1 രാജാക്കന്മാർ 12:6-11

1 രാജാക്കന്മാർ 12:6-11 MALOVBSI

രെഹബെയാംരാജാവ് തന്റെ അപ്പനായ ശലോമോന്റെ ജീവകാലത്ത് അവന്റെ സന്നിധിയിൽ നിന്നിരുന്ന വൃദ്ധന്മാരോട് ആലോചിച്ചു: ഈ ജനത്തോട് ഉത്തരം പറയേണ്ടതിനു നിങ്ങൾ എന്താലോചന പറയുന്നു എന്നു ചോദിച്ചു. അതിന് അവർ അവനോട്: നീ ഇന്ന് ഈ ജനത്തിന് വഴിപ്പെട്ട് അവരെ സേവിച്ച് അവരോട് നല്ലവാക്കു പറഞ്ഞാൽ അവർ എന്നും നിനക്കു ദാസന്മാരായിരിക്കും എന്നു പറഞ്ഞു. എന്നാൽ വൃദ്ധന്മാർ തന്നോടു പറഞ്ഞ ആലോചന അവൻ ത്യജിച്ചു, തന്നോടുകൂടെ വളർന്നവരായി തന്റെ മുമ്പിൽ നില്ക്കുന്ന യൗവനക്കാരോട് ആലോചിച്ചു: നിന്റെ അപ്പൻ ഞങ്ങളുടെമേൽ വച്ചിരിക്കുന്ന നുകം ഭാരം കുറച്ചുതരേണം എന്നിങ്ങനെ എന്നോടു സംസാരിച്ചിട്ടുള്ള ഈ ജനത്തോട് നാം ഉത്തരം പറയേണ്ടതിനു നിങ്ങൾ എന്താലോചന പറയുന്നു എന്ന് അവരോട് ചോദിച്ചു. അവനോടുകൂടെ വളർന്നിരുന്ന യൗവനക്കാർ അവനോട്: നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വച്ചു; നീ അതു ഞങ്ങൾക്കു ഭാരം കുറച്ചുതരേണമെന്നു നിന്നോടു പറഞ്ഞ ഈ ജനത്തോട്: എന്റെ ചെറുവിരൽ എന്റെ അപ്പന്റെ അരയെക്കാൾ വണ്ണമുള്ളതായിരിക്കും. എന്റെ അപ്പൻ നിങ്ങളുടെമേൽ ഭാരമുള്ള നുകംവച്ചിരിക്കെ ഞാൻ നിങ്ങളുടെ നുകത്തിന് ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടിക്കൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെകൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്നിങ്ങനെ നീ ഉത്തരം പറയേണം എന്നു പറഞ്ഞു.