ന്യായാധിപന്മാർ 7:13-25

ന്യായാധിപന്മാർ 7:13-25 MALOVBSI

ഗിദെയോൻ ചെല്ലുമ്പോൾ ഒരുത്തൻ മറ്റൊരുത്തനോട് ഒരു സ്വപ്നം വിവരിക്കയായിരുന്നു: ഞാൻ ഒരു സ്വപ്നം കണ്ടു; ഒരു യവയപ്പം മിദ്യാന്യരുടെ പാളയത്തിലേക്ക് ഉരുണ്ടുവന്നു കൂടാരംവരെ എത്തി അതിനെ തള്ളിമറിച്ചിട്ട് അങ്ങനെ കൂടാരം വീണുകിടന്നു എന്നു പറഞ്ഞു. അതിനു മറ്റവൻ: ഇതു യോവാശിന്റെ മകനായ ഗിദെയോൻ എന്ന യിസ്രായേല്യന്റെ വാളല്ലാതെ മറ്റൊന്നുമല്ല; ദൈവം മിദ്യാനെയും ഈ പാളയത്തെയൊക്കെയും അവന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു. ഗിദെയോൻ സ്വപ്നവും പൊരുളും കേട്ടപ്പോൾ നമസ്കരിച്ചു; യിസ്രായേലിന്റെ പാളയത്തിൽ മടങ്ങിച്ചെന്നു: എഴുന്നേല്പിൻ, യഹോവ മിദ്യാന്റെ പാളയത്തെ നിങ്ങളുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു. അനന്തരം അവൻ ആ മുന്നൂറു പേരെ മൂന്നു കൂട്ടമായി വിഭാഗിച്ച് ഓരോരുത്തന്റെ കൈയിൽ ഓരോ കാഹളവും വെറും കുടവും കുടത്തിനകത്ത് ഓരോ പന്തവും കൊടുത്ത്, അവരോടു പറഞ്ഞത്: ഞാൻ ചെയ്യുന്നതു നോക്കി അതുപോലെ ചെയ്‍വിൻ; പാളയത്തിന്റെ അറ്റത്ത് എത്തുമ്പോൾ ഞാൻ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്‍വിൻ, ഞാനും എന്നോടുകൂടെയുള്ളവരും കാഹളം ഊതുമ്പോൾ നിങ്ങളും പാളയത്തിന്റെ ചുറ്റും നിന്നു കാഹളം ഊതി: യഹോവയ്ക്കും ഗിദെയോനും വേണ്ടി എന്നു പറവിൻ. മധ്യയാമത്തിന്റെ ആരംഭത്തിൽ അവർ കാവൽ മാറി നിർത്തിയ ഉടനെ ഗിദെയോനും കൂടെയുള്ള നൂറു പേരും പാളയത്തിന്റെ അറ്റത്ത് എത്തി കാഹളം ഊതി കൈയിൽ ഉണ്ടായിരുന്ന കുടങ്ങൾ ഉടച്ചു. മൂന്നു കൂട്ടവും കാഹളം ഊതി കുടങ്ങൾ ഉടച്ചു; ഇടത്തുകൈയിൽ പന്തവും വലത്തുകൈയിൽ ഊതുവാൻ കാഹളവും പിടിച്ചു: യഹോവയ്ക്കും ഗിദെയോനും വേണ്ടി വാൾ എന്ന് ആർത്തു. അവർ പാളയത്തിന്റെ ചുറ്റും ഓരോരുത്തൻ താന്താന്റെ നിലയിൽ തന്നെ നിന്നു; പാളയമെല്ലാം പാച്ചൽ തുടങ്ങി; അവർ നിലവിളിച്ചുകൊണ്ട് ഓടിപ്പോയി. ആ മുന്നൂറു പേരും കാഹളം ഊതിയപ്പോൾ യഹോവ പാളയത്തിലൊക്കെയും ഓരോരുത്തന്റെ വാൾ താന്താന്റെ കൂട്ടുകാരന്റെ നേരേ തിരിപ്പിച്ചു; സൈന്യം സെരേരാ വഴിയായി ബേത്ത്-ശിത്താവരെയും തബ്ബത്തിനരികെയുള്ള ആബേൽ-മെഹോലയുടെ അതിർവരെയും ഓടിപ്പോയി. യിസ്രായേല്യർ നഫ്താലിയിൽനിന്നും ആശേരിൽനിന്നും മനശ്ശെയിൽനിന്നൊക്കെയും ഒരുമിച്ചുകൂടി മിദ്യാന്യരെ പിന്തുടർന്നു. ഗിദെയോൻ എഫ്രയീംമലനാട്ടിൽ എല്ലാടവും ദൂതന്മാരെ അയച്ചു: മിദ്യാന്യരുടെ നേരേ ഇറങ്ങിച്ചെന്നു ബേത്ത്-ബാരാവരെയുള്ള വെള്ളത്തെയും യോർദ്ദാനെയും അവർക്കുമുമ്പേ കൈവശമാക്കിക്കൊൾവിൻ എന്നു പറയിച്ചു. അങ്ങനെതന്നെ എഫ്രയീമ്യരൊക്കെയും ഒരുമിച്ചുകൂടി ബേത്ത്-ബാരാവരെയുള്ള വെള്ളവും യോർദ്ദാനും കൈവശമാക്കി. ഓരേബ്, സേബ് എന്ന രണ്ടു മിദ്യാന്യപ്രഭുക്കന്മാരെ അവർ പിടിച്ചു, ഓരേബിനെ ഓരേബ് പാറമേലും സേബിനെ സേബ് മുന്തിരിച്ചക്കിനരികെയുംവച്ചു കൊന്നിട്ടു മിദ്യാന്യരെ പിന്തുടർന്നു, ഓരേബിന്റെയും സേബിന്റെയും തല യോർദ്ദാനക്കരെ ഗിദെയോന്റെ അടുക്കൽ കൊണ്ടുവന്നു.