1 രാജാക്കന്മാർ 12:6-11

1 രാജാക്കന്മാർ 12:6-11 MCV

അതിനുശേഷം, രാജാവ് തന്റെ പിതാവായ ശലോമോനെ അദ്ദേഹത്തിന്റെ ജീവിതകാലംമുഴുവൻ സേവിച്ചുനിന്നിരുന്ന വൃദ്ധജനങ്ങളുമായി കൂടിയാലോചിച്ചു. “ഞാൻ ഈ ജനത്തോട് എന്ത് മറുപടി പറയണം? നിങ്ങളുടെ ആലോചനയും അഭിപ്രായവും എന്ത്?” എന്ന് രെഹബെയാം അവരോടു ചോദിച്ചു. അവർ അദ്ദേഹത്തോട്: “ഇന്ന് അങ്ങ് ഈ ജനത്തിന് ഒരു സേവകനായിത്തീർന്ന് അവരെ സേവിക്കുകയും അവരോട് അനുകൂലമായ മറുപടി പറയുകയും ചെയ്താൽ അവർ എന്നും അങ്ങയുടെ ദാസന്മാരായിരിക്കും” എന്ന് ഉത്തരം പറഞ്ഞു. എന്നാൽ, രെഹബെയാം വൃദ്ധജനങ്ങളുടെ ഉപദേശം സ്വീകരിച്ചില്ല. തന്നോടൊപ്പം വളർന്നവരും തന്നെ സേവിച്ചുനിൽക്കുന്നവരുമായ യുവജനങ്ങളുമായി അദ്ദേഹം കൂടിയാലോചിച്ചു. “നിങ്ങളുടെ ഉപദേശം എന്താണ്? ‘നിന്റെ പിതാവു ഞങ്ങളുടെമേൽ ചുമത്തിയ നുകത്തിന്റെ ഭാരം കുറച്ചുതരിക,’ എന്ന് എന്നോടു പറയുന്ന ഈ ജനത്തോടു നാം എന്തു മറുപടി പറയണം?” എന്ന് അദ്ദേഹം ചോദിച്ചു. അദ്ദേഹത്തോടൊപ്പം വളർന്നുവന്ന ആ യുവജനങ്ങൾ മറുപടി പറഞ്ഞത്: “ ‘അങ്ങയുടെ പിതാവു ഞങ്ങളുടെമേൽ ഭാരമുള്ള നുകം ചുമത്തി; അതിന്റെ ഭാരം കുറച്ചുതരണം,’ എന്ന് അങ്ങയോടാവശ്യപ്പെട്ട ഈ ജനത്തോട് ഈ വിധം പറയണം: ‘എന്റെ ചെറുവിരൽ എന്റെ പിതാവിന്റെ അരക്കെട്ടിനെക്കാളും വലുപ്പമുള്ളതായിരിക്കും. എന്റെ പിതാവ് നിങ്ങളുടെമേൽ ഭാരമുള്ള നുകം ചുമത്തി; ഞാനതിനെ ഇനിയും കൂടുതൽ ഭാരമുള്ളതാക്കും. എന്റെ പിതാവു ചമ്മട്ടികൊണ്ടു നിങ്ങളെ ദണ്ഡിപ്പിച്ചു; ഞാനോ, നിങ്ങളെ തേളുകളെക്കൊണ്ടു ദണ്ഡിപ്പിക്കും.’ ”