യോശുവ 7:10-21

യോശുവ 7:10-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവ യോശുവയോട് അരുളിച്ചെയ്തത്: എഴുന്നേല്ക്ക; നീ ഇങ്ങനെ സാഷ്ടാംഗം വീണു കിടക്കുന്നത് എന്തിന്? യിസ്രായേൽ പാപം ചെയ്തിരിക്കുന്നു; ഞാൻ അവരോടു കല്പിച്ചിട്ടുള്ള എന്റെ നിയമം അവർ ലംഘിച്ചിരിക്കുന്നു; അവർ ശപഥാർപ്പിതം എടുത്തിരിക്കുന്നു; അവർ മോഷ്‍ടിച്ചു മറവുചെയ്ത് തങ്ങളുടെ സാമാനങ്ങൾക്കിടയിൽ അത് വച്ചിരിക്കുന്നു. യിസ്രായേൽമക്കൾ ശാപഗ്രസ്തരായി തീർന്നതുകൊണ്ടു ശത്രുക്കളുടെ മുമ്പിൽ നില്പാൻ കഴിയാതെ ശത്രുക്കൾക്ക് പുറം കാട്ടേണ്ടിവന്നു. ശാപം നിങ്ങളുടെ ഇടയിൽനിന്നു നീക്കാതിരുന്നാൽ ഞാൻ നിങ്ങളോടുകൂടെ ഇരിക്കയില്ല; നീ എഴുന്നേറ്റ് ജനത്തെ ശുദ്ധീകരിച്ച് അവരോടു പറക: നാളത്തേക്കു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിൻ; യിസ്രായേലേ, നിന്റെ നടുവിൽ ഒരു ശാപം ഉണ്ട്; ശാപം നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയുംവരെ ശത്രുക്കളുടെ മുമ്പിൽ നില്പാൻ നിനക്കു കഴികയില്ല എന്നിങ്ങനെ യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു. നിങ്ങൾ രാവിലെ ഗോത്രംഗോത്രമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന ഗോത്രം കുലംകുലമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന കുലം കുടുംബംകുടുംബമായിട്ട് അടുത്തുവരേണം; യഹോവ പിടിക്കുന്ന കുടുംബം ആളാംപ്രതി അടുത്തുവരേണം. ശപഥാർപ്പിതവസ്തുവോടുകൂടെ പിടിപെടുന്നവനെയും അവനുള്ള സകലത്തെയും തീയിൽ ഇട്ട് ചുട്ടുകളയേണം; അവൻ യഹോവയുടെ നിയമം ലംഘിച്ചു യിസ്രായേലിൽ വഷളത്തം പ്രവർത്തിച്ചിരിക്കുന്നു. അങ്ങനെ യോശുവ അതികാലത്ത് എഴുന്നേറ്റ് യിസ്രായേലിനെ ഗോത്രംഗോത്രമായി വരുത്തി; യെഹൂദാഗോത്രം പിടിക്കപ്പെട്ടു. അവൻ യെഹൂദാഗോത്രത്തെ കുലംകുലമായി വരുത്തി; സർഹ്യകുലം പിടിക്കപ്പെട്ടു; അവൻ സർഹ്യകുലത്തെ കുടുംബംകുടുംബമായി വരുത്തി; സബ്‍ദി പിടിക്കപ്പെട്ടു. അവന്റെ കുടുംബത്തെ ആളാംപ്രതി വരുത്തി; യെഹൂദാഗോത്രത്തിൽ സേരഹിന്റെ മകനായ സബ്‍ദിയുടെ മകനായ കർമിയുടെ മകൻ ആഖാൻ പിടിക്കപ്പെട്ടു. യോശുവ ആഖാനോട്: മകനേ, യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് മഹത്ത്വം കൊടുത്ത് അവനോട് ഏറ്റുപറക; നീ എന്തു ചെയ്തു എന്നു പറക; എന്നോട് മറച്ചുവയ്ക്കരുത് എന്നു പറഞ്ഞു. ആഖാൻ യോശുവയോട്: ഞാൻ യിസ്രായേലിന്റെ ദൈവമായ യഹോവയോടു പിഴച്ച് ഇന്നിന്നതു ചെയ്തിരിക്കുന്നു സത്യം. ഞാൻ കൊള്ളയുടെ കൂട്ടത്തിൽ വിശേഷമായൊരു ബാബിലോന്യ മേലങ്കിയും ഇരുനൂറു ശേക്കെൽ വെള്ളിയും അമ്പതു ശേക്കെൽ തൂക്കമുള്ള ഒരു പൊൻകട്ടിയും കണ്ടു മോഹിച്ച് എടുത്തു; അവ എന്റെ കൂടാരത്തിന്റെ നടുവിൽ നിലത്തു കുഴിച്ചിട്ടിരിക്കുന്നു; വെള്ളി അടിയിൽ ആകുന്നു എന്ന് ഉത്തരം പറഞ്ഞു.

പങ്ക് വെക്കു
യോശുവ 7 വായിക്കുക

യോശുവ 7:10-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ യോശുവയോടു പറഞ്ഞു: “എഴുന്നേല്‌ക്കുക! നീ എന്തിനു വീണുകിടക്കുന്നു? ഇസ്രായേൽ പാപം ചെയ്തു. അർപ്പിതവസ്തുക്കളിൽ ചിലത് എടുക്കയാൽ അവർ എന്റെ കല്പന ലംഘിച്ചു. അവർ മോഷ്‍ടിച്ച വകകൾ തങ്ങൾക്കുള്ള വകകളോടു ചേർത്തുവച്ച ശേഷം വ്യാജം പറഞ്ഞു. അതുകൊണ്ട് ഇസ്രായേൽജനത്തിനു ശത്രുക്കളെ ചെറുത്തുനില്‌ക്കാൻ കഴികയില്ല. അവർ നാശത്തിനു വിധിക്കപ്പെട്ടിരിക്കകൊണ്ട് ശത്രുക്കളുടെ മുമ്പിൽനിന്നു പിന്തിരിഞ്ഞ് ഓടേണ്ടിവന്നു. അവർ മോഷ്‍ടിച്ച അർപ്പിതവസ്തുക്കൾ നിങ്ങളുടെ ഇടയിൽനിന്നു നീക്കാതെയിരുന്നാൽ ഞാൻ നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല; നീ എഴുന്നേറ്റു ജനത്തെ ശുദ്ധീകരിക്കുക. നാളത്തേക്കു തങ്ങളെത്തന്നെ ശുദ്ധീകരിക്കാൻ നീ അവരോടു പറയണം. ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ‘സർവേശ്വരന് അർപ്പിതമായ വസ്തുക്കൾ നിങ്ങളുടെ ഇടയിൽനിന്നു നീക്കുന്നതുവരെ ശത്രുക്കളെ ചെറുത്തുനില്‌ക്കാൻ നിങ്ങൾക്കു കഴികയില്ല;’ അതുകൊണ്ടു നിങ്ങൾ രാവിലെ ഗോത്രം ഗോത്രമായി അടുത്തുവരണം. അവിടുന്നു നിർദ്ദേശിക്കുന്ന ഗോത്രം കുലം കുലമായി അടുത്തു വരണം; സർവേശ്വരൻ നിർദ്ദേശിക്കുന്ന കുലം കുടുംബം കുടുംബമായി അടുത്തുവരണം. അവിടുന്നു നിർദ്ദേശിക്കുന്ന കുടുംബത്തിലുള്ളവർ ഓരോരുത്തരായി അടുത്തുവരണം. അർപ്പിതവസ്തുക്കളോടുകൂടെ പിടിക്കപ്പെടുന്നവനെയും അവനുള്ള സകലത്തെയും ദഹിപ്പിച്ചുകളയണം; ഇസ്രായേലിൽ മ്ലേച്ഛമായ പ്രവൃത്തിയാണ് അവൻ ചെയ്തത്. സർവേശ്വരന്റെ ഉടമ്പടി അവൻ ലംഘിച്ചുവല്ലോ.” യോശുവ അടുത്ത പ്രഭാതത്തിൽ ഇസ്രായേൽജനത്തെ ഗോത്രക്രമം അനുസരിച്ചു വരുത്തി. അവയിൽ യെഹൂദാഗോത്രത്തെ കുലംകുലമായി വരുത്തി. അവയിൽ സർഹ്യകുലത്തെ മാറ്റിനിർത്തി; സർഹ്യകുലത്തെ കുടുംബം കുടുംബമായി വരുത്തി. അവയിൽ സബ്ദി കുടുംബത്തെ നീക്കിനിർത്തി. സബ്ദികുടുംബത്തെ ആളാംപ്രതി വരുത്തി; സബ്ദിയുടെ പൗത്രനും കർമ്മിയുടെ പുത്രനുമായ ആഖാൻ പിടിക്കപ്പെട്ടു. യോശുവ ആഖാനോടു പറഞ്ഞു: “എന്റെ മകനേ! ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനെ മഹത്ത്വപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്യുക. നീ എന്തു ചെയ്തു എന്ന് എന്നോടു പറയുക; ഒന്നും മറച്ചുവയ്‍ക്കരുത്.” ആഖാൻ യോശുവയോട് പറഞ്ഞു: “ഇതു സത്യമാണ്; ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനോടു ഞാൻ പാപം ചെയ്തു; ഞാൻ ചെയ്തതു ഇതാണ്. നാം പിടിച്ചെടുത്ത വസ്തുക്കളുടെ കൂട്ടത്തിൽ ശിനാറിൽനിന്നുള്ള മനോഹരമായ ഒരു മേലങ്കിയും ഇരുനൂറ് ശേക്കെൽ വെള്ളിയും അമ്പത് ശേക്കെൽ തൂക്കമുള്ള ഒരു സ്വർണക്കട്ടിയും കണ്ടു; അവയെ ഞാൻ മോഹിച്ചു; ഞാൻ അവ എടുത്ത് എന്റെ കൂടാരത്തിനുള്ളിൽ വെള്ളി അടിയിലാക്കി കുഴിച്ചിടുകയും ചെയ്തു.”

പങ്ക് വെക്കു
യോശുവ 7 വായിക്കുക

യോശുവ 7:10-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവ യോശുവയോടു പറഞ്ഞത്: “എഴുന്നേൽക്ക; നീ ഇങ്ങനെ സാഷ്ടാംഗം വീണുകിടക്കുന്നത് എന്തിന്? യിസ്രായേൽ പാപം ചെയ്തിരിക്കുന്നു; ഞാൻ അവരോട് കല്പിച്ചിട്ടുള്ള എന്‍റെ നിയമം അവർ ലംഘിച്ചിരിക്കുന്നു; അവർ ശപഥാർപ്പിത വസ്തുക്കൾ എടുത്തിരിക്കുന്നു; അവർ മോഷ്ടിച്ചത് മറയ്ക്കുവാൻ തങ്ങളുടെ സാമാനങ്ങൾക്കിടയിൽ അത് വച്ചിരിക്കുന്നു. യിസ്രായേൽ മക്കൾ ശാപഗ്രസ്തരായി തീർന്നതുകൊണ്ട് ശത്രുക്കളുടെ മുമ്പിൽ നില്പാൻ കഴിയാതെ തോറ്റോടേണ്ടിവന്നു. ശാപം നിങ്ങളുടെ ഇടയിൽനിന്ന് നീക്കാതിരുന്നാൽ ഞാൻ നിങ്ങളോടുകൂടെ ഇരിക്കയില്ല. “നീ എഴുന്നേറ്റ് ജനത്തെ ശുദ്ധീകരിച്ച് അവരോടു പറക: നാളത്തേക്കു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിൻ; യിസ്രായേലേ, നിന്‍റെ നടുവിൽ ഒരു ശാപം ഉണ്ട്; ശാപം നിന്‍റെ ഇടയിൽനിന്ന് നീക്കിക്കളയും വരെ ശത്രുക്കളുടെ മുമ്പിൽ നില്പാൻ നിനക്ക് കഴിയുകയില്ല എന്നു യിസ്രായേലിന്‍റെ ദൈവമായ യഹോവ കല്പിക്കുന്നു. “നിങ്ങൾ രാവിലെ ഗോത്രംഗോത്രമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന ഗോത്രം കുലംകുലമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന കുലം കുടുംബംകുടുംബമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന കുടുംബം ആളാംപ്രതി അടുത്തുവരേണം. ശപഥാർപ്പിതവസ്തുവോടുകൂടെ പിടിക്കപ്പെടുന്നവനെയും അവനുള്ള സകലത്തെയും തീയിട്ട് ചുട്ടുകളയേണം; അവൻ യഹോവയുടെ നിയമം ലംഘിച്ച് യിസ്രായേലിൽ വഷളത്തം പ്രവർത്തിച്ചിരിക്കുന്നു.” അങ്ങനെ യോശുവ അതികാലത്ത് എഴുന്നേറ്റ് യിസ്രായേലിനെ ഗോത്രംഗോത്രമായി വരുത്തി; യെഹൂദാഗോത്രം പിടിക്കപ്പെട്ടു. അവൻ യെഹൂദാഗോത്രത്തെ കുലംകുലമായി വരുത്തി; സേരെഹ്യകുലം പിടിക്കപ്പെട്ടു; അവൻ സേരഹ്യകുലത്തെ കുടുംബംകുടുംബമായി വരുത്തി; സബ്ദി പിടിക്കപ്പെട്ടു. അവന്‍റെ കുടുംബത്തെ ആളാംപ്രതി വരുത്തി; യെഹൂദാഗോത്രത്തിൽ സേരെഹിന്‍റെ മകനായ സബ്ദിയുടെ മകനായ കർമ്മിയുടെ മകൻ ആഖാൻ പിടിക്കപ്പെട്ടു. യോശുവ ആഖാനോട്: “മകനേ, യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്ക് മഹത്ത്വം കൊടുത്ത് അവനോട് ഏറ്റുപറക; നീ എന്തു ചെയ്തു എന്നു പറക; എന്നോട് മറച്ചുവയ്ക്കരുത്” എന്നു പറഞ്ഞു. ആഖാൻ യോശുവയോട്: “ഞാൻ യിസ്രായേലിന്‍റെ ദൈവമായ യഹോവയോട് പാപം ചെയ്തിരിക്കുന്നു; സത്യം. ഞാൻ കൊള്ളയുടെ കൂട്ടത്തിൽ വിശേഷമായോരു ബാബിലോന്യ മേലങ്കിയും, ഇരുനൂറ് ശേക്കൽ വെള്ളിയും, അമ്പത് ശേക്കൽ തൂക്കമുള്ള ഒരു പൊൻകട്ടിയും കണ്ടു മോഹിച്ച് എടുത്തു; അവ എന്‍റെ കൂടാരത്തിന്‍റെ നടുവിൽ നിലത്ത് കുഴിച്ചിട്ടിരിക്കുന്നു; വെള്ളി അടിയിൽ ആകുന്നു” എന്നു ഉത്തരം പറഞ്ഞു.

പങ്ക് വെക്കു
യോശുവ 7 വായിക്കുക

യോശുവ 7:10-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവ യോശുവയോടു അരുളിച്ചെയ്തതു: എഴുന്നേൽക്ക; നീ ഇങ്ങനെ സാഷ്ടാംഗം വീണുകിടക്കുന്നതു എന്തിന്നു? യിസ്രായേൽ പാപം ചെയ്തിരിക്കുന്നു; ഞാൻ അവരോടു കല്പിച്ചിട്ടുള്ള എന്റെ നിയമം അവർ ലംഘിച്ചിരിക്കുന്നു; അവർ ശപഥാർപ്പിതം എടുത്തിരിക്കുന്നു; അവർ മോഷ്ടിച്ചു മറവുചെയ്തു തങ്ങളുടെ സാമാനങ്ങൾക്കിടയിൽ അതു വെച്ചിരിക്കുന്നു. യിസ്രായേൽമക്കൾ ശാപഗ്രസ്തരായി തീർന്നതുകൊണ്ടു ശത്രുക്കളുടെ മുമ്പിൽ നില്പാൻ കഴിയാതെ ശത്രുക്കൾക്കു പുറം കാട്ടേണ്ടിവന്നു. ശാപം നിങ്ങളുടെ ഇടയിൽനിന്നു നീക്കാതിരുന്നാൽ ഞാൻ നിങ്ങളോടുകൂടെ ഇരിക്കയില്ല. നീ എഴുന്നേറ്റു ജനത്തെ ശുദ്ധീകരിച്ചു അവരോടു പറക: നാളത്തേക്കു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിൻ; യിസ്രായേലേ, നിന്റെ നടുവിൽ ഒരു ശാപം ഉണ്ടു; ശാപം നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയുംവരെ ശത്രുക്കളുടെ മുമ്പിൽ നില്പാൻ നിനക്കു കഴികയില്ല എന്നിങ്ങനെ യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു. നിങ്ങൾ രാവിലെ ഗോത്രം ഗോത്രമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന ഗോത്രം കുലംകുലമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന കുലം കുടുംബംകുടുംബമായിട്ടു അടുത്തുവരേണം; യഹോവ പിടിക്കുന്ന കുടുംബം ആളാംപ്രതി അടുത്തുവരേണം. ശപഥാർപ്പിതവസ്തുവോടുകൂടെ പിടിപെടുന്നവനെയും അവന്നുള്ള സകലത്തെയും തീയിൽ ഇട്ടു ചുട്ടുകളയേണം; അവൻ യഹോവയുടെ നിയമം ലംഘിച്ചു യിസ്രായേലിൽ വഷളത്വം പ്രവർത്തിച്ചിരിക്കുന്നു. അങ്ങനെ യോശുവ അതികാലത്തു എഴുന്നേറ്റു യിസ്രായേലിനെ ഗോത്രംഗോത്രമായി വരുത്തി; യെഹൂദാഗോത്രം പിടിക്കപ്പെട്ടു. അവൻ യെഹൂദാഗോത്രത്തെ കുലംകുലമായി വരുത്തി; സർഹ്യകുലം പിടിക്കപ്പെട്ടു; അവൻ സർഹ്യകുലത്തെ കുടുംബംകുടുംബമായി വരുത്തി; സബ്ദി പിടിക്കപ്പെട്ടു. അവന്റെ കുടുംബത്തെ ആളാംപ്രതി വരുത്തി; യെഹൂദാഗോത്രത്തിൽ സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കർമ്മിയുടെ മകൻ ആഖാൻ പിടിക്കപ്പെട്ടു. യോശുവ ആഖാനോടു: മകനേ, യിസ്രായേലിന്റെ ദൈവമായ യഹോവെക്കു മഹത്വം കൊടുത്തു അവനോടു ഏറ്റുപറക; നീ എന്തു ചെയ്തു എന്നു പറക; എന്നോടു മറെച്ചുവെക്കരുതു എന്നു പറഞ്ഞു. ആഖാൻ യോശുവയോടു: ഞാൻ യിസ്രായേലിന്റെ ദൈവമായ യഹോവയോടു പിഴെച്ചു ഇന്നിന്നതു ചെയ്തിരിക്കുന്നു സത്യം. ഞാൻ കൊള്ളയുടെ കൂട്ടത്തിൽ വിശേഷമായോരു ബാബിലോന്യ മേലങ്കിയും ഇരുനൂറു ശേക്കെൽ വെള്ളിയും അമ്പതു ശേക്കെൽ തൂക്കമുള്ള ഒരു പൊൻകട്ടിയും കണ്ടു മോഹിച്ചു എടുത്തു; അവ എന്റെ കൂടാരത്തിന്റെ നടുവിൽ നിലത്തു കുഴിച്ചിട്ടിരിക്കുന്നു; വെള്ളി അടിയിൽ ആകുന്നു എന്നു ഉത്തരം പറഞ്ഞു.

പങ്ക് വെക്കു
യോശുവ 7 വായിക്കുക

യോശുവ 7:10-21 സമകാലിക മലയാളവിവർത്തനം (MCV)

യഹോവ യോശുവയോട് അരുളിച്ചെയ്തു: “എഴുന്നേൽക്കുക; നീ സാഷ്ടാംഗം വീണുകിടക്കുന്നതെന്തിന്? ഇസ്രായേൽ പാപംചെയ്തിരിക്കുന്നു; അവർ പാലിക്കാൻ ഞാൻ കൽപ്പിച്ചിട്ടുള്ള എന്റെ ഉടമ്പടി അവർ ലംഘിച്ചിരിക്കുന്നു. അവർ അർപ്പിതവസ്തുക്കളിൽ ചിലത് എടുത്തിരിക്കുന്നു. അവർ മോഷ്ടിച്ചിരിക്കുന്നു, കള്ളം പറഞ്ഞിരിക്കുന്നു, തങ്ങളുടെ വസ്തുവകകൾക്കിടയിൽ അവ ഒളിപ്പിച്ചുമിരിക്കുന്നു. അതുകൊണ്ടാണ് ഇസ്രായേൽമക്കൾക്ക് അവരുടെ ശത്രുക്കൾക്കുനേരേ നിൽക്കാൻ സാധിക്കാതെപോയത്. അവർ തങ്ങൾക്കുതന്നെ നാശംവരുത്തിയതിനാൽ പുറംതിരിഞ്ഞ് ഓടേണ്ടിവന്നു. നശിപ്പിക്കേണ്ടതിനായി അർപ്പിക്കപ്പെട്ടവയെല്ലാം നശിപ്പിക്കാതെ ഞാൻ നിങ്ങളോടുകൂടി ഇനിയും ഉണ്ടായിരിക്കുകയില്ല. “പോയി, ജനത്തെ ശുദ്ധീകരിക്ക. അവരോട് പറയുക, നാളത്തേക്കു തയ്യാറാകേണ്ടതിനു നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക; ഇസ്രായേലേ, നിങ്ങളുടെ ഇടയിൽ അർപ്പിതവസ്തുക്കൾ ഇരിപ്പുണ്ട്. അവ നീക്കംചെയ്യുന്നതുവരെ നിങ്ങൾക്കു ശത്രുക്കളെ എതിരിടാൻ സാധിക്കുകയില്ല,” എന്ന് ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു. “ ‘രാവിലെ, നിങ്ങൾ ഗോത്രംഗോത്രമായി അടുത്തുവരണം. യഹോവ ചൂണ്ടിക്കാണിക്കുന്ന ഗോത്രം കുലംകുലമായി അടുത്തുവരണം; യഹോവ ചൂണ്ടിക്കാണിക്കുന്ന കുലം കുടുംബങ്ങളായി അടുത്തുവരണം; യഹോവ ചൂണ്ടിക്കാണിക്കുന്ന കുടുംബം ആളാംപ്രതി അടുത്തുവരണം. അർപ്പിതവസ്തുക്കളുമായി പിടിക്കപ്പെടുന്നവനെയും അവനുള്ള സകലത്തെയും തീയിൽ ഇട്ടു ചുട്ടുകളയണം; അവൻ യഹോവയുടെ ഉടമ്പടി ലംഘിക്കുകയും ഇസ്രായേലിൽ അപമാനമായതു പ്രവർത്തിക്കുകയും ചെയ്തിരിക്കുന്നു.’ ” അങ്ങനെ യോശുവ അതിരാവിലെ ഇസ്രായേലിനെ ഗോത്രംഗോത്രമായി വരുത്തി; യെഹൂദാഗോത്രം പിടിക്കപ്പെട്ടു. യെഹൂദാഗോത്രം കുലംകുലമായി വന്നു; സേരഹിന്റെ കുലം പിടിക്കപ്പെട്ടു. സേരഹിന്റെ കുലത്തെ കുടുംബങ്ങളായി വരുത്തി. സബ്ദി പിടിക്കപ്പെട്ടു. യോശുവ സബ്ദിയുടെ കുടുംബത്തെ ആളാംപ്രതി വരുത്തി; യെഹൂദാഗോത്രത്തിൽപ്പെട്ട സേരഹിന്റെ പുത്രൻ സബ്ദിയുടെ പുത്രൻ കർമിയുടെ പുത്രൻ ആഖാൻ പിടിക്കപ്പെട്ടു. അപ്പോൾ യോശുവ ആഖാനോട്, “എന്റെ മകനേ, ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു മഹത്ത്വംകൊടുക്കുക, അവിടത്തെ ബഹുമാനിക്കുക. നീ എന്തു ചെയ്തുവെന്ന് എന്നോടു മറച്ചുവെക്കാതെ പറയുക” എന്നു പറഞ്ഞു. ആഖാൻ മറുപടി നൽകി, “ശരിയാണ്, ഞാൻ ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കെതിരായി പാപംചെയ്തിരിക്കുന്നു. ഞാൻ ഇതാണു ചെയ്തത്: കൊള്ളയുടെ കൂട്ടത്തിൽ മനോഹരമായ ഒരു ബാബേല്യ മേലങ്കിയും ഇരുനൂറു ശേക്കേൽ വെള്ളിയും അൻപതുശേക്കേൽ തൂക്കമുള്ള ഒരു സ്വർണക്കട്ടിയും കണ്ടപ്പോൾ അവ മോഹിക്കുകയും എടുക്കുകയും ചെയ്തു. അവ എന്റെ കൂടാരത്തിൽ നിലത്തു കുഴിച്ചിട്ടിരിക്കുന്നു; വെള്ളി അടിയിൽ ആകുന്നു.”

പങ്ക് വെക്കു
യോശുവ 7 വായിക്കുക