യെഹെസ്കേൽ 17:1-10

യെഹെസ്കേൽ 17:1-10 MCV

യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത്: “മനുഷ്യപുത്രാ, ഒരു കടങ്കഥ അവതരിപ്പിച്ച് ഒരു സാദൃശ്യകഥയായി ഇസ്രായേൽജനത്തോടു പറയുക. ഈ സന്ദേശം അവരെ അറിയിക്കുക, ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ശക്തമായ ചിറകുകളും നീണ്ട തൂവലുകളും പല നിറമുള്ള സമൃദ്ധമായ പപ്പുമുള്ള ഒരു വലിയ കഴുകൻ ലെബാനോനിൽ വന്ന് ഒരു ദേവദാരുവൃക്ഷത്തിന്റെ അഗ്രഭാഗം ഒടിച്ചെടുത്തുകൊണ്ടുപോയി; അവൻ അതിന്റെ ഇളംചില്ലകളുടെ അഗ്രഭാഗംതന്നെ മുറിച്ചു വാണിജ്യ പ്രധാനമായ ഒരു ദേശത്തു കൊണ്ടുവന്ന് കച്ചവടക്കാരുടെ ഒരു നഗരത്തിൽ അതിനെ നട്ടു. “ ‘അവൻ ആ ദേശത്തെ ഒരു വിത്ത് എടുത്ത് ഫലപുഷ്ടിയുള്ള മണ്ണിൽ സമൃദ്ധമായ ജലാശയത്തിനരികെ അലരിവൃക്ഷംപോലെ നട്ടു. അതു മുളച്ച് പൊക്കമില്ലാതെ പടരുന്ന ഒരു മുന്തിരിവള്ളിയായി. അതിന്റെ ശാഖകൾ അവന്റെനേരേ നീണ്ടു, എന്നാൽ വേരുകൾ അതിന്റെ അടിയിലായിരുന്നു. അങ്ങനെ അതൊരു മുന്തിരിവള്ളിച്ചെടിയായി; ചില്ലകൾ പുറപ്പെടുവിക്കയും ഇലനിറഞ്ഞ ശാഖകൾ നീട്ടുകയും ചെയ്തു. “ ‘എന്നാൽ വലിയ ചിറകും ധാരാളം പപ്പുമുള്ള മറ്റൊരു കഴുകൻ ഉണ്ടായിരുന്നു. ഈ മുന്തിരിച്ചെടി നട്ടിരുന്ന തടത്തിൽനിന്ന് വേരുകൾ അവന്റെ അടുത്തേക്കു തിരിച്ചു വെള്ളത്തിനായി ശാഖകൾ അവന്റെനേരേ നീട്ടി. ശാഖകൾ വീശി ഫലം കായ്ക്കുന്നതിനും ഒരു വിശിഷ്ട മുന്തിരിവള്ളി ആയിത്തീരുന്നതിനുംവേണ്ടി സമൃദ്ധമായ ജലാശയത്തിനരികെ നല്ല മണ്ണിലാണ് അതിനെ നട്ടിരുന്നത്.’ “അവരോടു പറയുക, ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു. അതു വളരുമോ? അതു വാടിപ്പോകത്തക്കവണ്ണം അവൻ അതിന്റെ വേരുകൾ പിഴുതെടുക്കുകയും കായ്കൾ പറിച്ചുകളകയും ചെയ്യുകയില്ലേ? അതിന്റെ തളിർത്ത ഇലകളെല്ലാം വാടിപ്പോകുകയില്ലേ? അതിന്റെ വേരുകൾ പിഴുതെടുക്കേണ്ടതിന് വലിയ ബലമോ വളരെ ആളുകളോ ആവശ്യമില്ലല്ലോ. ഇതാ, അതിനെ നട്ടിരിക്കുകയാണെങ്കിൽത്തന്നെയും ഇനിയും അതു തഴയ്ക്കുമോ? കിഴക്കൻകാറ്റ് അതിന്മേൽ അടിക്കുമ്പോൾ വേഗത്തിൽ, അതുവളർന്നുവന്ന തടത്തിൽവെച്ചുതന്നെ വാടിപ്പോകുകയില്ലേ?’ ”