Logo de YouVersion
Icono de búsqueda

സെഖര്യാവ് 7

7
1ദാര്യാവേശ്‍രാജാവിന്റെ നാലാം ആണ്ടിൽ, കിസ്ലേവ് എന്ന ഒമ്പതാം മാസം, നാലാം തീയതി, സെഖര്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായി. 2ബേഥേൽകാർ യഹോവയെ പ്രസാദിപ്പിക്കേണ്ടതിനു സരേസരിനെയും രേഗെം-മേലെക്കിനെയും അവരുടെ ആളുകളെയും അയച്ചു, 3സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിലെ പുരോഹിതന്മാരോടും പ്രവാചകന്മാരോടും: ഞങ്ങൾ ഇത്ര സംവത്സരമായി ചെയ്തുവന്നതുപോലെ അഞ്ചാം മാസത്തിൽ കരഞ്ഞുംകൊണ്ട് ഉപവസിക്കേണമോ എന്നു ചോദിപ്പിച്ചു. 4അപ്പോൾ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് എനിക്ക് ഉണ്ടായതെന്തെന്നാൽ: 5നീ ദേശത്തിലെ സകല ജനത്തോടും പുരോഹിതന്മാരോടും പറയേണ്ടത്: നിങ്ങൾ ഈ എഴുപതു സംവത്സരമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും ഉപവസിച്ചു വിലപിക്കയിൽ നിങ്ങൾ എനിക്കുവേണ്ടി തന്നെയോ ഉപവസിച്ചത്? 6നിങ്ങൾ ഭക്ഷിക്കുമ്പോഴും പാനംചെയ്യുമ്പോഴും നിങ്ങൾ തന്നെയല്ലയോ ഭക്ഷിക്കയും പാനം ചെയ്കയും ചെയ്യുന്നത്? 7യെരൂശലേമിനും അതിന്റെ ചുറ്റും അതിന്റെ ഉപനഗരങ്ങൾക്കും നിവാസികളും സ്വസ്ഥതയും ഉണ്ടായിരുന്നപ്പോഴും തെക്കേ ദേശത്തിനും താഴ്‌വീതിക്കും നിവാസികൾ ഉണ്ടായിരുന്നപ്പോഴും യഹോവ പണ്ടത്തെ പ്രവാചകന്മാർ മുഖാന്തരം പ്രസംഗിപ്പിച്ച വചനങ്ങളെ നിങ്ങൾ കേട്ടനുസരിക്കേണ്ടതല്ലയോ?
8യഹോവയുടെ അരുളപ്പാട് സെഖര്യാവിനുണ്ടായതെന്തെന്നാൽ: 9സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നേരോടെ ന്യായം പാലിക്കയും ഓരോരുത്തൻ താന്താന്റെ സഹോദരനോടു ദയയും കരുണയും കാണിക്കയും ചെയ്‍വിൻ. 10വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുത്; നിങ്ങളിൽ ആരും തന്റെ സഹോദരന്റെ നേരേ ഹൃദയത്തിൽ ദോഷം നിരൂപിക്കയും അരുത്. 11എന്നാൽ ചെവികൊടുപ്പാൻ അവർക്കു മനസ്സില്ലായിരുന്നു; അവർ ദുശ്ശാഠ്യം കാണിക്കയും കേൾക്കാതവണ്ണം ചെവി പൊത്തിക്കളകയും ചെയ്തു. 12അവർ ന്യായപ്രമാണവും സൈന്യങ്ങളുടെ യഹോവ തന്റെ ആത്മാവിനാൽ പണ്ടത്തെ പ്രവാചകന്മാർ മുഖാന്തരം അയച്ച വചനങ്ങളും കേട്ടനുസരിക്കാതവണ്ണം ഹൃദയങ്ങളെ വജ്രംപോലെ കടുപ്പമാക്കി; അങ്ങനെ സൈന്യങ്ങളുടെ യഹോവയിങ്കൽനിന്ന് ഒരു മഹാകോപം വന്നു. 13ആകയാൽ ഞാൻ വിളിച്ചിട്ടും അവർ കേൾക്കാതിരുന്നതുപോലെ തന്നെ അവർ നിലവിളിക്കും; ഞാൻ കേൾക്കയില്ലതാനും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 14ഞാൻ ഒരു ചുഴലിക്കാറ്റുകൊണ്ട് അവരെ അവർ അറിയാത്ത സകല ജാതികളുടെയും ഇടയിൽ പാറ്റിക്കളഞ്ഞു; ദേശമോ ആരും പോക്കുവരത്തില്ലാതവണ്ണം അവരുടെ പിമ്പിൽ ശൂന്യമായിത്തീർന്നു; അങ്ങനെ അവർ മനോഹരദേശത്തെ ശൂന്യമാക്കിക്കളഞ്ഞു.

Destacar

Compartir

Copiar

None

¿Quieres tener guardados todos tus destacados en todos tus dispositivos? Regístrate o inicia sesión