YouVersion Logo
Search Icon

മത്തായി 2

2
ജ്ഞാനികളുടെ സന്ദർശനം
1ഹെരോദാരാജാവിന്റെ ഭരണകാലത്ത് യേശു യെഹൂദ്യയിലെ ബേത്ലഹേമിൽ ജനിച്ചതിനുശേഷം കിഴക്കുനിന്നുള്ള ജ്ഞാനികൾ ജെറുശലേമിൽ എത്തി. 2“യെഹൂദരുടെ രാജാവ് ഭൂജാതനായിരിക്കുന്നതെവിടെ?” എന്ന് ആരാഞ്ഞു; “ഞങ്ങൾ അദ്ദേഹത്തിന്റെ നക്ഷത്രം പൂർവദിക്കിൽ കണ്ടു; അദ്ദേഹത്തെ പ്രണമിക്കാൻ വന്നിരിക്കുകയാണ്,” എന്നു പറഞ്ഞു.
3ഇതു കേട്ടപ്പോൾ ഹെരോദാരാജാവും അദ്ദേഹത്തോടൊപ്പം ജെറുശലേംനിവാസികൾ സകലരും അസ്വസ്ഥചിത്തരായി. 4ഹെരോദാരാജാവ് ഇസ്രായേൽജനത്തിന്റെ പുരോഹിതമുഖ്യന്മാരെയും വേദജ്ഞരെയും വിളിച്ചുകൂട്ടി, “ക്രിസ്തു എവിടെയാണു ജനിക്കുക” എന്ന് അവരോട് ആരാഞ്ഞു. 5“യെഹൂദ്യയിലെ ബേത്ലഹേമിൽ,” എന്ന് അവർ മറുപടി പറഞ്ഞു.
6“ ‘നീയോ യൂദ്യദേശത്തിലെ ബേത്ലഹേമേ,
ചെറുതല്ലൊട്ടും നീ യൂദ്യപ്രഭുഗണത്തിൽ;
നിന്നിൽനിന്നല്ലോ രാജൻ ഉദിക്കുന്നത്
ഇസ്രായേൽജനതയുടെ പരിപാലകൻതന്നെ!’#2:6 മീഖ. 5:2
എന്നിങ്ങനെയാണല്ലോ പ്രവാചകൻ രേഖപ്പെടുത്തിയിരിക്കുന്നത്.”
7അപ്പോൾത്തന്നെ ഹെരോദാവ് ജ്ഞാനികളെ രഹസ്യമായി വിളിച്ച് നക്ഷത്രം പ്രത്യക്ഷമായ കൃത്യസമയം ചോദിച്ചു മനസ്സിലാക്കി. 8അദ്ദേഹം അവരോട്, “നിങ്ങൾ പോയി ശിശുവിനെ സസൂക്ഷ്മം അന്വേഷിക്കുക. കണ്ടെത്തിയാൽ ഉടൻതന്നെ നമ്മെ വിവരം അറിയിക്കുക, ‘നാമും ചെന്ന് അദ്ദേഹത്തെ പ്രണമിക്കേണ്ടതാണ്’ ” എന്നു പറഞ്ഞ് അവരെ ബേത്ലഹേമിലേക്ക് അയച്ചു.
9-10അവർ രാജകൽപ്പന കേട്ടശേഷം പൂർവദിക്കിൽ കണ്ട നക്ഷത്രത്തെ അനുഗമിച്ച് യാത്രതുടർന്നു. നക്ഷത്രം വീണ്ടും കണ്ടപ്പോൾ അവർ ആഹ്ലാദഭരിതരായി. അവർ കണ്ട നക്ഷത്രം ശിശു ഉണ്ടായിരുന്ന സ്ഥലത്തിനുമീതേ വന്ന് നിലകൊള്ളുംവരെ അവർക്കുമുമ്പായി പൊയ്ക്കൊണ്ടിരുന്നു. 11അവർ വീട്ടിൽ പ്രവേശിച്ചപ്പോൾ ശിശുവിനെ, അമ്മ മറിയയോടൊപ്പം കണ്ടു; സാഷ്ടാംഗം വീണ് ശിശുവിനെ ആരാധിച്ചു. പിന്നെ അവരുടെ ഭാണ്ഡങ്ങൾ തുറന്ന് സ്വർണം, കുന്തിരിക്കം, മീറ#2:11 അതായത്, നറുമ്പശ എന്നീ തിരുമുൽക്കാഴ്ചകൾ അർപ്പിക്കുകയും ചെയ്തു. 12ഹെരോദാവിന്റെ അടുത്തേക്കു മടങ്ങരുതെന്ന് സ്വപ്നത്തിൽ മുന്നറിയിപ്പു ലഭിച്ചതുകൊണ്ട് അവർ മറ്റൊരു വഴിയിലൂടെ സ്വദേശത്തേക്കു യാത്രതിരിച്ചു.
ഈജിപ്റ്റിലേക്കുള്ള രക്ഷപ്പെടൽ
13ജ്ഞാനികൾ യാത്രയായതിനുശേഷം, കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷനായി യോസേഫിനോട്, “എഴുന്നേൽക്കുക! ശിശുവിനെയും അമ്മയെയുംകൂട്ടി ഈജിപ്റ്റിലേക്ക് ഓടി രക്ഷപ്പെടുക. ഹെരോദാവ് ശിശുവിനെ കൊല്ലാൻ അന്വേഷിക്കുന്നതിനാൽ, ഞാൻ നിന്നോടു കൽപ്പിക്കുന്നതുവരെ അവിടെ താമസിക്കുക” എന്നു പറഞ്ഞു.
14യോസേഫ് ഉറക്കമുണർന്ന് രാത്രിയിൽത്തന്നെ ശിശുവിനെയും അമ്മയെയുംകൂട്ടി ഈജിപ്റ്റിലേക്കു യാത്രയായി; 15ഹെരോദാവ് നാടുനീങ്ങുന്നതുവരെ#2:15 അതായത്, മരിക്കുന്നതുവരെ അവർ അവിടെ താമസിച്ചു. “ഈജിപ്റ്റിൽനിന്ന് ഞാൻ എന്റെ പുത്രനെ വിളിച്ചുവരുത്തി”#2:15 ഹോശ. 11:1 എന്ന് കർത്താവ് പ്രവാചകനിലൂടെ അരുളിച്ചെയ്തത് ഇങ്ങനെ നിവൃത്തിയായി.
16ജ്ഞാനികൾ തന്നെ പരിഹസിച്ചെന്ന് ഹെരോദാവ് മനസ്സിലാക്കിയപ്പോൾ അദ്ദേഹം രോഷാകുലനായി, ജ്ഞാനികളിൽനിന്ന് മനസ്സിലാക്കിയ സമയത്തിന് അനുസൃതമായി, ബേത്ലഹേമിലും പരിസരപ്രദേശങ്ങളിലുമുള്ള രണ്ടുവയസ്സും അതിൽ താഴെയും പ്രായമുള്ള എല്ലാ ആൺകുട്ടികളെയും കൊല്ലാൻ ആജ്ഞ നൽകി.
17-18“രാമായിൽ#2:17 ജെറുശലേമിന് ഏകദേശം പത്ത് കി.മീ. വടക്കുള്ള പട്ടണം. ഒരു ശബ്ദം കേൾക്കുന്നു,
രോദനവും അത്യുച്ചവിലാപവുംതന്നെ.
റാഹേൽ തന്റെ കുഞ്ഞുങ്ങളെച്ചൊല്ലി വിലപിക്കുന്നു.
അവരിലാരും അവശേഷിക്കുന്നില്ല;
സാന്ത്വനം അവൾ നിരസിക്കുന്നു,”#2:17 യിര. 31:15
എന്നിങ്ങനെ യിരെമ്യാപ്രവാചകനിലൂടെ ഉണ്ടായ അരുളപ്പാട് നിവൃത്തിയായി.
നസറെത്തിലേക്കു മടങ്ങുന്നു
19ഹെരോദാവു നാടുനീങ്ങിയപ്പോൾ, കർത്താവിന്റെ ദൂതൻ ഈജിപ്റ്റിൽവെച്ച് സ്വപ്നത്തിൽ യോസേഫിന് പ്രത്യക്ഷനായി, 20“എഴുന്നേൽക്കുക! ശിശുവിനെയും അമ്മയെയുംകൂട്ടി ഇസ്രായേൽ നാട്ടിലേക്ക് മടങ്ങുക, ശിശുവിനെ വധിക്കാൻ തുനിഞ്ഞവർ മരിച്ചുപോയി” എന്നു പറഞ്ഞു.
21യോസേഫ് എഴുന്നേറ്റ് യേശുവിനെയും അമ്മയെയുംകൂട്ടി ഇസ്രായേലിൽ എത്തിച്ചേർന്നു. 22എന്നാൽ, യെഹൂദ്യപ്രവിശ്യയിൽ അർക്കെലാവോസ്, തന്റെ പിതാവ് ഹെരോദാവിന്റെ പിൻഗാമിയായി ഭരണമേറ്റിരിക്കുന്നു എന്നു കേട്ടപ്പോൾ, യോസേഫ് അവിടേക്കു പോകാൻ ഭയപ്പെട്ടു. സ്വപ്നത്തിൽ മുന്നറിയിപ്പു ലഭിച്ചതനുസരിച്ച് ഗലീലാപ്രവിശ്യയിലേക്കു യാത്രതിരിച്ചു. 23അവിടെ നസറെത്ത് എന്ന പട്ടണത്തിൽ ചെന്നു താമസിച്ചു. “യേശു നസറായൻ എന്നു വിളിക്കപ്പെടും” എന്നു പ്രവാചകന്മാരിലൂടെ ദൈവം അരുളിച്ചെയ്തത് ഇപ്രകാരം നിറവേറി.

Currently Selected:

മത്തായി 2: MCV

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy