യോശുവ 7:10-21

യോശുവ 7:10-21 MALOVBSI

യഹോവ യോശുവയോട് അരുളിച്ചെയ്തത്: എഴുന്നേല്ക്ക; നീ ഇങ്ങനെ സാഷ്ടാംഗം വീണു കിടക്കുന്നത് എന്തിന്? യിസ്രായേൽ പാപം ചെയ്തിരിക്കുന്നു; ഞാൻ അവരോടു കല്പിച്ചിട്ടുള്ള എന്റെ നിയമം അവർ ലംഘിച്ചിരിക്കുന്നു; അവർ ശപഥാർപ്പിതം എടുത്തിരിക്കുന്നു; അവർ മോഷ്‍ടിച്ചു മറവുചെയ്ത് തങ്ങളുടെ സാമാനങ്ങൾക്കിടയിൽ അത് വച്ചിരിക്കുന്നു. യിസ്രായേൽമക്കൾ ശാപഗ്രസ്തരായി തീർന്നതുകൊണ്ടു ശത്രുക്കളുടെ മുമ്പിൽ നില്പാൻ കഴിയാതെ ശത്രുക്കൾക്ക് പുറം കാട്ടേണ്ടിവന്നു. ശാപം നിങ്ങളുടെ ഇടയിൽനിന്നു നീക്കാതിരുന്നാൽ ഞാൻ നിങ്ങളോടുകൂടെ ഇരിക്കയില്ല; നീ എഴുന്നേറ്റ് ജനത്തെ ശുദ്ധീകരിച്ച് അവരോടു പറക: നാളത്തേക്കു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിൻ; യിസ്രായേലേ, നിന്റെ നടുവിൽ ഒരു ശാപം ഉണ്ട്; ശാപം നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയുംവരെ ശത്രുക്കളുടെ മുമ്പിൽ നില്പാൻ നിനക്കു കഴികയില്ല എന്നിങ്ങനെ യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു. നിങ്ങൾ രാവിലെ ഗോത്രംഗോത്രമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന ഗോത്രം കുലംകുലമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന കുലം കുടുംബംകുടുംബമായിട്ട് അടുത്തുവരേണം; യഹോവ പിടിക്കുന്ന കുടുംബം ആളാംപ്രതി അടുത്തുവരേണം. ശപഥാർപ്പിതവസ്തുവോടുകൂടെ പിടിപെടുന്നവനെയും അവനുള്ള സകലത്തെയും തീയിൽ ഇട്ട് ചുട്ടുകളയേണം; അവൻ യഹോവയുടെ നിയമം ലംഘിച്ചു യിസ്രായേലിൽ വഷളത്തം പ്രവർത്തിച്ചിരിക്കുന്നു. അങ്ങനെ യോശുവ അതികാലത്ത് എഴുന്നേറ്റ് യിസ്രായേലിനെ ഗോത്രംഗോത്രമായി വരുത്തി; യെഹൂദാഗോത്രം പിടിക്കപ്പെട്ടു. അവൻ യെഹൂദാഗോത്രത്തെ കുലംകുലമായി വരുത്തി; സർഹ്യകുലം പിടിക്കപ്പെട്ടു; അവൻ സർഹ്യകുലത്തെ കുടുംബംകുടുംബമായി വരുത്തി; സബ്‍ദി പിടിക്കപ്പെട്ടു. അവന്റെ കുടുംബത്തെ ആളാംപ്രതി വരുത്തി; യെഹൂദാഗോത്രത്തിൽ സേരഹിന്റെ മകനായ സബ്‍ദിയുടെ മകനായ കർമിയുടെ മകൻ ആഖാൻ പിടിക്കപ്പെട്ടു. യോശുവ ആഖാനോട്: മകനേ, യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് മഹത്ത്വം കൊടുത്ത് അവനോട് ഏറ്റുപറക; നീ എന്തു ചെയ്തു എന്നു പറക; എന്നോട് മറച്ചുവയ്ക്കരുത് എന്നു പറഞ്ഞു. ആഖാൻ യോശുവയോട്: ഞാൻ യിസ്രായേലിന്റെ ദൈവമായ യഹോവയോടു പിഴച്ച് ഇന്നിന്നതു ചെയ്തിരിക്കുന്നു സത്യം. ഞാൻ കൊള്ളയുടെ കൂട്ടത്തിൽ വിശേഷമായൊരു ബാബിലോന്യ മേലങ്കിയും ഇരുനൂറു ശേക്കെൽ വെള്ളിയും അമ്പതു ശേക്കെൽ തൂക്കമുള്ള ഒരു പൊൻകട്ടിയും കണ്ടു മോഹിച്ച് എടുത്തു; അവ എന്റെ കൂടാരത്തിന്റെ നടുവിൽ നിലത്തു കുഴിച്ചിട്ടിരിക്കുന്നു; വെള്ളി അടിയിൽ ആകുന്നു എന്ന് ഉത്തരം പറഞ്ഞു.