2 CHRONICLE 6:4-15

2 CHRONICLE 6:4-15 MALCLBSI

എന്റെ പിതാവായ ദാവീദിനോട് അരുളിച്ചെയ്തിരുന്ന വാഗ്ദാനം അവിടുന്നു നിറവേറ്റിയിരിക്കുന്നു. അവിടുന്നു അരുളിച്ചെയ്തിരുന്നു: ‘ഈജിപ്തിൽനിന്ന് എന്റെ ജനത്തെ കൊണ്ടുവന്ന നാൾമുതൽ ഇന്നുവരെ എന്റെ നാമത്തിൽ ഒരു ആലയം പണിയുവാൻ ഇസ്രായേൽഗോത്രങ്ങളിലെ ഒരു പട്ടണവും ഞാൻ തിരഞ്ഞെടുത്തിരുന്നില്ല. എന്റെ ജനമായ ഇസ്രായേലിനെ നയിക്കാൻ ആരെയും നിയമിച്ചിരുന്നുമില്ല. എങ്കിലും ഇപ്പോൾ എന്റെ നാമം നിലനിർത്താൻ യെരൂശലേം തിരഞ്ഞെടുക്കുകയും എന്റെ ജനമായ ഇസ്രായേലിനെ ഭരിക്കാൻ ദാവീദിനെ നിയമിക്കുകയും ചെയ്തിരിക്കുന്നു.’ ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന്റെ നാമത്തിൽ ഒരു ആലയം പണിയാൻ എന്റെ പിതാവിന് ആഗ്രഹമുണ്ടായിരുന്നു. എങ്കിലും അവിടുന്നു എന്റെ പിതാവായ ദാവീദിനോട് അരുളിച്ചെയ്തു: ‘എന്റെ നാമത്തിൽ ഒരു ആലയം പണിയാൻ നീ ആഗ്രഹിച്ചു; നിന്റെ ആഗ്രഹം നല്ലതുതന്നെ; എന്നാൽ നീ ആലയം പണിയരുത്; നിനക്കു ജനിക്കാൻ പോകുന്ന പുത്രനായിരിക്കും എന്റെ നാമത്തിൽ ആലയം പണിയുക!’ “സർവേശ്വരൻ ചെയ്ത വാഗ്ദാനം ഇന്നിതാ അവിടുന്നു നിറവേറ്റിയിരിക്കുന്നു. അവിടുത്തെ വാഗ്ദാനംപോലെ എന്റെ പിതാവായ ദാവീദിന്റെ പിൻഗാമിയായി ഞാൻ ഉയർത്തപ്പെട്ട് ഇസ്രായേലിന്റെ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നു. ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന്റെ നാമത്തിൽ ഒരു ആലയം നിർമ്മിച്ചുമിരിക്കുന്നു. ഇസ്രായേൽജനവുമായി അവിടുന്നു ചെയ്ത ഉടമ്പടിയുടെ പെട്ടകവും അതിനുള്ളിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്.” ശലോമോൻ ഇസ്രായേൽജനസമൂഹത്തിന്റെ സാന്നിധ്യത്തിൽ സർവേശ്വരന്റെ യാഗപീഠത്തിനു മുമ്പാകെ പ്രാർഥനയ്‍ക്കായി കൈകൾ ഉയർത്തി. അദ്ദേഹം ഓടുകൊണ്ട് ഒരു പീഠമുണ്ടാക്കി അങ്കണമധ്യത്തിൽ സ്ഥാപിച്ചിരുന്നു. അതിന് അഞ്ചു മുഴം വീതിയും അഞ്ചുമുഴം നീളവും മൂന്നു മുഴം ഉയരവും ഉണ്ടായിരുന്നു. ശലോമോൻ അതിന്റെ മുകളിൽ കയറി സമസ്ത ഇസ്രായേൽജനങ്ങളുടെയും സാന്നിധ്യത്തിൽ മുട്ടുകുത്തി. സ്വർഗത്തേക്കു കൈകൾ ഉയർത്തി പ്രാർഥിച്ചു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരാ, അവിടുത്തേക്കു സമനായി സ്വർഗത്തിലും ഭൂമിയിലും മറ്റൊരു ദൈവവുമില്ല. പൂർണഹൃദയത്തോടെ അങ്ങയെ അനുസരിക്കുന്ന അവിടുത്തെ ദാസരോട് അവിടുന്നു സുസ്ഥിരസ്നേഹം കാണിക്കുകയും ഉടമ്പടി പാലിക്കുകയും ചെയ്യുന്നു. എന്റെ പിതാവും അവിടുത്തെ ദാസനുമായ ദാവീദിനോടു ചെയ്തിരുന്ന വാഗ്ദാനം അവിടുന്നു നിറവേറ്റി; അവിടുന്ന് അരുളിച്ചെയ്തത് നിറവേറ്റിയുമിരിക്കുന്നു.

2 CHRONICLE 6 വായിക്കുക