സങ്കീർത്തനങ്ങൾ 109:14-31

സങ്കീർത്തനങ്ങൾ 109:14-31 വേദപുസ്തകം

അവന്റെ പിതാക്കന്മാരുടെ അകൃത്യം യഹോവ ഓർക്കുമാറാകട്ടെ; അവന്റെ അമ്മയുടെ പാപം മാഞ്ഞുപോകയുമരുതേ. അവ എല്ലായ്പോഴും യഹോവയുടെ മുമ്പാകെ ഇരിക്കട്ടെ; അവരുടെ ഓർമ്മ അവൻ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിന്നു തന്നേ. അവൻ ദയ കാണിപ്പാൻ മറന്നുകളഞ്ഞുവല്ലോ; എളിയവനെയും ദരിദ്രനെയും മനംതകർന്നവനെയും മരണപര്യന്തം ഉപദ്രവിച്ചു. ശാപം അവന്നു പ്രിയമായിരുന്നു; അതു അവന്നു ഭവിച്ചു; അനുഗ്രഹം അവന്നു അപ്രിയമായിരുന്നു; അതു അവനെ വിട്ടകന്നു പോയി. അവൻ വസ്ത്രംപോലെ ശാപം ധരിച്ചു; അതു വെള്ളംപോലെ അവന്റെ ഉള്ളിലും എണ്ണപോലെ അവന്റെ അസ്ഥികളിലും ചെന്നു. അതു അവന്നു പുതെക്കുന്ന വസ്ത്രംപോലെയും നിത്യം അരെക്കു കെട്ടുന്ന കച്ചപോലെയും ഇരിക്കട്ടെ. ഇതു എന്റെ എതിരാളികൾക്കും എനിക്കു വിരോധമായി ദോഷം പറയുന്നവർക്കും യഹോവ കൊടുക്കുന്ന പ്രതിഫലം ആകുന്നു. നീയോ കർത്താവായ യഹോവേ, നിന്റെ നാമത്തിന്നടുത്തവണ്ണം എന്നോടു ചെയ്യേണമേ; നിന്റെ ദയ നല്ലതാകകൊണ്ടു എന്നെ വിടുവിക്കേണമേ. ഞാൻ അരിഷ്ടനും ദരിദ്രനും ആകുന്നു; എന്റെ ഹൃദയം എന്റെ ഉള്ളിൽ മുറിഞ്ഞിരിക്കുന്നു. ചാഞ്ഞുപോകുന്ന നിഴൽപോലെ ഞാൻ കടന്നുപോകുന്നു; ഒരു വെട്ടുക്കിളിയെപ്പോലെ എന്നെ ചാടിക്കുന്നു. എന്റെ മുഴങ്കാലുകൾ ഉപവാസംകൊണ്ടു വിറെക്കുന്നു. എന്റെ ദേഹം പുഷ്ടിവിട്ടു ക്ഷയിച്ചിരിക്കുന്നു. ഞാൻ അവർക്കു ഒരു നിന്ദയായ്തീർന്നിരിക്കുന്നു; എന്നെ കാണുമ്പോൾ അവർ തല കുലുക്കുന്നു. എന്റെ ദൈവമായ യഹോവേ, എന്നെ സഹായിക്കേണമേ; നിന്റെ ദയെക്കു തക്കവണ്ണം എന്നെ രക്ഷിക്കേണമേ. യഹോവേ, ഇതു നിന്റെ കൈ എന്നും നീ ഇതു ചെയ്തു എന്നും അവർ അറിയേണ്ടതിന്നു തന്നേ. അവർ ശപിക്കട്ടെ; നീയോ അനുഗ്രഹിക്കേണമേ; അവർ എതിർക്കുമ്പോൾ ലജ്ജിച്ചുപോകട്ടെ; അടിയനോ സന്തോഷിക്കും; എന്റെ എതിരാളികൾ നിന്ദ ധരിക്കും; പുതെപ്പു പുതെക്കുംപോലെ അവർ ലജ്ജ പുതെക്കും. ഞാൻ എന്റെ വായ്കൊണ്ടു യഹോവയെ അത്യന്തം സ്തുതിക്കും; അതേ, ഞാൻ പുരുഷാരത്തിന്റെ നടുവിൽ അവനെ പുകഴ്ത്തും. അവൻ എളിയവനെ ശിക്ഷെക്കു വിധിക്കുന്നവരുടെ കയ്യിൽനിന്നു രക്ഷിപ്പാൻ അവന്റെ വലത്തുഭാഗത്തു നില്ക്കുന്നു.