പുറപ്പാട് 15:19-27

പുറപ്പാട് 15:19-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ ഫറവോന്റെ കുതിര അവന്റെ രഥവും കുതിരപ്പടയുമായി കടലിന്റെ നടുവിൽ ഇറങ്ങിച്ചെന്നപ്പോൾ യഹോവ കടലിലെ വെള്ളം അവരുടെമേൽ മടക്കിവരുത്തി; യിസ്രായേൽമക്കളോ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോന്നു. അഹരോന്റെ സഹോദരി മിര്യാം എന്ന പ്രവാചകി കൈയിൽ തപ്പെടുത്തു, സ്ത്രീകൾ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടുംകൂടെ അവളുടെ പിന്നാലെ ചെന്നു. മിര്യാം അവരോടു പ്രതിഗാനമായി ചൊല്ലിയതു: യഹോവയ്ക്കു പാട്ടുപാടുവിൻ, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു. അനന്തരം മോശെ യിസ്രായേലിനെ ചെങ്കടലിൽനിന്നു പ്രയാണം ചെയ്യിച്ചു; അവർ ശൂർമരുഭൂമിയിൽ ചെന്നു, മൂന്നു ദിവസം മരുഭൂമിയിൽ വെള്ളം കിട്ടാതെ സഞ്ചരിച്ചു. മാറായിൽ എത്തിയാറെ, മാറായിലെ വെള്ളം കുടിപ്പാൻ അവർക്കു കഴിഞ്ഞില്ല; അതു കയ്പുള്ളതായിരുന്നു. അതുകൊണ്ട് അതിനു മാറാ എന്നു പേരിട്ടു. അപ്പോൾ ജനം: ഞങ്ങൾ എന്തു കുടിക്കും എന്നു പറഞ്ഞു മോശെയുടെ നേരേ പിറുപിറുത്തു. അവൻ യഹോവയോട് അപേക്ഷിച്ചു; യഹോവ അവന് ഒരു വൃക്ഷം കാണിച്ചുകൊടുത്തു. അവൻ അതു വെള്ളത്തിൽ ഇട്ടപ്പോൾ വെള്ളം മധുരമായിത്തീർന്നു. അവിടെവച്ച് അവൻ അവർക്ക് ഒരു ചട്ടവും പ്രമാണവും നിയമിച്ചു; അവിടെവച്ച് അവൻ അവരെ പരീക്ഷിച്ചു: നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ട് അവനു പ്രസാദമുള്ളതു ചെയ്കയും അവന്റെ കല്പനകളെ അനുസരിച്ച് അവന്റെ സകല വിധികളും പ്രമാണിക്കയും ചെയ്താൽ ഞാൻ മിസ്രയീമ്യർക്കു വരുത്തിയ വ്യാധികളിൽ ഒന്നും നിനക്കു വരുത്തുകയില്ല; ഞാൻ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു എന്ന് അരുളിച്ചെയ്തു. പിന്നെ അവർ ഏലീമിൽ എത്തി; അവിടെ പന്ത്രണ്ടു നീരുറവും എഴുപത് ഈത്തപ്പനയും ഉണ്ടായിരുന്നു; അവർ അവിടെ വെള്ളത്തിനരികെ പാളയമിറങ്ങി.

പുറപ്പാട് 15:19-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഫറവോയുടെ കുതിരകളും രഥങ്ങളും കുതിരപ്പടയും കടലിന്റെ നടുവിലെത്തിയപ്പോൾ സർവേശ്വരൻ സമുദ്രജലത്തെ മടക്കിവരുത്തി, അത് അവരെ മൂടി. എന്നാൽ ഇസ്രായേൽജനം കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി. അപ്പോൾ അഹരോന്റെ സഹോദരിയായ മിര്യാം എന്ന പ്രവാചകി തപ്പ് എടുത്തു; സ്‍ത്രീകളെല്ലാം തപ്പുകൊട്ടി നൃത്തം ചെയ്ത് അവളെ അനുഗമിച്ചു. മിര്യാം അവർക്ക് പാടിക്കൊടുത്തു: “സർവേശ്വരനു സ്തുതിപാടുവിൻ; അവിടുന്ന് മഹത്ത്വപൂർവം വിജയിച്ചിരിക്കുന്നു; അശ്വങ്ങളെയും അശ്വാരൂഢരെയും അവിടുന്ന് ആഴിയിൽ എറിഞ്ഞല്ലോ.” മോശ ഇസ്രായേൽജനത്തെ ചെങ്കടലിൽനിന്നു മുമ്പോട്ടു നയിച്ചു; അവർ ശൂർമരുഭൂമിയിലെത്തി; മൂന്നു ദിവസം യാത്രചെയ്തിട്ടും അവർ എങ്ങും വെള്ളം കണ്ടെത്തിയില്ല; ഒടുവിൽ ഒരിടത്ത് അവർ വെള്ളം കണ്ടു. അത് കുടിക്കാനാവാത്തവിധം കയ്പുള്ളതായിരുന്നു. ആ സ്ഥലത്തിന് മാറാ എന്ന പേരു ലഭിച്ചു. “ഞങ്ങൾ എന്തു കുടിക്കും” എന്നു പറഞ്ഞു ജനം മോശയ്‍ക്കെതിരെ പിറുപിറുത്തു. മോശ സർവേശ്വരനോടപേക്ഷിച്ചു; അവിടുന്ന് ഒരു മരം കാണിച്ചുകൊടുത്തു. മോശ അത് ആ വെള്ളത്തിലിട്ടപ്പോൾ അതു മധുരജലമായിത്തീർന്നു. അവിടെവച്ച് സർവേശ്വരൻ ജനത്തിന് നിയമം നല്‌കി; അവിടുന്ന് അവരെ പരീക്ഷിച്ചു. അവരോടു പറഞ്ഞു: “നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ വാക്കു ശ്രദ്ധയോടെ കേട്ട് അവിടുത്തെ ഹിതം പ്രവർത്തിക്കുകയും അവിടുത്തെ നിയമം അനുസരിക്കുകയും ചെയ്താൽ ഈജിപ്തുകാർക്കു വരുത്തിയ വ്യാധികളൊന്നും നിങ്ങളുടെമേൽ വരുത്തുകയില്ല; ഞാൻ നിങ്ങൾക്ക് സൗഖ്യം നല്‌കുന്ന സർവേശ്വരൻ ആകുന്നു. പിന്നെ അവർ ഏലീമിൽ എത്തി; അവിടെ പന്ത്രണ്ട് നീരുറവുകളും എഴുപത് ഈന്തപ്പനകളും ഉണ്ടായിരുന്നു; നീരുറവുകൾക്കരികെ അവർ പാളയമടിച്ചു.

പുറപ്പാട് 15:19-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എന്നാൽ ഫറവോന്‍റെ കുതിരകൾ അവന്‍റെ രഥവും കുതിരപ്പടയുമായി കടലിന്‍റെ നടുവിൽ ഇറങ്ങിച്ചെന്നപ്പോൾ യഹോവ കടലിലെ വെള്ളം അവരുടെ മേൽ മടക്കിവരുത്തി; യിസ്രായേൽമക്കളോ കടലിന്‍റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോന്നു. അഹരോന്‍റെ സഹോദരി മിര്യാം എന്ന പ്രവാചകി കയ്യിൽ തപ്പ് എടുത്തു; സ്ത്രീകൾ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടും കൂടെ അവളുടെ പിന്നാലെ ചെന്നു. മിര്യാം അവരോടു പ്രതിഗാനമായി ചൊല്ലിയത്: “യഹോവയ്ക്ക് പാട്ടുപാടുവിൻ, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു.” അതിനുശേഷം മോശെ യിസ്രായേലിനെ ചെങ്കടലിൽനിന്ന് മുമ്പോട്ട് നയിച്ചു; അവർ ശൂർമരുഭൂമിയിൽ ചെന്നു, മൂന്നുദിവസം മരുഭൂമിയിൽ വെള്ളം കിട്ടാതെ സഞ്ചരിച്ചു. മാറയിൽ എത്തിയപ്പോൾ, മാറയിലെ വെള്ളം കുടിക്കുവാൻ അവർക്ക് കഴിഞ്ഞില്ല; അത് കയ്പുപ്പുള്ളതായിരുന്നു. അതുകൊണ്ട് അതിന് മാറാ എന്നു പേരിട്ടു. അപ്പോൾ ജനം: “ഞങ്ങൾ എന്ത് കുടിക്കും?” എന്നു പറഞ്ഞ് മോശെയുടെ നേരെ പിറുപിറുത്തു. അവൻ യഹോവയോട് അപേക്ഷിച്ചു; യഹോവ അവനു ഒരു വൃക്ഷം കാണിച്ചുകൊടുത്തു. അവൻ അത് വെള്ളത്തിൽ ഇട്ടപ്പോൾ വെള്ളം മധുരമായി തീർന്നു. അവിടെവച്ച് അവൻ അവർക്ക് ഒരു ചട്ടവും പ്രമാണവും നിയമിച്ചു; അവിടെവച്ച് അവൻ അവരെ പരീക്ഷിച്ചു: “നിന്‍റെ ദൈവമായ യഹോവയുടെ വാക്ക് നീ ശ്രദ്ധയോടെ കേട്ടു അവനു പ്രസാദമുള്ളതു ചെയ്യുകയും അവന്‍റെ കല്പനകൾ അനുസരിച്ച് അവന്‍റെ സകലവിധികളും പ്രമാണിക്കുകയും ചെയ്താൽ ഞാൻ മിസ്രയീമ്യർക്കു വരുത്തിയ വ്യാധികളിൽ ഒന്നും നിനക്കു വരുത്തുകയില്ല; ഞാൻ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു” എന്നു അരുളിച്ചെയ്തു. പിന്നെ അവർ ഏലീമിൽ എത്തി; അവിടെ പന്ത്രണ്ട് നീരുറവും എഴുപത് ഈത്തപ്പനയും ഉണ്ടായിരുന്നു; അവർ അവിടെ വെള്ളത്തിനരികെ പാളയമിറങ്ങി.

പുറപ്പാട് 15:19-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ ഫറവോന്റെ കുതിര അവന്റെ രഥവും കുതിരപ്പടയുമായി കടലിന്റെ നടുവിൽ ഇറങ്ങിച്ചെന്നപ്പോൾ യഹോവ കടലിലെ വെള്ളം അവരുടെ മേൽ മടക്കി വരുത്തി; യിസ്രായേൽമക്കളോ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോന്നു. അഹരോന്റെ സഹോദരി മിര്യാം എന്ന പ്രവാചകി കയ്യിൽ തപ്പു എടുത്തു, സ്ത്രീകൾ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടും കൂടെ അവളുടെ പിന്നാലെ ചെന്നു. മിര്യാം അവരോടും പ്രതിഗാനമായി ചൊല്ലിയതു: യഹോവെക്കു പാട്ടുപാടുവിൻ, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു. അനന്തരം മോശെ യിസ്രായേലിനെ ചെങ്കടലിൽനിന്നു പ്രയാണം ചെയ്യിച്ചു; അവർ ശൂർമരുഭൂമിയിൽ ചെന്നു, മൂന്നു ദിവസം മരുഭൂമിയിൽ വെള്ളം കിട്ടാതെ സഞ്ചരിച്ചു. മാറയിൽ എത്തിയാറെ, മാറയിലെ വെള്ളം കുടിപ്പാൻ അവർക്കു കഴിഞ്ഞില്ല; അതു കൈപ്പുള്ളതായിരുന്നു. അതുകൊണ്ടു അതിന്നു മാറാ എന്നു പേരിട്ടു. അപ്പോൾ ജനം: ഞങ്ങൾ എന്തു കുടിക്കും എന്നു പറഞ്ഞു മോശെയുടെ നേരെ പിറുപിറുത്തു. അവൻ യഹോവയോടു അപേക്ഷിച്ചു; യഹോവ അവന്നു ഒരു വൃക്ഷം കാണിച്ചുകൊടുത്തു. അവൻ അതു വെള്ളത്തിൽ ഇട്ടപ്പോൾ വെള്ളം മധുരമായി തീർന്നു. അവിടെവെച്ചു അവൻ അവർക്കു ഒരു ചട്ടവും പ്രമാണവും നിയമിച്ചു; അവിടെവെച്ചു അവൻ അവരെ പരീക്ഷിച്ചു: നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു അവന്നു പ്രസാദമുള്ളതു ചെയ്കയും അവന്റെ കല്പനകളെ അനുസരിച്ചു അവന്റെ സകലവിധികളും പ്രമാണിക്കയും ചെയ്താൽ ഞാൻ മിസ്രയീമ്യർക്കു വരുത്തിയ വ്യാധികളിൽ ഒന്നും നിനക്കു വരുത്തുകയില്ല; ഞാൻ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു എന്നു അരുളിച്ചെയ്തു. പിന്നെ അവർ ഏലീമിൽ എത്തി; അവിടെ പന്ത്രണ്ടു നീരുറവും എഴുപതു ഈത്തപ്പനയും ഉണ്ടായിരുന്നു; അവർ അവിടെ വെള്ളത്തിന്നരികെ പാളയമിറങ്ങി.

പുറപ്പാട് 15:19-27 സമകാലിക മലയാളവിവർത്തനം (MCV)

ഫറവോന്റെ കുതിരകളും രഥങ്ങളും കുതിരക്കാരും കടലിന്റെ ഉള്ളിലേക്കു കടന്നപ്പോൾ യഹോവ വെള്ളം തിരികെ അവർക്കുമീതേ വരുത്തി; ഇസ്രായേല്യരോ, കടലിൽ ഉണങ്ങിയ നിലത്തുകൂടി നടന്നു. അപ്പോൾ പ്രവാചികയും അഹരോന്റെ സഹോദരിയുമായ മിര്യാം കൈയിൽ ഒരു തപ്പെടുത്തു; സ്ത്രീകൾ എല്ലാവരും തപ്പുകളെടുത്തും നൃത്തംചെയ്തും അവളെ അനുഗമിച്ചു. മിര്യാം അവർക്കു പാടിക്കൊടുത്തു: “യഹോവയ്ക്കു പാടുക, അവിടന്ന് പരമോന്നതനല്ലോ. അശ്വത്തെയും അശ്വാരൂഢനെയും അവിടന്ന് ആഴിയിൽ ചുഴറ്റിയെറിഞ്ഞു.” ഇതിനുശേഷം മോശ ഇസ്രായേലിനെ ചെങ്കടലിൽനിന്ന് മുമ്പോട്ടുകൊണ്ടുപോയി. അവർ ശൂർ മരുഭൂമിയിൽ എത്തി. വെള്ളം കണ്ടെത്താതെ അവർ മൂന്നുദിവസം മരുഭൂമിയിൽ സഞ്ചരിച്ചു. അവർ മാറായിൽ എത്തി, മാറായിലെ വെള്ളം കയ്‌പുള്ളതായിരുന്നതിനാൽ അവർക്ക് അതു കുടിക്കാൻ കഴിഞ്ഞില്ല. (അതുകൊണ്ടാണ് ആ സ്ഥലത്തിനു മാറാ എന്നു പറയുന്നത്.) “ഞങ്ങൾ ഇനി എന്തു കുടിക്കും?” എന്നു പറഞ്ഞുകൊണ്ട് ജനം മോശയ്ക്കു വിരോധമായി പിറുപിറുത്തു. അപ്പോൾ മോശ യഹോവയോടു നിലവിളിച്ചു. യഹോവ അദ്ദേഹത്തിന് ഒരു വൃക്ഷശിഖരം കാണിച്ചുകൊടുത്തു. മോശ അതു വെള്ളത്തിൽ ഇട്ടു; വെള്ളം മധുരമുള്ളതായി. അവിടെവെച്ച് യഹോവ അവർക്കായി ഒരു കൽപ്പനയും നിയമവും ഉണ്ടാക്കി; അവിടെ യഹോവ അവരെ പരീക്ഷിച്ചു. അവിടന്ന് അരുളിച്ചെയ്തു: “നിങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം നിങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും അവിടത്തെ ദൃഷ്ടിയിൽ യോഗ്യമായതു പ്രവർത്തിക്കുകയും ചെയ്യുമെങ്കിൽ, അവിടത്തെ കൽപ്പനകൾ ശ്രദ്ധിക്കുകയും സകല ഉത്തരവുകളും പാലിക്കുകയും ചെയ്യുമെങ്കിൽ, ഈജിപ്റ്റുകാരുടെമേൽ ഞാൻ വരുത്തിയ വ്യാധികളിൽ ഒന്നുപോലും നിങ്ങളുടെമേൽ വരുത്തുകയില്ല; ഞാൻ നിങ്ങളെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു.” പിന്നെ അവർ ഏലീമിൽ എത്തി. അവിടെ പന്ത്രണ്ടു നീരുറവകളും എഴുപത് ഈന്തപ്പനകളും ഉണ്ടായിരുന്നു; അവർ അവിടെ വെള്ളത്തിനരികെ പാളയമടിച്ചു.