സഭാ. 7:19-29

സഭാ. 7:19-29 IRVMAL

പട്ടണത്തിലെ പത്തു ബലശാലികളേക്കാൾ ജ്ഞാനം ജ്ഞാനിയെ അധികം ബലവാനാക്കും. പാപം ചെയ്യാതെ നന്മമാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയിൽ ഇല്ല. പറഞ്ഞുകേൾക്കുന്ന സകലവാക്കിനും നീ ശ്രദ്ധകൊടുക്കരുത്; നിന്‍റെ ദാസൻ നിന്നെ ശപിക്കുന്നതു നീ കേൾക്കാതിരിക്കേണ്ടതിനു തന്നെ. നീയും പല പ്രാവശ്യം മറ്റുള്ളവരെ ശപിച്ച കാര്യത്തെപ്പറ്റി നിനക്കു മനോബോധമുണ്ടല്ലോ. ഇതൊക്കെയും ഞാൻ ജ്ഞാനംകൊണ്ട് പരീക്ഷിച്ചു; “ഞാൻ ജ്ഞാനം സമ്പാദിക്കും” എന്നു ഞാൻ പറഞ്ഞു; എന്നാൽ അത് എനിക്ക് അതിദൂരമായിരുന്നു. ഈ കാര്യം വിദൂരവും അത്യഗാധവും ആയിരിക്കുന്നു; അത് കണ്ടെത്തുവാൻ ആർക്ക് കഴിയും? ഞാൻ എല്ലാം അറിയുവാനും പരിശോധിക്കുവാനും തുനിഞ്ഞു. ജ്ഞാനവും യുക്തിയും അന്വേഷിക്കുവാനും ദുഷ്ടത ഭോഷത്തമെന്നും മൂഢത ഭ്രാന്തെന്നും ഗ്രഹിക്കുവാനും മനസ്സുവച്ചു. മരണത്തെക്കാൾ കൈപ്പായിരിക്കുന്ന ഒരു കാര്യം ഞാൻ കണ്ടു: ഹൃദയത്തിൽ കെണികളും വലകളും കയ്യിൽ പാശങ്ങളും ഉള്ള സ്ത്രീ തന്നെ; ദൈവത്തിനു പ്രസാദമുള്ളവൻ അവളെ ഒഴിഞ്ഞു രക്ഷപ്പെടും; എന്നാൽ പാപി അവളാൽ പിടിക്കപ്പെടും. “കാര്യം അറിയേണ്ടതിന് ഒന്നോടൊന്നു ചേർത്തു പരിശോധിച്ചു നോക്കി ഞാൻ ഇതാകുന്നു കണ്ടത്” എന്നു സഭാപ്രസംഗി പറയുന്നു: “ഞാൻ താത്പര്യമായി അന്വേഷിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും കണ്ടുകിട്ടാത്തത്: ആയിരംപേരിൽ ഒരു പുരുഷനെ ഞാൻ കണ്ടെത്തി എങ്കിലും ഇത്രയും പേരിൽ ഒരു സ്ത്രീയെ കണ്ടെത്തിയില്ല എന്നത് തന്നെ. ഒരു കാര്യം മാത്രം സത്യമായി ഞാൻ കണ്ടിരിക്കുന്നു: ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്ടിച്ചു; അവരോ അനേകം സൂത്രങ്ങൾ അന്വേഷിച്ചു വരുന്നു.“