മത്താ. 28
28
യേശുവിന്‍റെ പുനരുത്ഥാനം
1ശബ്ബത്തിനു ശേഷം ആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിവസം പ്രഭാതം ആകുന്ന സമയം മഗ്ദലക്കാരത്തി മറിയയും അതെ പേരുള്ള മറ്റൊരു മറിയയും യേശുവിനെ അടക്കം ചെയ്ത കല്ലറ കാണ്മാൻ വന്നു.
2പെട്ടെന്ന് വലിയൊരു ഭൂകമ്പം ഉണ്ടായി; കർത്താവിന്‍റെ ദൂതൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന്, കല്ല് ഉരുട്ടിനീക്കിയതിനുശേഷം അതിന്മേൽ ഇരുന്നിരുന്നു. 3അവന്‍റെ രൂപം മിന്നലിന് സമവും അവന്‍റെ ഉടുപ്പ് ഹിമംപോലെ വെളുത്തതും ആയിരുന്നു. 4കാവൽക്കാർ അവനെ കണ്ടു പേടിച്ചു വിറച്ച് മരിച്ചവരെപോലെ ആയി.
5ദൂതൻ സ്ത്രീകളോട്: “ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നു ഞാൻ അറിയുന്നു; 6യേശു ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നുകാണ്മിൻ 7അവൻ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേറ്റു എന്നു വേഗം ചെന്നു അവന്‍റെ ശിഷ്യന്മാരോട് പറവിൻ; ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നത് പോലെ അവൻ നിങ്ങൾക്ക് മുമ്പെ ഗലീലയ്ക്കു പോകുന്നു; അവിടെ നിങ്ങൾ അവനെ കാണും; ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നു“ എന്നു പറഞ്ഞു.
8അങ്ങനെ അവർ വേഗത്തിൽ ഭയത്തോടും മഹാസന്തോഷത്തോടും, കൂടി കല്ലറ വിട്ടു അവന്‍റെ ശിഷ്യന്മാരോട് അറിയിക്കുവാൻ ഓടിപ്പോയി. 9എന്നാൽ യേശു അവരെ എതിരേറ്റു: നിങ്ങൾക്ക് വന്ദനം എന്നു പറഞ്ഞു; അവർ അടുത്തുചെന്ന് അവന്‍റെ കാൽപിടിച്ച് അവനെ നമസ്കരിച്ചു. 10യേശു അവരോട്: ഭയപ്പെടേണ്ട; നിങ്ങൾ പോയി എന്‍റെ സഹോദരന്മാരോട് ഗലീലയ്ക്കു പോകുവാൻ പറവിൻ; അവിടെ അവർ എന്നെ കാണും എന്നു പറഞ്ഞു.
11അവർ പോകുമ്പോൾ കാവൽക്കാരിൽ ചിലർ നഗരത്തിൽ ചെന്നു സംഭവിച്ചത് എല്ലാം മഹാപുരോഹിതന്മാരോട് അറിയിച്ചു. 12അവർ ഒന്നിച്ചുകൂടി മൂപ്പന്മാരുമായി ആലോചനകഴിച്ചിട്ട് പടയാളികൾക്ക് വേണ്ടുവോളം പണം കൊടുത്തു; 13അവന്‍റെ ശിഷ്യന്മാർ രാത്രിയിൽ ഞങ്ങൾ ഉറങ്ങുമ്പോൾ വന്നു യേശുവിന്‍റെ ശരീരം മോഷ്ടിച്ചു കൊണ്ടുപോയി എന്നു പറയുവിൻ. 14വസ്തുത നാടുവാഴിയുടെ സന്നിധാനത്തിൽ എത്തി എങ്കിലോ ഞങ്ങൾ അവനെ സമ്മതിപ്പിച്ച് നിങ്ങളെ എല്ലാ ആകുലങ്ങളിൽ നിന്നും വിടുവിച്ചു കൊള്ളാം എന്നു പറഞ്ഞു. 15അവർ പണം വാങ്ങി അവരുടെ നിർദ്ദേശപ്രകാരം ചെയ്തു; ഈ കഥ ഇന്നുവരെ യെഹൂദന്മാരുടെ ഇടയിൽ പരക്കെ നടപ്പായിരിക്കുന്നു.
മഹാനിയോഗ ആഹ്വാനം
16എന്നാൽ പതിനൊന്നു ശിഷ്യന്മാർ ഗലീലയിൽ യേശു അവരോട് നിർദ്ദേശിച്ചിരുന്ന മലയിലേക്ക് പോയി. 17അവനെ കണ്ടപ്പോൾ അവർ നമസ്കരിച്ചു; ചിലരോ സംശയിച്ചു. 18യേശു അടുത്തുചെന്നു: സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്ക് നൽകിയിരിക്കുന്നു. 19അതുകൊണ്ട് നിങ്ങൾ പോയി, സകലജനതകളെയും ശിഷ്യരാക്കുകയും, അവരെ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കുകയും ചെയ്യുവിൻ. 20ഞാൻ നിങ്ങളോടു കല്പിച്ചത് ഒക്കെയും അനുസരിക്കേണ്ടതിനായി ഉപദേശിക്കുകയും ചെയ്യുവിൻ; നോക്കൂ, ഞാൻ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട് എന്നു അരുളിച്ചെയ്തു.
Markert nå:
മത്താ. 28: IRVMAL
Marker
Del
Sammenlign
Kopier
Vil du ha høydepunktene lagret på alle enhetene dine? Registrer deg eller logg på
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.