിക്കയും ദരിദ്രന്മാരെ തകർക്കുകയും തങ്ങളുടെ ഭർത്താക്കന്മാരോടു: കൊണ്ടുവരുവിൻ; ഞങ്ങൾ കുടിക്കട്ടെ എന്നു പറകയും ചെയ്യുന്ന ശമര്യാപർവ്വതത്തിലെ ബാശാന്യപശുക്കളേ, ഈ വചനം കേൾപ്പിൻ. 2ഞാൻ നിങ്ങളെ കൊളുത്തുകൊണ്ടും നിങ്ങളുടെ സന്തതിയെ ചൂണ്ടൽകൊണ്ടും പിടിച്ചു കൊണ്ടുപോകുന്ന കാലം നിങ്ങൾക്കു വരും എന്നു യഹോവയായ കർത്താവു തന്റെ വിശുദ്ധിയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു. 3അപ്പോൾ നിങ്ങൾ ഓരോരുത്തി നേരെ മുമ്പോട്ടു മതിൽ പിളർപ്പുകളിൽകൂടി പുറത്തുചെല്ലുകയും രിമ്മോനെ എറിഞ്ഞുകളകയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു. 4ബേഥേലിൽചെന്നു അതിക്രമം ചെയ്‌വിൻ; ഗില്ഗാലിൽ ചെന്നു അതിക്രമം വർദ്ധിപ്പിപ്പിൻ; രാവിലെതോറും നിങ്ങളുടെ ഹനനയാഗങ്ങളെയും മൂന്നാംനാൾതോറും നിങ്ങളുടെ ദശാംശങ്ങളെയും കൊണ്ടുചെല്ലുവിൻ. 5പുളിച്ചമാവുകൊണ്ടുള്ള സ്തോത്ര യാഗം അർപ്പിപ്പിൻ; സ്വമേധാർപ്പിതങ്ങളെ ഘോഷിച്ചു പ്രസിദ്ധമാക്കുവിൻ; അങ്ങനെ അല്ലോ, യിസ്രായേൽമക്കളേ, നിങ്ങൾക്കു ഇഷ്ടമായിരിക്കുന്നതു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. 6നിങ്ങളുടെ എല്ലാപട്ടണങ്ങളിലും ഞാൻ നിങ്ങൾക്കു പല്ലിന്റെ വെടിപ്പും എല്ലായിടങ്ങളിലും അപ്പത്തിന്റെ കുറവും വരുത്തീട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു. 7കൊയ്ത്തിന്നു ഇനി മൂന്നു മാസമുള്ളപ്പോൾ ഞാൻ നിങ്ങൾക്കു മഴ മുടക്കിക്കളഞ്ഞു; ഞാൻ ഒരു പട്ടണത്തിൽ മഴ പെയ്യിക്കയും മറ്റെ പട്ടണത്തിൽ മഴ പെയ്യിക്കാതിരിക്കയും ചെയ്തു; ഒരു കണ്ടത്തിൽ മഴ പെയ്തു; മഴ പെയ്യാത്ത മറ്റെ കണ്ടം വരണ്ടുപോയി. 8രണ്ടുമൂന്നു പട്ടണം വെള്ളം കുടിപ്പാൻ ഒരു പട്ടണത്തിലേക്കു ഉഴന്നുചെന്നു, ദാഹം തീർന്നില്ലതാനും; എന്നിട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു. 9ഞാൻ നിങ്ങളെ വെൺകതിർകൊണ്ടും വിഷമഞ്ഞുകൊണ്ടും ശിക്ഷിച്ചു; നിങ്ങളുടെ തോട്ടങ്ങളെയും മുന്തിരിപ്പറമ്പുകളെയും അത്തിവൃക്ഷങ്ങളെയും ഒലിവുമരങ്ങളെയും പലപ്പോഴും തുള്ളൻ തിന്നുകളഞ്ഞു; എന്നിട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു. 10മിസ്രയീമിൽ എന്നപ്പോലെ ഞാൻ മഹാമാരി നിങ്ങളടെ ഇടയിൽ അയച്ചു നിങ്ങളുടെ യൗവനക്കാരെ വാൾകൊണ്ടു കൊന്നു നിങ്ങളുടെ കുതിരകളെ പിടിച്ചു കൊണ്ടുപോയി; നിങ്ങളുടെ പാളയങ്ങളിലെ നാറ്റം ഞാൻ നിങ്ങളുടെ മൂക്കിൽ കയറുമാറാക്കി; എന്നിട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു. 11#ഉല്പത്തി 19:24ദൈവം സൊദോമിനെയും ഗൊമോരയെയും ഉന്മൂലനാശം ചെയ്തതുപോലെ ഞാൻ നിങ്ങളുടെ ഇടയിൽ ഒരു ഉന്മൂലനാശം വരുത്തി, നിങ്ങൾ കത്തുന്ന തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിപോലെ ആയിരുന്നു; എന്നിട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു. 12അതുകൊണ്ടു യിസ്രായേലേ, ഞാൻ ഇങ്ങനെ നിന്നോടു ചെയ്യും; യിസ്രായേലേ, ഞാൻ ഇതു നിന്നോടു ചെയ്‌വാൻ പോകുന്നതുകൊണ്ടു നിന്റെ ദൈവത്തെ എതിരേല്പാൻ ഒരുങ്ങിക്കൊൾക. 13പർവ്വതങ്ങളെ നിർമ്മിക്കയും കാറ്റിനെ സൃഷ്ടിക്കയും മനുഷ്യനോടു അവന്റെ നിരൂപണം ഇന്നതെന്നു അറിയിക്കയും പ്രഭാതത്തെ അന്ധകാരമാക്കുകയും ഭൂമിയുടെ ഉന്നതികളിന്മേൽ നടകൊള്ളുകയും ചെയ്യുന്ന ഒരുത്തനുണ്ടു; സൈന്യങ്ങളുടെ ദൈവമായ യഹോവ എന്നാകുന്നു അവന്റെ നാമം.
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.