സങ്കീർത്തനങ്ങൾ 109:14-31

സങ്കീർത്തനങ്ങൾ 109:14-31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവന്റെ പിതാക്കന്മാരുടെ അകൃത്യം യഹോവ ഓർക്കുമാറാകട്ടെ; അവന്റെ അമ്മയുടെ പാപം മാഞ്ഞുപോകയുമരുതേ. അവ എല്ലായ്പോഴും യഹോവയുടെ മുമ്പാകെ ഇരിക്കട്ടെ; അവരുടെ ഓർമ അവൻ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിനു തന്നെ. അവൻ ദയ കാണിപ്പാൻ മറന്നുകളഞ്ഞുവല്ലോ; എളിയവനെയും ദരിദ്രനെയും മനംതകർന്നവനെയും മരണപര്യന്തം ഉപദ്രവിച്ചു. ശാപം അവന് പ്രിയമായിരുന്നു; അത് അവനു ഭവിച്ചു; അനുഗ്രഹം അവന് അപ്രിയമായിരുന്നു; അത് അവനെ വിട്ടകന്നുപോയി. അവൻ വസ്ത്രംപോലെ ശാപം ധരിച്ചു; അതു വെള്ളംപോലെ അവന്റെ ഉള്ളിലും എണ്ണപോലെ അവന്റെ അസ്ഥികളിലും ചെന്നു. അത് അവന് പുതയ്ക്കുന്ന വസ്ത്രം പോലെയും നിത്യം അരയ്ക്കു കെട്ടുന്ന കച്ചപോലെയും ഇരിക്കട്ടെ. ഇത് എന്റെ എതിരാളികൾക്കും എനിക്കു വിരോധമായി ദോഷം പറയുന്നവർക്കും യഹോവ കൊടുക്കുന്ന പ്രതിഫലം ആകുന്നു. നീയോ കർത്താവായ യഹോവേ, നിന്റെ നാമത്തിനടുത്തവണ്ണം എന്നോടു ചെയ്യേണമേ; നിന്റെ ദയ നല്ലതാകകൊണ്ട് എന്നെ വിടുവിക്കേണമേ. ഞാൻ അരിഷ്ടനും ദരിദ്രനും ആകുന്നു; എന്റെ ഹൃദയം എന്റെ ഉള്ളിൽ മുറിഞ്ഞിരിക്കുന്നു. ചാഞ്ഞുപോകുന്ന നിഴൽപോലെ ഞാൻ കടന്നുപോകുന്നു; ഒരു വെട്ടുക്കിളിയെപ്പോലെ എന്നെ ചാടിക്കുന്നു. എന്റെ മുഴങ്കാലുകൾ ഉപവാസംകൊണ്ട് വിറയ്ക്കുന്നു. എന്റെ ദേഹം പുഷ്‍ടിവിട്ടു ക്ഷയിച്ചിരിക്കുന്നു. ഞാൻ അവർക്ക് ഒരു നിന്ദയായി തീർന്നിരിക്കുന്നു; എന്നെ കാണുമ്പോൾ അവർ തലകുലുക്കുന്നു; എന്റെ ദൈവമായ യഹോവേ, എന്നെ സഹായിക്കേണമേ; നിന്റെ ദയയ്ക്ക് തക്കവണ്ണം എന്നെ രക്ഷിക്കേണമേ. യഹോവേ, ഇതു നിന്റെ കൈ എന്നും നീ ഇതു ചെയ്തു എന്നും അവർ അറിയേണ്ടതിനു തന്നെ. അവർ ശപിക്കട്ടെ; നീയോ അനുഗ്രഹിക്കേണമേ; അവർ എതിർക്കുമ്പോൾ ലജ്ജിച്ചുപോകട്ടെ; അടിയനോ സന്തോഷിക്കും; എന്റെ എതിരാളികൾ നിന്ദ ധരിക്കും; പുതപ്പ് പുതയ്ക്കുംപോലെ അവർ ലജ്ജ പുതയ്ക്കും. ഞാൻ എന്റെ വായ്കൊണ്ട് യഹോവയെ അത്യന്തം സ്തുതിക്കും; അതേ, ഞാൻ പുരുഷാരത്തിന്റെ നടുവിൽ അവനെ പുകഴ്ത്തും. അവൻ എളിയവനെ ശിക്ഷയ്ക്കു വിധിക്കുന്നവരുടെ കൈയിൽനിന്നു രക്ഷിപ്പാൻ അവന്റെ വലത്തുഭാഗത്തു നില്ക്കുന്നു.

സങ്കീർത്തനങ്ങൾ 109:14-31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവന്റെ പിതാക്കന്മാരുടെ അകൃത്യങ്ങൾ സർവേശ്വരൻ ഓർക്കട്ടെ. അവന്റെ മാതാവിന്റെ പാപം അവിടുന്നു ക്ഷമിക്കാതിരിക്കട്ടെ. അവരുടെ പാപം സർവേശ്വരൻ എപ്പോഴും ഓർക്കട്ടെ. അവരുടെ സ്മരണ ഭൂമിയിൽനിന്ന് ഇല്ലാതാക്കട്ടെ. അവൻ ദരിദ്രനോടും എളിയവനോടും മനം തകർന്നവനോടും കരുണ കാട്ടുന്നതിനു പകരം അവരെ മരണപര്യന്തം പീഡിപ്പിച്ചു. ശപിക്കുന്നത് അവന് പ്രിയമായിരുന്നു; ശാപം അവന്റെമേൽ പതിക്കട്ടെ. അനുഗ്രഹിക്കുന്നത് അവന് ഇഷ്ടമില്ലായിരുന്നു. അവനെ ആരും അനുഗ്രഹിക്കാതിരിക്കട്ടെ. ശാപോക്തികളായിരുന്നു അവന്റെ മേലങ്കി. അതു വെള്ളംപോലെ അവന്റെ ശരീരത്തിലേക്കും എണ്ണപോലെ അസ്ഥികളിലേക്കും ഇറങ്ങിച്ചെല്ലട്ടെ. അത് അവൻ ധരിക്കുന്ന അങ്കിപോലെയും എന്നും കെട്ടുന്ന അരക്കച്ചപോലെയും ആയിരിക്കട്ടെ. എന്റെമേൽ കുറ്റം ആരോപിക്കുന്നവർക്കും എനിക്കെതിരെ ദോഷം പറയുന്നവർക്കും സർവേശ്വരൻ നല്‌കുന്ന ശിക്ഷ ഇതായിരിക്കട്ടെ. എന്റെ ദൈവമായ സർവേശ്വരാ, അവിടുത്തെ നാമത്തിനൊത്തവിധം എന്നോട് ഇടപെടണമേ. അവിടുത്തെ അചഞ്ചലസ്നേഹത്തിനും നന്മയ്‍ക്കും ചേർന്നവിധം എന്നെ വിടുവിക്കണമേ. ഞാൻ എളിയവനും ദരിദ്രനുമാണ്. എന്റെ ഹൃദയം തകർന്നിരിക്കുന്നു. സായാഹ്നത്തിലെ നിഴൽപോലെ ഞാൻ കടന്നുപോകുന്നു. വെട്ടുക്കിളിയെപ്പോലെ ഞാൻ തൂത്തെറിയപ്പെടുന്നു. ഉപവാസംകൊണ്ട് എന്റെ കാൽമുട്ടുകൾ ദുർബലമായിരിക്കുന്നു. എന്റെ ശരീരം ശോഷിച്ചിരിക്കുന്നു. എന്റെമേൽ കുറ്റമാരോപിക്കുന്നവർക്ക് ഞാൻ നിന്ദാപാത്രമായിത്തീർന്നിരിക്കുന്നു. അവർ എന്നെ പരിഹസിച്ചു തല കുലുക്കുന്നു. എന്റെ ദൈവമായ സർവേശ്വരാ, എന്നെ സഹായിക്കണമേ. അവിടുത്തെ അചഞ്ചലസ്നേഹത്തിനൊത്ത വിധം എന്നെ രക്ഷിക്കണമേ. പരമനാഥാ, അവിടുന്നാണു പ്രവർത്തിച്ചതെന്ന്, അതേ, അവിടുന്നാണ് എന്നെ രക്ഷിച്ചതെന്ന്, എന്റെ ശത്രുക്കൾ അറിയട്ടെ. അവർ എന്നെ ശപിച്ചുകൊള്ളട്ടെ, എന്നാൽ അവിടുന്ന് എന്നെ അനുഗ്രഹിക്കണമേ. എന്റെ ശത്രുക്കൾ ലജ്ജിതരാകട്ടെ. അങ്ങയുടെ ഈ ദാസൻ സന്തോഷിക്കട്ടെ. എന്റെമേൽ കുറ്റമാരോപിക്കുന്നവർ നിന്ദ ധരിക്കട്ടെ. പുതപ്പെന്നപോലെ ലജ്ജ അവരെ മൂടട്ടെ. ഞാൻ സർവേശ്വരന് ഏറെ സ്തോത്രം അർപ്പിക്കും. ജനമധ്യത്തിൽ നിന്നുകൊണ്ടു ഞാൻ അവിടുത്തെ പ്രകീർത്തിക്കും. മരണത്തിനു വിധിക്കുന്നവരിൽനിന്ന് എളിയവനെ രക്ഷിക്കാൻ അവിടുന്നു അവന്റെ വലത്തുവശത്തു നില്‌ക്കുന്നു.

സങ്കീർത്തനങ്ങൾ 109:14-31 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അവന്‍റെ പൂര്‍വ്വ പിതാക്കന്മാരുടെ അകൃത്യം യഹോവ ഓർക്കുമാറാകട്ടെ; അവന്‍റെ അമ്മയുടെ പാപം മാഞ്ഞുപോകയുമരുതേ. അവ എല്ലായ്‌പ്പോഴും യഹോവയുടെ മുമ്പാകെ ഇരിക്കട്ടെ; അവരുടെ ഓർമ്മ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിനു തന്നെ. അവൻ ദയ കാണിക്കുവാൻ മറന്നുകളഞ്ഞുവല്ലോ; എളിയവനെയും ദരിദ്രനെയും മനംതകർന്നവനെയും മരണപര്യന്തം ഉപദ്രവിച്ചു. ശാപം അവന് പ്രിയമായിരുന്നു; അത് അവന് ഭവിക്കട്ടെ; അനുഗ്രഹം അവന് അപ്രിയമായിരുന്നു; അത് അവനെ വിട്ടകന്നുപോകട്ടെ. അവൻ വസ്ത്രംപോലെ ശാപം ധരിച്ചു; അവ വെള്ളംപോലെ അവന്‍റെ ഉള്ളിലും എണ്ണപോലെ അവന്‍റെ അസ്ഥികളിലും പ്രവേശിക്കട്ടെ. ശാപം അവന് പുതയ്ക്കുന്ന വസ്ത്രംപോലെയും നിത്യം അരയ്ക്ക് കെട്ടുന്ന കച്ചപോലെയും ആയിരിക്കട്ടെ.” ഇത് എന്നെ കുറ്റം ചുമത്തുന്നവർക്കും എനിക്ക് വിരോധമായി ദോഷം പറയുന്നവർക്കും യഹോവ കൊടുക്കുന്ന പ്രതിഫലം ആകട്ടെ. കർത്താവായ യഹോവേ, അങ്ങേയുടെ നാമംനിമിത്തം എന്നോട് ചെയ്യേണമേ; അങ്ങേയുടെ ദയ നല്ലതാകയാൽ എന്നെ വിടുവിക്കേണമേ. ഞാൻ അരിഷ്ടനും ദരിദ്രനും ആകുന്നു; എന്‍റെ ഹൃദയത്തിന് മുറിവേറ്റിരിക്കുന്നു. ചാഞ്ഞുപോകുന്ന നിഴൽപോലെ ഞാൻ കടന്നുപോകുന്നു; വെട്ടുക്കിളിയെപ്പോലെ എന്നെ കുടഞ്ഞുകളയുന്നു. എന്‍റെ മുഴങ്കാലുകൾ ഉപവാസംകൊണ്ടു വിറയ്ക്കുന്നു. എന്‍റെ ദേഹം പുഷ്ടിയില്ലാതെ ക്ഷയിച്ചിരിക്കുന്നു. ഞാൻ അവർക്ക് പരിഹാസപാത്രമായിത്തീർന്നിരിക്കുന്നു; എന്നെ കാണുമ്പോൾ അവർ തല കുലുക്കുന്നു. എന്‍റെ ദൈവമായ യഹോവേ, എന്നെ സഹായിക്കേണമേ; അങ്ങേയുടെ ദയയ്ക്കു തക്കവണ്ണം എന്നെ രക്ഷിക്കേണമേ. യഹോവേ, ഇതു അങ്ങേയുടെ കൈ എന്നും അങ്ങ് ഇതു ചെയ്തു എന്നും അവർ അറിയേണ്ടതിന് തന്നെ. അവർ ശപിക്കട്ടെ; അവിടുന്ന് അനുഗ്രഹിക്കേണമേ; അവർ എതിർക്കുമ്പോൾ ലജ്ജിച്ചുപോകട്ടെ; അങ്ങേയുടെ ദാസനായ അടിയനോ സന്തോഷിക്കും; എന്‍റെ എതിരാളികൾ നിന്ദ ധരിക്കട്ടെ; പുതപ്പ് പുതയ്ക്കുന്നതു പോലെ അവർ ലജ്ജ പുതയ്ക്കും. ഞാൻ എന്‍റെ വായ്കൊണ്ട് യഹോവയെ അത്യന്തം സ്തുതിക്കും; അതെ, ഞാൻ പുരുഷാരത്തിന്‍റെ നടുവിൽ ദൈവത്തെ പുകഴ്ത്തും. ശിക്ഷയ്ക്കു വിധിക്കുന്നവരുടെ കൈയിൽനിന്ന് എളിയവരെ രക്ഷിക്കുവാൻ ദൈവം ബലഹീനന്‍റെ വലത്തുഭാഗത്തു നില്ക്കുന്നു.

സങ്കീർത്തനങ്ങൾ 109:14-31 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവന്റെ പിതാക്കന്മാരുടെ അകൃത്യം യഹോവ ഓർക്കുമാറാകട്ടെ; അവന്റെ അമ്മയുടെ പാപം മാഞ്ഞുപോകയുമരുതേ. അവ എല്ലായ്പോഴും യഹോവയുടെ മുമ്പാകെ ഇരിക്കട്ടെ; അവരുടെ ഓർമ്മ അവൻ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിന്നു തന്നേ. അവൻ ദയ കാണിപ്പാൻ മറന്നുകളഞ്ഞുവല്ലോ; എളിയവനെയും ദരിദ്രനെയും മനംതകർന്നവനെയും മരണപര്യന്തം ഉപദ്രവിച്ചു. ശാപം അവന്നു പ്രിയമായിരുന്നു; അതു അവന്നു ഭവിച്ചു; അനുഗ്രഹം അവന്നു അപ്രിയമായിരുന്നു; അതു അവനെ വിട്ടകന്നു പോയി. അവൻ വസ്ത്രംപോലെ ശാപം ധരിച്ചു; അതു വെള്ളംപോലെ അവന്റെ ഉള്ളിലും എണ്ണപോലെ അവന്റെ അസ്ഥികളിലും ചെന്നു. അതു അവന്നു പുതെക്കുന്ന വസ്ത്രംപോലെയും നിത്യം അരെക്കു കെട്ടുന്ന കച്ചപോലെയും ഇരിക്കട്ടെ. ഇതു എന്റെ എതിരാളികൾക്കും എനിക്കു വിരോധമായി ദോഷം പറയുന്നവർക്കും യഹോവ കൊടുക്കുന്ന പ്രതിഫലം ആകുന്നു. നീയോ കർത്താവായ യഹോവേ, നിന്റെ നാമത്തിന്നടുത്തവണ്ണം എന്നോടു ചെയ്യേണമേ; നിന്റെ ദയ നല്ലതാകകൊണ്ടു എന്നെ വിടുവിക്കേണമേ. ഞാൻ അരിഷ്ടനും ദരിദ്രനും ആകുന്നു; എന്റെ ഹൃദയം എന്റെ ഉള്ളിൽ മുറിഞ്ഞിരിക്കുന്നു. ചാഞ്ഞുപോകുന്ന നിഴൽപോലെ ഞാൻ കടന്നുപോകുന്നു; ഒരു വെട്ടുക്കിളിയെപ്പോലെ എന്നെ ചാടിക്കുന്നു. എന്റെ മുഴങ്കാലുകൾ ഉപവാസംകൊണ്ടു വിറെക്കുന്നു. എന്റെ ദേഹം പുഷ്ടിവിട്ടു ക്ഷയിച്ചിരിക്കുന്നു. ഞാൻ അവർക്കു ഒരു നിന്ദയായ്തീർന്നിരിക്കുന്നു; എന്നെ കാണുമ്പോൾ അവർ തല കുലുക്കുന്നു. എന്റെ ദൈവമായ യഹോവേ, എന്നെ സഹായിക്കേണമേ; നിന്റെ ദയെക്കു തക്കവണ്ണം എന്നെ രക്ഷിക്കേണമേ. യഹോവേ, ഇതു നിന്റെ കൈ എന്നും നീ ഇതു ചെയ്തു എന്നും അവർ അറിയേണ്ടതിന്നു തന്നേ. അവർ ശപിക്കട്ടെ; നീയോ അനുഗ്രഹിക്കേണമേ; അവർ എതിർക്കുമ്പോൾ ലജ്ജിച്ചുപോകട്ടെ; അടിയനോ സന്തോഷിക്കും; എന്റെ എതിരാളികൾ നിന്ദ ധരിക്കും; പുതെപ്പു പുതെക്കുംപോലെ അവർ ലജ്ജ പുതെക്കും. ഞാൻ എന്റെ വായ്കൊണ്ടു യഹോവയെ അത്യന്തം സ്തുതിക്കും; അതേ, ഞാൻ പുരുഷാരത്തിന്റെ നടുവിൽ അവനെ പുകഴ്ത്തും. അവൻ എളിയവനെ ശിക്ഷെക്കു വിധിക്കുന്നവരുടെ കയ്യിൽനിന്നു രക്ഷിപ്പാൻ അവന്റെ വലത്തുഭാഗത്തു നില്ക്കുന്നു.

സങ്കീർത്തനങ്ങൾ 109:14-31 സമകാലിക മലയാളവിവർത്തനം (MCV)

അയാളുടെ പിതാക്കന്മാരുടെ അകൃത്യങ്ങൾ യഹോവയുടെമുമ്പാകെ സ്മരിക്കപ്പെടുമാറാകട്ടെ; അയാളുടെ മാതാവിന്റെ പാപം ഒരുനാളും മായിക്കപ്പെടാതിരിക്കട്ടെ. അവരുടെ പാപങ്ങൾ എപ്പോഴും യഹോവയുടെമുമ്പാകെ നിലനിൽക്കട്ടെ, അങ്ങനെ അയാളുടെ പേരു ഭൂമിയുടെ സ്മരണകളിൽനിന്ന് വിച്ഛേദിക്കപ്പെടട്ടെ. കാരണം ഒരുനാളും അയാൾ നന്മ പ്രവർത്തിക്കാൻ ഇച്ഛിച്ചിരുന്നില്ല, എന്നാൽ ദരിദ്രരെയും അശരണരെയും ഹൃദയം തകർന്നവരെയും അയാൾ മരണംവരെ വേട്ടയാടിയിരുന്നു. ശാപം ചൊരിയുന്നത് അയാൾക്ക് ഹരമായിരുന്നു— അത് അയാളുടെമേൽത്തന്നെ വന്നുപതിച്ചു. അനുഗ്രഹിക്കുന്നതിൽ അയാൾ തെല്ലും ആഹ്ലാദം കണ്ടെത്തിയില്ല— അതുകൊണ്ട് അനുഗ്രഹം അയാൾക്ക് അന്യമായിരുന്നു. അയാൾ ഒരു ഉടയാടപോലെ ശാപം ധരിച്ചു അത് അയാളുടെ ഉദരത്തിലേക്ക് വെള്ളംപോലെയും അസ്ഥികളിലേക്ക് തൈലംപോലെയും പടർന്നിരിക്കുന്നു. അത് അയാൾ ധരിച്ചിരിക്കുന്ന ഒരു മേലങ്കിപോലെയും എന്നും അരയ്ക്കു കെട്ടുന്ന കച്ചപോലെയും ആയിരിക്കട്ടെ. എനിക്കെതിരേ തിന്മ സംസാരിച്ച് എന്റെമേൽ കുറ്റം ആരോപിക്കുന്നവർക്ക്, ഇത് യഹോവയിൽനിന്നു ലഭിക്കുന്ന പ്രതിഫലം ആയിരിക്കട്ടെ. എന്നാൽ കർത്താവായ യഹോവേ, തിരുനാമത്തെപ്രതി എന്നെ സഹായിക്കണമേ; അവിടത്തെ അചഞ്ചലസ്നേഹത്തിന്റെ ശ്രേഷ്ഠതയോർത്ത് എന്നെ മോചിപ്പിക്കണമേ. കാരണം ഞാൻ ദരിദ്രനും ഞെരുക്കമനുഭവിക്കുന്നവനും ആകുന്നു, എന്റെ ഹൃദയത്തിനുള്ളിൽ മുറിവേറ്റിരിക്കുന്നു. ഞാൻ വൈകുന്നേരത്തെ നിഴൽപോലെ മാഞ്ഞുപോകുന്നു; ഒരു വെട്ടുക്കിളിയെപ്പോലെ ഞാൻ കുടഞ്ഞെറിയപ്പെടുന്നു. ഉപവാസത്താൽ എന്റെ കാൽമുട്ടുകൾ ദുർബലമായിരിക്കുന്നു; എന്റെ ശരീരം എല്ലുംതോലും ആയിരിക്കുന്നു. ഞാൻ എന്റെ കുറ്റാരോപിതരുടെ പരിഹാസത്തിന് ഇരയായിരിക്കുന്നു; എന്നെ നോക്കി അവർ നിന്ദാപൂർവം തലകുലുക്കുന്നു. എന്റെ ദൈവമായ യഹോവേ, എന്നെ സഹായിക്കണമേ; അവിടത്തെ അചഞ്ചലസ്നേഹത്തിന് അനുസൃതമായി എന്നെ രക്ഷിക്കണമേ. യഹോവേ, ഇത് അവിടത്തെ കരമാണെന്നും അങ്ങുതന്നെയാണ് ഇതു ചെയ്തിരിക്കുന്നതെന്നും അവർ അറിയട്ടെ. അവർ ശപിക്കുമ്പോൾ അങ്ങ് അനുഗ്രഹിക്കണമേ; എന്നെ ആക്രമിക്കുമ്പോൾ അവർ ലജ്ജിതരായിത്തീരട്ടെ, എന്നാൽ അങ്ങയുടെ ദാസൻ ആനന്ദിക്കട്ടെ. എന്നെ കുറ്റപ്പെടുത്തുന്നവർ അപമാനത്താൽ മൂടപ്പെടട്ടെ ഒരു പുറങ്കുപ്പായംപോലെ ലജ്ജ അവരെ പൊതിയട്ടെ. എന്റെ അധരംകൊണ്ട് ഞാൻ യഹോവയെ അത്യധികം പുകഴ്ത്തും; ജനസമൂഹമധ്യേ ഞാൻ അവിടത്തെ വാഴ്ത്തും. കാരണം, മരണശിക്ഷയ്ക്കു വിധിക്കുന്നവരുടെ കൈയിൽനിന്നും അശരണരെ രക്ഷിക്കാനായി, അവിടന്ന് അവരുടെ വലതുഭാഗത്ത് നിലകൊള്ളുന്നല്ലോ.