1 രാജാ. 12:6-11

1 രാജാ. 12:6-11 IRVMAL

രെഹബെയാംരാജാവ് തന്‍റെ അപ്പനായ ശലോമോന്‍റെ ജീവകാലത്ത് തന്‍റെ സന്നിധിയിൽ നിന്നിരുന്ന വൃദ്ധന്മാരോട് ആലോചിച്ചു: “ഈ ജനത്തോട് ഉത്തരം പറയേണ്ടതിന് നിങ്ങൾ എന്താലോചന പറയുന്നു?” എന്നു ചോദിച്ചു. അതിന് അവർ അവനോട്: “നീ ഇന്ന് ഈ ജനത്തിന് ഒരു സേവകനായിത്തീർന്ന് അവരെ സേവിച്ച് അവരോട് നല്ലവാക്കു പറഞ്ഞാൽ അവർ എന്നും നിനക്കു ദാസന്മാരായിരിക്കും” എന്നു പറഞ്ഞു. എന്നാൽ വൃദ്ധന്മാർ തന്നോട് പറഞ്ഞ ആലോചന അവൻ ത്യജിച്ചു, തന്നോടുകൂടെ വളർന്നവരും, തന്‍റെ മുമ്പിൽ നില്‍ക്കുന്നവരുമായ യൗവനക്കാരോട് ആലോചന ചോദിച്ചു: “നിന്‍റെ അപ്പൻ ഞങ്ങളുടെമേൽ വച്ചിരിക്കുന്ന നുകം ഭാരം കുറെച്ചു തരേണം എന്നിങ്ങനെ എന്നോട് സംസാരിച്ച ഈ ജനത്തോട് നാം എന്തു മറുപടി പറയേണം? നിങ്ങളുടെ ഉപദേശം എന്താണ്?” എന്നു അവരോട് ചോദിച്ചു. തന്നോടുകൂടെ വളർന്നുവന്ന യൗവനക്കാർ അവനോട്: “നിന്‍റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വച്ചു; നീ അതു ഞങ്ങൾക്ക് ഭാരം കുറച്ചു തരേണം എന്നു നിന്നോടു പറഞ്ഞ ഈ ജനത്തോട് നീ ഈ വിധം ഉത്തരം പറയേണം: എന്‍റെ ചെറുവിരൽ എന്‍റെ അപ്പന്‍റെ അരക്കെട്ടിനെക്കാൾ വണ്ണമുള്ളതായിരിക്കും. എന്‍റെ അപ്പൻ നിങ്ങളുടെമേൽ ഭാരമുള്ള നുകം ചുമത്തി; ഞാൻ അതിനു ഭാരം കൂട്ടും; എന്‍റെ അപ്പൻ നിങ്ങളെ ചാട്ടകൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും” എന്നു പറഞ്ഞു.