JOSUA 7:10-21

JOSUA 7:10-21 MALCLBSI

സർവേശ്വരൻ യോശുവയോടു പറഞ്ഞു: “എഴുന്നേല്‌ക്കുക! നീ എന്തിനു വീണുകിടക്കുന്നു? ഇസ്രായേൽ പാപം ചെയ്തു. അർപ്പിതവസ്തുക്കളിൽ ചിലത് എടുക്കയാൽ അവർ എന്റെ കല്പന ലംഘിച്ചു. അവർ മോഷ്‍ടിച്ച വകകൾ തങ്ങൾക്കുള്ള വകകളോടു ചേർത്തുവച്ച ശേഷം വ്യാജം പറഞ്ഞു. അതുകൊണ്ട് ഇസ്രായേൽജനത്തിനു ശത്രുക്കളെ ചെറുത്തുനില്‌ക്കാൻ കഴികയില്ല. അവർ നാശത്തിനു വിധിക്കപ്പെട്ടിരിക്കകൊണ്ട് ശത്രുക്കളുടെ മുമ്പിൽനിന്നു പിന്തിരിഞ്ഞ് ഓടേണ്ടിവന്നു. അവർ മോഷ്‍ടിച്ച അർപ്പിതവസ്തുക്കൾ നിങ്ങളുടെ ഇടയിൽനിന്നു നീക്കാതെയിരുന്നാൽ ഞാൻ നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല; നീ എഴുന്നേറ്റു ജനത്തെ ശുദ്ധീകരിക്കുക. നാളത്തേക്കു തങ്ങളെത്തന്നെ ശുദ്ധീകരിക്കാൻ നീ അവരോടു പറയണം. ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: ‘സർവേശ്വരന് അർപ്പിതമായ വസ്തുക്കൾ നിങ്ങളുടെ ഇടയിൽനിന്നു നീക്കുന്നതുവരെ ശത്രുക്കളെ ചെറുത്തുനില്‌ക്കാൻ നിങ്ങൾക്കു കഴികയില്ല;’ അതുകൊണ്ടു നിങ്ങൾ രാവിലെ ഗോത്രം ഗോത്രമായി അടുത്തുവരണം. അവിടുന്നു നിർദ്ദേശിക്കുന്ന ഗോത്രം കുലം കുലമായി അടുത്തു വരണം; സർവേശ്വരൻ നിർദ്ദേശിക്കുന്ന കുലം കുടുംബം കുടുംബമായി അടുത്തുവരണം. അവിടുന്നു നിർദ്ദേശിക്കുന്ന കുടുംബത്തിലുള്ളവർ ഓരോരുത്തരായി അടുത്തുവരണം. അർപ്പിതവസ്തുക്കളോടുകൂടെ പിടിക്കപ്പെടുന്നവനെയും അവനുള്ള സകലത്തെയും ദഹിപ്പിച്ചുകളയണം; ഇസ്രായേലിൽ മ്ലേച്ഛമായ പ്രവൃത്തിയാണ് അവൻ ചെയ്തത്. സർവേശ്വരന്റെ ഉടമ്പടി അവൻ ലംഘിച്ചുവല്ലോ.” യോശുവ അടുത്ത പ്രഭാതത്തിൽ ഇസ്രായേൽജനത്തെ ഗോത്രക്രമം അനുസരിച്ചു വരുത്തി. അവയിൽ യെഹൂദാഗോത്രത്തെ കുലംകുലമായി വരുത്തി. അവയിൽ സർഹ്യകുലത്തെ മാറ്റിനിർത്തി; സർഹ്യകുലത്തെ കുടുംബം കുടുംബമായി വരുത്തി. അവയിൽ സബ്ദി കുടുംബത്തെ നീക്കിനിർത്തി. സബ്ദികുടുംബത്തെ ആളാംപ്രതി വരുത്തി; സബ്ദിയുടെ പൗത്രനും കർമ്മിയുടെ പുത്രനുമായ ആഖാൻ പിടിക്കപ്പെട്ടു. യോശുവ ആഖാനോടു പറഞ്ഞു: “എന്റെ മകനേ! ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനെ മഹത്ത്വപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്യുക. നീ എന്തു ചെയ്തു എന്ന് എന്നോടു പറയുക; ഒന്നും മറച്ചുവയ്‍ക്കരുത്.” ആഖാൻ യോശുവയോട് പറഞ്ഞു: “ഇതു സത്യമാണ്; ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനോടു ഞാൻ പാപം ചെയ്തു; ഞാൻ ചെയ്തതു ഇതാണ്. നാം പിടിച്ചെടുത്ത വസ്തുക്കളുടെ കൂട്ടത്തിൽ ശിനാറിൽനിന്നുള്ള മനോഹരമായ ഒരു മേലങ്കിയും ഇരുനൂറ് ശേക്കെൽ വെള്ളിയും അമ്പത് ശേക്കെൽ തൂക്കമുള്ള ഒരു സ്വർണക്കട്ടിയും കണ്ടു; അവയെ ഞാൻ മോഹിച്ചു; ഞാൻ അവ എടുത്ത് എന്റെ കൂടാരത്തിനുള്ളിൽ വെള്ളി അടിയിലാക്കി കുഴിച്ചിടുകയും ചെയ്തു.”

JOSUA 7 വായിക്കുക