പുറപ്പാട് 25
25
1യഹോവ മോശെയോടു കല്പിച്ചത് എന്തെന്നാൽ: 2എനിക്കു വഴിപാടു കൊണ്ടുവരുവാൻ യിസ്രായേൽമക്കളോടു പറക; നല്ല മനസ്സോടെ തരുന്ന ഏവനോടും നിങ്ങൾ എനിക്കുവേണ്ടി വഴിപാടു വാങ്ങേണം. 3അവരോടു വാങ്ങേണ്ടുന്ന വഴിപാടോ: പൊന്ന്, വെള്ളി, താമ്രം; 4നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം, 5ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശുതോൽ, ഖദിരമരം; 6വിളക്കിന് എണ്ണ, അഭിഷേകതൈലത്തിനും പരിമളധൂപത്തിനും സുഗന്ധവർഗം, 7ഏഫോദിനും മാർപതക്കത്തിനും പതിപ്പാൻ ഗോമേദകക്കല്ല്, രത്നങ്ങൾ എന്നിവതന്നെ. 8ഞാൻ അവരുടെ നടുവിൽ വസിപ്പാൻ അവർ എനിക്ക് ഒരു വിശുദ്ധമന്ദിരം ഉണ്ടാക്കേണം. 9തിരുനിവാസവും അതിന്റെ ഉപകരണങ്ങളും ഞാൻ കാണിക്കുന്ന മാതൃകപ്രകാരമൊക്കെയുംതന്നെ ഉണ്ടാക്കേണം.
10ഖദിരമരംകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കേണം; അതിനു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും വേണം. 11അതു മുഴുവനും തങ്കംകൊണ്ടു പൊതിയേണം; അകത്തും പുറത്തും പൊതിയേണം; അതിന്റെമേൽ ചുറ്റും പൊന്നുകൊണ്ടുള്ള ഒരു വക്കും ഉണ്ടാക്കേണം. 12അതിനു നാലു പൊൻവളയം വാർപ്പിച്ചു നാലു കാലിലും ഇപ്പുറത്തു രണ്ടു വളയവും അപ്പുറത്തു രണ്ടു വളയവുമായി തറയ്ക്കേണം. 13ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം. 14തണ്ടുകളാൽ പെട്ടകം ചുമക്കേണ്ടതിനു പെട്ടകത്തിന്റെ പാർശ്വങ്ങളിലുള്ള വളയങ്ങളിൽ അവ ചെലുത്തേണം. 15തണ്ടുകൾ പെട്ടകത്തിന്റെ വളയങ്ങളിൽ ഇരിക്കേണം; അവയെ അതിൽനിന്ന് ഊരരുത്. 16ഞാൻ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിൽ വയ്ക്കേണം. 17തങ്കംകൊണ്ടു കൃപാസനം ഉണ്ടാക്കേണം; അതിന്റെ നീളം രണ്ടര മുഴവും വീതി ഒന്നര മുഴവും ആയിരിക്കേണം. 18പൊന്നുകൊണ്ടു രണ്ടു കെരൂബുകളെ ഉണ്ടാക്കേണം; കൃപാസനത്തിന്റെ രണ്ടറ്റത്തും അടിപ്പുപണിയായി പൊന്നുകൊണ്ട് അവയെ ഉണ്ടാക്കേണം. 19ഒരു കെരൂബിനെ ഒരു അറ്റത്തും മറ്റേ കെരൂബിനെ മറ്റേ അറ്റത്തും ഉണ്ടാക്കേണം. കെരൂബുകളെ കൃപാസനത്തിൽനിന്നുള്ളവയായി അതിന്റെ രണ്ട് അറ്റത്തും ഉണ്ടാക്കേണം. 20കെരൂബുകൾ മേലോട്ടു ചിറകു വിടർത്തി ചിറകുകൊണ്ടു കൃപാസനത്തെ മൂടുകയും തമ്മിൽ അഭിമുഖമായിരിക്കയും വേണം. കെരൂബുകളുടെ മുഖം കൃപാസനത്തിനു നേരേ ഇരിക്കേണം. 21കൃപാസനത്തെ പെട്ടകത്തിന്മീതെ വയ്ക്കേണം; ഞാൻ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിനകത്തു വയ്ക്കേണം. 22അവിടെ ഞാൻ നിനക്കു പ്രത്യക്ഷനായി കൃപാസനത്തിന്മേൽനിന്നും സാക്ഷ്യപ്പെട്ടകത്തിന്മേൽ നില്ക്കുന്ന രണ്ടു കെരൂബുകളുടെ നടുവിൽനിന്നും യിസ്രായേൽമക്കൾക്കായി ഞാൻ നിന്നോടു കല്പിപ്പാനിരിക്കുന്ന സകലവും നിന്നോട് അരുളിച്ചെയ്യും.
23ഖദിരമരംകൊണ്ട് ഒരു മേശ ഉണ്ടാക്കേണം. അതിന്റെ നീളം രണ്ടു മുഴവും വീതി ഒരു മുഴവും ഉയരം ഒന്നര മുഴവും ആയിരിക്കേണം. 24അതു തങ്കംകൊണ്ടു പൊതിഞ്ഞു ചുറ്റും പൊന്നുകൊണ്ട് ഒരു വക്കും ഉണ്ടാക്കേണം. 25ചുറ്റും അതിനു നാലു വിരൽ വീതിയുള്ള ഒരു ചട്ടവും ചട്ടത്തിനു ചുറ്റും പൊന്നുകൊണ്ട് ഒരു വക്കും ഉണ്ടാക്കേണം. 26അതിനു നാലു പൊൻവളയം ഉണ്ടാക്കേണം; വളയം നാലു കാലിന്റെയും പാർശ്വങ്ങളിൽ തറയ്ക്കേണം. 27മേശ ചുമക്കേണ്ടതിനു തണ്ടു ചെലുത്തുവാൻ വേണ്ടി വളയം ചട്ടത്തിനു ചേർന്നിരിക്കേണം. 28തണ്ടുകൾ ഖദിരമരംകൊണ്ട് ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം; അവകൊണ്ടു മേശ ചുമക്കേണം. 29അതിന്റെ തളികകളും കരണ്ടികളും പകരുന്നതിനുള്ള കുടങ്ങളും കിണ്ടികളും ഉണ്ടാക്കേണം; തങ്കംകൊണ്ട് അവയെ ഉണ്ടാക്കേണം. 30മേശമേൽ നിത്യം കാഴ്ചയപ്പം എന്റെ മുമ്പാകെ വയ്ക്കേണം.
31തങ്കംകൊണ്ട് ഒരു നിലവിളക്ക് ഉണ്ടാക്കേണം. നിലവിളക്ക് അടിപ്പുപണിയായിരിക്കേണം. അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മൊട്ടുകളും പൂക്കളും അതിൽനിന്നുതന്നെ ആയിരിക്കേണം. 32നിലവിളക്കിന്റെ മൂന്നു ശാഖ ഒരു വശത്തുനിന്നും ഇങ്ങനെ ആറു ശാഖ അതിന്റെ പാർശ്വങ്ങളിൽനിന്നു പുറപ്പെടേണം. 33ഒരു ശാഖയിൽ ഓരോ മൊട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും മറ്റൊരു ശാഖയിൽ ഓരോ മൊട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും ഉണ്ടായിരിക്കേണം; നിലവിളക്കിൽനിന്നു പുറപ്പെടുന്ന ആറു ശാഖയ്ക്കും അങ്ങനെ തന്നെ വേണം. 34വിളക്കുതണ്ടിലോ മൊട്ടുകളോടും പൂക്കളോടും കൂടിയ ബദാംപൂപോലെ നാലു പുഷ്പപുടം ഉണ്ടായിരിക്കേണം. 35അതിൽനിന്നുള്ള രണ്ടു ശാഖയ്ക്കു കീഴെ ഒരു മൊട്ടും മറ്റു രണ്ടു ശാഖയ്ക്കു കീഴെ ഒരു മൊട്ടും മറ്റു രണ്ടു ശാഖയ്ക്കു കീഴെ ഒരു മൊട്ടും ഇങ്ങനെ നിലവിളക്കിൽനിന്നു പുറപ്പെടുന്ന ആറു ശാഖയ്ക്കും വേണം. 36അവയുടെ മൊട്ടുകളും ശാഖകളും അതിൽനിന്നുതന്നെ ആയിരിക്കേണം; മുഴുവനും തങ്കംകൊണ്ട് ഒറ്റ അടിപ്പുപണിയായിരിക്കേണം. 37അതിന് ഏഴു ദീപം ഉണ്ടാക്കി നേരേ മുമ്പോട്ടു പ്രകാശിപ്പാൻ തക്കവണ്ണം ദീപങ്ങളെ കൊളുത്തേണം. 38അതിന്റെ ചവണകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ട് ആയിരിക്കേണം. 39അതും ഈ ഉപകരണങ്ങളൊക്കെയും ഒരു താലന്തു തങ്കംകൊണ്ട് ഉണ്ടാക്കേണം. 40പർവതത്തിൽവച്ചു കാണിച്ചുതന്ന മാതൃകപ്രകാരം അവയെ ഉണ്ടാക്കുവാൻ സൂക്ഷിച്ചുകൊള്ളേണം.
Chwazi Kounye ya:
പുറപ്പാട് 25: MALOVBSI
Pati Souliye
Pataje
Kopye
Ou vle gen souliye ou yo sere sou tout aparèy ou yo? Enskri oswa konekte
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.