സഭാപ്രസംഗി 7:19-29

സഭാപ്രസംഗി 7:19-29 MCV

ഒരു നഗരത്തിലെ പത്തു ഭരണകർത്താക്കളെക്കാൾ ജ്ഞാനം ജ്ഞാനിയെ അധികം ശക്തനാക്കുന്നു. ശരിമാത്രം ചെയ്യുകയും ഒരിക്കലും പാപം ചെയ്യാതിരിക്കുകയും ചെയ്യുന്ന നീതിനിഷ്ഠരായ ആരുംതന്നെ ഭൂമിയിലില്ല. മനുഷ്യർ പറയുന്ന സകലവാക്കുകൾക്കും ചെവികൊടുക്കരുത്, അല്ലെങ്കിൽ നിന്റെ സേവകർ നിന്നെ ശപിക്കുന്നതു നീ കേൾക്കും. നീ തന്നെ അനേകപ്രാവശ്യം മറ്റുള്ളവരെ ശപിച്ചിട്ടുള്ളത് നിന്റെ ഹൃദയത്തിൽ അറിയുന്നല്ലോ. ഇവയെല്ലാം ജ്ഞാനത്താൽ പരീക്ഷിച്ചിട്ടുള്ള ഞാൻ പറഞ്ഞു, “ജ്ഞാനിയായിരിക്കാൻ ഞാൻ ഉറച്ചു”— എന്നാൽ ഇതെനിക്ക് അതീതമായിരുന്നു; അതിവിദൂരവും അത്യഗാധവും ആയിരുന്നു— അതു കണ്ടെത്താൻ ആർക്കു കഴിയും? അതുകൊണ്ട് ഞാൻ എന്റെ മനസ്സിനെ ജ്ഞാനം അറിയുന്നതിനും പരിശോധിക്കുന്നതിനും അന്വേഷിക്കുന്നതിനും അതോടൊപ്പം ദുഷ്ടതയുടെ ഭോഷത്തവും മൂഢതയുടെ മതിഭ്രമവും മനസ്സിലാക്കുന്നതിനും തിരിച്ചുവിട്ടു. മരണത്തെക്കാൾ കയ്‌പായി ഞാൻ കണ്ട ഒന്നുണ്ട്; കെണിയായിരിക്കുന്ന ഒരു സ്ത്രീയെത്തന്നെ, അവളുടെ ഹൃദയം ഒരു കുരുക്കാണ്; കൈകൾ ചങ്ങലയുമാണ്. ദൈവത്തെ പ്രസാദിപ്പിക്കുന്ന പുരുഷൻ അവളിൽനിന്ന് രക്ഷപ്പെടുന്നു, എന്നാൽ പാപിയെ അവൾ കെണിയിൽ വീഴ്ത്തും. “നോക്കൂ, ഇവയൊക്കെയാണ് എന്റെ കണ്ടെത്തലുകൾ,” സഭാപ്രസംഗി പറയുന്നു: ഞാൻ കണ്ടെത്തിയ വസ്തുതകൾ ഒന്നിനൊന്നോട് തുലനംചെയ്ത് വിലയിരുത്തി— “എന്റെ നിരീക്ഷണങ്ങൾ തുടർന്നുകൊണ്ടേയിരുന്നു, എന്നാൽ ഞാൻ അന്വേഷിച്ചത് എനിക്ക് കണ്ടെത്താൻ കഴിഞ്ഞതേയില്ല— ആയിരംപേരിൽ നീതിനിഷ്ഠനായ ഒരേയൊരു പുരുഷനെയാണ് ഞാൻ കണ്ടെത്തിയത്, എന്നാൽ അത്രയുംപേരിൽ അങ്ങനെ ഒരു സ്ത്രീപോലും ഇല്ലായിരുന്നു. ഈ ഒരു കാര്യംമാത്രം ഞാൻ കണ്ടെത്തി: ദൈവം മനുഷ്യരെ നീതിബോധമുള്ളവരായി സൃഷ്ടിച്ചു, എന്നാൽ മനുഷ്യർ അനേകം അധാർമികതന്ത്രങ്ങൾ തേടിപ്പോയി.”