പുറപ്പാട് 24
24
1അവൻ പിന്നെയും മോശെയോട്: നീയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതു പേരും യഹോവയുടെ അടുക്കൽ കയറിവന്നു ദൂരത്തുനിന്നു നമസ്കരിപ്പിൻ. 2മോശെ മാത്രം യഹോവയ്ക്ക് അടുത്തുവരട്ടെ. അവർ അടുത്തു വരരുത്; ജനം അവനോടുകൂടെ കയറിവരികയുമരുത് എന്നു കല്പിച്ചു. 3എന്നാറെ മോശെ വന്നു യഹോവയുടെ വചനങ്ങളും ന്യായങ്ങളും എല്ലാം ജനത്തെ അറിയിച്ചു. യഹോവ കല്പിച്ച സകല കാര്യങ്ങളും ഞങ്ങൾ ചെയ്യും എന്നു ജനമൊക്കെയും ഏകശബ്ദത്തോടെ ഉത്തരം പറഞ്ഞു. 4മോശെ യഹോവയുടെ വചനങ്ങളൊക്കെയും എഴുതി അതികാലത്ത് എഴുന്നേറ്റു പർവതത്തിന്റെ അടിവാരത്ത് ഒരു യാഗപീഠവും യിസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളുടെ സംഖ്യക്കൊത്തവണ്ണം പന്ത്രണ്ടു തൂണും പണിതു. 5പിന്നെ അവൻ യിസ്രായേൽമക്കളിൽ ചില ബാല്യക്കാരെ അയച്ചു; അവർ ഹോമയാഗങ്ങളെ കഴിച്ച് യഹോവയ്ക്കു സമാധാനയാഗങ്ങളായി കാളകളെയും അർപ്പിച്ചു. 6മോശെ രക്തത്തിൽ പാതി എടുത്തു പാത്രങ്ങളിൽ ഒഴിച്ചു; രക്തത്തിൽ പാതി യാഗപീഠത്തിന്മേൽ തളിച്ചു. 7അവൻ നിയമപുസ്തകം എടുത്തു ജനം കേൾക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കുമെന്ന് അവർ പറഞ്ഞു. 8അപ്പോൾ മോശെ രക്തം എടുത്തു ജനത്തിന്മേൽ തളിച്ചു; ഈ സകല വചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ രക്തം ഇതാ എന്നു പറഞ്ഞു. 9അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതു പേരുംകൂടെ കയറിച്ചെന്നു. 10അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു. 11യിസ്രായേൽമക്കളുടെ പ്രമാണികൾക്കു തൃക്കൈയാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ടു ഭക്ഷണപാനീയങ്ങൾ കഴിച്ചു.
12പിന്നെ യഹോവ മോശെയോട്: നീ എന്റെ അടുക്കൽ പർവതത്തിൽ കയറിവന്ന് അവിടെ ഇരിക്ക; ഞാൻ നിനക്കു കല്പലകകളും നീ അവരെ ഉപദേശിക്കേണ്ടതിനു ഞാൻ എഴുതിയ ന്യായപ്രമാണവും കല്പനകളും തരും എന്ന് അരുളിച്ചെയ്തു. 13അങ്ങനെ മോശെയും അവന്റെ ശുശ്രൂഷക്കാരനായ യോശുവയും എഴുന്നേറ്റു, മോശെ ദൈവത്തിന്റെ പർവതത്തിൽ കയറി. 14അവൻ മൂപ്പന്മാരോട്: ഞങ്ങൾ നിങ്ങളുടെ അടുക്കൽ മടങ്ങിവരുവോളം ഇവിടെ താമസിപ്പിൻ; അഹരോനും ഹൂരും നിങ്ങളോടുകൂടെ ഉണ്ടല്ലോ; ആർക്കെങ്കിലും വല്ല കാര്യവുമുണ്ടായാൽ അവൻ അവരുടെ അടുക്കൽ ചെല്ലട്ടെ എന്നു പറഞ്ഞു. 15അങ്ങനെ മോശെ പർവതത്തിൽ കയറിപ്പോയി; ഒരു മേഘം പർവതത്തെ മൂടി. 16യഹോവയുടെ തേജസ്സും സീനായിപർവതത്തിൽ ആവസിച്ചു. മേഘം ആറു ദിവസം അതിനെ മൂടിയിരുന്നു; അവൻ ഏഴാം ദിവസം മേഘത്തിന്റെ നടുവിൽനിന്നു മോശെയെ വിളിച്ചു. 17യഹോവയുടെ തേജസ്സിന്റെ കാഴ്ച പർവതത്തിന്റെ മുകളിൽ കത്തുന്ന തീപോലെ യിസ്രായേൽമക്കൾക്കു തോന്നി. 18മോശെയോ മേഘത്തിന്റെ നടുവിൽ പർവതത്തിൽ കയറി. മോശെ നാല്പതു പകലും നാല്പതു രാവും പർവതത്തിൽ ആയിരുന്നു.
Chwazi Kounye ya:
പുറപ്പാട് 24: MALOVBSI
Pati Souliye
Pataje
Kopye
Ou vle gen souliye ou yo sere sou tout aparèy ou yo? Enskri oswa konekte
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.