യെഹെസ്കേൽ 17:1-10
യെഹെസ്കേൽ 17:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: മനുഷ്യപുത്രാ, നീ യിസ്രായേൽഗൃഹത്തോട് ഒരു കടങ്കഥ പറഞ്ഞ് ഒരു ഉപമ പ്രസ്താവിക്കേണ്ടത്; യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: വലിയ ചിറകും നീണ്ട തൂവലും ഉള്ളതും പലനിറമായ പപ്പു നിറഞ്ഞതുമായ ഒരു വലിയ കഴുകൻ ലെബാനോനിൽ വന്ന് ഒരു ദേവദാരുവിന്റെ ശിഖരം എടുത്തു. അവൻ അതിന്റെ ഇളഞ്ചില്ലികളുടെ അറ്റം മുറിച്ച് കച്ചവടമുള്ളൊരു ദേശത്തു കൊണ്ടുചെന്നു, കച്ചവടക്കാരുടെ പട്ടണത്തിൽ നട്ടു. അവൻ ദേശത്തിലെ തൈകളിൽ ഒന്ന് എടുത്ത് ഒരു വിളനിലത്തു നട്ടു; അവൻ അതിനെ വളരെ വെള്ളത്തിനരികെ കൊണ്ടുചെന്ന് അലരിവൃക്ഷംപോലെ നട്ടു. അതു വളർന്ന്, പൊക്കം കുറഞ്ഞു പടരുന്ന മുന്തിരിവള്ളിയായിത്തീർന്നു; അതിന്റെ വള്ളി അവങ്കലേക്കു തിരിയേണ്ടതും അതിന്റെ വേർ അവനു കീഴ്പെടേണ്ടതും ആയിരുന്നു; ഇങ്ങനെ അതു മുന്തിരിവള്ളിയായി കൊമ്പുകളെ പുറപ്പെടുവിക്കയും ചില്ലികളെ നീട്ടുകയും ചെയ്തു. എന്നാൽ വലിയ ചിറകും വളരെ പപ്പും ഉള്ള മറ്റൊരു വലിയ കഴുകൻ ഉണ്ടായിരുന്നു; അവൻ അതു നനയ്ക്കേണ്ടതിന് ആ മുന്തിരിവള്ളി തന്റെ തടത്തിൽനിന്നു വേരുകളെ അവങ്കലേക്കു തിരിച്ച് കൊമ്പുകളെ അവങ്കലേക്കു നീട്ടി. കൊമ്പുകളെ പുറപ്പെടുവിച്ചു ഫലം കായിപ്പാനും നല്ല മുന്തിരിവള്ളിയായിത്തീരുവാനും തക്കവണ്ണം അതിനെ വളരെ വെള്ളത്തിനരികെ നല്ല നിലത്തു നട്ടിരുന്നു. ഇതു സാധിക്കുമോ? അതു വാടിപ്പോകത്തക്കവണ്ണം, അതിന്റെ തളിർത്ത ഇലകളൊക്കെയും വാടിപ്പോകത്തക്കവണ്ണം തന്നെ, അവൻ അതിന്റെ വേരുകളെ മാന്തുകയും കായ് പറിച്ചുകളകയും ചെയ്കയില്ലയോ? അതിനെ വേരോടെ പിഴുതുകളയേണ്ടതിന് വലിയ ബലമോ വളരെ ജനമോ ആവശ്യമില്ല. അതു നട്ടിരിക്കുന്നു സത്യം; അതു തഴയ്ക്കുമോ? കിഴക്കൻകാറ്റു തട്ടുമ്പോൾ അതു തീരെ വാടിപ്പോകയില്ലയോ? വളർന്ന തടത്തിൽ തന്നെ അത് ഉണങ്ങിപ്പോകും എന്നു യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു എന്നു നീ പറക.
യെഹെസ്കേൽ 17:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, ഇസ്രായേൽജനത്തോട് ഒരു കടങ്കഥ പറയുക. ഒരു ദൃഷ്ടാന്തകഥ അറിയിക്കുക. സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു എന്നു പറയുക. വലിയ ചിറകും നിറപ്പകിട്ടുള്ള ധാരാളം നീണ്ട തൂവലുകളുമുള്ള ഒരു വലിയ കഴുകൻ ലെബാനോനിൽ വന്ന് ഒരു ദേവദാരുവിന്റെ തലപ്പു കൊത്തിയെടുത്തു. അവൻ ഇളംചില്ലകളുടെ അഗ്രം നുള്ളിക്കളഞ്ഞശേഷം, അതു വ്യാപാരികളുടെ നഗരത്തിൽ കൊണ്ടുവന്നു നട്ടു. പിന്നീട് ആ ദേശത്തുള്ള ഒരു ഇളംതൈയെടുത്ത് അവിടത്തെ വളക്കൂറുള്ള മണ്ണിൽ ധാരാളം വെള്ളമുള്ള ജലാശയത്തിനരികിൽ അലരിത്തൈ നടുന്നതുപോലെ നട്ടു. അതു മുളച്ച് പൊക്കമില്ലാത്ത ഒരു മുന്തിരിച്ചെടിയായി പടർന്നു. അതിന്റെ ചില്ലകൾ ആ കഴുകന്റെ നേർക്കു നീണ്ടുവന്നു. അതിന്റെ വേര് താണിറങ്ങി. ആ മുന്തിരിവള്ളി വളർന്നു ശാഖകളും ചില്ലകളും നീട്ടി. വലിയ ചിറകുകളും ധാരാളം തൂവലുകളും ഉള്ള മറ്റൊരു വലിയ കഴുകൻ ഉണ്ടായിരുന്നു. അവൻ തന്നെ നനയ്‍ക്കുമെന്നു കരുതി മുന്തിരിച്ചെടി അതിന്റെ ശാഖകൾ കഴുകന്റെ നേരേ നീട്ടുകയും അതിന്റെ തടത്തിൽ നിന്നു വേരുകൾ അവന്റെ നേർക്കു തിരിച്ചുവിടുകയും ചെയ്തു. ചില്ലകൾ നീട്ടി സമൃദ്ധമായി ഫലം നല്‌കുന്ന ഒരു നല്ല മുന്തിരിച്ചെടിയായിത്തീരാൻവേണ്ടിയാണ് അതിനെ ധാരാളം വെള്ളമുള്ള ജലാശയത്തിനരികെ ഫലപുഷ്‍ടിയുള്ള മണ്ണിൽ നട്ടത്. സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നതായി പറയുക! അതു പച്ചപിടിക്കുമോ? ആദ്യത്തെ കഴുകൻ അതിന്റെ വേരുകൾ പറിച്ചെടുക്കുകയും കായ്കൾ പറിച്ചുകളയുകയും ചെയ്യുകയില്ലേ? അതിന്റെ തളിരിലകൾ കരിഞ്ഞു പോവുകയില്ലേ? അതിനെ വേരോടെ പിഴുതുകളയാൻ വലിയ ശക്തിയോ വളരെ ആളുകളോ ആവശ്യമില്ലല്ലോ. അതു പറിച്ചുനട്ടാൽ തഴച്ചുവളരുമോ? കിഴക്കൻ കാറ്റ് അടിക്കുമ്പോൾ അതു നിശ്ശേഷം കരിഞ്ഞു പോവുകയില്ലേ? അതു വളരുന്ന തടത്തിൽത്തന്നെ നിന്നു വാടിപ്പോവുകയില്ലേ?
യെഹെസ്കേൽ 17:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: “മനുഷ്യപുത്രാ, നീ യിസ്രായേൽ ഗൃഹത്തോട് ഒരു കടങ്കഥ പറഞ്ഞ് ഒരു ഉപമ പ്രസ്താവിക്കേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: വലിയ ചിറകും നീണ്ടതും പലനിറത്തിലുമുള്ള തൂവലുകൾ നിറഞ്ഞതുമായ ഒരു വലിയ കഴുകൻ ലെബനോനിൽ വന്ന് ഒരു ദേവദാരുവിന്റെ ശിഖരം എടുത്തു. അവൻ അതിന്റെ ഇളഞ്ചില്ലികളുടെ അറ്റം മുറിച്ച് വാണിജ്യപ്രാധാന്യമുള്ള ദേശത്ത് കൊണ്ടുചെന്ന്, കച്ചവടക്കാരുടെ പട്ടണത്തിൽ നട്ടു. “അവൻ ദേശത്തെ തൈകളിൽ ഒന്നെടുത്ത് ഒരു വിളനിലത്തു നട്ടു; അവൻ അത് ധാരാളം വെള്ളമുള്ള സ്ഥലത്ത് കൊണ്ടുചെന്ന് അലരിവൃക്ഷംപോലെ നട്ടു. അത് വളർന്ന്, പൊക്കം കുറഞ്ഞ് പടരുന്ന മുന്തിരിവള്ളിയായിത്തീർന്നു; അതിന്റെ വള്ളി അവന്‍റെനേരെ തിരിഞ്ഞിരുന്നു; അതിന്‍റെ വേരുകൾ താഴോട്ട് ആയിരുന്നു; ഇങ്ങനെ അത് മുന്തിരിവള്ളിയായി കൊമ്പുകളെ പുറപ്പെടുവിക്കുകയും ചില്ലികളെ നീട്ടുകയും ചെയ്തു. “എന്നാൽ വലിയ ചിറകും വളരെ തൂവലും ഉള്ള മറ്റൊരു വലിയ കഴുകൻ ഉണ്ടായിരുന്നു; അവൻ അത് നനയ്ക്കേണ്ടതിന് ആ മുന്തിരിവള്ളി തന്‍റെ തടത്തിൽനിന്ന് വേരുകളെ അവന്‍റെനേരെ തിരിച്ച് കൊമ്പുകളെ അവന്‍റെനേരെ നീട്ടി. കൊമ്പുകളെ പുറപ്പെടുവിച്ച്, ഫലം കായിക്കുവാനും നല്ല മുന്തിരിവള്ളി ആയിത്തീരുവാനും തക്കവിധം അതിനെ ധാരാളം വെള്ളത്തിനരികിൽ നല്ലനിലത്ത് നട്ടിരുന്നു. “ഇതു സാദ്ധ്യമാകുമോ? അത് വാടിപ്പോകത്തക്കവണ്ണം, അതിന്റെ തളിർത്ത ഇലകളൊക്കെയും വാടിപ്പോകത്തക്കവണ്ണം തന്നെ, അവൻ അതിന്റെ വേരുകൾ മാന്തുകയും കായ്കൾ പറിച്ചുകളയുകയും ചെയ്യുകയില്ലയോ? അതിനെ വേരോടെ പിഴുതുകളയേണ്ടതിന് വലിയ ബലമോ വളരെ ജനമോ ആവശ്യമില്ല. അത് നട്ടിരിക്കുന്നു സത്യം; അത് തഴയ്ക്കുമോ? കിഴക്കൻകാറ്റു തട്ടുമ്പോൾ അത് വേഗം വാടിപ്പോകുകയില്ലയോ? വളർന്ന തടത്തിൽ തന്നെ അത് ഉണങ്ങിപ്പോകും എന്നു യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു എന്നു നീ പറയുക.”
യെഹെസ്കേൽ 17:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: മനുഷ്യപുത്രാ, നീ യിസ്രായേൽഗൃഹത്തോടു ഒരു കടങ്കഥ പറഞ്ഞു ഒരു ഉപമ പ്രസ്താവിക്കേണ്ടതു; യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: വലിയ ചിറകും നീണ്ട തൂവലും ഉള്ളതും പലനിറമായ പപ്പു നിറഞ്ഞതുമായ ഒരു വലിയ കഴുകൻ ലെബനോനിൽ വന്നു ഒരു ദേവദാരുവിന്റെ ശിഖരം എടുത്തു. അവൻ അതിന്റെ ഇളഞ്ചില്ലികളുടെ അറ്റം മുറിച്ചു കച്ചവടമുള്ളോരു ദേശത്തു കൊണ്ടുചെന്നു, കച്ചവടക്കാരുടെ പട്ടണത്തിൽ നട്ടു. അവൻ ദേശത്തിലെ തൈകളിൽ ഒന്നു എടുത്തു ഒരു വിളനിലത്തു നട്ടു; അവൻ അതിനെ വളരെ വെള്ളത്തിന്നരികെ കൊണ്ടുചെന്നു അലരിവൃക്ഷംപോലെ നട്ടു. അതു വളർന്നു, പൊക്കം കുറഞ്ഞു പടരുന്ന മുന്തിരിവള്ളിയായിത്തീർന്നു; അതിന്റെ വള്ളി അവങ്കലേക്കു തിരിയേണ്ടതും അതിന്റെ വേർ അവന്നു കിഴ്പെടേണ്ടതും ആയിരുന്നു; ഇങ്ങനെ അതു മുന്തിരിവള്ളിയായി കൊമ്പുകളെ പുറപ്പെടുവിക്കയും ചില്ലികളെ നീട്ടുകയും ചെയ്തു. എന്നാൽ വലിയ ചിറകും വളരെ പപ്പും ഉള്ള മറ്റൊരു വലിയ കഴുകൻ ഉണ്ടായിരുന്നു; അവൻ അതു നനെക്കേണ്ടതിന്നു ആ മുന്തിരിവള്ളി തന്റെ തടത്തിൽനിന്നു വേരുകളെ അവങ്കലേക്കു തിരിച്ചു കൊമ്പുകളെ അവങ്കലേക്കു നീട്ടി. കൊമ്പുകളെ പുറപ്പെടുവിച്ചു ഫലം കായിപ്പാനും നല്ലമുന്തിരിവള്ളി ആയിത്തീരുവാനും തക്കവണ്ണം അതിനെ വളരെ വെള്ളത്തിന്നരികെ നല്ലനിലത്തു നട്ടിരുന്നു. ഇതു സാധിക്കുമോ? അതു വാടിപ്പോകത്തക്കവണ്ണം, അതിന്റെ തളിർത്ത ഇലകളൊക്കെയും വാടിപ്പോകത്തക്കവണ്ണം തന്നേ, അവൻ അതിന്റെ വേരുകളെ മാന്തുകയും കായി പറിച്ചുകളകയും ചെയ്കില്ലയോ? അതിനെ വേരോടെ പിഴുതുകളയേണ്ടതിന്നു വലിയ ബലമോ വളരെ ജനമോ ആവശ്യമില്ല. അതു നട്ടിരിക്കുന്നു സത്യം; അതു തഴെക്കുമോ? കിഴക്കൻ കാറ്റു തട്ടുമ്പോൾ അതു തീരെ വാടിപ്പോകയില്ലയോ? വളർന്ന തടത്തിൽ തന്നേ അതു ഉണങ്ങിപ്പോകും എന്നു യഹോവയായ കർത്താവു അരുളിച്ചെയ്യുന്നു എന്നു നീ പറക.
യെഹെസ്കേൽ 17:1-10 സമകാലിക മലയാളവിവർത്തനം (MCV)
യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത്: “മനുഷ്യപുത്രാ, ഒരു കടങ്കഥ അവതരിപ്പിച്ച് ഒരു സാദൃശ്യകഥയായി ഇസ്രായേൽജനത്തോടു പറയുക. ഈ സന്ദേശം അവരെ അറിയിക്കുക, ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ശക്തമായ ചിറകുകളും നീണ്ട തൂവലുകളും പല നിറമുള്ള സമൃദ്ധമായ പപ്പുമുള്ള ഒരു വലിയ കഴുകൻ ലെബാനോനിൽ വന്ന് ഒരു ദേവദാരുവൃക്ഷത്തിന്റെ അഗ്രഭാഗം ഒടിച്ചെടുത്തുകൊണ്ടുപോയി; അവൻ അതിന്റെ ഇളംചില്ലകളുടെ അഗ്രഭാഗംതന്നെ മുറിച്ചു വാണിജ്യ പ്രധാനമായ ഒരു ദേശത്തു കൊണ്ടുവന്ന് കച്ചവടക്കാരുടെ ഒരു നഗരത്തിൽ അതിനെ നട്ടു. “ ‘അവൻ ആ ദേശത്തെ ഒരു വിത്ത് എടുത്ത് ഫലപുഷ്ടിയുള്ള മണ്ണിൽ സമൃദ്ധമായ ജലാശയത്തിനരികെ അലരിവൃക്ഷംപോലെ നട്ടു. അതു മുളച്ച് പൊക്കമില്ലാതെ പടരുന്ന ഒരു മുന്തിരിവള്ളിയായി. അതിന്റെ ശാഖകൾ അവന്റെനേരേ നീണ്ടു, എന്നാൽ വേരുകൾ അതിന്റെ അടിയിലായിരുന്നു. അങ്ങനെ അതൊരു മുന്തിരിവള്ളിച്ചെടിയായി; ചില്ലകൾ പുറപ്പെടുവിക്കയും ഇലനിറഞ്ഞ ശാഖകൾ നീട്ടുകയും ചെയ്തു. “ ‘എന്നാൽ വലിയ ചിറകും ധാരാളം പപ്പുമുള്ള മറ്റൊരു കഴുകൻ ഉണ്ടായിരുന്നു. ഈ മുന്തിരിച്ചെടി നട്ടിരുന്ന തടത്തിൽനിന്ന് വേരുകൾ അവന്റെ അടുത്തേക്കു തിരിച്ചു വെള്ളത്തിനായി ശാഖകൾ അവന്റെനേരേ നീട്ടി. ശാഖകൾ വീശി ഫലം കായ്ക്കുന്നതിനും ഒരു വിശിഷ്ട മുന്തിരിവള്ളി ആയിത്തീരുന്നതിനുംവേണ്ടി സമൃദ്ധമായ ജലാശയത്തിനരികെ നല്ല മണ്ണിലാണ് അതിനെ നട്ടിരുന്നത്.’ “അവരോടു പറയുക, ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു. അതു വളരുമോ? അതു വാടിപ്പോകത്തക്കവണ്ണം അവൻ അതിന്റെ വേരുകൾ പിഴുതെടുക്കുകയും കായ്കൾ പറിച്ചുകളകയും ചെയ്യുകയില്ലേ? അതിന്റെ തളിർത്ത ഇലകളെല്ലാം വാടിപ്പോകുകയില്ലേ? അതിന്റെ വേരുകൾ പിഴുതെടുക്കേണ്ടതിന് വലിയ ബലമോ വളരെ ആളുകളോ ആവശ്യമില്ലല്ലോ. ഇതാ, അതിനെ നട്ടിരിക്കുകയാണെങ്കിൽത്തന്നെയും ഇനിയും അതു തഴയ്ക്കുമോ? കിഴക്കൻകാറ്റ് അതിന്മേൽ അടിക്കുമ്പോൾ വേഗത്തിൽ, അതുവളർന്നുവന്ന തടത്തിൽവെച്ചുതന്നെ വാടിപ്പോകുകയില്ലേ?’ ”