Logo de YouVersion
Icono de búsqueda

യോവേൽ 3

3
1ഞാൻ യെഹൂദായുടെയും യെരൂശലേമിന്റെയും സ്ഥിതി മാറ്റുവാനുള്ള നാളുകളിലും കാലത്തിലും 2ഞാൻ സകല ജാതികളെയും കൂട്ടി യെഹോശാഫാത്ത് താഴ്‌വരയിൽ ചെല്ലുമാറാക്കുകയും എന്റെ ജനം നിമിത്തവും എന്റെ അവകാശമായ യിസ്രായേൽ നിമിത്തവും അവരോടു വ്യവഹരിക്കയും ചെയ്യും; അവർ അവരെ ജാതികളുടെ ഇടയിൽ ചിതറിച്ച് എന്റെ ദേശത്തെ വിഭാഗിച്ചുകളഞ്ഞുവല്ലോ. 3അവർ എന്റെ ജനത്തിന് ചീട്ടിട്ട് ഒരു ബാലനെ ഒരു വേശ്യക്കുവേണ്ടി കൊടുക്കയും ഒരു ബാലയെ വിറ്റു വീഞ്ഞു കുടിക്കയും ചെയ്തു. 4സോരും സീദോനും സകല ഫെലിസ്ത്യപ്രദേശങ്ങളുമായുള്ളോവേ, നിങ്ങൾക്ക് എന്നോട് എന്തു കാര്യം? നിങ്ങളോടു ചെയ്തതിന് നിങ്ങൾ എനിക്കു പകരം ചെയ്യുമോ? അല്ല, നിങ്ങൾ എന്നോടു വല്ലതും ചെയ്യുന്നു എങ്കിൽ ഞാൻ വേഗമായും ശീഘ്രമായും നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേൽതന്നെ വരുത്തും. 5നിങ്ങൾ എന്റെ വെള്ളിയും പൊന്നും എടുത്ത് എന്റെ അതിമനോഹരവസ്തുക്കൾ നിങ്ങളുടെ ക്ഷേത്രങ്ങളിലേക്ക് കൊണ്ടുപോയി. 6യെഹൂദ്യരെയും യെരൂശലേമ്യരെയും അവരുടെ അതിരുകളിൽനിന്നു ദൂരത്ത് അകറ്റുവാൻ തക്കവണ്ണം നിങ്ങൾ അവരെ യവനന്മാർക്കു വിറ്റുകളഞ്ഞു. 7എന്നാൽ നിങ്ങൾ അവരെ വിറ്റുകളഞ്ഞിടത്തുനിന്നു ഞാൻ അവരെ ഉണർത്തുകയും നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേൽതന്നെ വരുത്തുകയും ചെയ്യും. 8ഞാൻ നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും യെഹൂദ്യർക്കു വിറ്റുകളയും; അവർ അവരെ ദൂരത്തുള്ള ജാതിയായ ശെബായർക്കു വിറ്റുകളയും; യഹോവ അത് അരുളിച്ചെയ്തിരിക്കുന്നു.
9ഇതു ജാതികളുടെ ഇടയിൽ വിളിച്ചുപറവിൻ! വിശുദ്ധയുദ്ധത്തിന് ഒരുങ്ങിക്കൊൾവിൻ! വീരന്മാരെ ഉദ്യോഗിപ്പിപ്പിൻ! സകലയോദ്ധാക്കളും അടുത്തുവന്നു പുറപ്പെടട്ടെ. 10നിങ്ങളുടെ കൊഴുക്കളെ വാളുകളായും വാക്കത്തികളെ കുന്തങ്ങളായും അടിപ്പിൻ! ദുർബലൻ തന്നെത്താൻ വീരനായി മതിക്കട്ടെ. 11ചുറ്റുമുള്ള സകല ജാതികളുമായുള്ളോരേ, ബദ്ധപ്പെട്ടു വന്നുകൂടുവിൻ! യഹോവേ, അവിടേക്ക് നിന്റെ വീരന്മാരെ ഇറങ്ങുമാറാക്കേണമേ. 12ജാതികൾ ഉണർന്ന് യെഹോശാഫാത്ത് താഴ്‌വരയിലേക്കു പുറപ്പെടട്ടെ. അവിടെ ഞാൻ ചുറ്റുമുള്ള സകല ജാതികളെയും ന്യായം വിധിക്കേണ്ടതിന് ഇരിക്കും. 13അരിവാൾ ഇടുവിൻ; കൊയ്ത്തിനു വിളഞ്ഞിരിക്കുന്നു; വന്നു ചവിട്ടുവിൻ; ചക്കു നിറഞ്ഞിരിക്കുന്നു; തൊട്ടികൾ കവിഞ്ഞിരിക്കുന്നു; അവരുടെ ദുഷ്ടത വലുതല്ലോ. 14വിധിയുടെ താഴ്‌വരയിൽ അസംഖ്യം സമൂഹങ്ങളെ കാണുന്നു; വിധിയുടെ താഴ്‌വരയിൽ യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. 15സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും; നക്ഷത്രങ്ങൾ പ്രകാശം നല്കുകയുമില്ല. 16യഹോവ സീയോനിൽനിന്നു ഗർജിച്ചു, യെരൂശലേമിൽനിന്നു തന്റെ നാദം കേൾപ്പിക്കും; ആകാശവും ഭൂമിയും കുലുങ്ങിപ്പോകും; എന്നാൽ യഹോവ തന്റെ ജനത്തിനു ശരണവും യിസ്രായേൽമക്കൾക്കു ദുർഗവും ആയിരിക്കും. 17അങ്ങനെ ഞാൻ എന്റെ വിശുദ്ധപർവതമായ സീയോനിൽ വസിക്കുന്നവനായി നിങ്ങളുടെ ദൈവമായ യഹോവ എന്നു നിങ്ങൾ അറിയും. യെരൂശലേം വിശുദ്ധമായിരിക്കും; അന്യജാതിക്കാർ ഇനി അതിൽക്കൂടി കടക്കയുമില്ല. 18അന്നാളിൽ പർവതങ്ങൾ പുതുവീഞ്ഞു പൊഴിക്കും; കുന്നുകൾ പാൽ ഒഴുക്കും; യെഹൂദായിലെ എല്ലാ തോടുകളും വെള്ളം ഒഴുക്കും; യഹോവയുടെ ആലയത്തിൽനിന്ന് ഒരു ഉറവു പുറപ്പെട്ടു ശിത്തീംതാഴ്‌വരയെ നനയ്ക്കും. 19യെഹൂദാദേശത്തുവച്ചു കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞ് അവരോടു ചെയ്ത സാഹസം ഹേതുവായി മിസ്രയീം ശൂന്യമായിത്തീരുകയും എദോം നിർജനമരുഭൂമിയായി ഭവിക്കയും ചെയ്യും. 20യെഹൂദായ്ക്കോ സദാകാലത്തേക്കും യെരൂശലേമിന് തലമുറതലമുറയോളവും നിവാസികളുണ്ടാകും. 21ഞാൻ പോക്കിയിട്ടില്ലാത്ത അവരുടെ രക്തപാതകം ഞാൻ പോക്കും; യഹോവ സീയോനിൽ വസിച്ചുകൊണ്ടിരിക്കും.

Actualmente seleccionado:

യോവേൽ 3: MALOVBSI

Destacar

Compartir

Copiar

None

¿Quieres tener guardados todos tus destacados en todos tus dispositivos? Regístrate o inicia sesión