Logo YouVersion
Ikona vyhledávání

നഹൂം 2

2
1സംഹാരകൻ നിനക്കെതിരേ കയറി വരുന്നു; കോട്ട കാത്തുകൊൾക; വഴി സൂക്ഷിച്ചുനോക്കുക; അര മുറുക്കുക; നിന്നെത്തന്നെ നല്ലവണ്ണം ശക്തീകരിക്ക. 2യഹോവ യാക്കോബിന്റെ മഹിമയെ യിസ്രായേലിന്റെ മഹിമയെപ്പോലെ യഥാസ്ഥാനത്താക്കും; പിടിച്ചുപറിക്കാർ അവരോടു പിടിച്ചുപറിച്ചു, അവരുടെ മുന്തിരിവള്ളികളെ നശിപ്പിച്ചുകളഞ്ഞുവല്ലോ. 3അവന്റെ വീരന്മാരുടെ പരിച ചുവപ്പിച്ചിരിക്കുന്നു; പരാക്രമശാലികൾ ധൂമ്രവസ്ത്രം ധരിച്ചു നില്ക്കുന്നു; അവന്റെ സന്നാഹദിവസത്തിൽ രഥങ്ങൾ ഉരുക്കലകുകളാൽ ജ്വലിക്കുന്നു; കുന്തങ്ങൾ ഓങ്ങിയിരിക്കുന്നു. 4രഥങ്ങൾ തെരുക്കളിൽ ചടുചട ചാടുന്നു; വീഥികളിൽ അങ്ങും ഇങ്ങും ഓടുന്നു; തീപ്പന്തങ്ങളെപ്പോലെ അവയെ കാണുന്നു; അവ മിന്നൽപോലെ ഓടുന്നു. 5അവൻ തന്റെ കുലീനന്മാരെ ഓർക്കുന്നു; അവർ നടക്കയിൽ ഇടറിപ്പോകുന്നു; അവർ അതിന്റെ മതിലിങ്കലേക്കു ബദ്ധപ്പെട്ടു ചെല്ലുന്നു; അവിടെ ആൾമറ കെട്ടിയിരിക്കുന്നു. 6നദികളുടെ ചീപ്പുകൾ തുറക്കുന്നു; രാജമന്ദിരം അഴിഞ്ഞുപോകുന്നു. 7അതു നിർണയിച്ചിരിക്കുന്നു; അവൾ അനാവൃതയായി, അവൾ പോകേണ്ടിവരും; അവളുടെ ദാസിമാർ പ്രാവു കുറുകുംപോലെ കുറുകി മാറത്തടിക്കുന്നു. 8നീനെവേ പുരാതനമേ ഒരു ജലാശയംപോലെയായിരുന്നു; എന്നാൽ അവർ ഓടിപ്പോകുന്നു: നില്പിൻ, നില്പിൻ! ആരും തിരിഞ്ഞുനോക്കുന്നില്ലതാനും. 9വെള്ളി കൊള്ളയിടുവിൻ; പൊന്നു കൊള്ളയിടുവിൻ; വീട്ടുസാമാനത്തിനു കണക്കില്ല; സകലവിധ മനോഹരവസ്തുക്കളായ സമ്പത്തും ഉണ്ട്. 10അവൾ പാഴും വെറുമയും ശൂന്യവുമായിരിക്കുന്നു; ഹൃദയം ഉരുകിപ്പോകുന്നു; മുഴങ്കാൽ ആടുന്നു; എല്ലാ അരകളിലും അതിവേദന ഉണ്ട്; എല്ലാവരുടെയും മുഖം വിളറിയിരിക്കുന്നു. 11ആരും ഭയപ്പെടുത്താതെ സിംഹവും സിംഹിയും ബാലസിംഹവും സഞ്ചരിച്ചുപോകുന്ന സിംഹഗുഹയും ബാലസിംഹങ്ങളുടെ മേച്ചൽപ്പുറവും എവിടെ? 12സിംഹം തന്റെ കുട്ടികൾക്ക് മതിയാകുവോളം കടിച്ചുകീറി വയ്ക്കുകയും സിംഹികൾക്കുവേണ്ടി ഞെക്കിക്കൊല്ലുകയും ഇരകൊണ്ടു തന്റെ ഗഹ്വരങ്ങളെയും കടിച്ചു കീറിയതിനെക്കൊണ്ടു തന്റെ ഗുഹകളെയും നിറയ്ക്കയും ചെയ്തു. 13ഞാൻ നിന്റെ നേരേ വരും; ഞാൻ അതിന്റെ രഥങ്ങളെ ചുട്ടു പുകയാക്കും; നിന്റെ ബാലസിംഹങ്ങൾ വാളിന് ഇരയായിത്തീരും; ഞാൻ നിന്റെ ഇരയെ ഭൂമിയിൽനിന്നു ഛേദിച്ചുകളയും; നിന്റെ ദൂതന്മാരുടെ ശബ്ദം ഇനി കേൾക്കയുമില്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.

Právě zvoleno:

നഹൂം 2: MALOVBSI

Zvýraznění

Sdílet

Kopírovat

None

Chceš mít své zvýrazněné verše uložené na všech zařízeních? Zaregistruj se nebo se přihlas