ആമോസ് 5
5
1യിസ്രായേൽഗൃഹമേ, ഞാൻ നിങ്ങളെക്കുറിച്ചു വിലാപംചൊല്ലുന്ന ഈ വചനം കേൾപ്പിൻ! 2യിസ്രായേൽകന്യക വീണിരിക്കുന്നു; ഇനി എഴുന്നേല്ക്കയും ഇല്ല; അവൾ നിലത്തോടു പറ്റിക്കിടക്കുന്നു; അവളെ നിവിർക്കുവാൻ ആരുമില്ല. 3യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹത്തിൽ ആയിരം പേരുമായി പുറപ്പെട്ട പട്ടണത്തിൽ നൂറുപേർ മാത്രം ശേഷിക്കും; നൂറു പേരുമായി പുറപ്പെട്ടതിന്നു പത്തുപേർ മാത്രം ശേഷിക്കും. 4യഹോവ യിസ്രായേൽഗൃഹത്തോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നു എന്നെ അന്വേഷിപ്പിൻ. 5ബേഥേലിനെ അന്വേഷിക്കരുതു; ഗില്ഗാലിലേക്കു ചെല്ലരുതു; ബേർ-ശേബയിലേക്കു കടക്കയുമരുതു; ഗില്ഗാൽ പ്രവാസത്തിലേക്കു പോകേണ്ടിവരും; ബേഥേൽ നാസ്തിയായി ഭവിക്കും. 6നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നു യഹോവയെ അന്വേഷിപ്പിൻ; അല്ലെങ്കിൽ അവൻ ബേഥേലിൽ ആർക്കും കെടുത്തുവാൻ കഴിയാത്ത ഒരു തീപോലെ യോസേഫ്ഗൃഹത്തിന്മേൽ ചാടി അതിനെ ദഹിപ്പിച്ചുകളയും. 7ന്യായത്തെ കാഞ്ഞിരം ആക്കിത്തീർക്കുകയും നീതിയെ നിലത്തു തള്ളിയിട്ടുകളകയും ചെയ്യുന്നവരേ, 8#ഇയ്യോബ് 9:9; 38:31കാർത്തികയെയും മകയിരത്തെയും സൃഷ്ടിക്കയും അന്ധതമസ്സിനെ പ്രഭാതമാക്കി മാറ്റുകയും പകലിനെ രാത്രിയാക്കി ഇരുട്ടുകയും സമുദ്രത്തിലെ വെള്ളത്തെ വിളിച്ചു ഭൂതലത്തിൽ പകരുകയും ചെയ്യുന്നവനെ അന്വേഷിപ്പിൻ; യഹോവ എന്നാകുന്നു അവന്റെ നാമം. 9അവൻ കോട്ടെക്കു നാശം വരുവാൻ തക്കവണ്ണം ബലവാന്റെ മേൽ നാശം മിന്നിക്കുന്നു. 10ഗോപുരത്തിങ്കൽ ന്യായം വിധിക്കുന്നവനെ അവർ ദ്വേഷിക്കയും പരമാർത്ഥം സംസാരിക്കുന്നവനെ വെറുക്കുകയും ചെയ്യുന്നു. 11അങ്ങിനെ നിങ്ങൾ എളിയവനെ ചവിട്ടിക്കളകയും അവനോടു കോഴയായി ധാന്യം വാങ്ങുകയും ചെയ്യുന്നതിനാൽ നിങ്ങൾ വെട്ടുകല്ലുകൊണ്ടു വീടു പണിയും; അതിൽ പാർക്കയില്ലതാനും; നിങ്ങൾ മനോഹരമായ മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കും; അവയിലെ വീഞ്ഞു കുടിക്കയില്ലതാനും; 12നീതിമാനെ ക്ലേശിപ്പിച്ചു കൈക്കൂലി വാങ്ങുകയും ഗോപുരത്തിങ്കൽ ദരിദ്രന്മാരുടെ ന്യായം മറിച്ചുകളകയും ചെയ്യുന്നവരേ, നിങ്ങളുടെ അതിക്രമങ്ങൾ അനവധിയും നിങ്ങളുടെ പാപങ്ങൾ കഠിനവും എന്നു ഞാൻ അറിയുന്നു. 13അതുകൊണ്ടു ബുദ്ധിമാൻ ഈ കാലത്തു മിണ്ടാതിരിക്കുന്നു; ഇതു ദുഷ്കാലമല്ലോ; 14നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നു തിന്മയല്ല നന്മ തന്നേ അന്വേഷിപ്പിൻ; അപ്പോൾ നിങ്ങൾ പറയുന്നതുപോലെ സൈന്യങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടുകൂടെ ഇരിക്കും. 15നിങ്ങൾ തിന്മ ദ്വേഷിച്ചു നന്മ ഇച്ഛിച്ചു ഗോപുരത്തിങ്കൽ ന്യായം നിലനിർത്തുവിൻ; പക്ഷേ സൈന്യങ്ങളുടെ ദൈവമായ യഹോവ യോസേഫിൽ ശേഷിപ്പുള്ളവരോടു കൃപ കാണിക്കും. 16അതുകൊണ്ടു സൈന്യങ്ങളുടെ ദൈവമായ യഹോവ എന്ന കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; സകല വീഥികളിലും വിലാപം ഉണ്ടാകും; എല്ലാ തെരുക്കളിലും അവർ: അയ്യോ, അയ്യോ എന്നു പറയും; അവർ കൃഷിക്കാരെ ദുഃഖിപ്പാനും പ്രലാപജ്ഞന്മാരെ വിലാപിപ്പാനും വിളിക്കും. 17ഞാൻ നിന്റെ നടുവിൽ കൂടി കടന്നുപോകുന്നതുകൊണ്ടു എല്ലാ മുന്തിരിത്തോട്ടങ്ങളിലും വിലാപമുണ്ടാകും എന്നു യഹോവ അരുളിച്ചെയ്യുന്നു.
18യഹോവയുടെ ദിവസത്തിന്നായി വാഞ്ഛിക്കുന്ന നിങ്ങൾക്കു അയ്യോ കഷ്ടം! യഹോവയുടെ ദിവസംകൊണ്ടു നിങ്ങൾക്കു എന്തു ഗുണം! അതു വെളിച്ചമല്ല ഇരുട്ടത്രേ. 19അതു ഒരുത്തൻ സിംഹത്തിന്റെ മുമ്പിൽനിന്നു ഓടിപ്പോയിട്ടു കരടി അവന്നു എതിർപ്പെടുകയോ വീട്ടിൽ ചെന്നു കൈവെച്ചു ചുമരോടു ചാരീട്ടു സർപ്പം അവനെ കടിക്കയോ ചെയ്യുന്നതുപോലെ ആകുന്നു. 20യഹോവയുടെ ദിവസം വെളിച്ചമല്ല, ഇരുൾ തന്നെയല്ലോ; ഒട്ടും പ്രകാശമില്ലാതെ അന്ധതമസ്സു തന്നേ. 21#യെശയ്യാവു 1:11-14നിങ്ങളുടെ മത്സരങ്ങളെ ഞാൻ ദ്വേഷിച്ചു നിരസിക്കുന്നു; നിങ്ങളുടെ സഭായോഗങ്ങളിൽ എനിക്കു പ്രസാദമില്ല. 22നിങ്ങൾ എനിക്കു ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചാലും ഞാൻ പ്രസാദിക്കയില്ല; തടിച്ച മൃഗങ്ങൾകൊണ്ടുള്ള നിങ്ങളുടെ സമാധാനയാഗങ്ങളെ ഞാൻ കടാക്ഷിക്കയില്ല. 23നിന്റെ പാട്ടുകളുടെ സ്വരം എന്റെ മുമ്പിൽനിന്നു നീക്കുക; നിന്റെ വീണാനാദം ഞാൻ കേൾക്കയില്ല. 24എന്നാൽ ന്യായം വെള്ളംപോലെയും നീതി വറ്റാത്ത തോടുപോലെയും കവിഞ്ഞൊഴുകട്ടെ. 25#അപ്പൊ. പ്രവൃത്തികൾ 7:42,43യിസ്രായേൽഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ? 26നിങ്ങൾക്കു ഉണ്ടാക്കിയ വിഗ്രഹങ്ങളായി നിങ്ങളുടെ നക്ഷത്രദേവനായ കീയൂനെയും നിങ്ങളുടെ രാജാവായ സിക്കൂത്തിനെയും നിങ്ങൾ ചുമന്നുകൊണ്ടു പോകേണ്ടിവരും. 27ഞാൻ നിങ്ങളെ ദമ്മേശെക്കിന്നു അപ്പുറം പ്രവാസത്തിലേക്കു പോകുമാറാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു; സൈന്യങ്ങളുടെ ദൈവം എന്നാകുന്നു അവന്റെ നാമം.
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.