ന്യായാധിപന്മാർ 7:13-25

ന്യായാധിപന്മാർ 7:13-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഗിദെയോൻ ചെല്ലുമ്പോൾ ഒരുത്തൻ മറ്റൊരുത്തനോട് ഒരു സ്വപ്നം വിവരിക്കയായിരുന്നു: ഞാൻ ഒരു സ്വപ്നം കണ്ടു; ഒരു യവയപ്പം മിദ്യാന്യരുടെ പാളയത്തിലേക്ക് ഉരുണ്ടുവന്നു കൂടാരംവരെ എത്തി അതിനെ തള്ളിമറിച്ചിട്ട് അങ്ങനെ കൂടാരം വീണുകിടന്നു എന്നു പറഞ്ഞു. അതിനു മറ്റവൻ: ഇതു യോവാശിന്റെ മകനായ ഗിദെയോൻ എന്ന യിസ്രായേല്യന്റെ വാളല്ലാതെ മറ്റൊന്നുമല്ല; ദൈവം മിദ്യാനെയും ഈ പാളയത്തെയൊക്കെയും അവന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു. ഗിദെയോൻ സ്വപ്നവും പൊരുളും കേട്ടപ്പോൾ നമസ്കരിച്ചു; യിസ്രായേലിന്റെ പാളയത്തിൽ മടങ്ങിച്ചെന്നു: എഴുന്നേല്പിൻ, യഹോവ മിദ്യാന്റെ പാളയത്തെ നിങ്ങളുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു. അനന്തരം അവൻ ആ മുന്നൂറു പേരെ മൂന്നു കൂട്ടമായി വിഭാഗിച്ച് ഓരോരുത്തന്റെ കൈയിൽ ഓരോ കാഹളവും വെറും കുടവും കുടത്തിനകത്ത് ഓരോ പന്തവും കൊടുത്ത്, അവരോടു പറഞ്ഞത്: ഞാൻ ചെയ്യുന്നതു നോക്കി അതുപോലെ ചെയ്‍വിൻ; പാളയത്തിന്റെ അറ്റത്ത് എത്തുമ്പോൾ ഞാൻ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്‍വിൻ, ഞാനും എന്നോടുകൂടെയുള്ളവരും കാഹളം ഊതുമ്പോൾ നിങ്ങളും പാളയത്തിന്റെ ചുറ്റും നിന്നു കാഹളം ഊതി: യഹോവയ്ക്കും ഗിദെയോനും വേണ്ടി എന്നു പറവിൻ. മധ്യയാമത്തിന്റെ ആരംഭത്തിൽ അവർ കാവൽ മാറി നിർത്തിയ ഉടനെ ഗിദെയോനും കൂടെയുള്ള നൂറു പേരും പാളയത്തിന്റെ അറ്റത്ത് എത്തി കാഹളം ഊതി കൈയിൽ ഉണ്ടായിരുന്ന കുടങ്ങൾ ഉടച്ചു. മൂന്നു കൂട്ടവും കാഹളം ഊതി കുടങ്ങൾ ഉടച്ചു; ഇടത്തുകൈയിൽ പന്തവും വലത്തുകൈയിൽ ഊതുവാൻ കാഹളവും പിടിച്ചു: യഹോവയ്ക്കും ഗിദെയോനും വേണ്ടി വാൾ എന്ന് ആർത്തു. അവർ പാളയത്തിന്റെ ചുറ്റും ഓരോരുത്തൻ താന്താന്റെ നിലയിൽ തന്നെ നിന്നു; പാളയമെല്ലാം പാച്ചൽ തുടങ്ങി; അവർ നിലവിളിച്ചുകൊണ്ട് ഓടിപ്പോയി. ആ മുന്നൂറു പേരും കാഹളം ഊതിയപ്പോൾ യഹോവ പാളയത്തിലൊക്കെയും ഓരോരുത്തന്റെ വാൾ താന്താന്റെ കൂട്ടുകാരന്റെ നേരേ തിരിപ്പിച്ചു; സൈന്യം സെരേരാ വഴിയായി ബേത്ത്-ശിത്താവരെയും തബ്ബത്തിനരികെയുള്ള ആബേൽ-മെഹോലയുടെ അതിർവരെയും ഓടിപ്പോയി. യിസ്രായേല്യർ നഫ്താലിയിൽനിന്നും ആശേരിൽനിന്നും മനശ്ശെയിൽനിന്നൊക്കെയും ഒരുമിച്ചുകൂടി മിദ്യാന്യരെ പിന്തുടർന്നു. ഗിദെയോൻ എഫ്രയീംമലനാട്ടിൽ എല്ലാടവും ദൂതന്മാരെ അയച്ചു: മിദ്യാന്യരുടെ നേരേ ഇറങ്ങിച്ചെന്നു ബേത്ത്-ബാരാവരെയുള്ള വെള്ളത്തെയും യോർദ്ദാനെയും അവർക്കുമുമ്പേ കൈവശമാക്കിക്കൊൾവിൻ എന്നു പറയിച്ചു. അങ്ങനെതന്നെ എഫ്രയീമ്യരൊക്കെയും ഒരുമിച്ചുകൂടി ബേത്ത്-ബാരാവരെയുള്ള വെള്ളവും യോർദ്ദാനും കൈവശമാക്കി. ഓരേബ്, സേബ് എന്ന രണ്ടു മിദ്യാന്യപ്രഭുക്കന്മാരെ അവർ പിടിച്ചു, ഓരേബിനെ ഓരേബ് പാറമേലും സേബിനെ സേബ് മുന്തിരിച്ചക്കിനരികെയുംവച്ചു കൊന്നിട്ടു മിദ്യാന്യരെ പിന്തുടർന്നു, ഓരേബിന്റെയും സേബിന്റെയും തല യോർദ്ദാനക്കരെ ഗിദെയോന്റെ അടുക്കൽ കൊണ്ടുവന്നു.

ന്യായാധിപന്മാർ 7:13-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഗിദെയോൻ അവരുടെ പാളയത്തിൽ ചെന്നപ്പോൾ ഒരാൾ താൻ കണ്ട സ്വപ്നം അയാളുടെ സുഹൃത്തിനോട് വിവരിക്കുന്നതു കേട്ടു; അയാൾ പറഞ്ഞു: “ഞാൻ ഒരു സ്വപ്നം കണ്ടു; ഒരു ബാർലി അപ്പം പാളയത്തിലേക്ക് ഉരുണ്ടുവന്നു. അതു കൂടാരത്തെ ഇടിച്ചു മറിച്ചിട്ടു; കൂടാരം വീണുകിടക്കുന്നു.” അപ്പോൾ കൂട്ടുകാരൻ പറഞ്ഞു: “ഇത് ഇസ്രായേല്യനായ യോവാശിന്റെ പുത്രൻ ഗിദെയോന്റെ വാൾ തന്നെയാണ്; മറ്റൊന്നുമായിരിക്കാൻ ഇടയില്ല. ദൈവം മിദ്യാന്യരെയും നമ്മുടെ സർവസൈന്യത്തെയും ഗിദെയോന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു.” ഗിദെയോൻ സ്വപ്നവും അതിന്റെ വ്യാഖ്യാനവും കേട്ടപ്പോൾ ദൈവത്തെ നമസ്കരിച്ചു. അയാൾ ഇസ്രായേൽപാളയത്തിൽ മടങ്ങിച്ചെന്നു പറഞ്ഞു: “എഴുന്നേല്‌ക്കുക, മിദ്യാൻ സൈന്യത്തിന്റെമേൽ സർവേശ്വരൻ നിങ്ങൾക്കു വിജയം നല്‌കാൻ പോകുകയാണ്.” പിന്നീട് ഗിദെയോൻ കൂടെയുണ്ടായിരുന്ന മുന്നൂറു പേരെ മൂന്നു ഗണമായി തിരിച്ചു; ഓരോ കാഹളവും അകത്തു പന്തമുള്ള ഓരോ കുടവും അവർക്കോരോരുത്തർക്കും കൊടുത്തു അവരോടു പറഞ്ഞു: “ഞാൻ ചെയ്യുന്നതു നിങ്ങൾ ശ്രദ്ധിച്ച് അതുപോലെ നിങ്ങളും ചെയ്യണം. പാളയത്തിന്റെ സമീപത്തു ചെല്ലുമ്പോൾ ഞാൻ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്യുക. ഞാനും എന്റെ കൂടെയുള്ളവരും കാഹളമൂതുമ്പോൾ നിങ്ങളും പാളയത്തിന്റെ ചുറ്റുംനിന്നു കാഹളമൂതുകയും ‘സർവേശ്വരനും ഗിദെയോനും വേണ്ടി’ എന്നു ഉച്ചത്തിൽ വിളിച്ചുപറയുകയും വേണം.” പാതിരാത്രി ആകുന്നതിനു തൊട്ടുമുമ്പ്, കാവൽക്കാരെ മാറ്റിയ ഉടൻ, ഗിദെയോനും കൂടെയുള്ള നൂറു പേരും പാളയത്തിനു സമീപത്തെത്തി കാഹളം ഊതുകയും കുടങ്ങൾ ഉടയ്‍ക്കുകയും ചെയ്തു. അതുപോലെ മറ്റു രണ്ടു സംഘവും കാഹളം ഊതുകയും കുടങ്ങൾ ഉടയ്‍ക്കുകയും ചെയ്തു. അവരെല്ലാം ഇടതു കൈയിൽ പന്തവും വലതു കൈയിൽ കാഹളവും പിടിച്ചുകൊണ്ട് ‘സർവേശ്വരനും ഗിദെയോനും വേണ്ടി ഒരു വാൾ’ എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. അവരിൽ ഓരോരുത്തനും പാളയത്തിനു ചുറ്റുമുള്ള അവരവരുടെ സ്ഥാനത്തു നിന്നപ്പോൾതന്നെ മിദ്യാന്യർ നിലവിളിച്ചുകൊണ്ടു പാളയത്തിൽനിന്ന് ഓടിപ്പോയി. മുന്നൂറു പേർ കാഹളം ഊതിയപ്പോൾ പാളയത്തിലുള്ളവർ അന്യോന്യം ആക്രമിക്കുന്നതിനു സർവേശ്വരൻ ഇടയാക്കി. അവർ സെരേരായ്‍ക്കുള്ള വഴിയിൽ കൂടി ബേത്ത്-ശിത്താവരെയും തബ്ബത്തിനടുത്തുള്ള ആബേൽ-മെഹോലായുടെ അതിർത്തിവരെയും ഓടി. നഫ്താലി, ആശേർ, മനശ്ശെ എന്നീ ഗോത്രങ്ങളിലുള്ളവരെ വിളിച്ചുകൂട്ടി; ഇസ്രായേല്യർ മിദ്യാന്യരെ പിന്തുടർന്നു. എഫ്രയീംമലനാട്ടിലെല്ലാം ഗിദെയോൻ ദൂതന്മാരെ അയച്ചു; “ഇറങ്ങി വന്നു മിദ്യാന്യരോടു യുദ്ധം ചെയ്യുക; അവർ കടന്നുപോകുന്നതിനു മുമ്പ് ബേത്ത്- ബാരാ വരെയുള്ള നീരുറവുകളും യോർദ്ദാൻനദിയും കൈവശമാക്കുക” എന്ന് ആ ദൂതന്മാർ പറഞ്ഞു. എഫ്രയീമ്യർ ഒരുമിച്ചുകൂടി ബേത്ത്-ബാരാവരെയുള്ള നീരുറവുകളും യോർദ്ദാൻനദിയും കൈവശപ്പെടുത്തി. ഓരേബ്, സേബ് എന്നീ മിദ്യാന്യപ്രഭുക്കന്മാരെ അവർ പിടിച്ചു; ഓരേബിനെ ഓരേബ്പാറയിൽവച്ചും സേബിനെ സേബ്മുന്തിരിച്ചക്കിനടുത്തുവച്ചും കൊന്നു; പിന്നീട് അവർ മിദ്യാന്യരെ പിന്തുടർന്നു; ഓരേബിന്റെയും സേബിന്റെയും തല യോർദ്ദാനക്കരെ ഗിദെയോന്റെ അടുക്കൽ കൊണ്ടുവന്നു.

ന്യായാധിപന്മാർ 7:13-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഗിദെയോൻ ചെല്ലുമ്പോൾ ഒരാൾ മറ്റൊരാളോട് ഒരു സ്വപ്നം വിവരിക്കയായിരുന്നു: “ഞാൻ ഒരു സ്വപ്നം കണ്ടു; ഒരു യവത്തപ്പം അപ്രതീക്ഷിതമായി മിദ്യാന്യരുടെ പാളയത്തിലേക്ക് ഉരുണ്ടു വന്ന് കൂടാരംവരെ എത്തി അതിനെ തള്ളി മറിച്ചിട്ടു അങ്ങനെ കൂടാരം വീണുകിടന്നു” എന്നു പറഞ്ഞു. അതിന് മറ്റവൻ: “ഇത് യിസ്രയേല്യൻ യോവാശിന്‍റെ മകനായ ഗിദെയോന്‍റെ വാളല്ലാതെ മറ്റൊന്നുമല്ല; ദൈവം മിദ്യാനെയും ഈ പാളയത്തെ ഒക്കെയും അവന്‍റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു. ഗിദെയോൻ സ്വപ്നവും അർഥവും കേട്ടപ്പോൾ ദൈവത്തെ നമസ്കരിച്ചു. യിസ്രായേലിന്‍റെ പാളയത്തിൽ മടങ്ങിച്ചെന്നു: “എഴുന്നേല്പിൻ, യഹോവ മിദ്യാന്‍റെ പാളയത്തെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അനന്തരം അവൻ ആ മുന്നൂറുപേരെ മൂന്നു കൂട്ടമായി വിഭാഗിച്ചു ഓരോരുത്തന്‍റെ കയ്യിൽ ഓരോ കാഹളവും വെറും കുടവും, കുടത്തിന്നകത്തു ഓരോ പന്തവും കൊടുത്തു. അനന്തരം അവരോടു പറഞ്ഞത്: “ഞാൻ ചെയ്യുന്നത് നോക്കി അങ്ങനെ തന്നെ ചെയ്‌വിൻ; പാളയത്തിന്‍റെ അറ്റത്തു എത്തുമ്പോൾ ഞാൻ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്‌വിൻ. ഞാനും എന്നോടുകൂടെയുള്ളവരും കാഹളം ഊതുമ്പോൾ, നിങ്ങളും പാളയത്തിന്‍റെ ചുറ്റും നിന്ന് കാഹളം ഊതി: ‘യഹോവയുടെയും ഗിദെയോന്‍റെയും വാൾ' എന്നു ആർക്കുവിൻ.” മദ്ധ്യയാമത്തിന്‍റെ ആരംഭത്തിൽ അവർ കാവൽ മാറി നിർത്തിയ ഉടനെ ഗിദെയോനും കൂടെയുള്ള നൂറുപേരും പാളയത്തിന്‍റെ അറ്റത്ത് എത്തി കാഹളം ഊതി കയ്യിൽ ഉണ്ടായിരുന്ന കുടങ്ങൾ ഉടെച്ചു. ഉടനെ മൂന്നു കൂട്ടവും കാഹളം ഊതി കുടങ്ങൾ ഉടെച്ചു. ഇടത്ത് കയ്യിൽ പന്തവും വലത്തു കയ്യിൽ ഊതുവാൻ കാഹളവും പിടിച്ചു: ‘യഹോവയുടെയും ഗിദെയോന്‍റെയും വാൾ' എന്ന് ആർത്തു. അവർ പാളയത്തിന്‍റെ ചുറ്റും ഓരോരുത്തൻ താന്താന്‍റെ നിലയിൽ തന്നെ നിന്നു; പാളയമെല്ലാം ഓട്ടം തുടങ്ങി; അവർ നിലവിളിച്ചുകൊണ്ട് ഓടിപ്പോയി. ആ മുന്നൂറുപേരും കാഹളം ഊതിയപ്പോൾ യഹോവ പാളയത്തിലൊക്കെയും ഓരോരുത്തന്‍റെ വാൾ താന്താന്‍റെ കൂട്ടുകാരന്‍റെ നേരെ തിരിപ്പിച്ചു. സൈന്യം സെരേരാ വഴിയായി ബേത്ത്-ശിത്താവരെയും തബ്ബത്തിന്നരികെയുള്ള ആബേൽ-മെഹോലയുടെ അതിർവരെയും ഓടിപ്പോയി. യിസ്രായേല്യർ നഫ്താലിയിൽനിന്നും ആശേരിൽനിന്നും മനശ്ശെയിൽനിന്നൊക്കെയും ഒരുമിച്ചുകൂടി മിദ്യാന്യരെ പിന്തുടർന്നു. ഗിദെയോൻ എഫ്രയീംമലനാട്ടിൽ എല്ലായിടവും ദൂതന്മാരെ അയച്ചു: “മിദ്യാന്യരുടെ നേരെ ഇറങ്ങിച്ചെന്നു ബേത്ത്-ബാരാ വരെയും യോർദ്ദാൻ വരെയും ഉള്ള ജലസ്രോതസ്സുകൾ അവർക്ക് മുമ്പെ കൈവശമാക്കിക്കൊൾവിൻ” എന്നു പറയിച്ചു. അങ്ങനെ തന്നെ എഫ്രയീമ്യർ ഒക്കെയും ഒരുമിച്ചുകൂടി ബേത്ത്-ബാരാ വരെയുള്ള വെള്ളവും യോർദ്ദാനും കൈവശമാക്കി. ഓരേബ്, സേബ് എന്ന രണ്ടു മിദ്യാന്യപ്രഭുക്കന്മാരെ അവർ പിടിച്ച്, ഓരേബിനെ ഓരേബ് പാറമേലും സേബിനെ സേബ് മുന്തിരിച്ചക്കിന്നരികെയും വച്ചു കൊന്നിട്ട്, മിദ്യാന്യരെ പിന്തുടർന്നു; ഓരേബിന്‍റെയും സേബിന്‍റെയും തല യോർദ്ദാനക്കരെ ഗിദെയോന്‍റെ അടുക്കൽ കൊണ്ടുവന്നു.

ന്യായാധിപന്മാർ 7:13-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഗിദെയോൻ ചെല്ലുമ്പോൾ ഒരുത്തൻ മറ്റൊരുത്തനോടു ഒരു സ്വപ്നം വിവരിക്കയായിരുന്നു: ഞാൻ ഒരു സ്വപ്നം കണ്ടു; ഒരു യവയപ്പം മിദ്യാന്യരുടെ പാളയത്തിലേക്കു ഉരുണ്ടു വന്നു കൂടാരംവരെ എത്തി അതിനെ തള്ളി മറിച്ചിട്ടു അങ്ങനെ കൂടാരം വീണുകിടന്നു എന്നു പറഞ്ഞു. അതിന്നു മറ്റവൻ: ഇതു യോവാശിന്റെ മകനായ ഗിദെയോൻ എന്ന യിസ്രായേല്യന്റെ വാളല്ലാതെ മറ്റൊന്നുമല്ല; ദൈവം മിദ്യാനെയും ഈ പാളയത്തെ ഒക്കെയും അവന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. ഗിദെയോൻ സ്വപ്നവും പൊരുളും കേട്ടപ്പോൾ നമസ്കരിച്ചു; യിസ്രായേലിന്റെ പാളയത്തിൽ മടങ്ങിച്ചെന്നു: എഴുന്നേല്പിൻ, യഹോവ മിദ്യാന്റെ പാളയത്തെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു. അനന്തരം അവൻ ആ മുന്നൂറുപേരെ മൂന്നു കൂട്ടമായി വിഭാഗിച്ചു ഓരോരുത്തന്റെ കയ്യിൽ ഓരോ കാഹളവും വെറുംകുടവും കുടത്തിന്നകത്തു ഓരോ പന്തവും കൊടുത്തു, അവരോടു പറഞ്ഞതു. ഞാൻ ചെയ്യുന്നതു നോക്കി അതുപോലെ ചെയ്‌വിൻ; പാളയത്തിന്റെ അറ്റത്തു എത്തുമ്പോൾ ഞാൻ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്‌വിൻ. ഞാനും എന്നോടുകൂടെയുള്ളവരും കാഹളം ഊതുമ്പോൾ നിങ്ങളും പാളയത്തിന്റെ ചുറ്റും നിന്നു കാഹളം ഊതി: യഹോവെക്കും ഗിദെയോന്നും വേണ്ടി എന്നു പറവിൻ. മദ്ധ്യയാമത്തിന്റെ ആരംഭത്തിൽ അവർ കാവൽ മാറി നിർത്തിയ ഉടനെ ഗിദെയോനും കൂടെയുള്ള നൂറുപേരും പാളയത്തിന്റെ അറ്റത്തു എത്തി കാഹളം ഊതി കയ്യിൽ ഉണ്ടായിരുന്ന കുടങ്ങൾ ഉടെച്ചു. മൂന്നു കൂട്ടവും കാഹളം ഊതി കുടങ്ങൾ ഉടെച്ചു; ഇടത്തു കയ്യിൽ പന്തവും വലത്തു കയ്യിൽ ഊതുവാൻ കാഹളവും പിടിച്ചു: യഹോവെക്കും ഗിദെയോന്നും വേണ്ടി വാൾ എന്നു ആർത്തു. അവർ പാളയത്തിന്റെ ചുറ്റും ഓരോരുത്തൻ താന്താന്റെ നിലയിൽ തന്നേ നിന്നു; പാളയമെല്ലാം പാച്ചൽ തുടങ്ങി; അവർ നിലവിളിച്ചുകൊണ്ടു ഓടിപ്പോയി. ആ മുന്നൂറുപേരും കാഹളം ഊതിയപ്പോൾ യഹോവ പാളയത്തിലൊക്കെയും ഓരോരുത്തന്റെ വാൾ താന്താന്റെ കൂട്ടുകാരന്റെ നേരെ തിരിപ്പിച്ചു; സൈന്യം സെരേരാവഴിയായി ബേത്ത്‒ശിത്താവരെയും തബ്ബത്തിന്നരികെയുള്ള ആബേൽ-മെഹോലയുടെ അതിർവരെയും ഓടിപ്പോയി. യിസ്രായേല്യർ നഫ്താലിയിൽനിന്നും ആശേരിൽനിന്നും മനശ്ശെയിൽനിന്നൊക്കെയും ഒരുമിച്ചുകൂടി മിദ്യാന്യരെ പിന്തുടർന്നു. ഗിദെയോൻ എഫ്രയീംമലനാട്ടിൽ എല്ലാടവും ദൂതന്മാരെ അയച്ചു: മിദ്യാന്യരുടെ നേരെ ഇറങ്ങിച്ചെന്നു ബേത്ത്-ബാരാവരെയുള്ള വെള്ളത്തെയും യോർദ്ദാനെയും അവർക്കു മുമ്പെ കൈവശമാക്കിക്കൊൾവിൻ എന്നു പറയിച്ചു. അങ്ങനെ തന്നേ എഫ്രയീമ്യർ ഒക്കെയും ഒരുമിച്ചുകൂടി ബേത്ത്-ബാരാവരെയുള്ള വെള്ളവും യോർദ്ദാനും കൈവശമാക്കി. ഓരേബ്, ശേബ് എന്ന രണ്ടു മിദ്യാന്യപ്രഭുക്കന്മാരെ അവർ പിടിച്ചു, ഓരേബിനെ ഓരേബ് പാറമേലും സേബിനെ സേബ് മുന്തിരിച്ചക്കിന്നരികെയും വെച്ചു കൊന്നിട്ടു മിദ്യാന്യരെ പിന്തുടർന്നു, ഓരേബിന്റെയും സേബിന്റെയും തല യോർദ്ദാന്നക്കരെ ഗിദെയോന്റെ അടുക്കൽ കൊണ്ടുവന്നു.

ന്യായാധിപന്മാർ 7:13-25 സമകാലിക മലയാളവിവർത്തനം (MCV)

ഗിദെയോൻ ചെല്ലുമ്പോൾ ഒരാൾ മറ്റൊരാളോട് തന്റെ സ്വപ്നം വിവരിക്കുകയായിരുന്നു: “ഞാൻ ഒരു സ്വപ്നംകണ്ടു; മിദ്യാന്യപാളയത്തിലേക്കു വട്ടത്തിലുള്ള ഒരു യവയപ്പം ഉരുണ്ടുരുണ്ടുവന്നു. കൂടാരത്തെ അതു ശക്തിയായി തള്ളിമറിച്ചിട്ടു; അങ്ങനെ കൂടാരം വീണു തകർന്നുപോയി എന്നു പറഞ്ഞു.” അതിന് മറ്റേയാൾ പറഞ്ഞു: “ഇത് യോവാശിന്റെ മകനായ ഗിദെയോൻ എന്ന ഇസ്രായേല്യന്റെ വാളല്ലാതെ മറ്റൊന്നുമല്ല; ദൈവം മിദ്യാന്യരെയും ഈ പാളയത്തെ ഒക്കെയും അദ്ദേഹത്തിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.” ഗിദെയോൻ സ്വപ്നവും വ്യാഖ്യാനവും കേട്ടപ്പോൾ ദൈവത്തെ നമസ്കരിച്ചു; അദ്ദേഹം ഇസ്രായേലിന്റെ പാളയത്തിൽ മടങ്ങിച്ചെന്ന് അവരോട് ഉറക്കെ വിളിച്ചുപറഞ്ഞു: “എഴുന്നേൽക്കുക! യഹോവ മിദ്യാന്യ പാളയത്തെ നിങ്ങളുടെ കരങ്ങളിൽ ഏൽപ്പിച്ചിരിക്കുന്നു.” അദ്ദേഹം ആ മുന്നൂറുപേരെ മൂന്നു സംഘമായി വിഭാഗിച്ചു; ഓരോരുത്തന്റെയും കൈയിൽ ഓരോ കാഹളവും ഒഴിഞ്ഞ കുടവും കുടത്തിനകത്ത് ഓരോ പന്തവും കൊടുത്തു. ഗിദെയോൻ അവരോടു പറഞ്ഞു: “എന്നെ നോക്കി, ഞാൻ ചെയ്യുന്നതുപോലെ ചെയ്യുക. പാളയത്തിന്റെ അതിർത്തിയിൽ എത്തുമ്പോൾ ഞാൻ ചെയ്യുന്നതുപോലെതന്നെ നിങ്ങളും ചെയ്യണം. ഞാനും എന്നോടുകൂടെയുള്ളവരും കാഹളംമുഴക്കുമ്പോൾ നിങ്ങളും പാളയത്തിന്റെ ചുറ്റുംനിന്ന് കാഹളംമുഴക്കി, ‘യഹോവയ്ക്കും ഗിദെയോനുംവേണ്ടി’ എന്ന് ആർപ്പിടണം.” മധ്യയാമാരംഭത്തിൽ, കാവൽക്കാർ മാറിയ ഉടനെ ഗിദെയോനും കൂടെയുള്ള നൂറുപേരും പാളയത്തിന്റെ അതിർത്തിയിലെത്തി. അവർ കാഹളം മുഴക്കിക്കൊണ്ട് കൈയിലിരുന്ന കുടങ്ങൾ ഉടച്ചു. മൂന്നുകൂട്ടവും കാഹളംമുഴക്കി, കുടങ്ങൾ ഉടച്ചു; ഇടത്തുകൈയിൽ പന്തവും വലത്തുകൈയിൽ ഊതാൻ കാഹളവും പിടിച്ചു: “യഹോവയ്ക്കും ഗിദെയോനുംവേണ്ടി ഒരു വാൾ!” എന്ന് ആർത്തു, പാളയത്തിന്റെ ചുറ്റും ഓരോരുത്തനും താന്താങ്ങളുടെ നിലയിൽത്തന്നെ നിന്നു; മിദ്യാന്യസൈന്യം ഓട്ടംതുടങ്ങി. അവർ നിലവിളിച്ചുകൊണ്ട് ഓടിപ്പോയി. ആ മുന്നൂറുപേരും കാഹളം മുഴക്കിയപ്പോൾ യഹോവ പാളയത്തിലൊക്കെയും ഓരോരുത്തന്റെ വാൾ താന്താങ്ങളുടെ കൂട്ടുകാരന്റെനേരേ തിരിപ്പിച്ചു; സൈന്യം സേരേരാ വഴിയായി ബേത്-ശിത്താഹവരെയും തബ്ബത്തിന്നരികെയുള്ള ആബേൽ-മെഹോലെയുടെ അതിരുവരെയും ഓടിപ്പോയി. ഇസ്രായേല്യർ നഫ്താലിയിൽനിന്നും ആശേരിൽനിന്നും മനശ്ശെയിൽനിന്നൊക്കെയും ഒരുമിച്ചുകൂടി മിദ്യാന്യരെ പിൻതുടർന്നു. ഗിദെയോൻ എഫ്രയീം മലനാട്ടിലെല്ലായിടവും ദൂതന്മാരെ അയച്ചു. “മിദ്യാന്യരുടെനേരേ ഇറങ്ങിവന്ന് ബേത്-ബാരാവരെയുള്ള യോർദാൻനദി അവർക്കുമുമ്പേ കൈവശമാക്കിക്കൊൾക,” എന്നു പറയിച്ചു. അങ്ങനെ എഫ്രയീമ്യർ ഒരുമിച്ചുകൂടി ബേത്-ബാരായും യോർദാനുംവരെയുള്ള ജലാശയങ്ങൾ കൈവശമാക്കി. അവർ ഓരേബ്, സേബ് എന്ന രണ്ടു മിദ്യാന്യപ്രഭുക്കന്മാരെയും പിടിച്ചു. ഓരേബിനെ ഓരേബ് പാറയിൽവെച്ചും സേബിനെ സേബ് മുന്തിരിച്ചക്കിനരികെവെച്ചും കൊന്നുകളഞ്ഞു. ഓരേബിന്റെയും സേബിന്റെയും തല യോർദാന് അക്കരെ ഗിദെയോന്റെ അടുക്കൽ കൊണ്ടുവന്നു.