2 ശമൂവേൽ 16:12-22
2 ശമൂവേൽ 16:12-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പക്ഷേ യഹോവ എന്റെ സങ്കടം നോക്കി ഇന്നത്തെ ഇവന്റെ ശാപത്തിനു പകരം എനിക്ക് അനുഗ്രഹം നല്കും. ഇങ്ങനെ ദാവീദും അവന്റെ ആളുകളും വഴിനടന്നു പോകുമ്പോൾ ശിമെയിയും മലഞ്ചരിവിൽക്കൂടി അടുത്തു നടന്നു; നടന്നുകൊണ്ടു ശപിക്കയും കല്ലും പൂഴിയും വാരി അവനെ എറികയും ചെയ്തു. രാജാവും കൂടെയുള്ള സകല ജനവും ക്ഷീണിച്ചവരായി എത്തി അവിടെ ആശ്വസിച്ചു. എന്നാൽ അബ്ശാലോമും യിസ്രായേല്യരായ ജനമൊക്കെയും അഹീഥോഫെലുമായി യെരൂശലേമിൽ എത്തി. ദാവീദിന്റെ സ്നേഹിതൻ അർഖ്യനായ ഹൂശായി അബ്ശാലോമിന്റെ അടുക്കൽ വന്നിട്ട് അബ്ശാലോമിനോട്: രാജാവേ, ജയ ജയ എന്നു പറഞ്ഞു. അപ്പോൾ അബ്ശാലോം ഹൂശായിയോട്: ഇതാകുന്നുവോ നിന്റെ സ്നേഹിതനോടു നിനക്കുള്ള സ്നേഹം? സ്നേഹിതനോടുകൂടെ പോകാതിരുന്നത് എന്ത് എന്നു ചോദിച്ചു. അതിനു ഹൂശായി അബ്ശാലോമിനോട്: അങ്ങനെയല്ല, യഹോവയും ഈ ജനവും യിസ്രായേല്യരൊക്കെയും ആരെ തിരഞ്ഞെടുക്കുന്നുവോ അവനുള്ളവൻ ആകുന്നു ഞാൻ; അവന്റെ പക്ഷത്തിൽ ഞാൻ ഇരിക്കും. ഞാൻ ആരെ ആകുന്നു സേവിക്കേണ്ടത്? അവന്റെ മകനെ അല്ലയോ? ഞാൻ നിന്റെ അപ്പനെ സേവിച്ചതുപോലെ നിന്നെയും സേവിക്കും എന്നു പറഞ്ഞു. അനന്തരം അബ്ശാലോം അഹീഥോഫെലിനോട്: നാം ചെയ്യേണ്ടത് എന്ത് എന്നു നിങ്ങൾ ആലോചിച്ചു പറവിൻ എന്നു പറഞ്ഞു. അഹീഥോഫെൽ അബ്ശാലോമിനോട്: രാജധാനി സൂക്ഷിപ്പാൻ നിന്റെ അപ്പൻ പാർപ്പിച്ചിട്ടുള്ള അവന്റെ വെപ്പാട്ടികളുടെ അടുക്കൽ നീ ചെല്ലുക; എന്നാൽ നീ നിന്റെ അപ്പനു നിന്നെത്തന്നെ വെറുപ്പാക്കി എന്ന് എല്ലാ യിസ്രായേലും കേൾക്കും; നിന്നോടുകൂടെയുള്ളവരൊക്കെയും ധൈര്യപ്പെടും എന്നു പറഞ്ഞു. അങ്ങനെ അവർ അബ്ശാലോമിനു വെൺമാടത്തിന്മേൽ ഒരു കൂടാരം അടിച്ചു; അവിടെ അബ്ശാലോം എല്ലാ യിസ്രായേലും കാൺകെ തന്റെ അപ്പന്റെ വെപ്പാട്ടികളുടെ അടുക്കൽ ചെന്നു.
2 ശമൂവേൽ 16:12-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഒരുവേള അവിടുന്ന് എന്റെ കഷ്ടത കണ്ട് അവന്റെ ശാപം അനുഗ്രഹമാക്കിയേക്കും.” ദാവീദും കൂടെയുള്ളവരും മുന്നോട്ടു നീങ്ങി. ശിമെയി എതിർവശത്തുള്ള മലഞ്ചരിവിലൂടെ നടന്നു; അവൻ രാജാവിനു നേരെ കല്ലും പൂഴിയും വാരിയെറിഞ്ഞു. രാജാവും കൂടെയുള്ളവരും പരിക്ഷീണരായി യോർദ്ദാനിലെത്തി, അവർ അവിടെ വിശ്രമിച്ചു. അബ്ശാലോമും കൂടെയുള്ള ഇസ്രായേല്യരും യെരൂശലേമിലെത്തി. അഹീഥോഫെലും അയാളുടെ കൂടെ ഉണ്ടായിരുന്നു. ദാവീദിന്റെ സ്നേഹിതനും അർഖ്യനും ആയ ഹൂശായി അബ്ശാലോമിന്റെ അടുക്കൽ വന്നു: “രാജാവേ, നീണാൾ വാഴുക! നീണാൾ വാഴുക!” എന്നു പറഞ്ഞു. അപ്പോൾ അബ്ശാലോം ഹൂശായിയോടു പറഞ്ഞു: “നിന്റെ സുഹൃത്തിനോട് ഇത്രയേ കൂറുള്ളോ? എന്തുകൊണ്ട് ദാവീദിന്റെ കൂടെ പോയില്ല?” ഹൂശായി പറഞ്ഞു: “അങ്ങനെയല്ല രാജാവേ! സർവേശ്വരനും സകല ഇസ്രായേൽജനവും തിരഞ്ഞെടുത്തിരിക്കുന്നവന്റെ ആളാണു ഞാൻ. അദ്ദേഹത്തോടൊപ്പം ഞാൻ നില്‌ക്കും. എന്റെ യജമാനന്റെ പുത്രനെയല്ലാതെ മറ്റാരെ ഞാൻ സേവിക്കും. അങ്ങയുടെ പിതാവിനെ സേവിച്ചതുപോലെ ഞാൻ അങ്ങയെയും സേവിക്കും.” അപ്പോൾ അബ്ശാലോം അഹീഥോഫെലിനോട് ചോദിച്ചു: “ഇവിടെ നാം എന്താണു ചെയ്യേണ്ടത്? നിന്റെ ഉപദേശം എന്ത്?” അയാൾ അബ്ശാലോമിനോടു പറഞ്ഞു: “കൊട്ടാരം സൂക്ഷിക്കാൻ അങ്ങയുടെ പിതാവ് വിട്ടിട്ടുപോയ ഉപഭാര്യമാരുടെ അന്തഃപുരത്തിൽ പ്രവേശിക്കുക. അപ്പോൾ അങ്ങ് പിതാവിനു വെറുപ്പുളവാക്കി എന്ന് ഇസ്രായേല്യരെല്ലാം അറിയും. അത് അങ്ങയുടെ അനുയായികൾക്ക് ആത്മധൈര്യം പകരും.” അവർ കൊട്ടാരത്തിനു മുകളിൽ അബ്ശാലോമിനുവേണ്ടി ഒരു കൂടാരം ഒരുക്കി. അവിടെ അബ്ശാലോം സകല ഇസ്രായേല്യരും കാൺകെ പിതാവിന്റെ ഉപഭാര്യമാരോടൊത്തു ശയിച്ചു.
2 ശമൂവേൽ 16:12-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പക്ഷേ യഹോവ എന്റെ സങ്കടം നോക്കി ഇന്നത്തെ ഇവന്‍റെ ശാപത്തിന് പകരം എനിക്ക് അനുഗ്രഹം നല്കും.” ഇങ്ങനെ ദാവീദും അവന്റെ ആളുകളും വഴിനടന്നുപോകുമ്പോൾ ശിമെയിയും ദാവീദിന് എതിരെയുള്ള മലഞ്ചരിവിൽകൂടി അടുത്തു നടന്നു; നടന്നുകൊണ്ടു ശപിക്കുകയും കല്ലും പൂഴിയും വാരി അവനെ എറിയുകയും ചെയ്തു. രാജാവും കൂടെയുള്ള സകലജനവും ക്ഷീണിച്ചവരായി എത്തി അവിടെ വിശ്രമിച്ചു. എന്നാൽ അബ്ശാലോമും യിസ്രായേല്യരായ ജനങ്ങളും അഹീഥോഫെലുമായി യെരൂശലേമിൽ എത്തി. ദാവീദിന്റെ സ്നേഹിതൻ അർഖ്യനായ ഹൂശായി അബ്ശാലോമിന്റെ അടുക്കൽ ചെന്നു അബ്ശാലോമിനോട്: “രാജാവ് ദീർഘായുസ്സോടെ ഇരിക്കട്ടെ! രാജാവ് ദീർഘായുസ്സോടെ ഇരിക്കട്ടെ!” എന്നു പറഞ്ഞു. അപ്പോൾ അബ്ശാലോം ഹൂശായിയോട്: “ഇതാകുന്നുവോ നിന്‍റെ സ്നേഹിതനോട് നിനക്കുള്ള നിസ്വാർത്ഥത? സ്നേഹിതനോടുകൂടി പോകാതിരുന്നത് എന്ത്?” എന്നു ചോദിച്ചു. അതിന് ഹൂശായി അബ്ശാലോമിനോട്: “അങ്ങനെയല്ല, യഹോവയും ഈ ജനവും യിസ്രായേല്യരൊക്കെയും ആരെ തിരഞ്ഞെടുക്കുന്നുവോ അവനുള്ളവൻ ആകുന്നു ഞാൻ; അവനോടുകൂടെ ഞാൻ ഇരിക്കും. ഞാൻ ആരെ ആകുന്നു സേവിക്കേണ്ടത്? അവന്റെ മകനെ അല്ലയോ? ഞാൻ നിന്റെ അപ്പനെ സേവിച്ചതുപോലെ നിന്നെയും സേവിക്കും” എന്നു പറഞ്ഞു. പിന്നെ അബ്ശാലോം അഹിഥോഫെലിനോട്: “നമ്മൾ ചെയ്യേണ്ടത് എന്ത് എന്നു നിങ്ങൾ ആലോചിച്ചുപറയുവിൻ” എന്നു പറഞ്ഞു. അഹീഥോഫെൽ അബ്ശാലോമിനോട്: “രാജധാനി സൂക്ഷിക്കുവാൻ നിന്‍റെ അപ്പൻ പാർപ്പിച്ചിട്ടുള്ള അവന്‍റെ വെപ്പാട്ടികളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുക; നീ നിന്‍റെ അപ്പന് നിന്നെത്തന്നെ വെറുപ്പാക്കി എന്നു എല്ലാ യിസ്രായേലും കേൾക്കും; നിന്നോടുകൂടെയുള്ളവർ എല്ലാവരും ധൈര്യപ്പെടും” എന്നു പറഞ്ഞു. അങ്ങനെ അവർ അബ്ശാലോമിന് രാജധാനിയുടെ മുകളിൽ ഒരു കൂടാരം അടിച്ചു; അവിടെ അബ്ശാലോം എല്ലാ യിസ്രായേലും കാൺകെ തന്റെ അപ്പന്‍റെ വെപ്പാട്ടികളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു.
2 ശമൂവേൽ 16:12-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പക്ഷേ യഹോവ എന്റെ സങ്കടം നോക്കി ഇന്നത്തെ ഇവന്റെ ശാപത്തിന്നു പകരം എനിക്കു അനുഗ്രഹം നല്കും. ഇങ്ങനെ ദാവീദും അവന്റെ ആളുകളും വഴിനടന്നുപോകുമ്പോൾ ശിമെയിയും മലഞ്ചരിവിൽകൂടി അടുത്തു നടന്നു; നടന്നുകൊണ്ടു ശപിക്കയും കല്ലും പൂഴിയും വാരി അവനെ എറികയും ചെയ്തു. രാജാവും കൂടെയുള്ള സകല ജനവും ക്ഷീണിച്ചവരായി എത്തി അവിടെ ആശ്വസിച്ചു. എന്നാൽ അബ്ശാലോമും യിസ്രായേല്യരായ ജനമൊക്കെയും അഹീഥോഫെലുമായി യെരൂശലേമിൽ എത്തി. ദാവീദിന്റെ സ്നേഹിതൻ അർഖ്യനായ ഹൂശായി അബ്ശാലോമിന്റെ അടുക്കൽ വന്നിട്ടു അബ്ശാലോമിനോടു: രാജാവേ, ജയ ജയ എന്നു പറഞ്ഞു. അപ്പോൾ അബ്ശാലോം ഹൂശായിയോടു: ഇതാകുന്നുവോ നിന്റെ സ്നേഹിതനോടു നിനക്കുള്ള സ്നേഹം? സ്നേഹിതനോടുകൂടെ പോകാതിരുന്നതു എന്തു എന്നു ചോദിച്ചു. അതിന്നു ഹൂശായി അബ്ശാലോമിനോടു: അങ്ങനെയല്ല, യഹോവയും ഈ ജനവും യിസ്രായേല്യരൊക്കെയും ആരെ തിരഞ്ഞെടുക്കുന്നുവോ അവന്നുള്ളവൻ ആകുന്നു ഞാൻ; അവന്റെ പക്ഷത്തിൽ ഞാൻ ഇരിക്കും. ഞാൻ ആരെ ആകുന്നു സേവിക്കേണ്ടതു? അവന്റെ മകനെ അല്ലയോ? ഞാൻ നിന്റെ അപ്പനെ സേവിച്ചതുപോലെ നിന്നെയും സേവിക്കും എന്നു പറഞ്ഞു. അനന്തരം അബ്ശാലോം അഹിഥോഫെലിനോടു: നാം ചെയ്യേണ്ടതു എന്തു എന്നു നിങ്ങൾ ആലോചിച്ചുപറവിൻ എന്നു പറഞ്ഞു. അഹീഥോഫെൽ അബ്ശാലോമിനോടു: രാജധാനി സൂക്ഷിപ്പാൻ നിന്റെ അപ്പൻ പാർപ്പിച്ചിട്ടുള്ള അവന്റെ വെപ്പാട്ടികളുടെ അടുക്കൽ നീ ചെല്ലുക; എന്നാൽ നീ നിന്റെ അപ്പന്നു നിന്നെത്തന്നെ വെറുപ്പാക്കി എന്നു എല്ലായിസ്രായേലും കേൾക്കും; നിന്നോടുകൂടെയുള്ളവർ ഒക്കെയും ധൈര്യപ്പെടും എന്നു പറഞ്ഞു. അങ്ങനെ അവർ അബ്ശാലോമിന്നു വെൺമാടിത്തിന്മേൽ ഒരു കൂടാരം അടിച്ചു; അവിടെ അബ്ശാലോം എല്ലായിസ്രായേലും കാൺകെ തന്റെ അപ്പന്റെ വെപ്പാട്ടികളുടെ അടുക്കൽ ചെന്നു.
2 ശമൂവേൽ 16:12-22 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ എന്റെ കഷ്ടതയെ കടാക്ഷിക്കുകയും ഇന്ന് എനിക്കു ലഭിക്കുന്ന ശാപത്തിനു പകരമായി അവിടത്തെ ഉടമ്പടിയുടെ അനുഗ്രഹം നൽകുകയും ചെയ്തേക്കാം!” അങ്ങനെ ദാവീദും കൂടെയുള്ള ജനവും വീഥിയിലൂടെ യാത്രതുടർന്നു. ശിമെയിയും അവർക്കെതിരേ മലഞ്ചെരിവിലൂടെ പൊയ്ക്കൊണ്ടിരുന്നു. പോകുമ്പോൾ അയാൾ ദാവീദിനെ ശപിക്കുകയും കല്ലും ചെളിയും വാരിയെറിയുകയും ചെയ്തുകൊണ്ടിരുന്നു. രാജാവും അദ്ദേഹത്തോടൊപ്പമുള്ള സകലജനവും തളർന്ന് അവശരായി ലക്ഷ്യസ്ഥാനത്ത് എത്തി. അവിടെ അവർ വിശ്രമിച്ചു. ഇതിനിടെ അബ്ശാലോമും സകല ഇസ്രായേൽജനവും ജെറുശലേമിലെത്തി. അഹീഥോഫെലും അവരോടുകൂടെ ഉണ്ടായിരുന്നു. അപ്പോൾ ദാവീദിന്റെ സ്നേഹിതനും അർഖ്യനുമായ ഹൂശായി അബ്ശാലോമിന്റെ അടുത്തുവന്ന്: “രാജാവ് നീണാൾ വാഴട്ടെ! രാജാവ് നീണാൾ വാഴട്ടെ!” എന്ന് ആശംസിച്ചു. അബ്ശാലോം ഹൂശായിയോട്: “നീ നിന്റെ സ്നേഹിതനോടു കാണിക്കുന്ന സ്നേഹം ഇതാണോ? നിന്റെ സ്നേഹിതനോടുകൂടി നീ പോകാതിരുന്നതെന്തുകൊണ്ട്?” എന്നു ചോദിച്ചു. ഹൂശായി അബ്ശാലോമിനോടു പറഞ്ഞു: “ഇല്ല, യഹോവയും ഈ ജനവും ഇസ്രായേലിന്റെ സർവജനവും തെരഞ്ഞെടുക്കുന്ന ആളിന്റെ ഭാഗത്താണു ഞാൻ. അദ്ദേഹത്തോടുകൂടെ ഞാൻ നിൽക്കും. അതും കൂടാതെ, ആരെയാണു ഞാൻ സേവിക്കേണ്ടത്? എന്റെ യജമാനന്റെ മകനെയല്ലേ? ഞാൻ അങ്ങയുടെ പിതാവിനെ സേവിച്ചതുപോലെ അങ്ങയെയും സേവിക്കും.” “നാം എന്താണു ചെയ്യേണ്ടത്; താങ്കളുടെ ഉപദേശമെന്ത്?” എന്ന് അബ്ശാലോം അഹീഥോഫെലിനോടു ചോദിച്ചു. അഹീഥോഫെൽ മറുപടി പറഞ്ഞു: “കൊട്ടാരം സൂക്ഷിക്കുന്നതിനുവേണ്ടി അങ്ങയുടെ പിതാവ് വിട്ടിട്ടുപോയിരിക്കുന്ന അദ്ദേഹത്തിന്റെ വെപ്പാട്ടികളോടുകൂടെ അങ്ങു കിടക്കപങ്കിടണം. അപ്പോൾ അങ്ങ് സ്വപിതാവിന്റെ വെറുപ്പിനുപാത്രമായിത്തീർന്നിരിക്കുന്നു എന്നു സകല ഇസ്രായേലും കേൾക്കുകയും അങ്ങയോടുകൂടെയുള്ളവരുടെ കരങ്ങൾ കരുത്താർജിക്കുകയും ചെയ്യും.” അങ്ങനെ അവർ അബ്ശാലോമിനുവേണ്ടി മട്ടുപ്പാവിനുമുകളിൽ ഒരു കൂടാരം ഒരുക്കി. സകല ഇസ്രായേലും കാൺകെ അയാൾ സ്വപിതാവിന്റെ വെപ്പാട്ടികളോടുകൂടെ കിടക്കപങ്കിട്ടു.