യെഹെസ്കേൽ 17:1-10

യെഹെസ്കേൽ 17:1-10 വേദപുസ്തകം

യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: മനുഷ്യപുത്രാ, നീ യിസ്രായേൽഗൃഹത്തോടു ഒരു കടങ്കഥ പറഞ്ഞു ഒരു ഉപമ പ്രസ്താവിക്കേണ്ടതു; യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: വലിയ ചിറകും നീണ്ട തൂവലും ഉള്ളതും പലനിറമായ പപ്പു നിറഞ്ഞതുമായ ഒരു വലിയ കഴുകൻ ലെബനോനിൽ വന്നു ഒരു ദേവദാരുവിന്റെ ശിഖരം എടുത്തു. അവൻ അതിന്റെ ഇളഞ്ചില്ലികളുടെ അറ്റം മുറിച്ചു കച്ചവടമുള്ളോരു ദേശത്തു കൊണ്ടുചെന്നു, കച്ചവടക്കാരുടെ പട്ടണത്തിൽ നട്ടു. അവൻ ദേശത്തിലെ തൈകളിൽ ഒന്നു എടുത്തു ഒരു വിളനിലത്തു നട്ടു; അവൻ അതിനെ വളരെ വെള്ളത്തിന്നരികെ കൊണ്ടുചെന്നു അലരിവൃക്ഷംപോലെ നട്ടു. അതു വളർന്നു, പൊക്കം കുറഞ്ഞു പടരുന്ന മുന്തിരിവള്ളിയായിത്തീർന്നു; അതിന്റെ വള്ളി അവങ്കലേക്കു തിരിയേണ്ടതും അതിന്റെ വേർ അവന്നു കിഴ്പെടേണ്ടതും ആയിരുന്നു; ഇങ്ങനെ അതു മുന്തിരിവള്ളിയായി കൊമ്പുകളെ പുറപ്പെടുവിക്കയും ചില്ലികളെ നീട്ടുകയും ചെയ്തു. എന്നാൽ വലിയ ചിറകും വളരെ പപ്പും ഉള്ള മറ്റൊരു വലിയ കഴുകൻ ഉണ്ടായിരുന്നു; അവൻ അതു നനെക്കേണ്ടതിന്നു ആ മുന്തിരിവള്ളി തന്റെ തടത്തിൽനിന്നു വേരുകളെ അവങ്കലേക്കു തിരിച്ചു കൊമ്പുകളെ അവങ്കലേക്കു നീട്ടി. കൊമ്പുകളെ പുറപ്പെടുവിച്ചു ഫലം കായിപ്പാനും നല്ലമുന്തിരിവള്ളി ആയിത്തീരുവാനും തക്കവണ്ണം അതിനെ വളരെ വെള്ളത്തിന്നരികെ നല്ലനിലത്തു നട്ടിരുന്നു. ഇതു സാധിക്കുമോ? അതു വാടിപ്പോകത്തക്കവണ്ണം, അതിന്റെ തളിർത്ത ഇലകളൊക്കെയും വാടിപ്പോകത്തക്കവണ്ണം തന്നേ, അവൻ അതിന്റെ വേരുകളെ മാന്തുകയും കായി പറിച്ചുകളകയും ചെയ്കില്ലയോ? അതിനെ വേരോടെ പിഴുതുകളയേണ്ടതിന്നു വലിയ ബലമോ വളരെ ജനമോ ആവശ്യമില്ല. അതു നട്ടിരിക്കുന്നു സത്യം; അതു തഴെക്കുമോ? കിഴക്കൻ കാറ്റു തട്ടുമ്പോൾ അതു തീരെ വാടിപ്പോകയില്ലയോ? വളർന്ന തടത്തിൽ തന്നേ അതു ഉണങ്ങിപ്പോകും എന്നു യഹോവയായ കർത്താവു അരുളിച്ചെയ്യുന്നു എന്നു നീ പറക.