EZEKIELA 17:1-10

EZEKIELA 17:1-10 MALCLBSI

സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: “മനുഷ്യപുത്രാ, ഇസ്രായേൽജനത്തോട് ഒരു കടങ്കഥ പറയുക. ഒരു ദൃഷ്ടാന്തകഥ അറിയിക്കുക. സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു എന്നു പറയുക. വലിയ ചിറകും നിറപ്പകിട്ടുള്ള ധാരാളം നീണ്ട തൂവലുകളുമുള്ള ഒരു വലിയ കഴുകൻ ലെബാനോനിൽ വന്ന് ഒരു ദേവദാരുവിന്റെ തലപ്പു കൊത്തിയെടുത്തു. അവൻ ഇളംചില്ലകളുടെ അഗ്രം നുള്ളിക്കളഞ്ഞശേഷം, അതു വ്യാപാരികളുടെ നഗരത്തിൽ കൊണ്ടുവന്നു നട്ടു. പിന്നീട് ആ ദേശത്തുള്ള ഒരു ഇളംതൈയെടുത്ത് അവിടത്തെ വളക്കൂറുള്ള മണ്ണിൽ ധാരാളം വെള്ളമുള്ള ജലാശയത്തിനരികിൽ അലരിത്തൈ നടുന്നതുപോലെ നട്ടു. അതു മുളച്ച് പൊക്കമില്ലാത്ത ഒരു മുന്തിരിച്ചെടിയായി പടർന്നു. അതിന്റെ ചില്ലകൾ ആ കഴുകന്റെ നേർക്കു നീണ്ടുവന്നു. അതിന്റെ വേര് താണിറങ്ങി. ആ മുന്തിരിവള്ളി വളർന്നു ശാഖകളും ചില്ലകളും നീട്ടി. വലിയ ചിറകുകളും ധാരാളം തൂവലുകളും ഉള്ള മറ്റൊരു വലിയ കഴുകൻ ഉണ്ടായിരുന്നു. അവൻ തന്നെ നനയ്‍ക്കുമെന്നു കരുതി മുന്തിരിച്ചെടി അതിന്റെ ശാഖകൾ കഴുകന്റെ നേരേ നീട്ടുകയും അതിന്റെ തടത്തിൽ നിന്നു വേരുകൾ അവന്റെ നേർക്കു തിരിച്ചുവിടുകയും ചെയ്തു. ചില്ലകൾ നീട്ടി സമൃദ്ധമായി ഫലം നല്‌കുന്ന ഒരു നല്ല മുന്തിരിച്ചെടിയായിത്തീരാൻവേണ്ടിയാണ് അതിനെ ധാരാളം വെള്ളമുള്ള ജലാശയത്തിനരികെ ഫലപുഷ്‍ടിയുള്ള മണ്ണിൽ നട്ടത്. സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നതായി പറയുക! അതു പച്ചപിടിക്കുമോ? ആദ്യത്തെ കഴുകൻ അതിന്റെ വേരുകൾ പറിച്ചെടുക്കുകയും കായ്കൾ പറിച്ചുകളയുകയും ചെയ്യുകയില്ലേ? അതിന്റെ തളിരിലകൾ കരിഞ്ഞു പോവുകയില്ലേ? അതിനെ വേരോടെ പിഴുതുകളയാൻ വലിയ ശക്തിയോ വളരെ ആളുകളോ ആവശ്യമില്ലല്ലോ. അതു പറിച്ചുനട്ടാൽ തഴച്ചുവളരുമോ? കിഴക്കൻ കാറ്റ് അടിക്കുമ്പോൾ അതു നിശ്ശേഷം കരിഞ്ഞു പോവുകയില്ലേ? അതു വളരുന്ന തടത്തിൽത്തന്നെ നിന്നു വാടിപ്പോവുകയില്ലേ?

EZEKIELA 17 വായിക്കുക