അങ്ങനെ യിസ്രായേൽമക്കൾ തങ്ങളുടെ പട്ടണങ്ങളിൽ പാർത്തിരിക്കുമ്പോൾ ഏഴാം മാസത്തിൽ സകലജനവും നീർവ്വാതിലിന്റെ മുമ്പിലുള്ള വിശാലസ്ഥലത്തു ഒരുമനപ്പെട്ടു വന്നുകൂടി, യഹോവ യിസ്രായേലിന്നു കല്പിച്ചു കൊടുത്ത മോശെയുടെ ന്യായപ്രമാണപുസ്തകം കൊണ്ടുവരുവാൻ എസ്രാശാസ്ത്രിയോടു പറഞ്ഞു. ഏഴാം മാസം ഒന്നാം തിയ്യതി എസ്രാപുരോഹിതൻ പുരുഷന്മാരും സ്ത്രീകളും കേട്ടു ഗ്രഹിപ്പാൻ പ്രാപ്തിയുള്ള എല്ലാവരുമായ സഭയുടെ മുമ്പാകെ ന്യായപ്രമാണം കൊണ്ടുവന്നു, നീർവ്വാതിലിന്നെതിരെയുള്ള വിശാലസ്ഥലത്തുവെച്ചു രാവിലെതുടങ്ങി ഉച്ചവരെ പുരുഷന്മാരും സ്ത്രീകളും ഗ്രഹിപ്പാൻ പ്രാപ്തിയുള്ള എല്ലാവരും കേൾക്കെ ന്യായപ്രമാണ പുസ്തകം വായിച്ചു; സർവ്വജനവും ശ്രദ്ധിച്ചുകേട്ടു. ഈ ആവശ്യത്തിന്നു ഉണ്ടാക്കിയിരുന്ന ഒരു പ്രസംഗപീഠത്തിൽ എസ്രാശാസ്ത്രി കയറിനിന്നു; അവന്റെ അരികെ വലത്തുഭാഗത്തു മത്ഥിത്ഥ്യാവു, ശേമാ, അനായാവു, ഊരീയാവു, ഹില്ക്കീയാവു, മയസേയാവു എന്നിവരും ഇടത്തു ഭാഗത്തു പെദായാവു, മീശായേൽ, മല്ക്കീയാവു, ഹാശൂം, ഹശ്ബദ്ദാനാ, സെഖര്യാവു, മെശുല്ലാം എന്നിവരും നിന്നു. എസ്രാ സകലജനവും കാൺകെ പുസ്തകം വിടർത്തു; അവൻ സകലജനത്തിന്നും മീതെ ആയിരുന്നു; അതു വിടർത്തപ്പോൾ ജനമെല്ലാം എഴുന്നേറ്റുനിന്നു. എസ്രാ മഹാദൈവമായ യഹോവയെ സ്തുതിച്ചു; ജനമൊക്കെയും കൈ ഉയർത്തി; ആമേൻ, ആമേൻ എന്നു പ്രതിവചനം പറഞ്ഞു വണങ്ങി സാഷ്ടാംഗം വീണു യഹോവയെ നമസ്കരിച്ചു. ജനം താന്താന്റെ നിലയിൽ തന്നേ നിന്നിരിക്കെ യേശുവ, ബാനി, ശേരെബ്യാവു, യാമീൻ, അക്കൂബ്, ശബ്ബെത്തായി, ഹോദീയാവു, മയസേയാവു, കെലീതാ, അസര്യാവു, യോസാബാദ്, ഹാനാൻ, പെലായാവു, എന്നിവരും ലേവ്യരും ജനത്തിന്നു ന്യായപ്രമാണത്തെ പൊരുൾ തിരിച്ചുകൊടുത്തു. ഇങ്ങനെ അവർ ദൈവത്തിന്റെ ന്യായപ്രമാണപുസ്തകം തെളിവായി വായിച്ചുകേൾപ്പിക്കയും വായിച്ചതു ഗ്രഹിപ്പാൻ തക്കവണ്ണം അർത്ഥം പറഞ്ഞുകൊടുക്കയും ചെയ്തു.