1 രാജാക്കന്മാർ 12:6-11

1 രാജാക്കന്മാർ 12:6-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

രെഹബെയാംരാജാവ് തന്റെ അപ്പനായ ശലോമോന്റെ ജീവകാലത്ത് അവന്റെ സന്നിധിയിൽ നിന്നിരുന്ന വൃദ്ധന്മാരോട് ആലോചിച്ചു: ഈ ജനത്തോട് ഉത്തരം പറയേണ്ടതിനു നിങ്ങൾ എന്താലോചന പറയുന്നു എന്നു ചോദിച്ചു. അതിന് അവർ അവനോട്: നീ ഇന്ന് ഈ ജനത്തിന് വഴിപ്പെട്ട് അവരെ സേവിച്ച് അവരോട് നല്ലവാക്കു പറഞ്ഞാൽ അവർ എന്നും നിനക്കു ദാസന്മാരായിരിക്കും എന്നു പറഞ്ഞു. എന്നാൽ വൃദ്ധന്മാർ തന്നോടു പറഞ്ഞ ആലോചന അവൻ ത്യജിച്ചു, തന്നോടുകൂടെ വളർന്നവരായി തന്റെ മുമ്പിൽ നില്ക്കുന്ന യൗവനക്കാരോട് ആലോചിച്ചു: നിന്റെ അപ്പൻ ഞങ്ങളുടെമേൽ വച്ചിരിക്കുന്ന നുകം ഭാരം കുറച്ചുതരേണം എന്നിങ്ങനെ എന്നോടു സംസാരിച്ചിട്ടുള്ള ഈ ജനത്തോട് നാം ഉത്തരം പറയേണ്ടതിനു നിങ്ങൾ എന്താലോചന പറയുന്നു എന്ന് അവരോട് ചോദിച്ചു. അവനോടുകൂടെ വളർന്നിരുന്ന യൗവനക്കാർ അവനോട്: നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വച്ചു; നീ അതു ഞങ്ങൾക്കു ഭാരം കുറച്ചുതരേണമെന്നു നിന്നോടു പറഞ്ഞ ഈ ജനത്തോട്: എന്റെ ചെറുവിരൽ എന്റെ അപ്പന്റെ അരയെക്കാൾ വണ്ണമുള്ളതായിരിക്കും. എന്റെ അപ്പൻ നിങ്ങളുടെമേൽ ഭാരമുള്ള നുകംവച്ചിരിക്കെ ഞാൻ നിങ്ങളുടെ നുകത്തിന് ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടിക്കൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെകൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്നിങ്ങനെ നീ ഉത്തരം പറയേണം എന്നു പറഞ്ഞു.

1 രാജാക്കന്മാർ 12:6-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

രെഹബെയാംരാജാവു തന്റെ പിതാവായ ശലോമോന്റെ കാലത്തെ വൃദ്ധരായ ഉപദേശകരോടു ചോദിച്ചു: “ഇവരോടു ഞാൻ എന്തു മറുപടി പറയണം; നിങ്ങളുടെ അഭിപ്രായം എന്ത്?” അവർ രാജാവിനോടു പറഞ്ഞു: “അങ്ങ് അവരുടെ അഭിപ്രായത്തിനു വഴങ്ങി അവരെ പരിപാലിക്കുകയും അവരോടു നല്ലവാക്കു പറയുകയും ചെയ്താൽ അവർ എന്നും അങ്ങയുടെ ദാസന്മാരായിരിക്കും.” എന്നാൽ രെഹബെയാം അവരുടെ നിർദ്ദേശം നിരസിച്ചു തന്നോടൊത്തു വളർന്നവരും രാജസദസ്സിൽ ഉണ്ടായിരുന്നവരുമായ യുവാക്കന്മാരുടെ അഭിപ്രായം ആരാഞ്ഞു. രാജാവ് അവരോടു ചോദിച്ചു: “അങ്ങയുടെ പിതാവ് ഞങ്ങളുടെ ചുമലിൽ വച്ചിരിക്കുന്ന നുകത്തിന്റെ ഭാരം ലഘൂകരിച്ചു തരണം എന്നാവശ്യപ്പെടുന്ന ജനത്തിനു നാം എന്തു മറുപടിയാണു നല്‌കേണ്ടത്.” ആ യുവാക്കന്മാർ പറഞ്ഞു: “അങ്ങയുടെ പിതാവ് ഞങ്ങളുടെ ചുമലിൽ വച്ചിരിക്കുന്ന ഭാരമുള്ള നുകം ലഘൂകരിച്ചു തരണം എന്നാവശ്യപ്പെടുന്നവരോട് എന്റെ ചെറുവിരൽ പിതാവിന്റെ അരക്കെട്ടിനെക്കാൾ വണ്ണമുള്ളതാണെന്നു പറയണം; എന്റെ പിതാവു ഭാരമുള്ള നുകം നിങ്ങളുടെമേൽ വച്ചെങ്കിൽ ഞാൻ അതിന്റെ ഭാരം ഇനിയും വർധിപ്പിക്കും. അദ്ദേഹം ചാട്ടകൊണ്ടു നിങ്ങളെ അടിച്ചെങ്കിൽ ഞാൻ മുൾച്ചാട്ടകൊണ്ടു നിങ്ങളെ അടിക്കും.”

1 രാജാക്കന്മാർ 12:6-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

രെഹബെയാംരാജാവ് തന്‍റെ അപ്പനായ ശലോമോന്‍റെ ജീവകാലത്ത് തന്‍റെ സന്നിധിയിൽ നിന്നിരുന്ന വൃദ്ധന്മാരോട് ആലോചിച്ചു: “ഈ ജനത്തോട് ഉത്തരം പറയേണ്ടതിന് നിങ്ങൾ എന്താലോചന പറയുന്നു?” എന്നു ചോദിച്ചു. അതിന് അവർ അവനോട്: “നീ ഇന്ന് ഈ ജനത്തിന് ഒരു സേവകനായിത്തീർന്ന് അവരെ സേവിച്ച് അവരോട് നല്ലവാക്കു പറഞ്ഞാൽ അവർ എന്നും നിനക്കു ദാസന്മാരായിരിക്കും” എന്നു പറഞ്ഞു. എന്നാൽ വൃദ്ധന്മാർ തന്നോട് പറഞ്ഞ ആലോചന അവൻ ത്യജിച്ചു, തന്നോടുകൂടെ വളർന്നവരും, തന്‍റെ മുമ്പിൽ നില്‍ക്കുന്നവരുമായ യൗവനക്കാരോട് ആലോചന ചോദിച്ചു: “നിന്‍റെ അപ്പൻ ഞങ്ങളുടെമേൽ വച്ചിരിക്കുന്ന നുകം ഭാരം കുറെച്ചു തരേണം എന്നിങ്ങനെ എന്നോട് സംസാരിച്ച ഈ ജനത്തോട് നാം എന്തു മറുപടി പറയേണം? നിങ്ങളുടെ ഉപദേശം എന്താണ്?” എന്നു അവരോട് ചോദിച്ചു. തന്നോടുകൂടെ വളർന്നുവന്ന യൗവനക്കാർ അവനോട്: “നിന്‍റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വച്ചു; നീ അതു ഞങ്ങൾക്ക് ഭാരം കുറച്ചു തരേണം എന്നു നിന്നോടു പറഞ്ഞ ഈ ജനത്തോട് നീ ഈ വിധം ഉത്തരം പറയേണം: എന്‍റെ ചെറുവിരൽ എന്‍റെ അപ്പന്‍റെ അരക്കെട്ടിനെക്കാൾ വണ്ണമുള്ളതായിരിക്കും. എന്‍റെ അപ്പൻ നിങ്ങളുടെമേൽ ഭാരമുള്ള നുകം ചുമത്തി; ഞാൻ അതിനു ഭാരം കൂട്ടും; എന്‍റെ അപ്പൻ നിങ്ങളെ ചാട്ടകൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും” എന്നു പറഞ്ഞു.

1 രാജാക്കന്മാർ 12:6-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

രെഹബെയാംരാജാവു തന്റെ അപ്പനായ ശലോമോന്റെ ജീവകാലത്തു അവന്റെ സന്നിധിയിൽ നിന്നിരുന്ന വൃദ്ധന്മാരോടു ആലോചിച്ചു: ഈ ജനത്തോടു ഉത്തരം പറയേണ്ടതിന്നു നിങ്ങൾ എന്താലോചന പറയുന്നു എന്നു ചോദിച്ചു. അതിന്നു അവർ അവനോടു: നീ ഇന്നു ഈ ജനത്തിന്നു വഴിപ്പെട്ടു അവരെ സേവിച്ചു അവരോടു നല്ലവാക്കു പറഞ്ഞാൽ അവർ എന്നും നിനക്കു ദാസന്മാരായിരിക്കും എന്നു പറഞ്ഞു. എന്നാൽ വൃദ്ധന്മാർ തന്നോടു പറഞ്ഞ ആലോചന അവൻ ത്യജിച്ചു, തന്നോടുകൂടെ വളർന്നവരായി തന്റെ മുമ്പിൽ നില്ക്കുന്ന യൗവ്വനക്കാരോടു ആലോചിച്ചു: നിന്റെ അപ്പൻ ഞങ്ങളുടെ മേൽ വെച്ചിരിക്കുന്ന നുകം ഭാരം കുറെച്ചു തരേണം എന്നിങ്ങനെ എന്നോടു സംസാരിച്ചിട്ടുള്ള ഈ ജനത്തോടു നാം ഉത്തരം പറയേണ്ടതിന്നു നിങ്ങൾ എന്താലോചന പറയുന്നു എന്നു അവരോടു ചോദിച്ചു. അവനോടുകൂടെ വളർന്നിരുന്ന യൗവ്വനക്കാർ അവനോടു: നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വെച്ചു; നീ അതു ഞങ്ങൾക്കു ഭാരം കുറെച്ചുതരേണമെന്നു നിന്നോടു പറഞ്ഞ ഈ ജനത്തോടു: എന്റെ ചെറുവിരൽ എന്റെ അപ്പന്റെ അരയെക്കാൾ വണ്ണമുള്ളതായിരിക്കും. എന്റെ അപ്പൻ നിങ്ങളുടെമേൽ ഭാരമുള്ള നുകം വെച്ചിരിക്കെ ഞാൻ നിങ്ങളുടെ നുകത്തിന്നു ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്നിങ്ങനെ നീ ഉത്തരം പറയേണം എന്നു പറഞ്ഞു.

1 രാജാക്കന്മാർ 12:6-11 സമകാലിക മലയാളവിവർത്തനം (MCV)

അതിനുശേഷം, രാജാവ് തന്റെ പിതാവായ ശലോമോനെ അദ്ദേഹത്തിന്റെ ജീവിതകാലംമുഴുവൻ സേവിച്ചുനിന്നിരുന്ന വൃദ്ധജനങ്ങളുമായി കൂടിയാലോചിച്ചു. “ഞാൻ ഈ ജനത്തോട് എന്ത് മറുപടി പറയണം? നിങ്ങളുടെ ആലോചനയും അഭിപ്രായവും എന്ത്?” എന്ന് രെഹബെയാം അവരോടു ചോദിച്ചു. അവർ അദ്ദേഹത്തോട്: “ഇന്ന് അങ്ങ് ഈ ജനത്തിന് ഒരു സേവകനായിത്തീർന്ന് അവരെ സേവിക്കുകയും അവരോട് അനുകൂലമായ മറുപടി പറയുകയും ചെയ്താൽ അവർ എന്നും അങ്ങയുടെ ദാസന്മാരായിരിക്കും” എന്ന് ഉത്തരം പറഞ്ഞു. എന്നാൽ, രെഹബെയാം വൃദ്ധജനങ്ങളുടെ ഉപദേശം സ്വീകരിച്ചില്ല. തന്നോടൊപ്പം വളർന്നവരും തന്നെ സേവിച്ചുനിൽക്കുന്നവരുമായ യുവജനങ്ങളുമായി അദ്ദേഹം കൂടിയാലോചിച്ചു. “നിങ്ങളുടെ ഉപദേശം എന്താണ്? ‘നിന്റെ പിതാവു ഞങ്ങളുടെമേൽ ചുമത്തിയ നുകത്തിന്റെ ഭാരം കുറച്ചുതരിക,’ എന്ന് എന്നോടു പറയുന്ന ഈ ജനത്തോടു നാം എന്തു മറുപടി പറയണം?” എന്ന് അദ്ദേഹം ചോദിച്ചു. അദ്ദേഹത്തോടൊപ്പം വളർന്നുവന്ന ആ യുവജനങ്ങൾ മറുപടി പറഞ്ഞത്: “ ‘അങ്ങയുടെ പിതാവു ഞങ്ങളുടെമേൽ ഭാരമുള്ള നുകം ചുമത്തി; അതിന്റെ ഭാരം കുറച്ചുതരണം,’ എന്ന് അങ്ങയോടാവശ്യപ്പെട്ട ഈ ജനത്തോട് ഈ വിധം പറയണം: ‘എന്റെ ചെറുവിരൽ എന്റെ പിതാവിന്റെ അരക്കെട്ടിനെക്കാളും വലുപ്പമുള്ളതായിരിക്കും. എന്റെ പിതാവ് നിങ്ങളുടെമേൽ ഭാരമുള്ള നുകം ചുമത്തി; ഞാനതിനെ ഇനിയും കൂടുതൽ ഭാരമുള്ളതാക്കും. എന്റെ പിതാവു ചമ്മട്ടികൊണ്ടു നിങ്ങളെ ദണ്ഡിപ്പിച്ചു; ഞാനോ, നിങ്ങളെ തേളുകളെക്കൊണ്ടു ദണ്ഡിപ്പിക്കും.’ ”