2. ശമൂവേൽ 16:12-22

2. ശമൂവേൽ 16:12-22 വേദപുസ്തകം

പക്ഷേ യഹോവ എന്റെ സങ്കടം നോക്കി ഇന്നത്തെ ഇവന്റെ ശാപത്തിന്നു പകരം എനിക്കു അനുഗ്രഹം നല്കും. ഇങ്ങനെ ദാവീദും അവന്റെ ആളുകളും വഴിനടന്നുപോകുമ്പോൾ ശിമെയിയും മലഞ്ചരിവിൽകൂടി അടുത്തു നടന്നു; നടന്നുകൊണ്ടു ശപിക്കയും കല്ലും പൂഴിയും വാരി അവനെ എറികയും ചെയ്തു. രാജാവും കൂടെയുള്ള സകല ജനവും ക്ഷീണിച്ചവരായി എത്തി അവിടെ ആശ്വസിച്ചു. എന്നാൽ അബ്ശാലോമും യിസ്രായേല്യരായ ജനമൊക്കെയും അഹീഥോഫെലുമായി യെരൂശലേമിൽ എത്തി. ദാവീദിന്റെ സ്നേഹിതൻ അർഖ്യനായ ഹൂശായി അബ്ശാലോമിന്റെ അടുക്കൽ വന്നിട്ടു അബ്ശാലോമിനോടു: രാജാവേ, ജയ ജയ എന്നു പറഞ്ഞു. അപ്പോൾ അബ്ശാലോം ഹൂശായിയോടു: ഇതാകുന്നുവോ നിന്റെ സ്നേഹിതനോടു നിനക്കുള്ള സ്നേഹം? സ്നേഹിതനോടുകൂടെ പോകാതിരുന്നതു എന്തു എന്നു ചോദിച്ചു. അതിന്നു ഹൂശായി അബ്ശാലോമിനോടു: അങ്ങനെയല്ല, യഹോവയും ഈ ജനവും യിസ്രായേല്യരൊക്കെയും ആരെ തിരഞ്ഞെടുക്കുന്നുവോ അവന്നുള്ളവൻ ആകുന്നു ഞാൻ; അവന്റെ പക്ഷത്തിൽ ഞാൻ ഇരിക്കും. ഞാൻ ആരെ ആകുന്നു സേവിക്കേണ്ടതു? അവന്റെ മകനെ അല്ലയോ? ഞാൻ നിന്റെ അപ്പനെ സേവിച്ചതുപോലെ നിന്നെയും സേവിക്കും എന്നു പറഞ്ഞു. അനന്തരം അബ്ശാലോം അഹിഥോഫെലിനോടു: നാം ചെയ്യേണ്ടതു എന്തു എന്നു നിങ്ങൾ ആലോചിച്ചുപറവിൻ എന്നു പറഞ്ഞു. അഹീഥോഫെൽ അബ്ശാലോമിനോടു: രാജധാനി സൂക്ഷിപ്പാൻ നിന്റെ അപ്പൻ പാർപ്പിച്ചിട്ടുള്ള അവന്റെ വെപ്പാട്ടികളുടെ അടുക്കൽ നീ ചെല്ലുക; എന്നാൽ നീ നിന്റെ അപ്പന്നു നിന്നെത്തന്നെ വെറുപ്പാക്കി എന്നു എല്ലായിസ്രായേലും കേൾക്കും; നിന്നോടുകൂടെയുള്ളവർ ഒക്കെയും ധൈര്യപ്പെടും എന്നു പറഞ്ഞു. അങ്ങനെ അവർ അബ്ശാലോമിന്നു വെൺമാടിത്തിന്മേൽ ഒരു കൂടാരം അടിച്ചു; അവിടെ അബ്ശാലോം എല്ലായിസ്രായേലും കാൺകെ തന്റെ അപ്പന്റെ വെപ്പാട്ടികളുടെ അടുക്കൽ ചെന്നു.