Logo YouVersion
Ikona vyhledávání

ഗലാത്യർ 6

6
1സഹോദരന്മാരേ, ഒരു മനുഷ്യൻ വല്ലതെറ്റിലും അകപ്പെട്ടുപോയെങ്കിൽ ആത്മികരായ നിങ്ങൾ അങ്ങനെയുള്ളവനെ സൗമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ; നീയും പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. 2തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപ്രമാണം നിവർത്തിപ്പിൻ. 3താൻ അല്പനായിരിക്കെ മഹാൻ ആകുന്നു എന്നു ഒരുത്തൻ നിരൂപിച്ചാൽ തന്നെത്താൻ വഞ്ചിക്കുന്നു. 4ഓരോരുത്തൻ താന്താന്റെ പ്രവൃത്തി ശോധന ചെയ്യട്ടെ; എന്നാൽ അവൻ തന്റെ പ്രശംസ മറ്റൊരുത്തനെ കാണിക്കാതെ തന്നിൽ തന്നേ അടക്കി വെക്കും. 5ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കുമല്ലോ.
6വചനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവന്നു എല്ലാനന്മയിലും ഓഹരി കൊടുക്കേണം. 7വഞ്ചനപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും. 8ജഡത്തിൽ വിതെക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും; ആത്മാവിൽ വിതെക്കുന്നവൻ ആത്മാവിൽ നിന്നു നിത്യജീവനെ കൊയ്യും. 9നന്മ ചെയ്കയിൽ നാം മടുത്തുപോകരുതു; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും. 10ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മ ചെയ്ക.
11നോക്കുവിൻ: എത്ര വലിയ അക്ഷരമായി ഞാൻ നിങ്ങൾക്കു സ്വന്തകൈകൊണ്ടു തന്നേ എഴുതിയിരിക്കുന്നു. 12ജഡത്തിൽ സുമുഖം കാണിപ്പാൻ ഇച്ഛിക്കുന്നവർ ഒക്കെയും ക്രിസ്തുവിന്റെ ക്രൂശുനിമിത്തം ഉപദ്രവം സഹിക്കാതിരിക്കേണ്ടതിന്നു മാത്രം നിങ്ങളെ പരിച്ഛേദന ഏല്പാൻ നിർബ്ബന്ധിക്കുന്നു. 13പരിച്ഛേദനക്കാർ തന്നേയും ന്യായപ്രമാണം ആചരിക്കുന്നില്ലല്ലോ; നിങ്ങളുടെ ജഡത്തിൽ പ്രശംസിക്കേണം എന്നുവെച്ചു നിങ്ങൾ പരിച്ഛേദന ഏല്പാൻ അവർ ഇച്ഛിക്കുന്നതേയുള്ള. 14എനിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിൽ അല്ലാതെ പ്രശംസിപ്പാൻ ഇടവരരുതു; അവനാൽ ലോകം എനിക്കും ഞാൻ ലോകത്തിന്നും ക്രൂശിക്കപ്പെട്ടിരിക്കുന്നു. 15പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം. 16ഈ പ്രമാണം അനുസരിച്ചുനടക്കുന്ന ഏവർക്കും ദൈവത്തിന്റെ യിസ്രായേലിന്നും സമാധാനവും കരുണയും ഉണ്ടാകട്ടെ.
17ഇനി ആരും എനിക്കു പ്രയാസം വരുത്തരുതു; ഞാൻ യേശുവിന്റെ ചൂടടയാളം എന്റെ ശരീരത്തിൽ വഹിക്കുന്നു.
18സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവിനോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.

Zvýraznění

Sdílet

Kopírovat

None

Chceš mít své zvýrazněné verše uložené na všech zařízeních? Zaregistruj se nebo se přihlas