അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 73 ദിവസം

ദൈവത്തെ മറന്ന് അവിഹിത മാര്‍ഗ്ഗങ്ങളിലൂടെ സമ്പത്തു വാരിക്കൂട്ടുവാന്‍ മനുഷ്യന്‍ ബദ്ധപ്പെടുന്നത് തന്റെ കുഞ്ഞുങ്ങള്‍ സമ്പല്‍സമൃദ്ധിയില്‍ ജീവിക്കണമെന്ന അത്യാഗ്രഹത്തോടുകൂടിയാണ്. തന്റെ ലക്ഷ്യം ന്യായമാണോ? അതു മറ്റുള്ളവര്‍ക്കു ദോഷമായി തീരുമോ? എന്നൊന്നും അപ്പോള്‍ അവന്‍ ചിന്തിക്കാറില്ല. അന്യായംകൊണ്ടുള്ള സമ്പാദ്യവുമായി ഇന്ന് അനേകര്‍ കെട്ടിപ്പൊക്കുന്നത് താമസസൗകര്യങ്ങള്‍ക്കായുള്ള ഭവനങ്ങളല്ല, പ്രത്യുത ആഡംബരങ്ങള്‍ തുളുമ്പുന്ന അരമനകളോ, മണിമാളികകളോ ആണ്. എന്നാല്‍ ദൈവത്തെ മറന്ന് പാപപങ്കിലമായ കരങ്ങള്‍കൊണ്ട് തനിക്കും തന്റെ സന്തതികള്‍ക്കുംവേണ്ടി പടുത്തുയര്‍ത്തുന്നതിനെയെല്ലാം ദൈവം തകര്‍ത്തുകളയുമെന്ന് യെഹൂദാരാജാവായ യെഹോയാക്കീമിന്റെ ചരിത്രം വിളിച്ചറിയിക്കുന്നു. ദൈവത്തിന് പ്രസാദകരമായത് ചെയ്ത് ദൈവത്തെ അനുസരിച്ചു ജീവിച്ച യോശീയാവിന്റെ മകനായ യെഹോയാക്കീം രാജാവായപ്പോള്‍ മ്ലേച്ഛതകളിലേക്കും ദുഷ്ടതകളിലേക്കും വഴുതിവീണു. അതിക്രമംകൊണ്ടും അനീതികൊണ്ടും ജനത്തെ പീഡിപ്പിച്ച്, അതിമനോഹരവും അതിവിശാലവുമായ അരമന പണികഴിപ്പിച്ച് അവന്‍ തന്റെ പിതാവിന്റെ ദൈവത്തെ മറന്നു ജീവിച്ചു. തന്റെ ജനം, താന്‍ അവര്‍ക്കു വരുത്തുവാന്‍ വിചാരിച്ചിരിക്കുന്ന അനര്‍ത്ഥങ്ങളെയും ശിക്ഷാവിധിയെയുംകുറിച്ച് മനസ്സിലാക്കി അവരുടെ ദുര്‍മ്മാര്‍ഗ്ഗം വിട്ടുതിരിഞ്ഞ് താന്‍ അവരുടെ അകൃത്യവും പാപവും ക്ഷമിക്കേണ്ടതിനായി, താന്‍ അവരുടെമേല്‍ വരുത്തുവാന്‍ പോകുന്ന ശിക്ഷാവിധിയെക്കുറിച്ച് ഒരു പുസ്തകച്ചുരുളില്‍ എഴുതി യെഹോയാക്കീമിന് നല്‍കുവാന്‍ യഹോവയാം ദൈവം ബാരൂക്കിനോടു കല്പിച്ചു. ആ ചുരുളുകള്‍ യെഹോയാക്കീം അരിഞ്ഞ് നെരിപ്പോടില്‍ ഇട്ടു ചുട്ട് ദൈവത്തെ നിന്ദിച്ചു. തന്മൂലം അവന്റെ അന്ത്യം ഭീകരമായിരുന്നു. അവന്റെ മകനായ യെഹോയാഖീന്‍ രാജ്യഭാരമേറ്റ് മൂന്നു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവനെ തടവുകാരനാക്കി ബാബിലോണ്‍രാജാവ് ബാബിലോണിലേക്കു കൊണ്ടുപോയി. 

                                 സഹോദരാ! സഹോദരീ! ദൈവത്തെ മറന്ന് പാപപങ്കിലമായ മാര്‍ഗ്ഗങ്ങളിലൂടെയാണോ നിനക്കും നിന്റെ കുഞ്ഞുങ്ങള്‍ക്കുംവേണ്ടി നീ സമ്പാദിക്കുന്നത്? ദൈവത്തെ മറന്ന്, ദൈവമില്ലാതെയുള്ള അനീതിയുടെ സമ്പാദ്യവും പ്രതാപവും നിന്റെ മക്കള്‍ക്കു നേടിക്കൊടുക്കുന്നത്, ശാപവും നിത്യനാശവുമാണെന്ന് നീ ഓര്‍ക്കുമോ? 

എന്‍ പാപങ്ങള്‍ കടുംചുവപ്പാകിലും 

യേശുവേ നിന്‍ നിത്യ സ്‌നേഹ...ത്താല്‍ 

ഹിമംപോല്‍ വെളുപ്പിച്ചെന്നെ നീ 

വെണ്മയായ് തീര്‍ക്കണമേ                 സമര്‍പ്പിക്കുന്നേ....

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com