2 ദിനവൃത്താന്തം 6:4-15
2 ദിനവൃത്താന്തം 6:4-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ അപ്പനായ ദാവീദിനോടു തിരുവായ്കൊണ്ട് അരുളിച്ചെയ്തതു തൃക്കൈകൊണ്ടു നിവർത്തിച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ. എന്റെ ജനത്തെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാൾമുതൽ എന്റെ നാമം ഇരിക്കേണ്ടതിന് ഒരു ആലയം പണിവാൻ ഞാൻ യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ഒരു പട്ടണവും തിരഞ്ഞെടുത്തില്ല; എന്റെ ജനമായ യിസ്രായേലിനു പ്രഭുവായിരിപ്പാൻ ഞാൻ ഒരുത്തനെയും തിരഞ്ഞെടുത്തതുമില്ല. എങ്കിലും എന്റെ നാമം ഇരിക്കേണ്ടതിനു യെരൂശലേമിനെയും എന്റെ ജനമായ യിസ്രായേലിനെ വാഴുവാൻ ദാവീദിനെയും ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു എന്ന് അവൻ അരുളിച്ചെയ്തു. യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയേണം എന്ന് എന്റെ അപ്പനായ ദാവീദിന് താൽപര്യം ഉണ്ടായിരുന്നു. എന്നാൽ യഹോവ എന്റെ അപ്പനായ ദാവീദിനോട്: എന്റെ നാമത്തിന് ഒരു ആലയം പണിയേണമെന്നു നിനക്കു താൽപര്യം ഉണ്ടായല്ലോ; ഇങ്ങനെ താൽപര്യം ഉണ്ടായതു നല്ലത്; എങ്കിലും ആലയം പണിയേണ്ടതു നീയല്ല; നിന്റെ കടിപ്രദേശത്തുനിന്നുദ്ഭവിക്കുന്ന മകൻ തന്നെ എന്റെ നാമത്തിന് ആലയം പണിയും എന്നു കല്പിച്ചു. അങ്ങനെ യഹോവ താൻ അരുളിച്ചെയ്ത വചനം നിവർത്തിച്ചിരിക്കുന്നു; യഹോവ വാഗ്ദാനം ചെയ്തതുപോലെ എന്റെ അപ്പനായ ദാവീദിനു പകരം ഞാൻ എഴുന്നേറ്റു യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരുന്നു യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിതിരിക്കുന്നു. യഹോവ യിസ്രായേൽമക്കളോട് ചെയ്ത നിയമം ഉള്ള പെട്ടകം ഞാൻ അതിൽ വച്ചിട്ടുണ്ട്. അനന്തരം അവൻ യഹോവയുടെ യാഗപീഠത്തിൻമുമ്പിൽ യിസ്രായേലിന്റെ സർവസഭയുടെയും സമക്ഷത്തു നിന്നുംകൊണ്ടു കൈ മലർത്തി; ശലോമോൻ അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയും മൂന്നു മുഴം ഉയരവുമായിട്ട് താമ്രംകൊണ്ട് ഒരു പീഠം ഉണ്ടാക്കി പ്രാകാരത്തിന്റെ നടുവിൽ വച്ചിരുന്നു; അതിൽ അവൻ കയറിനിന്ന് യിസ്രായേലിന്റെ സർവസഭയ്ക്കും മുമ്പാകെ മുട്ടുകുത്തി ആകാശത്തേക്കു കൈ മലർത്തി പറഞ്ഞത് എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്നവനായ നിന്നെപ്പോലെ സ്വർഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല. നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനു ചെയ്ത വാഗ്ദാനം പാലിച്ചിരിക്കുന്നു; തിരുവായ്കൊണ്ട് അരുളിച്ചെയ്തത് ഇന്നു കാണുംപോലെ തൃക്കൈകൊണ്ടു നിവർത്തിച്ചുമിരിക്കുന്നു.
2 ദിനവൃത്താന്തം 6:4-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ പിതാവായ ദാവീദിനോട് അരുളിച്ചെയ്തിരുന്ന വാഗ്ദാനം അവിടുന്നു നിറവേറ്റിയിരിക്കുന്നു. അവിടുന്നു അരുളിച്ചെയ്തിരുന്നു: ‘ഈജിപ്തിൽനിന്ന് എന്റെ ജനത്തെ കൊണ്ടുവന്ന നാൾമുതൽ ഇന്നുവരെ എന്റെ നാമത്തിൽ ഒരു ആലയം പണിയുവാൻ ഇസ്രായേൽഗോത്രങ്ങളിലെ ഒരു പട്ടണവും ഞാൻ തിരഞ്ഞെടുത്തിരുന്നില്ല. എന്റെ ജനമായ ഇസ്രായേലിനെ നയിക്കാൻ ആരെയും നിയമിച്ചിരുന്നുമില്ല. എങ്കിലും ഇപ്പോൾ എന്റെ നാമം നിലനിർത്താൻ യെരൂശലേം തിരഞ്ഞെടുക്കുകയും എന്റെ ജനമായ ഇസ്രായേലിനെ ഭരിക്കാൻ ദാവീദിനെ നിയമിക്കുകയും ചെയ്തിരിക്കുന്നു.’ ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന്റെ നാമത്തിൽ ഒരു ആലയം പണിയാൻ എന്റെ പിതാവിന് ആഗ്രഹമുണ്ടായിരുന്നു. എങ്കിലും അവിടുന്നു എന്റെ പിതാവായ ദാവീദിനോട് അരുളിച്ചെയ്തു: ‘എന്റെ നാമത്തിൽ ഒരു ആലയം പണിയാൻ നീ ആഗ്രഹിച്ചു; നിന്റെ ആഗ്രഹം നല്ലതുതന്നെ; എന്നാൽ നീ ആലയം പണിയരുത്; നിനക്കു ജനിക്കാൻ പോകുന്ന പുത്രനായിരിക്കും എന്റെ നാമത്തിൽ ആലയം പണിയുക!’ “സർവേശ്വരൻ ചെയ്ത വാഗ്ദാനം ഇന്നിതാ അവിടുന്നു നിറവേറ്റിയിരിക്കുന്നു. അവിടുത്തെ വാഗ്ദാനംപോലെ എന്റെ പിതാവായ ദാവീദിന്റെ പിൻഗാമിയായി ഞാൻ ഉയർത്തപ്പെട്ട് ഇസ്രായേലിന്റെ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നു. ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന്റെ നാമത്തിൽ ഒരു ആലയം നിർമ്മിച്ചുമിരിക്കുന്നു. ഇസ്രായേൽജനവുമായി അവിടുന്നു ചെയ്ത ഉടമ്പടിയുടെ പെട്ടകവും അതിനുള്ളിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്.” ശലോമോൻ ഇസ്രായേൽജനസമൂഹത്തിന്റെ സാന്നിധ്യത്തിൽ സർവേശ്വരന്റെ യാഗപീഠത്തിനു മുമ്പാകെ പ്രാർഥനയ്‍ക്കായി കൈകൾ ഉയർത്തി. അദ്ദേഹം ഓടുകൊണ്ട് ഒരു പീഠമുണ്ടാക്കി അങ്കണമധ്യത്തിൽ സ്ഥാപിച്ചിരുന്നു. അതിന് അഞ്ചു മുഴം വീതിയും അഞ്ചുമുഴം നീളവും മൂന്നു മുഴം ഉയരവും ഉണ്ടായിരുന്നു. ശലോമോൻ അതിന്റെ മുകളിൽ കയറി സമസ്ത ഇസ്രായേൽജനങ്ങളുടെയും സാന്നിധ്യത്തിൽ മുട്ടുകുത്തി. സ്വർഗത്തേക്കു കൈകൾ ഉയർത്തി പ്രാർഥിച്ചു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരാ, അവിടുത്തേക്കു സമനായി സ്വർഗത്തിലും ഭൂമിയിലും മറ്റൊരു ദൈവവുമില്ല. പൂർണഹൃദയത്തോടെ അങ്ങയെ അനുസരിക്കുന്ന അവിടുത്തെ ദാസരോട് അവിടുന്നു സുസ്ഥിരസ്നേഹം കാണിക്കുകയും ഉടമ്പടി പാലിക്കുകയും ചെയ്യുന്നു. എന്റെ പിതാവും അവിടുത്തെ ദാസനുമായ ദാവീദിനോടു ചെയ്തിരുന്ന വാഗ്ദാനം അവിടുന്നു നിറവേറ്റി; അവിടുന്ന് അരുളിച്ചെയ്തത് നിറവേറ്റിയുമിരിക്കുന്നു.
2 ദിനവൃത്താന്തം 6:4-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അനുഗ്രഹിച്ചു പറഞ്ഞത്: “എന്‍റെ അപ്പനായ ദാവീദിനോട് തിരുവായ്കൊണ്ട് അരുളിച്ചെയ്തത് തൃക്കൈകൊണ്ട് നിവർത്തിച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ” “എന്റെ ജനത്തെ മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന നാൾമുതൽ എന്റെ നാമം ഇരിക്കേണ്ടതിന് ഒരു ആലയം പണിവാൻ ഞാൻ യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ഒരു പട്ടണവും തിരഞ്ഞെടുത്തില്ല; എന്റെ ജനമായ യിസ്രായേലിനു പ്രഭുവായിരിപ്പാൻ ഞാൻ ഒരുത്തനെയും തെരഞ്ഞെടുത്തതുമില്ല. എന്നാൽ എന്‍റെ നാമം ഇരിക്കേണ്ടതിന് യെരൂശലേമിനെയും എന്റെ ജനമായ യിസ്രായേലിനെ വാഴുവാൻ ദാവീദിനെയും ഞാൻ തെരഞ്ഞെടുത്തിരിക്കുന്നു” എന്നു അവൻ അരുളിച്ചെയ്തു. യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയേണം എന്നു എന്റെ അപ്പനായ ദാവീദിന് താല്പര്യം ഉണ്ടായിരുന്നു. എന്നാൽ യഹോവ എന്റെ അപ്പനായ ദാവീദിനോട്: “എന്റെ നാമത്തിന് ഒരു ആലയം പണിയണമെന്ന് നിനക്കു താല്പര്യം ഉണ്ടായല്ലോ; ഇങ്ങനെ താല്പര്യം ഉണ്ടായത് നല്ലത്; എങ്കിലും ആലയം പണിയേണ്ടത് നീയല്ല; നിനക്കു ജനിക്കാൻ പോകുന്ന മകൻ തന്നെ എന്‍റെ നാമത്തിനായി ആലയം പണിയും” എന്നു കല്പിച്ചു. ”അങ്ങനെ യഹോവ അരുളിച്ചെയ്ത വചനം നിവർത്തിച്ചിരിക്കുന്നു; യഹോവ വാഗ്ദാനം ചെയ്തതുപോലെ എന്റെ അപ്പനായ ദാവീദിനു പകരം ഞാൻ യിസ്രായേൽ സിംഹാസനത്തിൽ ഇരുന്ന് യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിതിരിക്കുന്നു. യഹോവ യിസ്രായേൽ മക്കളോടു ചെയ്ത നിയമം ഉള്ള പെട്ടകം ഞാൻ ഈ ആലയത്തിൽ വച്ചിട്ടുണ്ട്.” അനന്തരം ശലോമോൻ യഹോവയുടെ യാഗപീഠത്തിന്‍റെ മുമ്പിൽ യിസ്രായേലിന്റെ സർവ്വസഭയുടെയും കൂട്ടത്തിൽ നിന്നുകൊണ്ട് കൈ മലർത്തി; ശലോമോൻ താമ്രംകൊണ്ട് അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയും മൂന്നു മുഴം ഉയരവുമുള്ള ഒരു പീഠം ഉണ്ടാക്കി പ്രാകാരത്തിന്റെ നടുവിൽ വച്ചിരുന്നു; അതിൽ അവൻ കയറിനിന്ന് യിസ്രായേലിന്‍റെ സർവ്വസഭക്കും മുമ്പാകെ മുട്ടുകുത്തി ആകാശത്തേക്ക് കൈ മലർത്തി പറഞ്ഞത് എന്തെന്നാൽ: “യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്നവനായ നിന്നെപ്പോലെ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല. നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്‍റെ ദാസനോടു ചെയ്ത വാഗ്ദാനം പാലിച്ചിരിക്കുന്നു; തിരുവായ്കൊണ്ട് അരുളിച്ചെയ്തത് ഇന്ന് കാണുംപോലെ തൃക്കൈകൊണ്ട് നിവർത്തിച്ചുമിരിക്കുന്നു.
2 ദിനവൃത്താന്തം 6:4-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനുഗ്രഹിച്ചു പറഞ്ഞതു എന്തെന്നാൽ: എന്റെ അപ്പനായ ദാവീദിനോടു തിരുവായ് കൊണ്ടു അരുളിച്ചെയ്തതു തൃക്കൈകൊണ്ടു നിവർത്തിച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ. എന്റെ ജനത്തെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാൾമുതൽ എന്റെ നാമം ഇരിക്കേണ്ടതിന്നു ഒരു ആലയം പണിവാൻ ഞാൻ യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ഒരു പട്ടണവും തിരഞ്ഞെടുത്തില്ല; എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിപ്പാൻ ഞാൻ ഒരുത്തനെയും തിരഞ്ഞെടുത്തതുമില്ല. എങ്കിലും എന്റെ നാമം ഇരിക്കേണ്ടതിന്നു യെരൂശലേമിനെയും എന്റെ ജനമായ യിസ്രായേലിനെ വാഴുവാൻ ദാവീദിനെയും ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു എന്നു അവൻ അരുളിച്ചെയ്തു. യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിയേണം എന്നു എന്റെ അപ്പനായ ദാവീദിന്നു താല്പര്യം ഉണ്ടായിരുന്നു. എന്നാൽ യഹോവ എന്റെ അപ്പനായ ദാവീദിനോടു: എന്റെ നാമത്തിന്നു ഒരു ആലയം പണിയേണമെന്നു നിനക്കു താല്പര്യം ഉണ്ടായല്ലോ; ഇങ്ങനെ താല്പര്യം ഉണ്ടായതു നല്ലതു; എങ്കിലും ആലയം പണിയേണ്ടതു നീയല്ല; നിന്റെ കടിപ്രദേശത്തുനിന്നുത്ഭവിക്കുന്ന മകൻ തന്നേ എന്റെ നാമത്തിന്നു ആലയം പണിയും എന്നു കല്പിച്ചു. അങ്ങനെ യഹോവ താൻ അരുളിച്ചെയ്ത വചനം നിവർത്തിച്ചിരിക്കുന്നു; യഹോവ വാഗ്ദാനം ചെയ്തതുപോലെ എന്റെ അപ്പനായ ദാവീദിന്നു പകരം ഞാൻ എഴുന്നേറ്റു യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരുന്നു യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിതിരിക്കുന്നു. യഹോവ യിസ്രായേൽമക്കളോടു ചെയ്ത നിയമം ഉള്ള പെട്ടകം ഞാൻ അതിൽ വെച്ചിട്ടുണ്ടു. അനന്തരം അവൻ യഹോവയുടെ യാഗപീഠത്തിൻ മുമ്പിൽ യിസ്രായേലിന്റെ സർവ്വസഭയുടെയും സമക്ഷത്തുനിന്നുംകൊണ്ടു കൈ മലർത്തി; ശലോമോൻ അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയും മൂന്നു മുഴം ഉയരവുമായിട്ടു താമ്രംകൊണ്ടു ഒരു പീഠം ഉണ്ടാക്കി പ്രാകാരത്തിന്റെ നടുവിൽ വെച്ചിരുന്നു; അതിൽ അവൻ കയറിനിന്നു യിസ്രായേലിന്റെ സർവ്വസഭെക്കും മുമ്പാകെ മുട്ടുകുത്തി ആകാശത്തേക്കു കൈ മലർത്തി പറഞ്ഞതു എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്നവനായ നിന്നെപ്പോലെ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല. നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസന്നു ചെയ്ത വാഗ്ദാനം പാലിച്ചിരിക്കുന്നു; തിരുവായ്കൊണ്ടു അരുളിച്ചെയ്തതു ഇന്നു കാണുംപോലെ തൃക്കൈകൊണ്ടു നിവർത്തിച്ചുമിരിക്കുന്നു.
2 ദിനവൃത്താന്തം 6:4-15 സമകാലിക മലയാളവിവർത്തനം (MCV)
അതിനുശേഷം അദ്ദേഹം പറഞ്ഞത്: “ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ! എന്റെ പിതാവായ ദാവീദിനോട് അവിടന്നു തിരുവാകൊണ്ട് അരുളിച്ചെയ്ത വാഗ്ദാനം തിരുക്കരങ്ങളാൽ പൂർത്തീകരിച്ചിരിക്കുന്നു. ‘എന്റെ ജനമായ ഇസ്രായേലിനെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവന്ന നാൾമുതൽ ഇന്നുവരെ എന്റെ നാമം സ്ഥാപിക്കുന്നതിനുവേണ്ടി ഒരാലയം നിർമിക്കാൻ ഇസ്രായേൽ ഗോത്രങ്ങളിലെങ്ങും ഞാൻ ഒരു നഗരം തെരഞ്ഞെടുത്തിട്ടില്ല, എന്റെ ജനമായ ഇസ്രായേലിനു നായകനായിരിക്കേണ്ടതിന് ആരെയും ഞാൻ തെരഞ്ഞെടുത്തിട്ടുമില്ല. എന്നാൽ ഇപ്പോൾ ഞാൻ ജെറുശലേമിനെ, എന്റെ നാമം അവിടെ ആയിരിക്കേണ്ടതിനും ദാവീദിനെ, എന്റെ ജനമായ ഇസ്രായേലിനെ ഭരിക്കേണ്ടതിനും തെരഞ്ഞെടുത്തിരിക്കുന്നു,’ എന്ന് എന്റെ പിതാവിനോട് അവിടന്ന് അരുളിച്ചെയ്തു. “ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയണമെന്നത് എന്റെ പിതാവായ ദാവീദിന്റെ ഹൃദയാഭിലാഷമായിരുന്നു. എന്നാൽ, യഹോവ എന്റെ പിതാവായ ദാവീദിനോടു കൽപ്പിച്ചത്: ‘എന്റെ നാമത്തിന് ഒരു ആലയം പണിയുന്നതിന് നീ ആഗ്രഹിച്ചല്ലോ! ഇങ്ങനെ ഒരഭിലാഷം ഉണ്ടായതു നല്ലതുതന്നെ. എന്നിരുന്നാലും, ആലയം പണിയേണ്ട വ്യക്തി നീയല്ല; എന്നാൽ, നിന്റെ മകൻ, നിന്റെ സ്വന്തം മാംസവും രക്തവുമായവൻ, തന്നെയാണ് എന്റെ നാമത്തിന് ഒരു ആലയം പണിയേണ്ടത്.’ “അങ്ങനെ, താൻ നൽകിയ വാഗ്ദാനം യഹോവ നിറവേറ്റിയിരിക്കുന്നു. കാരണം, യഹോവ വാഗ്ദാനംചെയ്തിരുന്നതുപോലെ ഞാൻ എന്റെ പിതാവായ ദാവീദിന്റെ അനന്തരാവകാശിയായി ഇന്ന് ഇസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കുന്നു. ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഞാൻ ഒരു ആലയം നിർമിച്ചിരിക്കുന്നു. ഇസ്രായേൽജനതയോട് യഹോവ ചെയ്ത ഉടമ്പടി രേഖപ്പെടുത്തിവെച്ചിരിക്കുന്ന പേടകം ഞാൻ അതിൽ സ്ഥാപിച്ചിരിക്കുന്നു.” അതിനുശേഷം, ശലോമോൻ ഇസ്രായേലിന്റെ സർവസഭയുടെയും മുന്നിൽ യഹോവയുടെ യാഗപീഠത്തിനുമുമ്പാകെ നിന്നുകൊണ്ട് കൈകളുയർത്തി. അദ്ദേഹം വെങ്കലംകൊണ്ട് ഒരു പീഠം ഉണ്ടാക്കിയിരുന്നു. അതിന് അഞ്ചുമുഴം നീളവും അഞ്ചുമുഴം വീതിയും മൂന്നുമുഴം പൊക്കവും ഉണ്ടായിരുന്നു. അദ്ദേഹം അത് ആലയാങ്കണത്തിന്റെ നടുവിൽ സ്ഥാപിച്ചിരുന്നു. ശലോമോൻ ആ പീഠത്തിന്മേൽ കയറി ഇസ്രായേലിന്റെ സർവസഭയുടെയും മുന്നിൽ മുട്ടുകുത്തി, ആകാശത്തിലേക്കു കൈമലർത്തിക്കൊണ്ട്, ഈ വിധം പ്രാർഥിച്ചു: “ഇസ്രായേലിന്റെ ദൈവമായ യഹോവേ, ആകാശത്തിലോ ഭൂമിയിലോ അങ്ങേക്കു തുല്യനായി ഒരു ദൈവവുമില്ല. അവിടത്തെ വഴികളെ പൂർണഹൃദയത്തോടെ പിൻതുടരുന്ന തന്റെ ദാസന്മാരോട് അങ്ങയുടെ അചഞ്ചലസ്നേഹത്തിന്റെ ഉടമ്പടി നിറവേറ്റുന്ന ദൈവം അങ്ങാണല്ലോ! അവിടത്തെ ദാസനും എന്റെ പിതാവുമായ ദാവീദിന് അങ്ങു നൽകിയ വാഗ്ദാനം അവിടന്നു നിറവേറ്റിയിരിക്കുന്നു. തിരുവാകൊണ്ട് അവിടന്നു വാഗ്ദാനംചെയ്തത് ഇന്നു തൃക്കൈയാൽ അങ്ങു പൂർത്തീകരിച്ചിരിക്കുന്നു.