2 SAMUELA 16:12-22

2 SAMUELA 16:12-22 MALCLBSI

ഒരുവേള അവിടുന്ന് എന്റെ കഷ്ടത കണ്ട് അവന്റെ ശാപം അനുഗ്രഹമാക്കിയേക്കും.” ദാവീദും കൂടെയുള്ളവരും മുന്നോട്ടു നീങ്ങി. ശിമെയി എതിർവശത്തുള്ള മലഞ്ചരിവിലൂടെ നടന്നു; അവൻ രാജാവിനു നേരെ കല്ലും പൂഴിയും വാരിയെറിഞ്ഞു. രാജാവും കൂടെയുള്ളവരും പരിക്ഷീണരായി യോർദ്ദാനിലെത്തി, അവർ അവിടെ വിശ്രമിച്ചു. അബ്ശാലോമും കൂടെയുള്ള ഇസ്രായേല്യരും യെരൂശലേമിലെത്തി. അഹീഥോഫെലും അയാളുടെ കൂടെ ഉണ്ടായിരുന്നു. ദാവീദിന്റെ സ്നേഹിതനും അർഖ്യനും ആയ ഹൂശായി അബ്ശാലോമിന്റെ അടുക്കൽ വന്നു: “രാജാവേ, നീണാൾ വാഴുക! നീണാൾ വാഴുക!” എന്നു പറഞ്ഞു. അപ്പോൾ അബ്ശാലോം ഹൂശായിയോടു പറഞ്ഞു: “നിന്റെ സുഹൃത്തിനോട് ഇത്രയേ കൂറുള്ളോ? എന്തുകൊണ്ട് ദാവീദിന്റെ കൂടെ പോയില്ല?” ഹൂശായി പറഞ്ഞു: “അങ്ങനെയല്ല രാജാവേ! സർവേശ്വരനും സകല ഇസ്രായേൽജനവും തിരഞ്ഞെടുത്തിരിക്കുന്നവന്റെ ആളാണു ഞാൻ. അദ്ദേഹത്തോടൊപ്പം ഞാൻ നില്‌ക്കും. എന്റെ യജമാനന്റെ പുത്രനെയല്ലാതെ മറ്റാരെ ഞാൻ സേവിക്കും. അങ്ങയുടെ പിതാവിനെ സേവിച്ചതുപോലെ ഞാൻ അങ്ങയെയും സേവിക്കും.” അപ്പോൾ അബ്ശാലോം അഹീഥോഫെലിനോട് ചോദിച്ചു: “ഇവിടെ നാം എന്താണു ചെയ്യേണ്ടത്? നിന്റെ ഉപദേശം എന്ത്?” അയാൾ അബ്ശാലോമിനോടു പറഞ്ഞു: “കൊട്ടാരം സൂക്ഷിക്കാൻ അങ്ങയുടെ പിതാവ് വിട്ടിട്ടുപോയ ഉപഭാര്യമാരുടെ അന്തഃപുരത്തിൽ പ്രവേശിക്കുക. അപ്പോൾ അങ്ങ് പിതാവിനു വെറുപ്പുളവാക്കി എന്ന് ഇസ്രായേല്യരെല്ലാം അറിയും. അത് അങ്ങയുടെ അനുയായികൾക്ക് ആത്മധൈര്യം പകരും.” അവർ കൊട്ടാരത്തിനു മുകളിൽ അബ്ശാലോമിനുവേണ്ടി ഒരു കൂടാരം ഒരുക്കി. അവിടെ അബ്ശാലോം സകല ഇസ്രായേല്യരും കാൺകെ പിതാവിന്റെ ഉപഭാര്യമാരോടൊത്തു ശയിച്ചു.

2 SAMUELA 16 വായിക്കുക