സഭാപ്രസംഗി 7:19-29 - Compare All Versions

സഭാപ്രസംഗി 7:19-29 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ഒരു പട്ടണത്തിൽ പത്തു ബലശാലികൾ ഉള്ളതിനെക്കാൾ ജ്ഞാനം ജ്ഞാനിക്ക് അധികം ബലം. പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയിൽ ഇല്ല. പറഞ്ഞുകേൾക്കുന്ന സകല വാക്കിനും നീ ശ്രദ്ധകൊടുക്കരുത്; നിന്റെ ദാസൻ നിന്നെ ശപിക്കുന്നതു നീ കേൾക്കാതിരിക്കേണ്ടതിനു തന്നെ. നീയും പല പ്രാവശ്യം മറ്റുള്ളവരെ ശപിച്ച പ്രകാരം നിനക്കു മനോബോധമുണ്ടല്ലോ. ഇതൊക്കെയും ഞാൻ ജ്ഞാനംകൊണ്ടു പരീക്ഷിച്ചുനോക്കി; ഞാൻ ജ്ഞാനം സമ്പാദിക്കുമെന്നു ഞാൻ പറഞ്ഞു; എന്നാൽ അത് എനിക്കു ദൂരമായിരുന്നു. ഉള്ളതു ദൂരവും അത്യഗാധവും ആയിരിക്കുന്നു; അതു കണ്ടെത്തുവാൻ ആർക്കു കഴിയും? ഞാൻ തിരിഞ്ഞ്, അറിവാനും പരിശോധിപ്പാനും ജ്ഞാനവും യുക്തിയും അന്വേഷിപ്പാനും ദുഷ്ടത ഭോഷത്തമെന്നും മൂഢത ഭ്രാന്ത് എന്നും ഗ്രഹിപ്പാനും മനസ്സുവച്ചു. മരണത്തെക്കാൾ കയ്പായിരിക്കുന്ന ഒരു കാര്യം ഞാൻ കണ്ടു: ഹൃദയത്തിൽ കെണികളും വലകളും കൈയിൽ പാശങ്ങളും ഉള്ള സ്ത്രീയെ തന്നെ; ദൈവത്തിനു പ്രസാദമുള്ളവൻ അവളെ ഒഴിഞ്ഞു രക്ഷപെടും; പാപിയോ അവളാൽ പിടിപെടും. കാര്യം അറിയേണ്ടതിന് ഒന്നോടൊന്നു ചേർത്തു പരിശോധിച്ചു നോക്കീട്ട് ഞാൻ ഇതാകുന്നു കണ്ടത് എന്നു സഭാപ്രസംഗി പറയുന്നു: ഞാൻ താൽപര്യമായി അന്വേഷിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും കണ്ടുകിട്ടാത്തത്: ആയിരംപേരിൽ ഒരു പുരുഷനെ ഞാൻ കണ്ടെത്തി എങ്കിലും ഇത്രയും പേരിൽ ഒരു സ്ത്രീയെ കണ്ടെത്തിയില്ല എന്നതത്രേ. ഒരു കാര്യം മാത്രം ഞാൻ കണ്ടിരിക്കുന്നു: ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്‍ടിച്ചു; അവരോ അനേകം സൂത്രങ്ങളെ അന്വേഷിച്ചുവരുന്നു.

പങ്ക് വെക്കു
സഭാപ്രസംഗി 7 MALOVBSI

സഭാപ്രസംഗി 7:19-29 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

പത്തു ഭരണാധിപന്മാർക്കുള്ളതിനെക്കാൾ അധികം ശക്തി ജ്ഞാനം ജ്ഞാനിക്കു നല്‌കുന്നു. ഒരിക്കലും പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമുഖത്തില്ല; തീർച്ച. മനുഷ്യർ പറയുന്നതിനെല്ലാം ചെവികൊടുക്കരുത്; അങ്ങനെ ചെയ്താൽ ദാസന്റെ ശാപവാക്കു നിനക്കു കേൾക്കേണ്ടിവരും. നീതന്നെ എത്രവട്ടം മറ്റുള്ളവരെ ശപിച്ചിട്ടുള്ളതു നിനക്ക് അറിയാം. ഇവയെല്ലാം ജ്ഞാനംകൊണ്ടു ഞാൻ പരിശോധിച്ചുനോക്കി. ഞാൻ ജ്ഞാനിയായിരിക്കുമെന്നു സ്വയം പറഞ്ഞു. എന്നാൽ ജ്ഞാനം എന്നിൽനിന്ന് അകലെയായിരുന്നു. അതു വിദൂരസ്ഥം, അഗാധം, അത്യഗാധം; എല്ലാവർക്കും അപ്രാപ്യം. ജ്ഞാനത്തെ അറിയാനും തേടിപ്പിടിക്കാനും കാര്യങ്ങളുടെ പൊരുൾ ഗ്രഹിക്കാനും ഭോഷത്തത്തിലെ ദുഷ്ടതയും മൂഢത എന്ന ഭ്രാന്തും തിരിച്ചറിയാനും ഞാൻ പരിശ്രമിച്ചു. മരണത്തെക്കാൾ ഭയാനകയായ സ്‍ത്രീയെ ഞാൻ കണ്ടു; അവളുടെ ഹൃദയം കെണികളും വലകളും ഒരുക്കിവയ്‍ക്കുന്നു. അവളുടെ കൈകൾ ചങ്ങലയാണ്. ദൈവത്തെ പ്രസാദിപ്പിക്കുന്നവൻ അവളിൽനിന്നു രക്ഷപെടും. പാപിയാകട്ടെ അവളുടെ പിടിയിൽ അമരും. പ്രബോധകൻ പറയുന്നു: “ഞാൻ കണ്ടെത്തിയത് ഇതാണ്-ഒന്നോടൊന്നുകൂട്ടി ആകെത്തുക കാണാൻ ഞാൻ പരിശ്രമിച്ചു. ഞാൻ വീണ്ടും വീണ്ടും പരിശ്രമിച്ചു-പക്ഷേ, ഒന്നും കണ്ടുകിട്ടിയില്ല. ആയിരം പേരിൽ ഒരുവനെ ഞാൻ പുരുഷനായി കണ്ടു; എന്നാൽ ഒരുവളെയും സ്‍ത്രീയായി കണ്ടില്ല. ഞാൻ കണ്ടെത്തിയത് ഇതുമാത്രം: ദൈവം മനുഷ്യനെ പരമാർഥഹൃദയത്തോടെ സൃഷ്‍ടിച്ചു. അവനാകട്ടെ ദുരുപായങ്ങൾ മെനയുന്നു.

പങ്ക് വെക്കു
സഭാപ്രസംഗി 7 MALCLBSI

സഭാപ്രസംഗി 7:19-29 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

പട്ടണത്തിലെ പത്തു ബലശാലികളേക്കാൾ ജ്ഞാനം ജ്ഞാനിയെ അധികം ബലവാനാക്കും. പാപം ചെയ്യാതെ നന്മമാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയിൽ ഇല്ല. പറഞ്ഞുകേൾക്കുന്ന സകലവാക്കിനും നീ ശ്രദ്ധകൊടുക്കരുത്; നിന്‍റെ ദാസൻ നിന്നെ ശപിക്കുന്നതു നീ കേൾക്കാതിരിക്കേണ്ടതിനു തന്നെ. നീയും പല പ്രാവശ്യം മറ്റുള്ളവരെ ശപിച്ച കാര്യത്തെപ്പറ്റി നിനക്കു മനോബോധമുണ്ടല്ലോ. ഇതൊക്കെയും ഞാൻ ജ്ഞാനംകൊണ്ട് പരീക്ഷിച്ചു; “ഞാൻ ജ്ഞാനം സമ്പാദിക്കും” എന്നു ഞാൻ പറഞ്ഞു; എന്നാൽ അത് എനിക്ക് അതിദൂരമായിരുന്നു. ഈ കാര്യം വിദൂരവും അത്യഗാധവും ആയിരിക്കുന്നു; അത് കണ്ടെത്തുവാൻ ആർക്ക് കഴിയും? ഞാൻ എല്ലാം അറിയുവാനും പരിശോധിക്കുവാനും തുനിഞ്ഞു. ജ്ഞാനവും യുക്തിയും അന്വേഷിക്കുവാനും ദുഷ്ടത ഭോഷത്തമെന്നും മൂഢത ഭ്രാന്തെന്നും ഗ്രഹിക്കുവാനും മനസ്സുവച്ചു. മരണത്തെക്കാൾ കൈപ്പായിരിക്കുന്ന ഒരു കാര്യം ഞാൻ കണ്ടു: ഹൃദയത്തിൽ കെണികളും വലകളും കയ്യിൽ പാശങ്ങളും ഉള്ള സ്ത്രീ തന്നെ; ദൈവത്തിനു പ്രസാദമുള്ളവൻ അവളെ ഒഴിഞ്ഞു രക്ഷപ്പെടും; എന്നാൽ പാപി അവളാൽ പിടിക്കപ്പെടും. “കാര്യം അറിയേണ്ടതിന് ഒന്നോടൊന്നു ചേർത്തു പരിശോധിച്ചു നോക്കി ഞാൻ ഇതാകുന്നു കണ്ടത്” എന്നു സഭാപ്രസംഗി പറയുന്നു: “ഞാൻ താത്പര്യമായി അന്വേഷിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും കണ്ടുകിട്ടാത്തത്: ആയിരംപേരിൽ ഒരു പുരുഷനെ ഞാൻ കണ്ടെത്തി എങ്കിലും ഇത്രയും പേരിൽ ഒരു സ്ത്രീയെ കണ്ടെത്തിയില്ല എന്നത് തന്നെ. ഒരു കാര്യം മാത്രം സത്യമായി ഞാൻ കണ്ടിരിക്കുന്നു: ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്ടിച്ചു; അവരോ അനേകം സൂത്രങ്ങൾ അന്വേഷിച്ചു വരുന്നു.“

പങ്ക് വെക്കു
സഭാപ്രസംഗി 7 IRVMAL

സഭാപ്രസംഗി 7:19-29 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ഒരു പട്ടണത്തിൽ പത്തു ബലശാലികൾ ഉള്ളതിനെക്കാൾ ജ്ഞാനം ജ്ഞാനിക്കു അധികം ബലം. പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയിൽ ഇല്ല. പറഞ്ഞുകേൾക്കുന്ന സകലവാക്കിന്നും നീ ശ്രദ്ധകൊടുക്കരുതു; നിന്റെ ദാസൻ നിന്നെ ശപിക്കുന്നതു നീ കേൾക്കാതിരിക്കേണ്ടതിന്നു തന്നേ. നീയും പല പ്രാവശ്യം മറ്റുള്ളവരെ ശപിച്ചപ്രകാരം നിനക്കു മനോബോധമുണ്ടല്ലോ. ഇതൊക്കെയും ഞാൻ ജ്ഞാനംകൊണ്ടു പരീക്ഷിച്ചുനോക്കി; ഞാൻ ജ്ഞാനം സമ്പാദിക്കുമെന്നു ഞാൻ പറഞ്ഞു; എന്നാൽ അതു എനിക്കു ദൂരമായിരുന്നു. ഉള്ളതു ദൂരവും അത്യഗാധവും ആയിരിക്കുന്നു; അതു കണ്ടെത്തുവാൻ ആർക്കു കഴിയും? ഞാൻ തിരിഞ്ഞു, അറിവാനും പരിശോധിപ്പാനും ജ്ഞാനവും യുക്തിയും അന്വേഷിപ്പാനും ദുഷ്ടത ഭോഷത്വമെന്നും മൂഢത ഭ്രാന്തു എന്നും ഗ്രഹിപ്പാനും മനസ്സുവെച്ചു. മരണത്തെക്കാൾ കൈപ്പായിരിക്കുന്ന ഒരു കാര്യം ഞാൻ കണ്ടു: ഹൃദയത്തിൽ കണികളും വലകളും കയ്യിൽ പാശങ്ങളും ഉള്ള സ്ത്രീയെ തന്നേ; ദൈവത്തിന്നു പ്രസാദമുള്ളവൻ അവളെ ഒഴിഞ്ഞു രക്ഷപ്പെടും; പാപിയോ അവളാൽ പിടിപെടും. കാര്യം അറിയേണ്ടതിന്നു ഒന്നോടൊന്നു ചേർത്തു പരിശോധിച്ചുനോക്കീട്ടു ഞാൻ ഇതാകുന്നു കണ്ടതു എന്നു സഭാപ്രസംഗി പറയുന്നു: ഞാൻ താല്പര്യമായി അന്വേഷിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും കണ്ടുകിട്ടാത്തതു: ആയിരംപേരിൽ ഒരു പുരുഷനെ ഞാൻ കണ്ടെത്തി എങ്കിലും ഇത്രയും പേരിൽ ഒരു സ്ത്രീയെ കണ്ടെത്തിയില്ല എന്നതത്രേ. ഒരു കാര്യം മാത്രം ഞാൻ കണ്ടിരിക്കുന്നു: ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്ടിച്ചു; അവരോ അനേകം സൂത്രങ്ങളെ അന്വേഷിച്ചു വരുന്നു.

സഭാപ്രസംഗി 7:19-29 MCV (സമകാലിക മലയാളവിവർത്തനം)

ഒരു നഗരത്തിലെ പത്തു ഭരണകർത്താക്കളെക്കാൾ ജ്ഞാനം ജ്ഞാനിയെ അധികം ശക്തനാക്കുന്നു. ശരിമാത്രം ചെയ്യുകയും ഒരിക്കലും പാപം ചെയ്യാതിരിക്കുകയും ചെയ്യുന്ന നീതിനിഷ്ഠരായ ആരുംതന്നെ ഭൂമിയിലില്ല. മനുഷ്യർ പറയുന്ന സകലവാക്കുകൾക്കും ചെവികൊടുക്കരുത്, അല്ലെങ്കിൽ നിന്റെ സേവകർ നിന്നെ ശപിക്കുന്നതു നീ കേൾക്കും. നീ തന്നെ അനേകപ്രാവശ്യം മറ്റുള്ളവരെ ശപിച്ചിട്ടുള്ളത് നിന്റെ ഹൃദയത്തിൽ അറിയുന്നല്ലോ. ഇവയെല്ലാം ജ്ഞാനത്താൽ പരീക്ഷിച്ചിട്ടുള്ള ഞാൻ പറഞ്ഞു, “ജ്ഞാനിയായിരിക്കാൻ ഞാൻ ഉറച്ചു”— എന്നാൽ ഇതെനിക്ക് അതീതമായിരുന്നു; അതിവിദൂരവും അത്യഗാധവും ആയിരുന്നു— അതു കണ്ടെത്താൻ ആർക്കു കഴിയും? അതുകൊണ്ട് ഞാൻ എന്റെ മനസ്സിനെ ജ്ഞാനം അറിയുന്നതിനും പരിശോധിക്കുന്നതിനും അന്വേഷിക്കുന്നതിനും അതോടൊപ്പം ദുഷ്ടതയുടെ ഭോഷത്തവും മൂഢതയുടെ മതിഭ്രമവും മനസ്സിലാക്കുന്നതിനും തിരിച്ചുവിട്ടു. മരണത്തെക്കാൾ കയ്‌പായി ഞാൻ കണ്ട ഒന്നുണ്ട്; കെണിയായിരിക്കുന്ന ഒരു സ്ത്രീയെത്തന്നെ, അവളുടെ ഹൃദയം ഒരു കുരുക്കാണ്; കൈകൾ ചങ്ങലയുമാണ്. ദൈവത്തെ പ്രസാദിപ്പിക്കുന്ന പുരുഷൻ അവളിൽനിന്ന് രക്ഷപ്പെടുന്നു, എന്നാൽ പാപിയെ അവൾ കെണിയിൽ വീഴ്ത്തും. “നോക്കൂ, ഇവയൊക്കെയാണ് എന്റെ കണ്ടെത്തലുകൾ,” സഭാപ്രസംഗി പറയുന്നു: ഞാൻ കണ്ടെത്തിയ വസ്തുതകൾ ഒന്നിനൊന്നോട് തുലനംചെയ്ത് വിലയിരുത്തി— “എന്റെ നിരീക്ഷണങ്ങൾ തുടർന്നുകൊണ്ടേയിരുന്നു, എന്നാൽ ഞാൻ അന്വേഷിച്ചത് എനിക്ക് കണ്ടെത്താൻ കഴിഞ്ഞതേയില്ല— ആയിരംപേരിൽ നീതിനിഷ്ഠനായ ഒരേയൊരു പുരുഷനെയാണ് ഞാൻ കണ്ടെത്തിയത്, എന്നാൽ അത്രയുംപേരിൽ അങ്ങനെ ഒരു സ്ത്രീപോലും ഇല്ലായിരുന്നു. ഈ ഒരു കാര്യംമാത്രം ഞാൻ കണ്ടെത്തി: ദൈവം മനുഷ്യരെ നീതിബോധമുള്ളവരായി സൃഷ്ടിച്ചു, എന്നാൽ മനുഷ്യർ അനേകം അധാർമികതന്ത്രങ്ങൾ തേടിപ്പോയി.”

പങ്ക് വെക്കു
സഭാപ്രസംഗി 7 MCV