യഹോവ യോശുവയോട് അരുളിച്ചെയ്തു: “എഴുന്നേൽക്കുക; നീ സാഷ്ടാംഗം വീണുകിടക്കുന്നതെന്തിന്? ഇസ്രായേൽ പാപംചെയ്തിരിക്കുന്നു; അവർ പാലിക്കാൻ ഞാൻ കൽപ്പിച്ചിട്ടുള്ള എന്റെ ഉടമ്പടി അവർ ലംഘിച്ചിരിക്കുന്നു. അവർ അർപ്പിതവസ്തുക്കളിൽ ചിലത് എടുത്തിരിക്കുന്നു. അവർ മോഷ്ടിച്ചിരിക്കുന്നു, കള്ളം പറഞ്ഞിരിക്കുന്നു, തങ്ങളുടെ വസ്തുവകകൾക്കിടയിൽ അവ ഒളിപ്പിച്ചുമിരിക്കുന്നു. അതുകൊണ്ടാണ് ഇസ്രായേൽമക്കൾക്ക് അവരുടെ ശത്രുക്കൾക്കുനേരേ നിൽക്കാൻ സാധിക്കാതെപോയത്. അവർ തങ്ങൾക്കുതന്നെ നാശംവരുത്തിയതിനാൽ പുറംതിരിഞ്ഞ് ഓടേണ്ടിവന്നു. നശിപ്പിക്കേണ്ടതിനായി അർപ്പിക്കപ്പെട്ടവയെല്ലാം നശിപ്പിക്കാതെ ഞാൻ നിങ്ങളോടുകൂടി ഇനിയും ഉണ്ടായിരിക്കുകയില്ല. “പോയി, ജനത്തെ ശുദ്ധീകരിക്ക. അവരോട് പറയുക, നാളത്തേക്കു തയ്യാറാകേണ്ടതിനു നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക; ഇസ്രായേലേ, നിങ്ങളുടെ ഇടയിൽ അർപ്പിതവസ്തുക്കൾ ഇരിപ്പുണ്ട്. അവ നീക്കംചെയ്യുന്നതുവരെ നിങ്ങൾക്കു ശത്രുക്കളെ എതിരിടാൻ സാധിക്കുകയില്ല,” എന്ന് ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു. “ ‘രാവിലെ, നിങ്ങൾ ഗോത്രംഗോത്രമായി അടുത്തുവരണം. യഹോവ ചൂണ്ടിക്കാണിക്കുന്ന ഗോത്രം കുലംകുലമായി അടുത്തുവരണം; യഹോവ ചൂണ്ടിക്കാണിക്കുന്ന കുലം കുടുംബങ്ങളായി അടുത്തുവരണം; യഹോവ ചൂണ്ടിക്കാണിക്കുന്ന കുടുംബം ആളാംപ്രതി അടുത്തുവരണം. അർപ്പിതവസ്തുക്കളുമായി പിടിക്കപ്പെടുന്നവനെയും അവനുള്ള സകലത്തെയും തീയിൽ ഇട്ടു ചുട്ടുകളയണം; അവൻ യഹോവയുടെ ഉടമ്പടി ലംഘിക്കുകയും ഇസ്രായേലിൽ അപമാനമായതു പ്രവർത്തിക്കുകയും ചെയ്തിരിക്കുന്നു.’ ” അങ്ങനെ യോശുവ അതിരാവിലെ ഇസ്രായേലിനെ ഗോത്രംഗോത്രമായി വരുത്തി; യെഹൂദാഗോത്രം പിടിക്കപ്പെട്ടു. യെഹൂദാഗോത്രം കുലംകുലമായി വന്നു; സേരഹിന്റെ കുലം പിടിക്കപ്പെട്ടു. സേരഹിന്റെ കുലത്തെ കുടുംബങ്ങളായി വരുത്തി. സബ്ദി പിടിക്കപ്പെട്ടു. യോശുവ സബ്ദിയുടെ കുടുംബത്തെ ആളാംപ്രതി വരുത്തി; യെഹൂദാഗോത്രത്തിൽപ്പെട്ട സേരഹിന്റെ പുത്രൻ സബ്ദിയുടെ പുത്രൻ കർമിയുടെ പുത്രൻ ആഖാൻ പിടിക്കപ്പെട്ടു. അപ്പോൾ യോശുവ ആഖാനോട്, “എന്റെ മകനേ, ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു മഹത്ത്വംകൊടുക്കുക, അവിടത്തെ ബഹുമാനിക്കുക. നീ എന്തു ചെയ്തുവെന്ന് എന്നോടു മറച്ചുവെക്കാതെ പറയുക” എന്നു പറഞ്ഞു. ആഖാൻ മറുപടി നൽകി, “ശരിയാണ്, ഞാൻ ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കെതിരായി പാപംചെയ്തിരിക്കുന്നു. ഞാൻ ഇതാണു ചെയ്തത്: കൊള്ളയുടെ കൂട്ടത്തിൽ മനോഹരമായ ഒരു ബാബേല്യ മേലങ്കിയും ഇരുനൂറു ശേക്കേൽ വെള്ളിയും അൻപതുശേക്കേൽ തൂക്കമുള്ള ഒരു സ്വർണക്കട്ടിയും കണ്ടപ്പോൾ അവ മോഹിക്കുകയും എടുക്കുകയും ചെയ്തു. അവ എന്റെ കൂടാരത്തിൽ നിലത്തു കുഴിച്ചിട്ടിരിക്കുന്നു; വെള്ളി അടിയിൽ ആകുന്നു.”
യോശുവ 7 വായിക്കുക
കേൾക്കുക യോശുവ 7
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യോശുവ 7:10-21
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ