അയാളുടെ പിതാക്കന്മാരുടെ അകൃത്യങ്ങൾ യഹോവയുടെമുമ്പാകെ സ്മരിക്കപ്പെടുമാറാകട്ടെ; അയാളുടെ മാതാവിന്റെ പാപം ഒരുനാളും മായിക്കപ്പെടാതിരിക്കട്ടെ. അവരുടെ പാപങ്ങൾ എപ്പോഴും യഹോവയുടെമുമ്പാകെ നിലനിൽക്കട്ടെ, അങ്ങനെ അയാളുടെ പേരു ഭൂമിയുടെ സ്മരണകളിൽനിന്ന് വിച്ഛേദിക്കപ്പെടട്ടെ. കാരണം ഒരുനാളും അയാൾ നന്മ പ്രവർത്തിക്കാൻ ഇച്ഛിച്ചിരുന്നില്ല, എന്നാൽ ദരിദ്രരെയും അശരണരെയും ഹൃദയം തകർന്നവരെയും അയാൾ മരണംവരെ വേട്ടയാടിയിരുന്നു. ശാപം ചൊരിയുന്നത് അയാൾക്ക് ഹരമായിരുന്നു— അത് അയാളുടെമേൽത്തന്നെ വന്നുപതിച്ചു. അനുഗ്രഹിക്കുന്നതിൽ അയാൾ തെല്ലും ആഹ്ലാദം കണ്ടെത്തിയില്ല— അതുകൊണ്ട് അനുഗ്രഹം അയാൾക്ക് അന്യമായിരുന്നു. അയാൾ ഒരു ഉടയാടപോലെ ശാപം ധരിച്ചു അത് അയാളുടെ ഉദരത്തിലേക്ക് വെള്ളംപോലെയും അസ്ഥികളിലേക്ക് തൈലംപോലെയും പടർന്നിരിക്കുന്നു. അത് അയാൾ ധരിച്ചിരിക്കുന്ന ഒരു മേലങ്കിപോലെയും എന്നും അരയ്ക്കു കെട്ടുന്ന കച്ചപോലെയും ആയിരിക്കട്ടെ. എനിക്കെതിരേ തിന്മ സംസാരിച്ച് എന്റെമേൽ കുറ്റം ആരോപിക്കുന്നവർക്ക്, ഇത് യഹോവയിൽനിന്നു ലഭിക്കുന്ന പ്രതിഫലം ആയിരിക്കട്ടെ. എന്നാൽ കർത്താവായ യഹോവേ, തിരുനാമത്തെപ്രതി എന്നെ സഹായിക്കണമേ; അവിടത്തെ അചഞ്ചലസ്നേഹത്തിന്റെ ശ്രേഷ്ഠതയോർത്ത് എന്നെ മോചിപ്പിക്കണമേ. കാരണം ഞാൻ ദരിദ്രനും ഞെരുക്കമനുഭവിക്കുന്നവനും ആകുന്നു, എന്റെ ഹൃദയത്തിനുള്ളിൽ മുറിവേറ്റിരിക്കുന്നു. ഞാൻ വൈകുന്നേരത്തെ നിഴൽപോലെ മാഞ്ഞുപോകുന്നു; ഒരു വെട്ടുക്കിളിയെപ്പോലെ ഞാൻ കുടഞ്ഞെറിയപ്പെടുന്നു. ഉപവാസത്താൽ എന്റെ കാൽമുട്ടുകൾ ദുർബലമായിരിക്കുന്നു; എന്റെ ശരീരം എല്ലുംതോലും ആയിരിക്കുന്നു. ഞാൻ എന്റെ കുറ്റാരോപിതരുടെ പരിഹാസത്തിന് ഇരയായിരിക്കുന്നു; എന്നെ നോക്കി അവർ നിന്ദാപൂർവം തലകുലുക്കുന്നു. എന്റെ ദൈവമായ യഹോവേ, എന്നെ സഹായിക്കണമേ; അവിടത്തെ അചഞ്ചലസ്നേഹത്തിന് അനുസൃതമായി എന്നെ രക്ഷിക്കണമേ. യഹോവേ, ഇത് അവിടത്തെ കരമാണെന്നും അങ്ങുതന്നെയാണ് ഇതു ചെയ്തിരിക്കുന്നതെന്നും അവർ അറിയട്ടെ. അവർ ശപിക്കുമ്പോൾ അങ്ങ് അനുഗ്രഹിക്കണമേ; എന്നെ ആക്രമിക്കുമ്പോൾ അവർ ലജ്ജിതരായിത്തീരട്ടെ, എന്നാൽ അങ്ങയുടെ ദാസൻ ആനന്ദിക്കട്ടെ. എന്നെ കുറ്റപ്പെടുത്തുന്നവർ അപമാനത്താൽ മൂടപ്പെടട്ടെ ഒരു പുറങ്കുപ്പായംപോലെ ലജ്ജ അവരെ പൊതിയട്ടെ. എന്റെ അധരംകൊണ്ട് ഞാൻ യഹോവയെ അത്യധികം പുകഴ്ത്തും; ജനസമൂഹമധ്യേ ഞാൻ അവിടത്തെ വാഴ്ത്തും. കാരണം, മരണശിക്ഷയ്ക്കു വിധിക്കുന്നവരുടെ കൈയിൽനിന്നും അശരണരെ രക്ഷിക്കാനായി, അവിടന്ന് അവരുടെ വലതുഭാഗത്ത് നിലകൊള്ളുന്നല്ലോ.
സങ്കീർത്തനങ്ങൾ 109 വായിക്കുക
കേൾക്കുക സങ്കീർത്തനങ്ങൾ 109
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീർത്തനങ്ങൾ 109:14-31
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ