THUHRILTU 7:19-29
THUHRILTU 7:19-29 MALCLBSI
പത്തു ഭരണാധിപന്മാർക്കുള്ളതിനെക്കാൾ അധികം ശക്തി ജ്ഞാനം ജ്ഞാനിക്കു നല്‌കുന്നു. ഒരിക്കലും പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമുഖത്തില്ല; തീർച്ച. മനുഷ്യർ പറയുന്നതിനെല്ലാം ചെവികൊടുക്കരുത്; അങ്ങനെ ചെയ്താൽ ദാസന്റെ ശാപവാക്കു നിനക്കു കേൾക്കേണ്ടിവരും. നീതന്നെ എത്രവട്ടം മറ്റുള്ളവരെ ശപിച്ചിട്ടുള്ളതു നിനക്ക് അറിയാം. ഇവയെല്ലാം ജ്ഞാനംകൊണ്ടു ഞാൻ പരിശോധിച്ചുനോക്കി. ഞാൻ ജ്ഞാനിയായിരിക്കുമെന്നു സ്വയം പറഞ്ഞു. എന്നാൽ ജ്ഞാനം എന്നിൽനിന്ന് അകലെയായിരുന്നു. അതു വിദൂരസ്ഥം, അഗാധം, അത്യഗാധം; എല്ലാവർക്കും അപ്രാപ്യം. ജ്ഞാനത്തെ അറിയാനും തേടിപ്പിടിക്കാനും കാര്യങ്ങളുടെ പൊരുൾ ഗ്രഹിക്കാനും ഭോഷത്തത്തിലെ ദുഷ്ടതയും മൂഢത എന്ന ഭ്രാന്തും തിരിച്ചറിയാനും ഞാൻ പരിശ്രമിച്ചു. മരണത്തെക്കാൾ ഭയാനകയായ സ്‍ത്രീയെ ഞാൻ കണ്ടു; അവളുടെ ഹൃദയം കെണികളും വലകളും ഒരുക്കിവയ്‍ക്കുന്നു. അവളുടെ കൈകൾ ചങ്ങലയാണ്. ദൈവത്തെ പ്രസാദിപ്പിക്കുന്നവൻ അവളിൽനിന്നു രക്ഷപെടും. പാപിയാകട്ടെ അവളുടെ പിടിയിൽ അമരും. പ്രബോധകൻ പറയുന്നു: “ഞാൻ കണ്ടെത്തിയത് ഇതാണ്-ഒന്നോടൊന്നുകൂട്ടി ആകെത്തുക കാണാൻ ഞാൻ പരിശ്രമിച്ചു. ഞാൻ വീണ്ടും വീണ്ടും പരിശ്രമിച്ചു-പക്ഷേ, ഒന്നും കണ്ടുകിട്ടിയില്ല. ആയിരം പേരിൽ ഒരുവനെ ഞാൻ പുരുഷനായി കണ്ടു; എന്നാൽ ഒരുവളെയും സ്‍ത്രീയായി കണ്ടില്ല. ഞാൻ കണ്ടെത്തിയത് ഇതുമാത്രം: ദൈവം മനുഷ്യനെ പരമാർഥഹൃദയത്തോടെ സൃഷ്‍ടിച്ചു. അവനാകട്ടെ ദുരുപായങ്ങൾ മെനയുന്നു.

