മീഖാ 1
1
1യോഥാം, ആഹാസ്, യെഹിസ്കീയാവ് എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്ത് മോരസ്ത്യനായ മീഖായ്ക്ക് ഉണ്ടായതും അവൻ ശമര്യയെയും യെരൂശലേമിനെയുംകുറിച്ചു ദർശിച്ചതുമായ യഹോവയുടെ അരുളപ്പാട്. 2സകല ജാതികളുമായുള്ളോരേ, കേൾപ്പിൻ; ഭൂമിയും അതിലുള്ള സകലവുമായുള്ളോവേ, ചെവിക്കൊൾവിൻ; യഹോവയായ കർത്താവ്, തന്റെ വിശുദ്ധമന്ദിരത്തിൽനിന്നു കർത്താവു തന്നെ, നിങ്ങൾക്കു വിരോധമായി സാക്ഷിയായിരിക്കട്ടെ. 3യഹോവ തന്റെ സ്ഥലത്തുനിന്നു പുറപ്പെട്ട് ഇറങ്ങി ഭൂമിയുടെ ഉന്നതികളിന്മേൽ നടകൊള്ളുന്നു. 4തീയുടെ മുമ്പിൽ മെഴുകുപോലെയും കിഴുക്കാന്തൂക്കത്തിൽ ചാടുന്ന വെള്ളംപോലെയും പർവതങ്ങൾ അവന്റെ കീഴിൽ ഉരുകുകയും താഴ്‌വരകൾ പിളർന്നുപോകയും ചെയ്യുന്നു. 5ഇതൊക്കെയും യാക്കോബിന്റെ അതിക്രമം നിമിത്തവും യിസ്രായേൽഗൃഹത്തിന്റെ പാപങ്ങൾ നിമിത്തവുമാകുന്നു. യാക്കോബിന്റെ അതിക്രമം എന്ത്? ശമര്യയല്ലയോ? യെഹൂദായുടെ പൂജാഗിരികൾ ഏവ? യെരൂശലേം അല്ലയോ? 6അതുകൊണ്ടു ഞാൻ ശമര്യയെ വയലിലെ കല്ക്കുന്നുപോലെയും, മുന്തിരിത്തോട്ടത്തിലെ നടുതലപോലെയും ആക്കും; ഞാൻ അതിന്റെ കല്ല് താഴ്‌വരയിലേക്കു തള്ളിയിടുകയും അതിന്റെ അടിസ്ഥാനങ്ങളെ അനാവൃതമാക്കുകയും ചെയ്യും. 7അതിലെ സകല വിഗ്രഹങ്ങളും തകർന്നുപോകും; അതിന്റെ സകല വേശ്യാസമ്മാനങ്ങളും തീ പിടിച്ചു വെന്തുപോകും; അതിലെ സകല ബിംബങ്ങളെയും ഞാൻ ശൂന്യമാക്കും; വേശ്യാസമ്മാനം കൊണ്ടല്ലോ അവൾ അതു സ്വരൂപിച്ചത്; അവ വീണ്ടും വേശ്യാസമ്മാനമായിത്തീരും. 8അതുകൊണ്ടു ഞാൻ വിലപിച്ചു മുറയിടും; ഞാൻ ചെരുപ്പില്ലാത്തവനും നഗ്നനുമായി നടക്കും; ഞാൻ കുറുനരികളെപ്പോലെ വിലപിച്ച്, ഒട്ടകപ്പക്ഷികളെപ്പോലെ കരയും. 9അവളുടെ മുറിവ് പൊറുക്കാത്തതല്ലോ; അതു യെഹൂദായോളം പരന്ന്, എന്റെ ജനത്തിന്റെ ഗോപുരമായ യെരൂശലേമിനോളം എത്തിയിരിക്കുന്നു. 10അതു ഗത്തിൽ പ്രസ്താവിക്കരുത്; ഒട്ടും കരയരുത്; ബേത്ത്-അഫ്രയിൽ (പൊടിവീട്) ഞാൻ പൊടിയിൽ ഉരുണ്ടിരിക്കുന്നു. 11ശാഫീർ (അലങ്കാര) നഗരനിവാസികളേ, ലജ്ജയും നഗ്നതയും പൂണ്ടു കടന്നു പോകുവിൻ; സയനാൻ (പുറപ്പാട്) നിവാസികൾ പുറപ്പെടുവാൻ തുനിയുന്നില്ല; ബേത്ത്-ഏസെലിന്റെ വിലാപം നിങ്ങൾക്ക് അവിടെ താമസിപ്പാൻ മുടക്കമാകും. 12യഹോവയുടെ പക്കൽനിന്നു യെരൂശലേംഗോപുരത്തിങ്കൽ തിന്മ ഇറങ്ങിയിരിക്കയാൽ മാരോത്ത് (കയ്പ്) നിവാസികൾ നന്മയ്ക്കായി കാത്തു പിടയ്ക്കുന്നു. 13ലാക്കീശ് (ത്വരിത) നഗരനിവാസികളേ, തുരഗങ്ങളെ രഥത്തിനു കെട്ടുവിൻ; അവർ സീയോൻപുത്രിക്കു പാപകാരണമായിത്തീർന്നു; യിസ്രായേലിന്റെ അതിക്രമങ്ങൾ നിന്നിൽ കണ്ടിരിക്കുന്നു. 14അതുകൊണ്ട് നീ മോരേശെത്ത്-ഗത്തിന് ഉപേക്ഷണസമ്മാനം കൊടുക്കേണ്ടിവരും; ബേത്ത്-അക്സീബിലെ (വ്യാജഗൃഹം) വീടുകൾ യിസ്രായേൽരാജാക്കന്മാർക്ക് ആശാഭംഗമായി ഭവിക്കും. 15മാരേശാ (കൈവശം) നിവാസികളേ, കൈവശമാക്കുന്ന ഒരുത്തനെ ഞാൻ നിങ്ങളുടെ നേരേ വരുത്തും; യിസ്രായേലിന്റെ മഹത്തുക്കൾ അദുല്ലാമോളം ചെല്ലേണ്ടിവരും. 16നിന്റെ ഓമനക്കുഞ്ഞുങ്ങൾ നിമിത്തം നിന്നെത്തന്നെ ക്ഷൗരംചെയ്തു മൊട്ടയാക്കുക; കഴുകനെപ്പോലെ നിന്റെ കഷണ്ടിയെ വിസ്താരമാക്കുക; അവർ നിന്നെ വിട്ടു പ്രവാസത്തിലേക്കു പോയല്ലോ.
Trenutno izbrano:
മീഖാ 1: MALOVBSI
Označeno
Deli
Kopiraj

Želiš, da so tvoji poudarki shranjeni v vseh tvojih napravah? Registriraj se ali se prijavi
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.