ഫറവോന്റെ കുതിരകളും രഥങ്ങളും കുതിരക്കാരും കടലിന്റെ ഉള്ളിലേക്കു കടന്നപ്പോൾ യഹോവ വെള്ളം തിരികെ അവർക്കുമീതേ വരുത്തി; ഇസ്രായേല്യരോ, കടലിൽ ഉണങ്ങിയ നിലത്തുകൂടി നടന്നു. അപ്പോൾ പ്രവാചികയും അഹരോന്റെ സഹോദരിയുമായ മിര്യാം കൈയിൽ ഒരു തപ്പെടുത്തു; സ്ത്രീകൾ എല്ലാവരും തപ്പുകളെടുത്തും നൃത്തംചെയ്തും അവളെ അനുഗമിച്ചു. മിര്യാം അവർക്കു പാടിക്കൊടുത്തു: “യഹോവയ്ക്കു പാടുക, അവിടന്ന് പരമോന്നതനല്ലോ. അശ്വത്തെയും അശ്വാരൂഢനെയും അവിടന്ന് ആഴിയിൽ ചുഴറ്റിയെറിഞ്ഞു.” ഇതിനുശേഷം മോശ ഇസ്രായേലിനെ ചെങ്കടലിൽനിന്ന് മുമ്പോട്ടുകൊണ്ടുപോയി. അവർ ശൂർ മരുഭൂമിയിൽ എത്തി. വെള്ളം കണ്ടെത്താതെ അവർ മൂന്നുദിവസം മരുഭൂമിയിൽ സഞ്ചരിച്ചു. അവർ മാറായിൽ എത്തി, മാറായിലെ വെള്ളം കയ്‌പുള്ളതായിരുന്നതിനാൽ അവർക്ക് അതു കുടിക്കാൻ കഴിഞ്ഞില്ല. (അതുകൊണ്ടാണ് ആ സ്ഥലത്തിനു മാറാ എന്നു പറയുന്നത്.) “ഞങ്ങൾ ഇനി എന്തു കുടിക്കും?” എന്നു പറഞ്ഞുകൊണ്ട് ജനം മോശയ്ക്കു വിരോധമായി പിറുപിറുത്തു. അപ്പോൾ മോശ യഹോവയോടു നിലവിളിച്ചു. യഹോവ അദ്ദേഹത്തിന് ഒരു വൃക്ഷശിഖരം കാണിച്ചുകൊടുത്തു. മോശ അതു വെള്ളത്തിൽ ഇട്ടു; വെള്ളം മധുരമുള്ളതായി. അവിടെവെച്ച് യഹോവ അവർക്കായി ഒരു കൽപ്പനയും നിയമവും ഉണ്ടാക്കി; അവിടെ യഹോവ അവരെ പരീക്ഷിച്ചു. അവിടന്ന് അരുളിച്ചെയ്തു: “നിങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം നിങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും അവിടത്തെ ദൃഷ്ടിയിൽ യോഗ്യമായതു പ്രവർത്തിക്കുകയും ചെയ്യുമെങ്കിൽ, അവിടത്തെ കൽപ്പനകൾ ശ്രദ്ധിക്കുകയും സകല ഉത്തരവുകളും പാലിക്കുകയും ചെയ്യുമെങ്കിൽ, ഈജിപ്റ്റുകാരുടെമേൽ ഞാൻ വരുത്തിയ വ്യാധികളിൽ ഒന്നുപോലും നിങ്ങളുടെമേൽ വരുത്തുകയില്ല; ഞാൻ നിങ്ങളെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു.” പിന്നെ അവർ ഏലീമിൽ എത്തി. അവിടെ പന്ത്രണ്ടു നീരുറവകളും എഴുപത് ഈന്തപ്പനകളും ഉണ്ടായിരുന്നു; അവർ അവിടെ വെള്ളത്തിനരികെ പാളയമടിച്ചു.
പുറപ്പാട് 15 വായിക്കുക
കേൾക്കുക പുറപ്പാട് 15
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: പുറപ്പാട് 15:19-27
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ