അതിനുശേഷം അദ്ദേഹം പറഞ്ഞത്: “ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ! എന്റെ പിതാവായ ദാവീദിനോട് അവിടന്നു തിരുവാകൊണ്ട് അരുളിച്ചെയ്ത വാഗ്ദാനം തിരുക്കരങ്ങളാൽ പൂർത്തീകരിച്ചിരിക്കുന്നു. ‘എന്റെ ജനമായ ഇസ്രായേലിനെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവന്ന നാൾമുതൽ ഇന്നുവരെ എന്റെ നാമം സ്ഥാപിക്കുന്നതിനുവേണ്ടി ഒരാലയം നിർമിക്കാൻ ഇസ്രായേൽ ഗോത്രങ്ങളിലെങ്ങും ഞാൻ ഒരു നഗരം തെരഞ്ഞെടുത്തിട്ടില്ല, എന്റെ ജനമായ ഇസ്രായേലിനു നായകനായിരിക്കേണ്ടതിന് ആരെയും ഞാൻ തെരഞ്ഞെടുത്തിട്ടുമില്ല. എന്നാൽ ഇപ്പോൾ ഞാൻ ജെറുശലേമിനെ, എന്റെ നാമം അവിടെ ആയിരിക്കേണ്ടതിനും ദാവീദിനെ, എന്റെ ജനമായ ഇസ്രായേലിനെ ഭരിക്കേണ്ടതിനും തെരഞ്ഞെടുത്തിരിക്കുന്നു,’ എന്ന് എന്റെ പിതാവിനോട് അവിടന്ന് അരുളിച്ചെയ്തു. “ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയണമെന്നത് എന്റെ പിതാവായ ദാവീദിന്റെ ഹൃദയാഭിലാഷമായിരുന്നു. എന്നാൽ, യഹോവ എന്റെ പിതാവായ ദാവീദിനോടു കൽപ്പിച്ചത്: ‘എന്റെ നാമത്തിന് ഒരു ആലയം പണിയുന്നതിന് നീ ആഗ്രഹിച്ചല്ലോ! ഇങ്ങനെ ഒരഭിലാഷം ഉണ്ടായതു നല്ലതുതന്നെ. എന്നിരുന്നാലും, ആലയം പണിയേണ്ട വ്യക്തി നീയല്ല; എന്നാൽ, നിന്റെ മകൻ, നിന്റെ സ്വന്തം മാംസവും രക്തവുമായവൻ, തന്നെയാണ് എന്റെ നാമത്തിന് ഒരു ആലയം പണിയേണ്ടത്.’ “അങ്ങനെ, താൻ നൽകിയ വാഗ്ദാനം യഹോവ നിറവേറ്റിയിരിക്കുന്നു. കാരണം, യഹോവ വാഗ്ദാനംചെയ്തിരുന്നതുപോലെ ഞാൻ എന്റെ പിതാവായ ദാവീദിന്റെ അനന്തരാവകാശിയായി ഇന്ന് ഇസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കുന്നു. ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഞാൻ ഒരു ആലയം നിർമിച്ചിരിക്കുന്നു. ഇസ്രായേൽജനതയോട് യഹോവ ചെയ്ത ഉടമ്പടി രേഖപ്പെടുത്തിവെച്ചിരിക്കുന്ന പേടകം ഞാൻ അതിൽ സ്ഥാപിച്ചിരിക്കുന്നു.” അതിനുശേഷം, ശലോമോൻ ഇസ്രായേലിന്റെ സർവസഭയുടെയും മുന്നിൽ യഹോവയുടെ യാഗപീഠത്തിനുമുമ്പാകെ നിന്നുകൊണ്ട് കൈകളുയർത്തി. അദ്ദേഹം വെങ്കലംകൊണ്ട് ഒരു പീഠം ഉണ്ടാക്കിയിരുന്നു. അതിന് അഞ്ചുമുഴം നീളവും അഞ്ചുമുഴം വീതിയും മൂന്നുമുഴം പൊക്കവും ഉണ്ടായിരുന്നു. അദ്ദേഹം അത് ആലയാങ്കണത്തിന്റെ നടുവിൽ സ്ഥാപിച്ചിരുന്നു. ശലോമോൻ ആ പീഠത്തിന്മേൽ കയറി ഇസ്രായേലിന്റെ സർവസഭയുടെയും മുന്നിൽ മുട്ടുകുത്തി, ആകാശത്തിലേക്കു കൈമലർത്തിക്കൊണ്ട്, ഈ വിധം പ്രാർഥിച്ചു: “ഇസ്രായേലിന്റെ ദൈവമായ യഹോവേ, ആകാശത്തിലോ ഭൂമിയിലോ അങ്ങേക്കു തുല്യനായി ഒരു ദൈവവുമില്ല. അവിടത്തെ വഴികളെ പൂർണഹൃദയത്തോടെ പിൻതുടരുന്ന തന്റെ ദാസന്മാരോട് അങ്ങയുടെ അചഞ്ചലസ്നേഹത്തിന്റെ ഉടമ്പടി നിറവേറ്റുന്ന ദൈവം അങ്ങാണല്ലോ! അവിടത്തെ ദാസനും എന്റെ പിതാവുമായ ദാവീദിന് അങ്ങു നൽകിയ വാഗ്ദാനം അവിടന്നു നിറവേറ്റിയിരിക്കുന്നു. തിരുവാകൊണ്ട് അവിടന്നു വാഗ്ദാനംചെയ്തത് ഇന്നു തൃക്കൈയാൽ അങ്ങു പൂർത്തീകരിച്ചിരിക്കുന്നു.
2 ദിനവൃത്താന്തം 6 വായിക്കുക
കേൾക്കുക 2 ദിനവൃത്താന്തം 6
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 ദിനവൃത്താന്തം 6:4-15
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ