Logo de YouVersion
Icono de búsqueda

സെഖര്യാവ് 1

1
1ദാര്യാവേശിന്റെ രണ്ടാം ആണ്ട് എട്ടാം മാസത്തിൽ ഇദ്ദോപ്രവാചകന്റെ മകനായ ബെരെഖ്യാവിന്റെ മകനായ സെഖര്യാവിനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ: 2യഹോവ നിങ്ങളുടെ പിതാക്കന്മാരോട് അത്യന്തം കോപിച്ചിരിക്കുന്നു. 3ആകയാൽ നീ അവരോടു പറയേണ്ടത്: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എങ്കലേക്കു തിരിവിൻ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്; എന്നാൽ ഞാൻ നിങ്ങളുടെ അടുക്കലേക്കും തിരിയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 4നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരെപ്പോലെ ആയിത്തീരരുത്; സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ദുർമാർഗങ്ങളെയും ദുഷ്പ്രവൃത്തികളെയും വിട്ടുതിരിവിൻ എന്നിങ്ങനെ പണ്ടത്തെ പ്രവാചകന്മാർ അവരോടു പ്രസംഗിച്ചിട്ടും അവർ കേൾക്കയോ എനിക്കു ചെവിതരികയോ ചെയ്തിട്ടില്ല എന്നു യഹോവയുടെ അരുളപ്പാട്. 5നിങ്ങളുടെ പിതാക്കന്മാർ എവിടെ? പ്രവാചകന്മാർ സദാകാലം ജീവിച്ചിരിക്കുമോ? 6എന്നാൽ ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരോടു കല്പിച്ച വചനങ്ങളും ചട്ടങ്ങളും നിങ്ങളുടെ പിതാക്കന്മാരെ തുടർന്നു പിടിച്ചില്ലയോ? ഞങ്ങളുടെ വഴികൾക്കും പ്രവൃത്തികൾക്കും തക്കവണ്ണം സൈന്യങ്ങളുടെ യഹോവ ഞങ്ങളോടു ചെയ്‍വാൻ നിരൂപിച്ചതുപോലെ തന്നെ അവൻ ഞങ്ങളോടു ചെയ്തിരിക്കുന്നു എന്ന് അവർ മനംതിരിഞ്ഞു പറഞ്ഞില്ലയോ? 7ദാര്യാവേശിന്റെ രണ്ടാം ആണ്ടിൽ ശെബാത്ത്മാസമായ പതിനൊന്നാം മാസം, ഇരുപത്തിനാലാം തീയതി, ഇദ്ദോവിന്റെ മകനായ ബെരെഖ്യാവിന്റെ മകനായ സെഖര്യാപ്രവാചകന് യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ: 8ഞാൻ രാത്രിയിൽ ചുവന്ന കുതിരപ്പുറത്തു കയറിയിരിക്കുന്ന ഒരു പുരുഷനെ കണ്ടു; അവൻ ചോലയിലെ കൊഴുന്തുകളുടെ ഇടയിൽ നിന്നു; അവന്റെ പിമ്പിൽ ചുവപ്പും കുരാൽനിറവും വെൺമയും ഉള്ള കുതിരകൾ ഉണ്ടായിരുന്നു. 9യജമാനനേ, ഇവർ ആരാകുന്നു എന്നു ഞാൻ ചോദിച്ചതിന് എന്നോടു സംസാരിക്കുന്ന ദൂതൻ: ഇവർ ആരെന്നു ഞാൻ നിനക്കു കാണിച്ചുതരാം എന്ന് എന്നോടു പറഞ്ഞു. 10എന്നാൽ കൊഴുന്തുകളുടെ ഇടയിൽ നില്ക്കുന്ന പുരുഷൻ: ഇവർ ഭൂമിയിൽ ഊടാടി സഞ്ചരിക്കേണ്ടതിനു യഹോവ അയച്ചിരിക്കുന്നവർ തന്നെ എന്ന് ഉത്തരം പറഞ്ഞു. 11അവർ കൊഴുന്തുകളുടെ ഇടയിൽ നില്ക്കുന്ന യഹോവയുടെ ദൂതനോട്: ഞങ്ങൾ ഭൂമിയിൽ ഊടാടി സഞ്ചരിച്ചു, സർവഭൂമിയും സ്വസ്ഥമായി വിശ്രമിച്ചിരിക്കുന്നതു കണ്ടു എന്ന് ഉത്തരം പറഞ്ഞു. 12എന്നാറെ യഹോവയുടെ ദൂതൻ: സൈന്യങ്ങളുടെ യഹോവേ, ഈ എഴുപതു സംവത്സരം നീ ക്രുദ്ധിച്ചിരിക്കുന്ന യെരൂശലേമിനോടും യെഹൂദാപട്ടണങ്ങളോടും നീ എത്രത്തോളം കരുണ കാണിക്കാതിരിക്കും എന്നു ചോദിച്ചു. 13അതിനു യഹോവ എന്നോടു സംസാരിക്കുന്ന ദൂതനോടു നല്ല വാക്കും ആശ്വാസകരമായ വാക്കും അരുളിച്ചെയ്തു. 14എന്നോടു സംസാരിക്കുന്ന ദൂതൻ എന്നോടു പറഞ്ഞത്: നീ പ്രസംഗിച്ചു പറയേണ്ടതെന്തെന്നാൽ, സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യെരൂശലേമിനും സീയോനുംവേണ്ടി മഹാതീക്ഷ്ണതയോടെ എരിയുന്നു. 15ഞാൻ അല്പം മാത്രം കോപിച്ചിരിക്കെ അവർ അനർഥത്തിനായി സഹായിച്ചതുകൊണ്ടു സ്വൈരമായിരിക്കുന്ന ജാതികളോടു ഞാൻ അത്യന്തം കോപിക്കുന്നു. 16അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ കരുണയോടെ യെരൂശലേമിങ്കലേക്കു തിരിഞ്ഞിരിക്കുന്നു; എന്റെ ആലയം അതിൽ പണിയും; യെരൂശലേമിന്മേൽ അളവുനൂൽ പിടിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. 17നീ ഇനിയും പ്രസംഗിച്ചു പറയേണ്ടത്: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ പട്ടണങ്ങൾ ഇനിയും അഭിവൃദ്ധിഹേതുവായി വിശാലത പ്രാപിക്കും; യഹോവ ഇനിയും സീയോനെ ആശ്വസിപ്പിക്കയും ഇനിയും യെരൂശലേമിനെ തിരഞ്ഞെടുക്കയും ചെയ്യും.
18ഞാൻ തലപൊക്കി നോക്കിയപ്പോൾ നാലു കൊമ്പു കണ്ടു. 19എന്നോടു സംസാരിക്കുന്ന ദൂതനോട്: ഇവ എന്താകുന്നു എന്നു ഞാൻ ചോദിച്ചതിന് അവൻ എന്നോട്: ഇവ യെഹൂദായെയും യിസ്രായേലിനെയും യെരൂശലേമിനെയും ചിതറിച്ചുകളഞ്ഞ കൊമ്പുകൾ എന്ന് ഉത്തരം പറഞ്ഞു. 20യഹോവ എനിക്ക് നാലു കൊല്ലന്മാരെ കാണിച്ചുതന്നു. 21ഇവർ എന്തു ചെയ്‍വാൻ വന്നിരിക്കുന്നു എന്നു ഞാൻ ചോദിച്ചതിന് അവൻ: ആരും തല ഉയർത്താതവണ്ണം യെഹൂദായെ ചിതറിച്ചുകളഞ്ഞ കൊമ്പുകളാകുന്നു അവ; ഇവരോ യെഹൂദാദേശത്തെ ചിതറിച്ചുകളയേണ്ടതിനു കൊമ്പുയർത്തിയ ജാതികളുടെ കൊമ്പുകളെ തള്ളിയിട്ട് അവരെ പേടിപ്പിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.

Destacar

Compartir

Copiar

None

¿Quieres tener guardados todos tus destacados en todos tus dispositivos? Regístrate o inicia sesión