EXODUS 15:19-27

EXODUS 15:19-27 MALCLBSI

ഫറവോയുടെ കുതിരകളും രഥങ്ങളും കുതിരപ്പടയും കടലിന്റെ നടുവിലെത്തിയപ്പോൾ സർവേശ്വരൻ സമുദ്രജലത്തെ മടക്കിവരുത്തി, അത് അവരെ മൂടി. എന്നാൽ ഇസ്രായേൽജനം കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി. അപ്പോൾ അഹരോന്റെ സഹോദരിയായ മിര്യാം എന്ന പ്രവാചകി തപ്പ് എടുത്തു; സ്‍ത്രീകളെല്ലാം തപ്പുകൊട്ടി നൃത്തം ചെയ്ത് അവളെ അനുഗമിച്ചു. മിര്യാം അവർക്ക് പാടിക്കൊടുത്തു: “സർവേശ്വരനു സ്തുതിപാടുവിൻ; അവിടുന്ന് മഹത്ത്വപൂർവം വിജയിച്ചിരിക്കുന്നു; അശ്വങ്ങളെയും അശ്വാരൂഢരെയും അവിടുന്ന് ആഴിയിൽ എറിഞ്ഞല്ലോ.” മോശ ഇസ്രായേൽജനത്തെ ചെങ്കടലിൽനിന്നു മുമ്പോട്ടു നയിച്ചു; അവർ ശൂർമരുഭൂമിയിലെത്തി; മൂന്നു ദിവസം യാത്രചെയ്തിട്ടും അവർ എങ്ങും വെള്ളം കണ്ടെത്തിയില്ല; ഒടുവിൽ ഒരിടത്ത് അവർ വെള്ളം കണ്ടു. അത് കുടിക്കാനാവാത്തവിധം കയ്പുള്ളതായിരുന്നു. ആ സ്ഥലത്തിന് മാറാ എന്ന പേരു ലഭിച്ചു. “ഞങ്ങൾ എന്തു കുടിക്കും” എന്നു പറഞ്ഞു ജനം മോശയ്‍ക്കെതിരെ പിറുപിറുത്തു. മോശ സർവേശ്വരനോടപേക്ഷിച്ചു; അവിടുന്ന് ഒരു മരം കാണിച്ചുകൊടുത്തു. മോശ അത് ആ വെള്ളത്തിലിട്ടപ്പോൾ അതു മധുരജലമായിത്തീർന്നു. അവിടെവച്ച് സർവേശ്വരൻ ജനത്തിന് നിയമം നല്‌കി; അവിടുന്ന് അവരെ പരീക്ഷിച്ചു. അവരോടു പറഞ്ഞു: “നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ വാക്കു ശ്രദ്ധയോടെ കേട്ട് അവിടുത്തെ ഹിതം പ്രവർത്തിക്കുകയും അവിടുത്തെ നിയമം അനുസരിക്കുകയും ചെയ്താൽ ഈജിപ്തുകാർക്കു വരുത്തിയ വ്യാധികളൊന്നും നിങ്ങളുടെമേൽ വരുത്തുകയില്ല; ഞാൻ നിങ്ങൾക്ക് സൗഖ്യം നല്‌കുന്ന സർവേശ്വരൻ ആകുന്നു. പിന്നെ അവർ ഏലീമിൽ എത്തി; അവിടെ പന്ത്രണ്ട് നീരുറവുകളും എഴുപത് ഈന്തപ്പനകളും ഉണ്ടായിരുന്നു; നീരുറവുകൾക്കരികെ അവർ പാളയമടിച്ചു.

EXODUS 15 വായിക്കുക

EXODUS 15:19-27 - നുള്ള വീഡിയോ