നെഹെമ്യാവ് 8:1-8
നെഹെമ്യാവ് 8:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അങ്ങനെ യിസ്രായേൽമക്കൾ തങ്ങളുടെ പട്ടണങ്ങളിൽ പാർത്തിരിക്കുമ്പോൾ ഏഴാം മാസത്തിൽ സകല ജനവും നീർവാതിലിന്റെ മുമ്പിലുള്ള വിശാലസ്ഥലത്ത് ഒരുമനപ്പെട്ടു വന്നുകൂടി, യഹോവ യിസ്രായേലിനു കല്പിച്ചുകൊടുത്ത മോശെയുടെ ന്യായപ്രമാണപുസ്തകം കൊണ്ടുവരുവാൻ എസ്രാശാസ്ത്രിയോടു പറഞ്ഞു. ഏഴാം മാസം ഒന്നാം തീയതി എസ്രാ പുരോഹിതൻ പുരുഷന്മാരും സ്ത്രീകളും കേട്ടു ഗ്രഹിപ്പാൻ പ്രാപ്തിയുള്ള എല്ലാവരുമായ സഭയുടെ മുമ്പാകെ ന്യായപ്രമാണം കൊണ്ടുവന്നു, നീർവാതിലിനെതിരേയുള്ള വിശാലസ്ഥലത്തുവച്ചു രാവിലെ തുടങ്ങി ഉച്ചവരെ പുരുഷന്മാരും സ്ത്രീകളും ഗ്രഹിപ്പാൻ പ്രാപ്തിയുള്ള എല്ലാവരും കേൾക്കെ ന്യായപ്രമാണപുസ്തകം വായിച്ചു; സർവജനവും ശ്രദ്ധിച്ചു കേട്ടു. ഈ ആവശ്യത്തിന് ഉണ്ടാക്കിയിരുന്ന ഒരു പ്രസംഗപീഠത്തിൽ എസ്രാശാസ്ത്രി കയറിനിന്നു; അവന്റെ അരികെ വലത്തുഭാഗത്തു മത്ഥിഥ്യാവ്, ശേമാ, അനായാവ്, ഊരീയാവ്, ഹില്ക്കീയാവ്, മയസേയാവ് എന്നിവരും ഇടത്തുഭാഗത്തു പെദായാവ്, മീശായേൽ, മല്ക്കീയാവ്, ഹാശൂം, ഹശ്ബദ്‍ദനാ, സെഖര്യാവ്, മെശുല്ലാം എന്നിവരും നിന്നു. എസ്രാ സകല ജനവും കാൺകെ പുസ്തകം വിടർത്തി; അവൻ സകല ജനത്തിനും മീതെ ആയിരുന്നു; അതു വിടർത്തിയപ്പോൾ ജനമെല്ലാം എഴുന്നേറ്റു നിന്നു. എസ്രാ മഹാദൈവമായ യഹോവയെ സ്തുതിച്ചു; ജനമൊക്കെയും കൈ ഉയർത്തി: ആമേൻ, ആമേൻ, എന്നു പ്രതിവചനം പറഞ്ഞു വണങ്ങി സാഷ്ടാംഗം വീണ് യഹോവയെ നമസ്കരിച്ചു. ജനം താന്താന്റെ നിലയിൽതന്നെ നിന്നിരിക്കെ യേശുവ, ബാനി, ശേരെബ്യാവ്, യാമീൻ, അക്കൂബ്, ശബ്ബെത്തായി, ഹോദീയാവ്, മയസേയാവ്, കെലീതാ, അസര്യാവ്, യോസാബാദ്, ഹാനാൻ, പെലായാവ്, എന്നിവരും ലേവ്യരും ജനത്തിനു ന്യായപ്രമാണത്തെ പൊരുൾ തിരിച്ചുകൊടുത്തു. ഇങ്ങനെ അവർ ദൈവത്തിന്റെ ന്യായപ്രമാണപുസ്തകം തെളിവായി വായിച്ചുകേൾപ്പിക്കയും വായിച്ചതു ഗ്രഹിപ്പാൻ തക്കവണ്ണം അർഥം പറഞ്ഞുകൊടുക്കയും ചെയ്തു.
നെഹെമ്യാവ് 8:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങനെ ഇസ്രായേൽജനം അവരവരുടെ പട്ടണങ്ങളിൽ പാർത്തുവരുമ്പോൾ ഏഴാം മാസം അവർ ഏകമനസ്സോടെ ജലകവാടത്തിനു മുമ്പിലുള്ള തുറസ്സായ സ്ഥലത്തു സമ്മേളിച്ചു. സർവേശ്വരൻ ഇസ്രായേലിനു നല്‌കിയിരുന്ന മോശയുടെ ധർമശാസ്ത്രപുസ്‍തകം കൊണ്ടുവരാൻ അവർ വേദപണ്ഡിതനായ എസ്രായോടു പറഞ്ഞു. കേട്ടുഗ്രഹിക്കാൻ പ്രാപ്തിയുള്ള സകല സ്‍ത്രീപുരുഷന്മാരുമടങ്ങിയ സഭയുടെ മുമ്പാകെ ഏഴാം മാസം ഒന്നാം തീയതി എസ്രാപുരോഹിതൻ ധർമശാസ്ത്രപുസ്‍തകം കൊണ്ടുവന്നു. ജലകവാടത്തിനു മുമ്പിലുള്ള തുറസ്സായ സ്ഥലത്തുവച്ചു പ്രഭാതംമുതൽ മധ്യാഹ്നംവരെ ധർമശാസ്ത്രപുസ്‍തകം അദ്ദേഹം അവർ കേൾക്കെ ഉറക്കെ വായിച്ചു; ജനമെല്ലാം അതു ശ്രദ്ധാപൂർവം കേട്ടു. ഈ കാര്യത്തിനായി മരംകൊണ്ടു നിർമ്മിച്ച പ്രസംഗപീഠത്തിൽ എസ്രാ കയറി നിന്നു. അദ്ദേഹത്തിന്റെ വലത്തുഭാഗത്തു മത്ഥിത്ഥ്യാ, ശേമാ, അനായാ, ഊരീയാ, ഹില്‌കീയാ, മയസേയാ എന്നിവരും ഇടത്തുഭാഗത്ത് പെദായാ, മീശായേൽ, മല്‌കീയാ, ഹാശൂം, ഹശ്ബദ്ദാന, സെഖര്യാ, മെശുല്ലാം എന്നിവരും നിന്നു. ഉയർന്ന പീഠത്തിൽ നിന്നുകൊണ്ട് എല്ലാവരും കാൺകെ എസ്രാ പുസ്‍തകം തുറന്നു; അപ്പോൾ എല്ലാവരും എഴുന്നേറ്റു നിന്നു. എസ്രാ അത്യുന്നതദൈവമായ സർവേശ്വരനെ സ്തുതിച്ചു; ജനമെല്ലാം കൈ ഉയർത്തി ആമേൻ, ആമേൻ എന്നു പറഞ്ഞുകൊണ്ടു സാഷ്ടാംഗപ്രണാമം ചെയ്ത് അവിടുത്തെ ആരാധിച്ചു. എല്ലാവരും സ്വസ്ഥാനങ്ങളിൽ തന്നെ നില്‌ക്കുമ്പോൾ യേശുവാ, ബാനി, ശേരെബ്യാ, യാമീൻ, അക്കൂബ്, ശബ്ബെത്തായി, ഹോദീയാ, മയസേയാ, കെലീതാ, അസര്യാ, യോസാബാദ്, ഹനാൻ, പെലായാ എന്നിവരും ലേവ്യരും ജനത്തിനു നിയമം വിശദീകരിച്ചുകൊടുത്തു. അവർ ദൈവത്തിന്റെ ധർമശാസ്ത്രപുസ്‍തകം വ്യക്തമായി വായിച്ചു കേൾപ്പിക്കുകയും എല്ലാവർക്കും ഗ്രഹിക്കത്തക്കവിധം അതു വിശദീകരിച്ചു കൊടുക്കുകയും ചെയ്തു.
നെഹെമ്യാവ് 8:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അങ്ങനെ യിസ്രായേൽ മക്കൾ തങ്ങളുടെ പട്ടണങ്ങളിൽ വസിച്ചിരിക്കുമ്പോൾ, ഏഴാം മാസം സകലജനവും നീർവ്വാതിലിന്റെ മുമ്പിലുള്ള വിശാലസ്ഥലത്ത് ഒരുമനപ്പെട്ട് വന്നുകൂടി. യഹോവ യിസ്രായേലിനു കല്പിച്ച് നൽകിയ മോശെയുടെ ന്യായപ്രമാണപുസ്തകം കൊണ്ടുവരുവാൻ എസ്രാശാസ്ത്രിയോട് പറഞ്ഞു. ഏഴാം മാസം ഒന്നാം തിയ്യതി എസ്രാപുരോഹിതൻ പുരുഷന്മാരും സ്ത്രീകളുമായി കേട്ട് ഗ്രഹിപ്പാൻ പ്രാപ്തിയുള്ള സഭയുടെ മുമ്പാകെ ന്യായപ്രമാണം കൊണ്ടുവന്നു, നീർവ്വാതിലിനെതിരെയുള്ള വിശാലസ്ഥലത്ത് വച്ചു രാവിലെ തുടങ്ങി ഉച്ചവരെ പുരുഷന്മാരും സ്ത്രീകളുമായ, ഗ്രഹിപ്പാൻ പ്രാപ്തിയുള്ള എല്ലാവരും കേൾക്കെ ന്യായപ്രമാണപുസ്തകം വായിച്ചു; സർവ്വജനവും ശ്രദ്ധിച്ചുകേട്ടു. ഈ ആവശ്യത്തിന് ഉണ്ടാക്കിയിരുന്ന ഒരു പ്രസംഗപീഠത്തിൽ എസ്രാ ശാസ്ത്രി കയറിനിന്നു; അവന്റെ അരികെ വലത്തുഭാഗത്ത് മത്ഥിത്ഥ്യാവ്, ശേമാ, അനായാവ്, ഊരീയാവ്, ഹില്ക്കീയാവ്, മയസേയാവ് എന്നിവരും ഇടത്തുഭാഗത്ത് പെദായാവ്, മീശായേൽ, മല്ക്കീയാവ്, ഹാശൂം, ഹശ്ബദ്ദാനാ, സെഖര്യാവ്, മെശുല്ലാം എന്നിവരും നിന്നു. എസ്രാ സകലജനവും കാൺകെ പുസ്തകം തുറന്നു. അവൻ സകലജനത്തിനും മീതെ ആയിരുന്നു; അത് തുറന്നപ്പോൾ ജനമെല്ലാം എഴുന്നേറ്റുനിന്നു. എസ്രാ മഹാദൈവമായ യഹോവയെ സ്തുതിച്ചു; ജനമൊക്കെയും കൈകൾ ഉയർത്തി; ‘ആമേൻ, ആമേൻ’ എന്ന് പ്രതിവചനം പറഞ്ഞ് വണങ്ങി സാഷ്ടാംഗം വീണ് യഹോവയെ നമസ്കരിച്ചു. ജനം അവരവരുടെ നിലയിൽ നിൽക്കുമ്പോൾ തന്നെ യേശുവ, ബാനി, ശേരെബ്യാവ്, യാമീൻ, അക്കൂബ്, ശബ്ബെത്തായി, ഹോദീയാവ്, മയസേയാവ്, കെലീതാ, അസര്യാവ്, യോസാബാദ്, ഹാനാൻ, പെലായാവ് എന്നിവരും ലേവ്യരും ജനത്തിന് ന്യായപ്രമാണം പൊരുൾ തിരിച്ചുകൊടുത്തു. ഇങ്ങനെ അവർ ദൈവത്തിന്റെ ന്യായപ്രമാണപുസ്തകം തെളിവായി വായിച്ചുകേൾപ്പിക്കയും വായിച്ചത് ഗ്രഹിപ്പാൻ തക്കവണ്ണം അർത്ഥം പറഞ്ഞുകൊടുക്കയും ചെയ്തു.
നെഹെമ്യാവ് 8:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അങ്ങനെ യിസ്രായേൽമക്കൾ തങ്ങളുടെ പട്ടണങ്ങളിൽ പാർത്തിരിക്കുമ്പോൾ ഏഴാം മാസത്തിൽ സകലജനവും നീർവ്വാതിലിന്റെ മുമ്പിലുള്ള വിശാലസ്ഥലത്തു ഒരുമനപ്പെട്ടു വന്നുകൂടി, യഹോവ യിസ്രായേലിന്നു കല്പിച്ചു കൊടുത്ത മോശെയുടെ ന്യായപ്രമാണപുസ്തകം കൊണ്ടുവരുവാൻ എസ്രാശാസ്ത്രിയോടു പറഞ്ഞു. ഏഴാം മാസം ഒന്നാം തിയ്യതി എസ്രാപുരോഹിതൻ പുരുഷന്മാരും സ്ത്രീകളും കേട്ടു ഗ്രഹിപ്പാൻ പ്രാപ്തിയുള്ള എല്ലാവരുമായ സഭയുടെ മുമ്പാകെ ന്യായപ്രമാണം കൊണ്ടുവന്നു, നീർവ്വാതിലിന്നെതിരെയുള്ള വിശാലസ്ഥലത്തുവെച്ചു രാവിലെതുടങ്ങി ഉച്ചവരെ പുരുഷന്മാരും സ്ത്രീകളും ഗ്രഹിപ്പാൻ പ്രാപ്തിയുള്ള എല്ലാവരും കേൾക്കെ ന്യായപ്രമാണ പുസ്തകം വായിച്ചു; സർവ്വജനവും ശ്രദ്ധിച്ചുകേട്ടു. ഈ ആവശ്യത്തിന്നു ഉണ്ടാക്കിയിരുന്ന ഒരു പ്രസംഗപീഠത്തിൽ എസ്രാശാസ്ത്രി കയറിനിന്നു; അവന്റെ അരികെ വലത്തുഭാഗത്തു മത്ഥിത്ഥ്യാവു, ശേമാ, അനായാവു, ഊരീയാവു, ഹില്ക്കീയാവു, മയസേയാവു എന്നിവരും ഇടത്തു ഭാഗത്തു പെദായാവു, മീശായേൽ, മല്ക്കീയാവു, ഹാശൂം, ഹശ്ബദ്ദാനാ, സെഖര്യാവു, മെശുല്ലാം എന്നിവരും നിന്നു. എസ്രാ സകലജനവും കാൺകെ പുസ്തകം വിടർത്തു; അവൻ സകലജനത്തിന്നും മീതെ ആയിരുന്നു; അതു വിടർത്തപ്പോൾ ജനമെല്ലാം എഴുന്നേറ്റുനിന്നു. എസ്രാ മഹാദൈവമായ യഹോവയെ സ്തുതിച്ചു; ജനമൊക്കെയും കൈ ഉയർത്തി; ആമേൻ, ആമേൻ എന്നു പ്രതിവചനം പറഞ്ഞു വണങ്ങി സാഷ്ടാംഗം വീണു യഹോവയെ നമസ്കരിച്ചു. ജനം താന്താന്റെ നിലയിൽ തന്നേ നിന്നിരിക്കെ യേശുവ, ബാനി, ശേരെബ്യാവു, യാമീൻ, അക്കൂബ്, ശബ്ബെത്തായി, ഹോദീയാവു, മയസേയാവു, കെലീതാ, അസര്യാവു, യോസാബാദ്, ഹാനാൻ, പെലായാവു, എന്നിവരും ലേവ്യരും ജനത്തിന്നു ന്യായപ്രമാണത്തെ പൊരുൾ തിരിച്ചുകൊടുത്തു. ഇങ്ങനെ അവർ ദൈവത്തിന്റെ ന്യായപ്രമാണപുസ്തകം തെളിവായി വായിച്ചുകേൾപ്പിക്കയും വായിച്ചതു ഗ്രഹിപ്പാൻ തക്കവണ്ണം അർത്ഥം പറഞ്ഞുകൊടുക്കയും ചെയ്തു.
നെഹെമ്യാവ് 8:1-8 സമകാലിക മലയാളവിവർത്തനം (MCV)
ജനമെല്ലാം ഏകമനസ്സോടെ ജലകവാടത്തിനുമുമ്പിലുള്ള ചത്വരത്തിൽ വന്നുകൂടി. യഹോവ ഇസ്രായേലിനു കൽപ്പിച്ചുനൽകിയതായ മോശയുടെ ന്യായപ്രമാണഗ്രന്ഥം കൊണ്ടുവരാൻ അവർ ന്യായപ്രമാണോപദേഷ്ടാവുമായ എസ്രായോടു പറഞ്ഞു. അങ്ങനെ ഏഴാംമാസം ഒന്നാംതീയതി പുരുഷന്മാരും സ്ത്രീകളും കേട്ടു ഗ്രഹിക്കാൻ കഴിവുള്ളവരും അടങ്ങിയ ആ കൂട്ടത്തിലേക്ക് എസ്രാപുരോഹിതൻ ന്യായപ്രമാണം കൊണ്ടുവന്നു. ജലകവാടത്തിനുമുമ്പിലെ ചത്വരത്തിലേക്കു തിരിഞ്ഞ്, സ്ത്രീകളുടെയും പുരുഷന്മാരുടെയും ഗ്രഹിക്കാൻ കഴിവുള്ള ആൾക്കാരുടെയും മുമ്പാകെ അദ്ദേഹം അതിരാവിലെമുതൽ ഉച്ചവരെ അതിൽനിന്നു വായിച്ചു; ജനമെല്ലാം ന്യായപ്രമാണഗ്രന്ഥം സശ്രദ്ധം കേട്ടുകൊണ്ടിരുന്നു. ഈ കാര്യത്തിനായി ഉണ്ടാക്കിയ മരംകൊണ്ടുള്ള ഉയർന്ന ഒരു പീഠത്തിൽ ന്യായപ്രമാണോപദേഷ്ടാവായ എസ്രാ കയറിനിന്നു. അദ്ദേഹത്തിന്റെ അടുത്ത് വലതുഭാഗത്ത് മത്ഥിഥ്യാവ്, ശേമാ, അനായാവ്, ഊരിയാവ്, ഹിൽക്കിയാവ്, മയസേയാവ് എന്നിവരും ഇടതുഭാഗത്ത് പെദായാവ്, മീശായേൽ, മൽക്കീയാവ്, ഹാശൂം, ഹശ്ബദ്ദാനാ, സെഖര്യാവ്, മെശുല്ലാം എന്നിവരും നിന്നിരുന്നു. എല്ലാവരെക്കാളും ഉയരത്തിലായിരുന്നു എസ്രാ നിന്നിരുന്നത്. അവിടെ നിന്ന് സർവജനവും കാൺകെ അദ്ദേഹം പുസ്തകം തുറന്നു. അദ്ദേഹം അതു തുറന്നപ്പോൾ ജനമെല്ലാം എഴുന്നേറ്റുനിന്നു. മഹാദൈവമായ യഹോവയെ എസ്രാ സ്തുതിച്ചു; “ആമേൻ! ആമേൻ!” എന്നു ജനമെല്ലാം കൈയുയർത്തി പ്രതിവചിച്ചുകൊണ്ട് വളരെ കുനിഞ്ഞ് മുഖം നിലത്തോടടുപ്പിച്ച് യഹോവയെ ആരാധിച്ചു. ജനം അവരുടെ സ്ഥാനത്തു നിൽക്കുമ്പോൾത്തന്നെ യേശുവ, ബാനി, ശേരെബ്യാവ്, യാമിൻ, അക്കൂബ്, ശബ്ബെഥായി, ഹോദീയാവ്, മയസേയാവ്, കെലീതാ, അസര്യാവ്, യോസാബാദ്, ഹാനാൻ, പെലായാവ് എന്നിവരും ലേവ്യരും ജനത്തിനു ന്യായപ്രമാണം വിവരിച്ചുകൊടുത്തു. അവർ ദൈവത്തിന്റെ ന്യായപ്രമാണഗ്രന്ഥത്തിൽനിന്നു വായിച്ച് ജനങ്ങൾക്കതു മനസ്സിലാകേണ്ടതിന് വ്യാഖ്യാനിക്കുകയും അതിന്റെ അർഥം വിശദീകരിക്കുകയും ചെയ്തു.