SAM 109:14-31

SAM 109:14-31 MALCLBSI

അവന്റെ പിതാക്കന്മാരുടെ അകൃത്യങ്ങൾ സർവേശ്വരൻ ഓർക്കട്ടെ. അവന്റെ മാതാവിന്റെ പാപം അവിടുന്നു ക്ഷമിക്കാതിരിക്കട്ടെ. അവരുടെ പാപം സർവേശ്വരൻ എപ്പോഴും ഓർക്കട്ടെ. അവരുടെ സ്മരണ ഭൂമിയിൽനിന്ന് ഇല്ലാതാക്കട്ടെ. അവൻ ദരിദ്രനോടും എളിയവനോടും മനം തകർന്നവനോടും കരുണ കാട്ടുന്നതിനു പകരം അവരെ മരണപര്യന്തം പീഡിപ്പിച്ചു. ശപിക്കുന്നത് അവന് പ്രിയമായിരുന്നു; ശാപം അവന്റെമേൽ പതിക്കട്ടെ. അനുഗ്രഹിക്കുന്നത് അവന് ഇഷ്ടമില്ലായിരുന്നു. അവനെ ആരും അനുഗ്രഹിക്കാതിരിക്കട്ടെ. ശാപോക്തികളായിരുന്നു അവന്റെ മേലങ്കി. അതു വെള്ളംപോലെ അവന്റെ ശരീരത്തിലേക്കും എണ്ണപോലെ അസ്ഥികളിലേക്കും ഇറങ്ങിച്ചെല്ലട്ടെ. അത് അവൻ ധരിക്കുന്ന അങ്കിപോലെയും എന്നും കെട്ടുന്ന അരക്കച്ചപോലെയും ആയിരിക്കട്ടെ. എന്റെമേൽ കുറ്റം ആരോപിക്കുന്നവർക്കും എനിക്കെതിരെ ദോഷം പറയുന്നവർക്കും സർവേശ്വരൻ നല്‌കുന്ന ശിക്ഷ ഇതായിരിക്കട്ടെ. എന്റെ ദൈവമായ സർവേശ്വരാ, അവിടുത്തെ നാമത്തിനൊത്തവിധം എന്നോട് ഇടപെടണമേ. അവിടുത്തെ അചഞ്ചലസ്നേഹത്തിനും നന്മയ്‍ക്കും ചേർന്നവിധം എന്നെ വിടുവിക്കണമേ. ഞാൻ എളിയവനും ദരിദ്രനുമാണ്. എന്റെ ഹൃദയം തകർന്നിരിക്കുന്നു. സായാഹ്നത്തിലെ നിഴൽപോലെ ഞാൻ കടന്നുപോകുന്നു. വെട്ടുക്കിളിയെപ്പോലെ ഞാൻ തൂത്തെറിയപ്പെടുന്നു. ഉപവാസംകൊണ്ട് എന്റെ കാൽമുട്ടുകൾ ദുർബലമായിരിക്കുന്നു. എന്റെ ശരീരം ശോഷിച്ചിരിക്കുന്നു. എന്റെമേൽ കുറ്റമാരോപിക്കുന്നവർക്ക് ഞാൻ നിന്ദാപാത്രമായിത്തീർന്നിരിക്കുന്നു. അവർ എന്നെ പരിഹസിച്ചു തല കുലുക്കുന്നു. എന്റെ ദൈവമായ സർവേശ്വരാ, എന്നെ സഹായിക്കണമേ. അവിടുത്തെ അചഞ്ചലസ്നേഹത്തിനൊത്ത വിധം എന്നെ രക്ഷിക്കണമേ. പരമനാഥാ, അവിടുന്നാണു പ്രവർത്തിച്ചതെന്ന്, അതേ, അവിടുന്നാണ് എന്നെ രക്ഷിച്ചതെന്ന്, എന്റെ ശത്രുക്കൾ അറിയട്ടെ. അവർ എന്നെ ശപിച്ചുകൊള്ളട്ടെ, എന്നാൽ അവിടുന്ന് എന്നെ അനുഗ്രഹിക്കണമേ. എന്റെ ശത്രുക്കൾ ലജ്ജിതരാകട്ടെ. അങ്ങയുടെ ഈ ദാസൻ സന്തോഷിക്കട്ടെ. എന്റെമേൽ കുറ്റമാരോപിക്കുന്നവർ നിന്ദ ധരിക്കട്ടെ. പുതപ്പെന്നപോലെ ലജ്ജ അവരെ മൂടട്ടെ. ഞാൻ സർവേശ്വരന് ഏറെ സ്തോത്രം അർപ്പിക്കും. ജനമധ്യത്തിൽ നിന്നുകൊണ്ടു ഞാൻ അവിടുത്തെ പ്രകീർത്തിക്കും. മരണത്തിനു വിധിക്കുന്നവരിൽനിന്ന് എളിയവനെ രക്ഷിക്കാൻ അവിടുന്നു അവന്റെ വലത്തുവശത്തു നില്‌ക്കുന്നു.

SAM 109 വായിക്കുക